Friday, December 24, 2010

മഞ്ഞും കുളിര്‍കാറ്റും പെയ്യുന്ന മാമലകള്‍ക്കിടയിലൂടെ കയ്യില്‍ മിന്നുന്ന നക്ഷത്രവുമായി ഒരാള്‍ വരും. ഈ രാത്രി നിങ്ങളുടെ നക്ഷത്രക്കൂടുകള്‍ തുറന്നുവയ്ക്കുക. അവന്റെ കയ്യിലെ നക്ഷത്രത്താല്‍ നിങ്ങളുടെ നക്ഷത്രക്കൂടുകള്‍ ഒരിക്കലും അണയാത്തതാകും. പ്രാര്‍ത്ഥനയോടെ അവനെ കാത്തിരിക്കുക, ഏകാഗ്രമായ മനസോടെ. അവന്‍ മഞ്ഞുപാളികള്‍ക്കിടയില്‍ നിന്ന്........ എല്ലാവര്‍ക്കും നന്മയുടെ ക്രിസ്മസ് ആശംസകള്‍

Friday, December 17, 2010

ഷോപ്പിംഗ് ഫെസ്റിവല്‍ പുഴുങ്ങിയാല്‍ അരിയാകുമോ


ഏയ്, നിങ്ങളിങ്ങനെ ഇരിക്കാതെ സാധനങ്ങള് വാങ്ങി വാന്ന്
സവാള...... നീയെന്താ രാവിലേം വൈകുന്നേരും എല്ലാം സവാള വാരിവലിച്ചു തിന്ന്വാണോ... സവാള... തീ പിടിച്ച വെലയാ.....
ചില്ലറപ്പാത്രത്തില്‍ നിന്നും തുട്ടുകള്‍ എടുത്ത് ഭാര്യ അടുത്തു ചെന്നു. രാവിലെ എപ്പോഴോ പത്രവായനയ്ക്കിടയില്‍ കണ്ട ഷോപ്പിംഗ് ഫെസ്റിവല്‍ വാര്‍ത്ത ഓര്‍ത്ത് പറഞ്ഞു,
ഇനി സവാള വാങ്ങുമ്പോഴാണോ സ്വര്‍ണ്ണമടിക്കുന്നതെന്ന് പറയാന്‍ പറ്റില്ലല്ലോ?
പിന്നേ... സ്വര്‍ണ്ണം....
പൂച്ചക്കെന്ത് പൊന്നുരക്കുന്നിടത്ത് കാര്യം. ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റിവലിലെന്ത് സവാള വില്‍പ്പന.
എന്റെ സൌദാമിനി കിട്ടുന്ന ശമ്പളം കൊണ്ട് ഇപ്പോ 15 ദെവസത്തേക്കുള്ള സാധനം പോലും വാങ്ങാന്‍ പറ്റില്ല. പിന്നല്ലേ..?
ഇടത്തരക്കാരനു പറ്റിയ പരിപാടിയല്ല ഈ ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റിവല്‍. അതിസമ്പന്നരും ഏത് വിലയ്ക്കും ഏത് സാധനവും വാങ്ങാന്‍ കെല്‍പ്പുള്ളവരുമായവര്‍ക്ക് പറഞ്ഞ പണിയാണിതെന്നു സാരം. ഒന്നുകൂടി വിശദമാക്കിയാല്‍, കിലോയ്ക്ക് 125 രൂപ വിലയുള്ള അരി വാങ്ങി കഴിക്കുന്നവര്‍, ഒരു നേരത്തെ ഊണിന് 1000 രൂപയെങ്കിലും ചെലവഴിക്കാന്‍ പറ്റുന്നവര്‍.... ഇവര്‍ക്കാണ് ഈ ഉത്സവം. ആ ആയിരം രൂപയ്ക്ക് ഒരു മാസത്തേക്കുള്ള അരി വാങ്ങുന്ന നമുക്ക് പറഞ്ഞതല്ല ഈ പണി. അതിസമ്പന്നര്‍ ചെറിയ ശതമാനം മാത്രമുള്ള കേരളത്തിലെന്ത് ഫെസ്റിവല്‍.
ആഗോള ഷോപ്പിംഗ് കേന്ദ്രമായി കേരളത്തെ മാറ്റുകയാണ് ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റിവലിന്റെ ലക്ഷ്യമെന്നാണ് സര്‍ക്കാര്‍ വാക്യം. ക്രിസ്മസ്, പുതുവത്സരം.. ഉത്സവമാക്കാന്‍ പറ്റിയ സമയവും. സമ്മാനക്കൂപ്പണ്‍ വഴിയാണ് വാണിഭത്തെ ഉത്സവവമാക്കുന്നത്. സമ്മാനാര്‍ഹന് കിട്ടുന്നത് സ്വര്‍ണ്ണക്കട്ടകളാണ്. ആഗോള വ്യാപാര കേന്ദ്രം, ഉത്സവം, സമ്മാനക്കൂപ്പണ്‍, പിന്നെ സ്വര്‍ണ്ണം.... കേള്‍ക്കാന്‍ നല്ല സുഖമുള്ള വാക്കുകള്‍.
