Monday, March 14, 2011

മഞ്ഞക്കുറി കോറിയിട്ടൊരു കളിയാട്ടക്കാലം




വടക്കേമലബാറിലിത് തെയ്യങ്ങളുടെ കാലമാണ്. തങ്ങളുടെ പരദേവതകള്‍ ആണ്ടിലൊരിക്കല്‍, അല്ലെങ്കില്‍ വര്‍ഷങ്ങള്‍ക്കു ശേഷം കാവുകളിലെത്തി ഭക്തരെ കാണാനെത്തുന്ന കാലം. തീപ്പന്തങ്ങള്‍ക്കിടയിലും തീപൊള്ളുന്ന നട്ടുച്ചയിലും തെയ്യക്കോലങ്ങള്‍ നൃത്തം ചെയ്ത് മടങ്ങുമ്പോള്‍ ഒരു വിങ്ങലാണ്. ഇനി അടുത്ത വര്‍ഷം, അതുമല്ലെങ്കില്‍ വര്‍ഷങ്ങള്‍ക്കുശേഷം, ദൈവേ.. അതുവരേക്കും എന്നെ കാത്തുകൊള്ളണേ... എന്ന പ്രാര്‍ത്ഥന.


ഏര്യം സ്കൂളില്‍ നാലുമണി ബെല്ലടിക്കാന്‍ മാധവേട്ടന്‍ വരുന്നത് കാണുമ്പോഴേ ബാഗും ചോറ്റുപാത്രവും എടുത്ത് റെഡിയായി നിന്നു. ജനഗണമനയും കഴിഞ്ഞ് ഇനി ബെല്ലടിക്കേണ്ട താമസം, ഒറ്റയോട്ടമാണ്. ഓടിയെത്തുമ്പോഴാണ് മനസിലാവുക, ഒറ്റയ്ക്കല്ല, മുന്നിലും പിന്നിലുമായി ഒട്ടേറെ കുട്ടികളുണ്ടെന്ന്, എല്ലാവരും ഒരേമനസ്സോടെ ഓടിയവര്‍. ഇനി നാലുനാള്‍ കളിയാട്ടം. ഇന്ന് വെള്ളി, ഇന്ന് രാത്രി തെയ്യമില്ല. തെയ്യത്തിന്റെ വരവറിയിച്ചുകൊണ്ടുള്ള തോറ്റങ്ങള്‍ മാത്രം. നാളെ പുലര്‍ച്ചെ തെയ്യമിറങ്ങും. തീപ്പന്തങ്ങള്‍ വച്ചുള്ള കക്കറഭഗവതിയും വട്ടമുടിക്കെട്ടുള്ള ചാമുണ്ഡിയും. നാളെ രാത്രിയും മറ്റന്നാള്‍ പുലര്‍ച്ചെയും രാത്രിയും തെയ്യങ്ങളേറെയുണ്ട്. നാലാംനാള്‍ തിങ്കളാഴ്ചയാണ്. അന്ന് സ്കൂള്‍ അവധിതരും. അന്നാണ് പ്രധാനപ്പെട്ട തെയ്യം, കണ്ണങ്ങാട്ട് ഭഗവതി. അന്നാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ കൂടുന്നതും കൂടുതല്‍ ചന്തകള്‍ വരുന്നതും. പൊട്ടാസിട്ടുപൊട്ടിക്കുന്ന തോക്ക്, വെള്ളം ചീറ്റുന്ന തോക്ക്, കൈരവിലുകള്‍ക്കിടയിലിട്ട് അമര്‍ത്തുമ്പോള്‍ ഉച്ചത്തില്‍ ടിക്, ടിക് ശബ്ദമുണ്ടാക്കുന്ന കളിപ്പാട്ടം... ഇവയെല്ലാം വാങ്ങണം. ഓരോന്ന് ചിന്തിച്ച് വരുമ്പോഴേക്കും അമ്പലമെത്തി.
വഴിനീളെ ട്യൂബ് ലൈറ്റുകള്‍ കെട്ടിയിട്ടുണ്ട്. തെയ്യക്കാരും ചെണ്ടക്കാരും എത്തുന്നതേയുള്ളൂ. അടിച്ചുവൃത്തിയാക്കുന്നതിന്റെയും പാത്രങ്ങളെല്ലാം കഴുകുന്നതിന്റെയും തിരക്കാണ്. കുറച്ചുനേരം കറങ്ങിനടന്ന് വീട്ടിലേക്ക്. വീട്ടിലേക്കുള്ള വഴികളടക്കം ചാണകം മെഴുകി വൃത്തിയാക്കിയിട്ടുണ്ട്. പുസ്തകസഞ്ചി വീട്ടിലേക്കെറിഞ്ഞ് വീണ്ടും അമ്പലപ്പറമ്പിലേക്ക് ഓടാനൊരുങ്ങുമ്പോള്‍ പിന്നില്‍ നിന്നും അമ്മ പറയുന്നതു കേള്‍ക്കാം, ഇനി നാലുദിവസത്തേക്ക് ഒരാവശ്യത്തിനു പോലും ഇങ്ങോട്ട് നോക്കേണ്ട. എന്തേലും കഴിച്ചിട്ട് പോടാ. അപ്പോഴേക്കും അമ്പലപ്പറമ്പിലെത്തിയിട്ടുണ്ടാവും. വൈകിട്ടത്തെ കളി മുഴുവന്‍ അമ്പലപ്പറമ്പിലാണ്. കളി കഴിഞ്ഞ് സന്ധ്യയാകുന്നതിനു മുമ്പുതന്നെ പൂരക്കടവില്‍ നിന്ന് കുളികഴിച്ച് നേരെ വീട്ടിലേക്ക്. വീട്ടിലെത്തി എന്തെങ്കിലും വാരിവലിച്ചൊരു കഴിപ്പ്. മൂക്കിലേവായിലേ തിന്നാണ്ട്, ശരിക്കും തിന്നെടാ... അമ്മയുടെ ശബ്ദം. കൂട്ടുകാര്‍ക്കൊപ്പം അമ്പലത്തിലെത്തി. നിറയെ വെട്ടം. മോട്ടോറിട്ട് ട്യൂബ് ലൈറ്റ് കത്തിച്ചിട്ടുണ്ട്. കറന്റില്ലാത്ത ഞങ്ങളുടെ നാട്ടില്‍ ഇത്രയും ട്യൂബ് ലൈറ്റുകളെത്തുന്നത് തെയ്യത്തിനു മാത്രമാണ്. എട്ടുമണിയോടെ തെയ്യത്തിന്റെ തുടക്കം അറിയിച്ചുകൊണ്ടുള്ള തുടങ്ങല്‍കര്‍മ്മം. ഈ വര്‍ഷത്തെ ആദ്യചെണ്ടകൊട്ട് മുഴങ്ങി. അരമണിക്കൂറോളം നീണ്ട ചെണ്ടമേളത്തിനുശേഷം മേളം നിന്നു. പ്രധാനപ്പെട്ട തെയ്യം കെട്ടുന്നയാള്‍ മുഖത്ത് നിറയെ ചന്ദനവും തലയില്‍ തലപ്പാളിയും കെട്ടി എത്തി. തോറ്റം. തെയ്യത്തിന്റെ ചരിത്രം പാട്ടിലൂടെ അവതരിപ്പിക്കുന്നതാണ് തോറ്റം. തോറ്റം തുടങ്ങി, നന്താറുവിളക്കിനും തിരുവായുധത്തിനും അരിയിട്ടുവന്ദിക്കാം...... പാട്ടിനൊപ്പം ചെണ്ടയും.
തോറ്റം കഴിഞ്ഞാല്‍ പിന്നെ നാളെ രാവിലെ മാത്രമാണ് തെയ്യമുള്ളത്. ഉറക്കമൊഴിച്ചാല്‍ ചിലപ്പോള്‍ തെയ്യം കാണാന്‍പറ്റില്ല. ആ സമയമാകുമ്പോള്‍ ഉറങ്ങിപ്പോകും. വീട്ടിലെത്തി അമ്മയോട് രാവിലെ തെയ്യത്തിന്റെ സമയത്ത് വിളിക്കണമെന്ന് പറഞ്ഞുറപ്പിച്ചു കിടന്നു. പിറ്റേന്നു പുലര്‍ച്ചെ അമ്മയോടൊപ്പം തെയ്യത്തിനുപോയി. തുടങ്ങുന്നതേയുള്ളൂ. തീപ്പന്തങ്ങളുള്ള തെയ്യം. പേടിയോടെ അമ്മയെ ഒട്ടിനിന്ന് കണ്ണുതിരുമ്മി വീണ്ടും വീണ്ടും കണ്ടു. ഒന്നുപോലും വിടാന്‍പറ്റില്ല, ഇനി അടുത്തവര്‍ഷം മാത്രമേയുള്ളൂ.