ആഗോള വ്യാപാര കേന്ദ്രം എന്നു പറയുമ്പോള്‍ നമ്മളുണ്ടാക്കുന്ന സാധനങ്ങള്‍ വാങ്ങാന്‍ കടലു കടന്നും തീവണ്ടി പിടിച്ചും പരദേശക്കാര്‍ പറന്നെത്തുമെന്നു സാരം. കേരളത്തില്‍ സ്വന്തമായി ഉല്‍പ്പാദിപ്പിക്കുന്ന സാധനമെന്താണ്? ആകെ വില്‍ക്കാനുള്ളത് സെക്സ് (സെക്സ്ടൂറിസം) മാത്രമാണ്. ബാക്കിയെല്ലാം മറ്റു നാട്ടുകാരെ ആശ്രയിച്ചാണ് നമ്മള്‍ ജീവിക്കുന്നത്. ഖാദി, കൈത്തറി, സാധനങ്ങള്‍ കേരളത്തില്‍ ഉത്പാദിപ്പിക്കുന്നുണ്ടെങ്കിലും അതിനൊന്നും ഷോപ്പിംഗ് ഫെസ്റിവലില്‍ നല്ല സ്ഥാനമില്ല. തനത് സ്ഥാനങ്ങളോട് പ്രേമം പറയുകയും പുറത്തുനിന്നുള്ള ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ സര്‍ക്കാര്‍ സ്പോണ്‍സര്‍മാരായി ഒരു പരിപാടി സംഘടിപ്പിക്കുകയും ചെയ്യുന്നു അത്രതന്നെ. അമേരിക്കയില്‍ ഉല്‍പ്പാദിപ്പിക്കുന്ന സാധനം വാങ്ങാന്‍ വിമാനം പിടിച്ച് ഏത് അമേരിക്കക്കാരനാണ് കേരളത്തില്‍ വരിക. മുംബയില്‍ ഉല്‍പ്പാദിപ്പിച്ച് ഏതൊരു സംസ്ഥാനത്തിലും എന്ന പോലെ കിട്ടുന്ന മൊബൈലുകള്‍ വാങ്ങാന്‍ ഏതെങ്കിലും തമിഴനെങ്കിലും ഇങ്ങോട്ടു വരുമോ? പാവങ്ങളുടെ സര്‍ക്കാരിന്റെ പാവം സ്വദേശപ്രേമത്തെ എത്ര പുകഴ്ത്തിയാലാണ് മതിയാവുക?
കേരളത്തിലുള്ളവരില്‍ ആരൊക്കെയാണ് ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതെന്ന ചോദ്യത്തിനും ഉത്തരം പറയാം. ഭാര്യക്ക് പിറന്നാള്‍ സമ്മാനമായി ഹെലികോപ്റ്റര്‍ നല്‍കുന്ന വിഭാഗത്തെക്കുറിച്ച് കേട്ടിട്ടില്ലേ. ഏതാണ്ട് അതിന് താഴെ കാറൊക്കെ സമ്മാനമായി നല്‍കുന്ന വിഭാഗമുണ്ട്. അത്തരക്കാണ് ഈ ഫെസ്റിവലിന്റെ ഉപഭോക്താക്കള്‍. അതിസമ്പന്നരെ വളര്‍ത്തിയെടുക്കുന്ന കേന്ദ്രസര്‍ക്കാരും അത്തരക്കാര്‍ക്ക് പാലമിട്ടുകൊടുക്കുന്ന സംസ്ഥാനസര്‍ക്കാരും. നേരിട്ടു കണ്ടാല്‍ എന്റമ്മോ കടിപിടിക്ക് പുലികള്‍ തോറ്റുപോകും. എന്നാല്‍ മുതലാളിമാരുടെ പാലം പണിക്ക് ഇരുവരും ഭായിഭായി.
ഉത്സവമെന്നു കേട്ടാല്‍ മലയാളിയുടെ വായില്‍ കപ്പലോടിക്കാനുള്ള വെള്ളം വരുമെന്ന വിചാരമുണ്ടോ? മാന്യമായി പണിയെടുത്താല്‍ തന്നെ ബസിനു പോകാനുള്ള പൈസയില്ലാതെ കടം വാങ്ങേണ്ടി വരുമ്പോഴാണ് ഉത്സവം എന്ന് പറഞ്ഞ് മോഹിപ്പിക്കാന്‍ ശ്രമിക്കുന്നത്. ഇല്ലേലും ടെലിവിഷനും മൊബൈല്‍ഫോണും വാങ്ങി വേവിച്ചാല്‍ അരിയാകില്ലല്ലോ. ഫെസ്റിവലില്‍ വില്‍പ്പനയ്ക്കുള്ള സാധനങ്ങളിവയാണ്. കേരളത്തില്‍ നല്ല നാടന്‍ തറികളിലുണ്ടാക്കുന്ന കൈത്തറികള്‍ക്ക് സ്ഥാനമില്ലാതെ പരിസ്ഥിതിക്ക് തന്നെ കോട്ടം തട്ടുന്ന വസ്ത്ര, ആഭരണ, ഉല്‍പ്പന്നങ്ങളാണ് ഫെസ്റിവലിലെ ഉല്‍പ്പന്നങ്ങള്‍. ഗൌരവമേറിയ വ്യാപാരത്തിനിടയില്‍ സവാള, ഉള്ളി, പഞ്ചസാര, വിലക്കയറ്റം എന്നൊക്കെയുള്ള സാധാരണക്കാരന്റെ പരാതികള്‍ പടിക്കു പുറത്ത്.
സമ്മാനക്കൂപ്പണാണ് ഈ ഫെസ്റിവലിന്റെ മറ്റൊരാകര്‍ഷണം. ഇല്ലേലും പാവങ്ങളുടെ പോക്കറ്റില്‍ കയ്യിട്ട് പിരിച്ച് ഒരു സമ്പന്നനെയെങ്കിലും ഉണ്ടാക്കുന്ന സര്‍ക്കാരിന്റെ പഴയ തന്ത്രം തന്നെ. ഈ ലോട്ടറിയെക്കുറിച്ച് കേള്‍ക്കുമ്പോള്‍ സര്‍ക്കാരിനോട് കിലുക്കം സിനിമയിലെ ഇന്നസെന്റിന്റെ ശൈലിയില്‍ ഒന്നു പറഞ്ഞോട്ടെ, ഒമ്പത്, കേട്ടിട്ടുണ്ട്..... ആറേ.... കൊറേ കേട്ടിട്ടുണ്ട്........
സമ്മാനം സ്വര്‍ണ്ണമാണ്. അതും ചില്ലറയൊന്നുമല്ല, 40 കിലോ. ആരെയാണ് ഈ സ്വര്‍ണ്ണസമ്മാനം കേട്ടി മോഹിപ്പിക്കുന്നത്. ലളിതമായ ജീവിതത്തെയും ആഡംബര രഹിതമായ വിവാഹത്തെയും പ്രോത്സാഹിപ്പിക്കുന്നുവെന്ന് പറഞ്ഞ പാവങ്ങളുടെ സര്‍ക്കാരാണ് പരിപ്പുവടയില്‍ നിന്നും ഫ്രൈഡ്റൈസിലേക്കും കട്ടന്‍ചായയില്‍ നിന്നും ബിയറിലേക്കുമുള്ള ആശയമാറ്റം പോലെ മലക്കം മറിഞ്ഞത്.
സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് ഉത്സവത്തിന്റെ മുഖ്യ കുഴലൂത്ത് മലയാളത്തിലെ മാധ്യമങ്ങളുടേതാണ്. മേളത്തിന് സകലമാന സാംസ്കാരിക നായകന്മാരും സിനിമാ നടന്മാരും രംഗത്തുണ്ട്. പ്രതിപക്ഷവുമുണ്ട്. കാര്യങ്ങള്‍ പ്രതിപക്ഷം പഠിച്ചുവരുമ്പോഴേക്കും അടുത്ത ഭരണകാലമാകും. അപ്പോള്‍ അത് മറന്ന് അവര്‍ക്കും തുടരാം, ഇത് തങ്ങളുടെ അഭിമാനമെന്ന പോസ്ററോടെ.
മാനത്തൂടെ പക്ഷി പറന്നാല്‍ പോലും അതിന്റെ പോക്ക് ശരിയല്ലെന്ന് നിഗമിച്ച് വിമര്‍ശിക്കുന്ന സാംസ്കാരിക നായകന്മാര്‍ ചിരിച്ചു കൊണ്ട് ഉത്സവ പരസ്യത്തിനു മുന്നിലുണ്ട്. ദീപസ്തംഭം മഹാശ്ചര്യം, എനിക്കും കിട്ടണം പണം എന്നു മാത്രം ചിന്തിക്കുന്ന സിനിമാ നടന്മാരെ വെറുതെ വിടുക. ഫാന്‍സ് അസോസിയേഷന്‍ പിന്നാലെയുണ്ട്. എങ്കിലും ഈ മാധ്യമങ്ങള്‍? മാസം 100 രൂപ എണ്ണിക്കൊടുത്ത് ദിനംപ്രതി വാതില്‍ക്കല്‍ വീഴുന്ന വാര്‍ത്താ പത്രങ്ങള്‍ ഒന്നാം പേജില്‍ തന്നെ വലിയൊരു കള്ളമെഴുതിയാല്‍. പരസ്യക്കാരനു വേണ്ടി സ്വന്തം തലക്കെട്ടു പോലും വാലിനടിയിലാക്കുന്ന മാധ്യമങ്ങളുണ്ട്. ശരി തന്നെ. എന്നാല്‍ ഷോപ്പിംഗ് ഫെസ്റിവലിന്റെ പരസ്യത്തിന് അടിയില്‍ അഡ്വടോറിയല്‍ അല്ലെങ്കില്‍ മാര്‍ക്കറ്റിംഗ് ഫീച്ചര്‍ എന്നൊരു വാക്ക് എഴുതിയിരുന്നെങ്കില്‍? ദീപസ്തംഭം മഹാശ്ചര്യം എനിക്കും പണം കിട്ടിയേ പറ്റൂ.....  
കുറ്റം പറയരുതല്ലോ, നാടാകെ കോടികള്‍ ചെലവിട്ട് ഇത്രയും വലിയ ഉത്സവം നടത്തുമ്പോള്‍ ഭരിക്കുന്നവര്‍ക്കു മുന്നിലേക്ക് വീട്ടില്‍ നിന്നും ഭാര്യ നല്‍കിയ തുട്ടുമായി മുണ്ടിന്റെ ഒരു തല കക്ഷത്തിലേക്ക് വലിച്ചു പിടിച്ച്, തല കുമ്പിട്ട്, സഖാവേ, സര്‍ക്കാരേ, സവാള, വിലക്കയറ്റം എന്നൊക്കെ പറഞ്ഞങ്ങ് ചെന്നാല്‍, ഇടംകൈ ഉയര്‍ത്തി അടിക്കാനോങ്ങി മൂത്ത സഖാക്കള്‍ പറയും, മിണ്ടാതെ നിന്നോണം, സവാള, വിലക്കയറ്റം.... ഒരു വീക്ക് തന്നാലുണ്ടല്ലോ.....

Saturday, December 11, 2010

ശാന്തമായി ഒഴുകിയ പുഴ


മലയാള സിനിമയുടെ നൊസ്റാള്‍ജിയയില്‍ പരിഭവമില്ലാതെ കരയുന്ന അമ്മയായിരുന്നു ശാന്താദേവി. സിനിമയിലേതു പോലെയായിരുന്നു ആ ജീവിതവും. നിറം മങ്ങിയ ചുവന്ന സാരിയും നീല ബ്ളൌസും ചുവന്ന കല്ലുമാലയും ഒരു ബാഗുമായി അവരെ പലപ്പോഴും കോഴിക്കോടിന്റെ പല കോണുകളിലും കണ്ടിരുന്നു. ഓര്‍മ്മകളില്‍ ജീവിച്ച ശാന്താദേവിയെ. അവരുടെ ജീവസ്സുറ്റ ഓര്‍മ്മകള്‍ക്കു മുന്നില്‍ ആദരാഞ്ജലികള്‍......


ഞാനൊരു കഥ പറയാം എന്ന മട്ടിലായിരുന്നു ശാന്താദേവിയുടെ ഇരിപ്പ്. കഥയ്ക്കിടയില്‍ കണ്ണീരും സന്തോഷവും വരുത്തി കാലും നീട്ടി ഇരുന്നുള്ള മുത്തശിമാരുടെ മട്ടില്‍ ഒരു കഥ പറച്ചില്‍. അബ്ദുള്‍ ഖാദറെന്ന രാജകുമാരനെ സ്നേഹിച്ച കഥ, മകനെ നഷ്ടപ്പെട്ട അമ്മയുടെ കഥ, അനാഥ വാര്‍ദ്ധക്യത്തില്‍ അലയുന്ന വൃദ്ധയുടെ കഥ, എല്ലാ കഥകളും പറഞ്ഞു തീരുമ്പോള്‍ ഒരു പുഴയെ പോലെ നിശബ്ദമായ തേങ്ങല്‍.
കോഴിക്കോട് അങ്ങാടിയിലെ ഒരു കോണില്‍, മാനാഞ്ചിറയിലെ ഒരു വൈകുന്നേരത്തില്‍, തിരക്കേറിയ മിഠായിതെരുവിലൂടെ... അങ്ങനെ ശാന്താദേവി എന്ന സിനിമാനടി നടക്കുന്നുണ്ടാവും. നിറം മങ്ങിയ കറുപ്പു കലര്‍ന്ന സാരിയും ചുവന്ന മാലയുമിട്ട്, തോളിലൊരു പഴയ ബാഗുമായിട്ടൊരു യാത്ര.
നല്ലളത്തെ അബൂബക്കറിനെ കാണുമ്പോള്‍, അബൂബക്കറല്ലേയത്? പതിഞ്ഞസ്വരത്തില്‍ ചോദ്യം
ഉമ്മാക്കിപ്പം എങ്ങന്ണ്ട് മോനേ
ആശൂത്രീന്ന് കേറണ്ട നേരൂല്ല, അബുബക്കറിന്റെ മറുപടി
പ്രായായാലങ്ങനെന്ന്യാ മോനേ.... ഓല് എന്റെ ചങ്ങായിയാര്ന്ന്.
ശാന്താദേവിയില്‍ നിന്ന് കഥകള്‍ കടമെടുക്കാന്‍ പലരും വരാറുണ്ട്. അങ്ങനെ കൂടെക്കൂടുന്നവരോടായിരിക്കും പിന്നെ കഥകള്‍. കോലു പോലുണ്ടാര്ന്ന സൈനബ പെട്ടന്നങ്ങ് തടിച്ചിയായി പോയതൊക്കെ... ഇടയില്‍ ഒരു ചിരി. മഴ പെയ്തു നില്‍ക്കവെ ഒരു ചെറുവെയില്‍ പെട്ടന്നു വന്നുപോയതുപോലൊരു ചിരി. അത്രയ്ക്കും ശോകമായ ഒരു ചിരി. അങ്ങനങ്ങനെ പറഞ്ഞു വരുന്നതിനിടയില്‍ കോഴിക്കോട് അബ്ദുള്‍ ഖാദറെന്ന രാജകുമാരന്‍ വരും.
ന്നെ ഞാനാക്കിയത് കോയിക്കോട് അബ്ദുള്‍ഖാദറെന്ന ആ മനുഷ്യന്‍ തന്നാര്‍ന്നു. ആ മനുഷ്യനില്ലോണ്ട് മാത്രാ ഞാനിങ്ങനെയെല്ലാം ആയിത്തീര്‍ന്നത്....
ആദ്യവിവാഹം പരാജയപ്പെട്ടപ്പോള്‍ പരാജിതയായി നിന്നിരുന്നവളെ എടുത്തുയര്‍ത്തി നാടകനടിയാക്കിയും,  സിനിമാ നടിയാക്കിയും പിന്നീട് ഭാര്യയാക്കിയും, സ്നേഹിക്കാന്‍ ഒരു കുഞ്ഞിനെ നല്‍കിയ ശേഷം പറന്നുപോയ കോഴിക്കോട് അബ്ദുള്‍ ഖാദറിന്റെ കഥ.
കുട്ടിക്കാലത്തെക്കുറിച്ച് പറയുമ്പോള്‍,
അതൊരു നല്ല കാലേര്ന്നു. സങ്കടങ്ങളൊക്കെ ഉണ്ടായിരുന്നെങ്കിലും ഓര്‍മ്മിക്കാന്‍ സുഖോള്ള കാലം. അതും കൊറേക്കാലൊന്നുമുണ്ടായില്ല. എട്ടുംപൊട്ടും തിരിയുന്നേന് മുമ്പേ കല്യാണം കഴിഞ്ഞു. പിന്നിങ്ങോട്ട് ഇനിക്ക് കരച്ചിലേ തന്നിട്ടുള്ളൂ. ന്റെ വിധി അല്ലാണ്ട് ആരേം കുറ്റൊന്നും പറയാനില്ല.
സിനിമയില്‍ ആദ്യമായി അമ്മയാകുന്നത് പ്രേംനസീറിന്റെ അമ്മവേഷമാണ്. പിന്നെ സത്യന്‍, മധു, കമലഹാസന്‍ വരെ
സിനിമയിലെ ശോകഭാവങ്ങള്‍ക്കൊപ്പമായിരുന്നു ജീവിതവും. മകനെക്കുറിച്ചുള്ള വേദനയില്‍ കരയുന്ന ഉമ്മ, അല്ലെങ്കില്‍ ശാസിക്കാന്‍ അറിയാതെ കണ്ണീരോടെ മകനു മുന്നില്‍ നില്‍ക്കുന്ന അമ്മ... ഈ വൃത്തങ്ങളില്‍ നിന്നും സന്തോഷത്തിന്റെയോ, ദേഷ്യമുഖവുമായോ ശാന്താദേവിയെ സിനിമയിലോ ജീവിതത്തിലോ കണ്ടിട്ടുണ്ടാവില്ല.