മുത്തശ്ശിമാരുടെ കാലത്ത് ട്യൂബ് ലൈറ്റുകളില്ല. നിലവിളക്കുകള്‍ മാത്രം. തെയ്യത്തിന്റെ പുറപ്പാട് സമയത്ത് തീപ്പന്തങ്ങളുണ്ടാവും. തീച്ചുട്ടും കത്തിച്ച് പിടിച്ചായിരുന്നു മലയിറങ്ങി തെയ്യംകണ്ട് മടങ്ങിയിരുന്നത്. തെയ്യം കാണാനിറങ്ങുമ്പോള്‍ കയ്യില്‍ കരുവന്തോട്ട് ഭഗവതിക്ക് നേര്‍ന്ന കോഴിയുണ്ടാവും. ഇല്ലെങ്കില്‍ തെയ്യത്തിന്റെ പന്തത്തില്‍ ഒഴിക്കാന്‍ നേര്‍ന്ന വെളിച്ചെണ്ണയുണ്ടാവും. കുഞ്ഞ് പതിവുതെറ്റി നിര്‍ത്താതെ കരഞ്ഞാല്‍ അമ്മമാരുടെ പ്രാര്‍ത്ഥനയാണ്, എന്റെ കരുവന്തോട്ട് പോതീ, നിന്റെ പന്തത്തില് ഞാന്‍ ഇപ്രാവശ്യം വെളിച്ചെണ്ണയൊഴിച്ചോളാ. എന്റെ കുഞ്ഞിന്റെ ദീനം മാറ്റണേ....
ആറ്റുനോറ്റുണ്ടായ ആട്ടിന്‍കുട്ടിയെ നായ പിടിച്ചാലും പ്രാര്‍ത്ഥനയാണ്, എന്റെ ഗുളികന്‍ദൈവേ, ഞാന്‍ നിനിക്ക് ഒരു കോഴീനെ തരാ. എന്റെ കുഞ്ഞാടിനൊന്നും വരുത്താണ്ടിരുന്നാ മതി. ഗുളികന്‍ ദൈവാണ് പുറംകാവല്‍. ക്ഷേത്രത്തിന്റെ പുറത്തിറങ്ങുന്ന തെയ്യം. നാട്ടില്‍ പല വഴിക്കും ഗുളികന് രാത്രി പോക്കുവരവുണ്ടെന്നാണ് വിശ്വാസം. പോകുന്ന വഴിക്ക് പശുക്കളെയോ, ആടുകളെയോ കണ്ടാല്‍ ഒരു ചവിട്ട്. പിറ്റേന്ന് അവ എഴുന്നേല്‍ക്കാന്‍ പറ്റാതെ കിടപ്പിലാകും. ആ വഴി നിന്റെ പോക്കുവരവുണ്ടെന്നറിഞ്ഞില്ല, നീ അതിനെയൊന്ന് ശരിയാക്കിത്തരണേ, നിനക്ക് കദളിപ്പഴം നേതിക്കാം ഞാന്‍.
കളിയാട്ടക്കാലത്ത് കോഴിയും വെളിച്ചെണ്ണയും കദളിപ്പഴവുമായെത്തുന്ന ഭക്തരോട് കരുവന്തോട്ട് ഭഗവതിയും, ഗുളികനും പറയും, അല്ലും ചെല്ലും, മഹാവ്യാധിയും വരുത്താതെതക്കവണ്ണം കാത്തുരക്ഷിച്ചോളുന്നുണ്ട് ഈ അമ്മ. നെഞ്ച്നൊന്ത് വിളിച്ചപ്പോ.. ഞാനെത്തിയില്ലേ വണിഷങ്ങളേ(ഭക്തരായ മക്കളേ എന്നര്‍ത്ഥം).... ഇനിയും ഞാന്‍ കാത്തുരക്ഷിച്ചോളുന്നുണ്ട്. രക്ഷിക്കാം. ഗുണംവരണം.
മഞ്ഞക്കുറി പ്രസാദം നല്‍കി ഭക്തരെ അനുഗ്രഹിച്ചുവിടും. നടക്കാനൊക്കെ പ്രയാസമുള്ള മുത്തശ്ശിമാരോ, മുത്തശ്ശന്മാരോ മുന്നിലെത്തിയാല്‍ കൈ പിടിച്ച് തെയ്യം മിനിട്ടുകളോളം അനുഗ്രഹിക്കും, ഊന്നെല്ലാം പോയി ഊക്കുവടിയിമ്മേലായി അല്ലേ വനിഷങ്ങളേ... എന്നാലും എന്റെമ്മ കാത്തുരക്ഷിച്ചോളുമെന്ന് ഭജിക്കുന്നുണ്ടല്ലോ മനസില്. കണ്ണിലെ കൃഷ്ണമണിപോലെ, കുഞ്ഞിനെപ്പോലെ ഈ അമ്മ പരിരക്ഷിച്ചോളും. ഗുണംവരണേ, ഗുണംവരുത്തി രക്ഷിച്ചോളുന്നുണ്ട്.
തെയ്യത്തിന്റെ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ എല്ലാം മറന്ന് മുത്തശിമാര്‍ കരഞ്ഞുപോകും. മുത്തശ്ശിമാരുടെ മുത്തശ്ശിമാരുടെ കാലംതൊട്ട്, അവരുടെ ഓര്‍മ്മവെച്ചകാലം തൊട്ട് എല്ലാ വേദനകളും പറയുന്നത് ഈ തെയ്യങ്ങളോടാണ്. ഇത്രയും തലമുറയുടെ ദു:ഖങ്ങളും സന്തോഷങ്ങളും കാണുകയും ആണ്ടിലൊരിക്കല്‍ നേരിട്ടെത്തി സംവദിക്കുകയും ചെയ്യുന്ന തെയ്യക്കോലങ്ങളെ എത്രകണ്ടാലാണ് മതിവരിക.