കോഴിക്കോട് പൊറ്റമ്മല്‍ തറവാട്ടിലായിരുന്നു ശാന്താദേവിയുടെ ജനനം. തരക്കേടില്ലാത്ത കുടുംബം. ബാല്യത്തിന്റെ കളിതമാശകള്‍ക്കിടയിലെന്ന പോലെയായിരുന്നു വിവാഹം. അമ്മാവന്റെ മകന്‍ ബാലകൃഷ്ണനുമായിട്ടായിരുന്നു അത്. അതില്‍ ഒരു കുഞ്ഞുമുണ്ടായി. അതിനും മുമ്പു തന്നെ ശാന്താദേവിയുടെ ജീവിതത്തില്‍ ശോകഭാവം നിഴല്‍ പരത്തിയിരുന്നു. ആ ബന്ധം വഴി പിരിഞ്ഞു. മകനെയും കൊണ്ട് ശാന്താദേവിക്ക് വഴിയില്‍ ഇറങ്ങേണ്ടിവന്നു. അപ്പോഴാണ് അയല്‍വാസിയും കുടുംബസുഹൃത്തുമായ കോഴിക്കോട് അബ്ദുള്‍ ഖാദര്‍ രക്ഷകനായെത്തിയത്. അബ്ദുള്‍ ഖാദര്‍ വഴി വാസു പ്രദീപിന്റെ നാടകത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചു. സ്മാരകത്തിലെ ആമിനയായിരുന്നു ആദ്യത്തെ വേഷപ്പകര്‍ച്ച. പിന്നീട് ഒട്ടേറെ നാടക യാത്രകള്‍. നാടകത്തില്‍ നിന്നും ശാന്താദേവി സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത് രാമു കാര്യാട്ടിന്റെ മിന്നാമിനുങ്ങ് എന്ന സിനിമയിലൂടെയായിരുന്നു. ഇതിനിടയില്‍ അബ്ദുള്‍ഖാദറെന്ന അയല്‍വാസിയെ, കുടുംബ സുഹൃത്തിനെ, ഗുരുവിനെ, രക്ഷകനെ വിവാഹം കഴിച്ചു. ഭര്‍ത്താവെന്നതിനാക്കാള്‍ രക്ഷകന്‍ എന്ന് വിളിക്കുന്നതിനാണ് ശാന്താദേവിക്കും താല്‍പര്യം.
അഭിനേതാക്കള്‍ കണക്കു പറഞ്ഞു കാശു വാങ്ങുന്ന സമയത്തും ശാന്താദേവി അഭിനയിച്ചെങ്കിലും നല്‍കുന്നത് പ്രതിഫലമായി കണക്കാക്കി. അതുകൊണ്ട് സ്വന്തമായി ദു:ഖങ്ങളല്ലാതെ സമ്പാദ്യമായി ഒന്നുമുണ്ടായില്ല. വഴിയാത്രക്കിടയില്‍ കോഴിക്കോട് അബ്ദുള്‍ ഖാദറെന്ന രക്ഷകനും വഴിയിറങ്ങി. പിന്നെ അദ്ദേഹം ഏല്‍പ്പിച്ചു പോയ മകന്‍ സത്യജിത്ത്. സിനിമയിലും സംഗീതത്തിലും സത്യജിത്ത് പരീക്ഷണങ്ങള്‍ നടത്തി. ഒന്നിലും വിജയിച്ചില്ല. ഒടുക്കം വിഷം കുത്തിവെച്ച് സത്യജിത്ത് യാത്ര അവസാനിപ്പിച്ചു. ഒപ്പം അര്‍ബുദം ബാധിച്ച് ഭാര്യയും.
എന്റെ ഉശിര് നല്‍കിയാ ഓനെ ഞാന്‍ വളര്‍ത്തിയത്. ഓനും ഓന്റെ കെട്ട്യോളും ഒന്നാകെ പോയപ്പോ ആ മക്കളെ ഇനിക്ക് തന്നു.
 ഇതോടെ ഒരുചാണ്‍ വയറില്‍ നിന്ന് ശാന്താദേവിയുടെ ബാധ്യത വര്‍ദ്ധിച്ചു. മകന്റെ മക്കള്‍ക്കും വേണ്ടിയായി അവരുടെ പിന്നീടുള്ള യാത്ര. സിനിമയില്‍ റോളു കിട്ടാത്തതില്‍ ആരോടും പരിഭവമില്ലാതെ, കിട്ടിയ റോളുകള്‍ വാങ്ങി, കണക്കുകള്‍ നിരത്തി പണം വാങ്ങാതെ ശാന്താദേവി യാത്ര തുടര്‍ന്നു.
ഇടയ്ക്ക് കോഴിക്കോട്ടെ തെരുവുകളില്‍ ഇവര്‍ അലഞ്ഞിരുന്നു. ദു:ഖഭാരം താങ്ങാന്‍ ശേഷിയില്ലാതെ തളര്‍ന്ന മനസുമായി. തല ചായ്ക്കാന്‍ ഒരു കൂരയില്ലാതെ. ദേശീയ അവാര്‍ഡു നേടിയ അഭിനേത്രിയായ അവര്‍ അപ്പോഴും പറയും, ഞാനാരെയും കുറ്റം പറയണില്ല, ന്റെ വിധിയാണിത്. അമ്മ എന്ന സംഘടന നല്‍കുന്ന പണം ചിലപ്പോള്‍ ബാഗിലുണ്ടാവും. അതിനൊപ്പം ഒരു വില്‍സ് പാക്കറ്റും. ചോദിക്കുമ്പോള്‍ പറയും, ഇങ്ങളൊക്കെ വലിക്കുംപോലെ വലിക്കാനൊന്നൂല്ല. വലിച്ചൂതിയാലെങ്കിലും ഒരു സമാധാനം കിട്ടൂന്ന് കരുതീറ്റാ.... പുകച്ചുരുള്‍ വായുവില്‍ പടരുമ്പോള്‍ ഒന്ന്  ചുമക്കും. അതും തനിക്ക് പറ്റിയതല്ലെന്ന മട്ടില്‍ ഒരു നോട്ടം. എങ്കിലും വീണ്ടും പുകച്ചുരുളുകള്‍ വായുവിലേക്ക് വിട്ടു കൊണ്ടിരിക്കും.
ഇടയ്ക്ക് പഴയ നാടക ഗാനങ്ങളും മറ്റു പാട്ടുകളും പാടി.
അന്നത്തെ യാത്രയ്ക്കിടയില്‍ പിരിയുമ്പോള്‍ ഒരു ചോദ്യം.
മോന് മന്ത്രിമാരുമായി നല്ല ബന്ധുണ്ടോ.
എന്തേയ്....
ആ ബിനോയ് വിശ്വത്തോട് പറഞ്ഞ് ഇനിക്കൊരു വീടുണ്ടാക്കിത്തരാന്‍ പറയോ?
പുകച്ചുരുള്‍ മുഖത്തൂടെ മുകളിലേക്കുയര്‍ന്നപ്പോള്‍ തിരിഞ്ഞു നടന്നു
ഇല്ലേല് വാണ്ട. അതൊന്നും ശര്യാവൂല്ല....
നിറം മങ്ങിയ സാരിത്തലപ്പു കൊണ്ട് കണ്ണീര്‍ തുടച്ച് സായാഹ്നത്തിലേക്ക് അവര്‍ നീങ്ങി. ആ വീട് തനിക്ക് ഉറങ്ങാനായിരുന്നില്ല, ചെറുമക്കള്‍ക്കു വേണ്ടിയുള്ള കരുതലിനായിരുന്നു.
ഇനി ഇനിക്കെന്റെ മോനെ(ചെറുമകനെ) ഒരുവഴിക്കാക്കീട്ട് കണ്ണടച്ചാല്‍ മതീന്നേയുള്ളൂ.
പക്ഷെ ചെറുമക്കളെ വഴിയില്‍ തനിച്ചായി. സിനിമയില്‍ അഭിനയിക്കാനുള്ള ഡേയ്റ്റ് ചോദിച്ചുകൊണ്ടുള്ള അവസാന ഫോണ്‍കോളിന് മിനിട്ടുകള്‍ക്കു മുമ്പ് ഇനി പറ്റില്ല മോനേ....എന്ന് പറഞ്ഞ് ശാന്താദേവി എന്ന പുഴ വഴിയിലെവിടെയോ ഒഴുകിത്തീര്‍ന്നു.  

Sunday, November 28, 2010

പെയ്ഡ് ന്യൂസ് മലയാള മാധ്യമങ്ങളിലും

ക്വട്ടേഷന്‍ സംഘങ്ങള്‍ എന്ന വാക്കു മലയാളികള്‍ക്കു പുതിയതോ പുത്തരിയോ അല്ല. എന്നാല്‍ പത്ര ദൃശ്യമാധ്യമങ്ങളിലെ പെയ്ഡ് ന്യൂസ് മലയാളികള്‍ക്കു പുതിയ വാക്കാണ്. പെയ്ഡ് ന്യൂസിന്റെ അര്‍ത്ഥമറിയാത്തവരോട് ക്വട്ടേഷനെക്കുറിച്ച് ചോദിച്ചാല്‍ കണ്ണു ചിമ്മിയും ഉറക്കത്തിലും പറയും, പണം വാങ്ങി ആളെ കൊല്ലുകയോ, കൈവെട്ടുകയോ ചെയ്യുന്ന സംഘം. പെയ്ഡ് ന്യൂസിനും ഏതാണ്ട് ഇതേ അര്‍ത്ഥം തന്നെ. ക്വട്ടേഷന്‍ സംഘങ്ങള്‍ കേരളത്തില്‍ ഉണ്ടായതിന്റെ അത്രയൊന്നും പഴക്കം പെയ്ഡ് ന്യൂസിനില്ലെങ്കിലും സാധാരണക്കാരനായ വായനക്കാരനറിയാതെ തന്നെ പെയ്ഡ് ന്യൂസ് മലയാള മാധ്യങ്ങളും വര്‍ഷങ്ങളായി ഉപയോഗിക്കുന്നുണ്ട്.
ക്വട്ടേഷന്‍ സംഘങ്ങള്‍ പണം വാങ്ങി തന്റെ ശത്രുവോ മിത്രമോ എന്നു നോക്കാതെ ആളെ കൊല്ലുകയാണെങ്കില്‍, പെയ്ഡ് ന്യൂസിലൂടെ പത്രപ്രവര്‍ത്തകനോ, പത്രമുതലാളിയോ ചെയ്യുന്നത് പണം വാങ്ങി വാര്‍ത്തയിലൂടെ ആളെ നശിപ്പിക്കുകയോ ഉയര്‍ത്തുകയോ ചെയ്യുന്നു. ഒറ്റവാക്കില്‍ പറഞ്ഞാല്‍ പണം വാങ്ങി പത്രധര്‍മ്മത്തെ വ്യഭിചരിക്കുന്നു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഈ തെരഞ്ഞെടുപ്പില്‍ മലയാളത്തിലെ ഒരു ശൈശവ പത്രത്തിന്റെ പെയ്ഡ് ന്യൂസിലേക്ക്. പണം മുടക്കാന്‍ തയ്യാറുള്ള സ്ഥാനാര്‍ത്ഥികളെക്കുറിച്ച് പത്രത്തിന്റെ ഒരു പേജിന്റെ നാലില്‍ ഒരു ഭാഗത്ത് വര്‍ണ്ണാഭമായ ഫീച്ചര്‍ നല്‍കും. അതിനു  പകരമായി അഞ്ചക്കമുള്ള തുക വാങ്ങും. ഇത് പരസ്യത്തിന്റെ ഗണത്തില്‍ പെടില്ല. കാരണം, പരസ്യമായാണ് നല്‍കിയതെങ്കില്‍ ഇതിനു താഴെ അഡ്വര്‍ടോറിയല്‍ എന്നെഴുതണം. അങ്ങനെ എഴുതിയിട്ടില്ല. അങ്ങനെ എഴുതിയാലും പ്രശ്നമാണ്, ഒരു സ്ഥാനാര്‍ത്ഥിക്ക് എത്ര രൂപ വരെ പ്രചരണത്തിനായി ചെലവഴിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ച സാഹചര്യത്തില്‍ പത്ര പേജിന്റെ നാലില്‍ ഒന്നു ഭാഗത്ത് പരസ്യമായി നല്‍കണമെങ്കില്‍ 25,000 രൂപയെങ്കിലും നല്‍കണം. ഇത് ഒരു സ്ഥാനാര്‍ത്ഥിയ്ക്ക് ചെലവഴിക്കാവുന്ന തുകയുടെ ഇരട്ടിയാണ്.