ഓരോ ക്ഷേത്രത്തിലും ഓരോ പ്രധാനപ്പെട്ട തെയ്യമുണ്ട്. ഇവിടെ പ്രധാനപ്പെട്ട തെയ്യമായ കണ്ണങ്ങാട്ട് ഭഗവതി നാലാംനാള്‍ മാത്രമാണിറങ്ങുന്നത്. ആ തെയ്യത്തോടെയാണ് അക്കൊല്ലത്തെ ആ കാവിലെ തെയ്യക്കാലം അവസാനിക്കുന്നത്. തെയ്യത്തിന്റെ കാലത്ത് വിദേശത്തും ഇന്ത്യയില്‍ പലയിടത്തുമായി ജോലി ചെയ്യുന്നവരെല്ലാം നാട്ടിലെത്തും. അതാണ് പതിവ്. എന്നാലും വിദേശത്തുള്ള പലര്‍ക്കും ആ സമയത്ത് തെയ്യത്തിനെത്താന്‍ കഴിയില്ല. എങ്കിലും പ്രധാനപ്പെട്ട തെയ്യമായ കണ്ണങ്ങാട്ട് ഭഗവതി മുഖത്തെഴുത്തും ആടയാഭരണങ്ങളും അണിഞ്ഞ് ഇറങ്ങുമ്പോള്‍ തൊട്ട് വിദേശത്ത് നിന്ന് ഫോണ്‍കോളുകള്‍ വരും. അമ്മയുടെ അനുഗ്രഹം വാങ്ങാന്‍. ചടങ്ങുകളെല്ലാം കഴിഞ്ഞ് തെയ്യം ഫോണില്‍ വിദേശത്തുകാത്തുനില്‍ക്കുന്ന ഭക്തന് അനുഗ്രഹങ്ങള്‍ ചൊരിയും. കുടുംബം പോറ്റാന്‍ കടല്‍ കടന്ന് അക്കരെ കയറി, പൊരിവെയിലിലും കൊടുംതണുപ്പിലും കഷ്ടപ്പെടുകയാണല്ലേ വനിഷങ്ങളേ... അപ്പോഴും എന്റെമ്മ, എന്റെ നാട് എന്ന ചിന്തയുണ്ടല്ലോ അല്ലേ... കഥകളൊന്നും മറന്നിട്ടില്ല അമ്മയും. ഇക്കൊല്ലം അമ്മയെ കാണാന്‍ വരാന്‍പറ്റീല്ല. അടുത്തകൊല്ലമെങ്കിലും എന്റമ്മയെ കാണണമല്ലേ. പേമാരി വരുമ്പോ കുടയായും, ചൂടില്‍ തണുപ്പായും, തണപ്പിലൊരു ചൂടായും ഞാനെന്റെ ചിറകിനുള്ളില്‍ പെടുത്തി രക്ഷിച്ചോളാം. ഗുണംവരണേ. ഗുണംവരുത്തി രക്ഷിച്ചോളുന്നുണ്ട്.
അനുഗ്രഹം വാങ്ങാന്‍ ചിലപ്പോള്‍ ഒരാളായിരിക്കില്ല. ദുബായിയില്‍ നിന്ന് പ്രതീഷ്, മസ്കറ്റില്‍ നിന്ന് ബിജു, കുവൈത്തില്‍ നിന്ന് ശ്രീജിത്, ബഹ്റൈനില്‍ നിന്ന് ദാമോദരന്‍, പ്രശാന്ത്..... ഇങ്ങനെ നീളും. തെയ്യത്തിന്റെ അനുഗ്രഹം വാങ്ങുമ്പോള്‍ അങ്ങേതലയ്ക്കലില്‍ നില്‍ക്കുന്ന ഓരോരുത്തരും കണ്ണീര്‍തുടയ്ക്കുകയാവും എന്നതില്‍ സംശയമില്ല.