ഇത് പത്രപ്രവര്‍ത്തനത്തിലെ ക്വട്ടേഷന്‍ പ്രവര്‍ത്തനമാണ്. അതായത് പെയ്ഡ് ന്യൂസാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ വായനക്കാരനെ തെറ്റിദ്ധരിപ്പിക്കുന്നു. ദേശാഭിമാനി, വീക്ഷണം പോലുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ നേരിട്ടു നടത്തുന്ന പത്രമാധ്യമങ്ങള്‍ക്ക് വ്യക്തമായ രാഷ്ട്രീയ ചായ്വുണ്ടെന്നിരിക്കെ ഇത്തരത്തില്‍ സ്വന്തം കക്ഷിയില്‍ ഉള്‍പ്പെട്ടയാളെക്കുറിച്ച് വാര്‍ത്ത വന്നാല്‍ വായനക്കാരന്‍ പറയും, അതില്‍ കാര്യമില്ലെന്നേ, അത് അവരുടെ പാര്‍ട്ടിക്കരനെക്കുറിച്ച് പൊക്കി എഴുതിയതാ... എന്നാല്‍ വ്യക്തമായ രാഷ്ട്രീയ ചായ്വില്ലെന്നു പ്രഖ്യാപിക്കുന്ന മാധ്യമങ്ങളില്‍ ഇത്തരത്തില്‍ വാര്‍ത്ത വരുമ്പോള്‍, നട്ടെല്ലുയര്‍ത്തി നില്‍ക്കാന്‍ പോലും പറ്റാത്ത സ്ഥാനാര്‍ത്ഥികളെ വീരനാക്കി ചിത്രീകരിക്കപ്പെടുകയും, അര്‍ഹതപ്പെട്ടവര്‍ തഴയപ്പെടുകയും ചെയ്യും. പത്രപരസ്യമോ, ഇത്തരം പെയ്ഡ് ന്യൂസിനോ പണം ചെലവഴിക്കാനില്ലാത്തതും മുന്നണി ബന്ധത്തില്‍ പെടാത്തതുമായ സ്ഥാനാര്‍ത്ഥികളെ മാധ്യമങ്ങള്‍ തമസ്കരിക്കുകയും ചെയ്യുന്നു. പത്രപരസ്യങ്ങളേക്കാള്‍ കൂടുതല്‍ പത്രവാര്‍ത്തകളില്‍ വിശ്വാസികളാണ് ജനങ്ങള്‍. വായനക്കാരന്റെ വിശ്വാസ്യതയെയാണ് ഇത് ചോദ്യം ചെയ്യുന്നത്. ഇല്ലേലും വായനക്കാരന്റെ താല്‍പര്യത്തെയോ, പത്രമൂല്യങ്ങളെയോ സംരക്ഷിക്കാനല്ല പത്രം നടത്തുന്നതെന്ന് ഉള്ളില്‍ പത്രമുതലാളിമാര്‍ പറയുന്നുണ്ട്.
ഇത്രയും വായിക്കുമ്പോള്‍, ഈ തെരഞ്ഞെടുപ്പിലാണ് പെയ്ഡ് ന്യൂസ് കേരളത്തിലെ മാധ്യമങ്ങളിലെത്തുന്നതെന്ന് തെറ്റിദ്ധരിക്കരുത്. ഇതിനു മുമ്പ് പല തവണ മുഖ്യധാരാ മാധ്യമങ്ങളും പത്രപ്രവര്‍ത്തകരും പണം പറ്റി കഥ മെനയുകയോ അല്ലേല്‍ മിണ്ടാതിരിക്കുകയോ ചെയ്തിട്ടുണ്ട്. ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റിവലിനെക്കുറിച്ച് മുഖ്യധാരാ പത്രങ്ങളില്‍ ഒന്നാം പേജില്‍ സര്‍ക്കാര്‍ പരസ്യം വന്നത് സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് പെയ്ഡ് ന്യൂസാണെന്നു പറയാം. സമാനമായ പരസ്യം വാര്‍ത്തയെന്നു തെറ്റിദ്ധരിക്കപ്പെടുന്ന മട്ടില്‍ ഒന്നാം പേജിലായിരുന്നു എല്ലാ പത്രങ്ങളിലും വന്നത്. ഇതിനടിയില്‍ അഡ്വര്‍ടോറിയല്‍ എന്ന വാക്ക് ചേര്‍ക്കേണ്ടതാണ്. എന്നാല്‍ മുഖ്യധാരാ പത്രങ്ങളടക്കം ഇങ്ങനെ ചേര്‍ക്കാതെ വായനക്കാരനെ വഞ്ചിക്കുകയായിരുന്നു.