അവസാനത്തെ ചെണ്ടകൊട്ടലാേേടെ തെയ്യം മുടിയെടുക്കുന്നു. ഇനി ഒരുവര്‍ഷം നീണ്ട കാത്തിരിപ്പ്. ആകെയൊരു ഇരുട്ടുപോലെ. ചന്തകളൊഴിയുന്നു. ഉറക്കക്ഷീണത്തോടെ ആളുകളുമൊഴിയുന്നു. ചെണ്ടക്കാരും തെയ്യക്കാരും സാധനങ്ങളെല്ലാമെടുത്ത് ഇറങ്ങുന്നു. നിരത്തിക്കെട്ടിയ ട്യൂബ് ലൈറ്റുകളെല്ലാം നേരത്തേതന്നെ അഴിച്ചെടുത്തിരിക്കുന്നു. ഇടയിലെപ്പോഴോ ചെവിയില്‍ ചെണ്ടമേളത്തിന്റെ ശബ്ദം. പ്രതീക്ഷയോടെ വീണ്ടും കളിയാട്ടപ്പറമ്പിലെത്തുമ്പോഴേക്കും എല്ലാവരും ഒഴിഞ്ഞിരിക്കുന്നു. ഇരുട്ട് വ്യാപിക്കുന്നു. മേലേരിയില്‍ എല്ലാം കത്തിയമര്‍ന്നപോലെ ക്ഷേത്രം കരിപിടിച്ചപോലെ നിന്നു. ശരിയാണ് തെയ്യം കഴിഞ്ഞു. ഇനി അടുത്തവര്‍ഷത്തേക്കുള്ള കാത്തിരിപ്പ് മാത്രം. തെയ്യം കഴിഞ്ഞുള്ള അവധിദിവസങ്ങളില്‍ കുട്ടികള്‍ നാട്ടുവഴികളില്‍ തെയ്യംകെട്ടികളിച്ചു. ഓലയും പാളയും ചേര്‍ത്തുകെട്ടിയും പാട്ടകള്‍ ചെണ്ടകളാക്കി കൊട്ടിയും തെയ്യക്കാലം തീരുന്നതുവരെ നാട്ടുവഴികളിലെ കുട്ടികള്‍ തെയ്യം കെട്ടികളിച്ചു.

ഫോട്ടോയും എഴുത്തും: കെ. സജിമോന്‍

2 comments:

  1. സജിമോനേ
    നിന്റെ ഹൃദയത്തില്‍ തൊടുന്ന എഴുത്തിലൂടെ ഞാനും ഒരുപാട്‌ തെയ്യക്കോലങ്ങളെ കണ്ടു. ഒറ്റയിരിപ്പിനു വായിച്ചുതീര്‍ത്തു. വര്‍ഷങ്ങളായി നീ വിളിച്ചിട്ടും നിന്റെ നാട്ടിലെ തെയ്യക്കാഴ്‌ചകളിലേക്ക്‌ വരാത്ത ഞാന്‍ നിന്റെയീ കുറിപ്പുവായിച്ച്‌ തലതാഴ്‌ത്തുന്നു. ഗ്രാമീണജീവിതത്തെ അപ്പാടെ ഒപ്പിയെടുത്തുള്ള ഈ എഴുത്ത്‌ നന്നായെടാ....
    അഭിനന്ദനങ്ങള്‍

    ReplyDelete
  2. അനുഗ്രഹം വാങ്ങാന്‍ ചിലപ്പോള്‍ ഒരാളായിരിക്കില്ല. ദുബായിയില്‍ നിന്ന് പ്രതീഷ്, മസ്കറ്റില്‍ നിന്ന് ബിജു, കുവൈത്തില്‍ നിന്ന് ശ്രീജിത്, ബഹ്റൈനില്‍ നിന്ന് ദാമോദരന്‍, പ്രശാന്ത്..... ഇങ്ങനെ നീളും. തെയ്യത്തിന്റെ അനുഗ്രഹം വാങ്ങുമ്പോള്‍ അങ്ങേതലയ്ക്കലില്‍ നില്‍ക്കുന്ന ഓരോരുത്തരും കണ്ണീര്‍തുടയ്ക്കുകയാവും എന്നതില്‍ സംശയമില്ല.


    ജീവിതം മണക്കുന്നു........

    ReplyDelete