വന്‍ പരസ്യദാതാവായ മൊബൈല്‍ കമ്പനി നടത്തിയ തട്ടിപ്പിനെതിരെ ഒരാള്‍ കേസു നല്‍കി അനുകൂല വിധി വന്നത് എല്ലാ മാധ്യമങ്ങള്‍ക്കും വാര്‍ത്തയായി നല്‍കിയിരുന്നു. എന്നാല്‍ പരസ്യദാതാവിനെ അന്നദാതാവായി കാണുന്ന പത്ര- ദൃശ്യമാധ്യമങ്ങള്‍ ഈ വാര്‍ത്ത തമസ്കരിക്കുകയാണുണ്ടായത്. മറ്റൊരു ഉദാഹരണം, കൈരളി ചാനല്‍ നടത്തിയ എല്ലാരു പാടണ് എന്ന റിയാലിറ്റി ഷോയിലുണ്ടായ ചില റിയാലിറ്റികളാണ്. ഈ റിയാലിറ്റി ഷോയില്‍ ഒന്നാം സ്ഥാനം നേടിയത് തങ്കമ്മയും കുടുംബവുമാണ്. തങ്കമ്മയൊഴികെ ബാക്കിയെല്ലാവരും അന്ധരാണ്. ഇവര്‍ പാടി നേടിയപ്പോള്‍ മുന്‍കൂര്‍ നിശ്ചയിച്ചതു പ്രകാരം മുഖ്യസ്പോണ്‍സറായ ശാന്തിമഠം ഒരു വില്ല നല്‍കും. സമാപന ചടങ്ങിലും മറ്റുമായി വില്ലയുടെ താക്കോല്‍ എന്ന മട്ടില്‍ ഈ കുടുംബത്തിന് തെര്‍മോകോള്‍ കൊണ്ടുണ്ടാക്കിയ താക്കോല്‍ നല്‍കി. എന്നാല്‍ തുടര്‍ന്ന് യഥാര്‍ത്ഥ വില്ല നല്‍കിയില്ല. കൈരളി ചാനലുമായും സ്പോണ്‍സറുമായും ബന്ധപ്പെട്ടെങ്കിലും അവരില്‍ നിന്ന് അനുകൂലമായ മറുപടി കിട്ടിയില്ല. തുടര്‍ന്ന് ഈ കുടുംബം എറണാകുളം പ്രസ്ക്ളബില്‍ പത്രസമ്മേളനം നടത്തി ചാനലിനും സ്പോണ്‍സര്‍ക്കെതിരെയുമുള്ള വഞ്ചനയുടെ കഥ പറഞ്ഞു. എന്നാല്‍ അതു കേട്ടിരുന്ന ഒരു മാധ്യമ പ്രതിനിധിയും ഈ വാര്‍ത്ത പത്രങ്ങളിലോ, ചാനലുകളിലോ നല്‍കിയില്ല. കൈരളി ചാനലിനേക്കാളും സ്പോണ്‍സറായ ശാന്തിമഠം ബില്‍ഡോഴ്സിനെതിരെയുള്ള വാര്‍ത്ത കൂടിയായതിനാലാണ് ഈ മാധ്യമപട മൌനം പാലിച്ചത്. ഇങ്ങനെ എത്ര വാര്‍ത്തകള്‍ തമസ്കരിക്കപ്പെടുന്നു. ഇതിനെയും പെയ്ഡ് ന്യൂസെന്നോ മറ്റെന്തെങ്കിലും ന്യൂസെന്നോ വിളിക്കാം.
മഹാരാഷ്ട്രയില്‍ നടന്ന പെയ്ഡ് ന്യൂസെന്ന മാധ്യമങ്ങളുടെ വ്യഭിചാരം കണ്ടെത്തിയത് പി. സായ്നാഥ് എന്ന പത്രപ്രവര്‍ത്തകനായിരുന്നു. അതിങ്ങനെ, മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പുവേളയില്‍ മുഖ്യമന്ത്രി അശോക് ചവാനെക്കുറിച്ച് ലോക്മത് എന്ന പത്രത്തില്‍ ഒന്നാം പേജില്‍ ഫീച്ചര്‍ വന്നു. ഊര്‍ജസ്വലനായ യുവനേതൃത്വം; അശോക് ചവാന്‍ എന്നായിരുന്നു തലക്കെട്ട്. ലേഖകന്റെ പേരു സഹിതം വാര്‍ത്ത. അതേ ദിവസവും തുടര്‍ന്നുള്ള ദിവസങ്ങളിലുമായി മഹാരാഷ്ട്രടൈംസ്, പുധാരി തുടങ്ങിയ പത്രങ്ങളിലും വള്ളി പുള്ളി തെറ്റാത്ത ഈ വാര്‍ത്ത അവരവരുടെ ലേഖകന്മാരുടെ പേരില്‍ പുറത്തിറങ്ങി. ആ തിരഞ്ഞെടുപ്പില്‍ ചവാന്‍ ഒരു ലക്ഷം വോട്ടിനു വിജയിച്ചു. ഇവിടെ നിന്നാണ് പി. സായ്നാഥെന്ന പത്രപ്രവര്‍ത്തകന്റെ അന്വേഷണം ആരംഭിച്ചത്. അശോക്ചവാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുമ്പാകെ സമര്‍പ്പിച്ച കണക്കില്‍, പരസ്യം നല്‍കിയ ഇനത്തില്‍ ചെലവായത് 11370 രൂപയാണെന്നും അച്ചടിമാധ്യമങ്ങള്‍ക്ക് നല്‍കിയതില്‍ 5379 രൂപയുമാണ് ചെലവായതെന്നും രേഖപ്പെടുത്തിയിരിക്കുന്നു. ഈ കണക്കില്‍ നിന്നാണ് അശോക് ചവാനെന്ന രാഷ്ട്രീയക്കാരനും മാധ്യമങ്ങളും നടത്തിയ കൂട്ടുകെട്ട് പുറത്തായത്.  ഒക്ടോബര്‍ കേരളീയം മാസികയില്‍ പ്രസിദ്ധീകരിച്ചത്

Friday, November 26, 2010

സോഷ്യലിസം

എനിക്ക് പറയാനുള്ളത്.... നിങ്ങള്‍ക്ക് പറയാനുള്ളത്.... ഒരിടത്തിരുന്ന് നമുക്ക് പങ്കുവയ്ക്കാം. ഇത് എനിക്ക് പറയാന്‍ വേണ്ടി മാത്രമല്ല, നിങ്ങള്‍ക്കും കൂടിയുള്ളതാണ്. ഒരു സോഷ്യലിസം. ഇതില്‍ നിങ്ങള്‍ക്കും ആശയങ്ങള്‍ പങ്കു വയ്ക്കാം. പക്ഷെ അത് ഇതില്‍ ഇടണമോയൊന്ന് ഞാന്‍ തീരുമാനിക്കും. ഇവിടെ ഞാന്‍ ലോക്കല്‍ സെക്രട്ടറിയും നിങ്ങള്‍ വെറും അണികളും മാത്രമാണ്. കളി എന്നോടോ..... കഷ്ടപ്പെട്ട് കുത്തിയിരുന്ന് കണ്ടുപിടിച്ചതും പോരാ... ലവന്റെയൊക്കെ സാധനങ്ങള് ഇതില് കേറ്റൂംവേണെന്ന്... അമ്പോ ഒന്ന് പുളിക്കും.