Sunday, May 29, 2011

ഓര്‍മ്മകളില്‍ മഴക്കാലം


വിങ്ങി വിങ്ങി ആകാശം മൊത്തത്തില്‍ ഇരുണ്ടു. നേര്‍ത്ത തണുപ്പ് തന്ത്രികളില്‍ മീട്ടി കാറ്റ് മൂളക്കം പാടി. ഉണങ്ങാനിട്ടവയെടുക്കാന്‍ അമ്മ മുറ്റത്തേക്കിറങ്ങി. ഒരു കൊള്ളിയാന്‍ കിഴക്കേ കുന്നിന്‍മുകളിലൂടെ പാഞ്ഞുപോയി. പേടിപ്പെടുത്തി ഇടി വെട്ടി. പിന്നെ താമസമുണ്ടായില്ല, വെള്ളം നിറച്ച സ്ഫടികകുടുക്കകള്‍ നിലത്തു വീണ് പൊട്ടും പോലെ, ഓട്ടിന്‍പുറത്തേക്ക് ശറപറാന്ന് മഴത്തുള്ളികള്‍ വീണു പൊട്ടി. പുതുമഴയുടെ തണുത്ത ഗന്ധം മൂക്കിലേക്ക് അരിച്ചുകയറി. "മ്ങൂൂൂംംംം...'' ആ മണത്തെ മൂക്കിലേക്ക് ആഞ്ഞുവലിച്ചപ്പോള്‍ ശരീരവും വിറകൊണ്ടു.
"തോര്‍ത്തും വീശി, ഇന്നലീം കൂടി മുത്തശ്ശന്‍ പറഞ്ഞതേയുള്ളു, എടവം പാതി കഴിഞ്ഞിട്ടും എന്താ മഴയ്ക്കൊരു താമസംന്ന്. മുത്തശ്ശന്റെ നാവ് പൊന്നാവട്ടെ, ദേ എത്തിയല്ലോ മഴ.''
ഒരു കൈയാല്‍ ഉണങ്ങിയതെടുത്ത് മറു കൈ കൊണ്ട് തലയും മറച്ച് അമ്മ വീട്ടിലേക്ക് ഓടിക്കയറി. "ഹോ! ആകെ നനഞ്ഞു''. ഓടുകള്‍ക്കിടയില്‍ ആകാശം കാണുന്ന വിടവിലൂടെ പതുക്കെ അകത്തേക്കും സ്ഫടികത്തുള്ളികള്‍ വീണു. ഓട്ടിറമ്പില്‍ നിന്നും മഴ വീണ് ചാണകം മെഴുകിയ മുറ്റത്ത് കുഴിയാനകള്‍ കുഴിച്ചപോലെ കുഴികളായി. മഴയത്തു നിന്ന് ഓടിക്കിതച്ചെത്തിയ തള്ളക്കോഴി മക്കളെ എണ്ണി നോക്കി മഴയിലേക്ക് നോക്കി ഒച്ചയുണ്ടാക്കി. മുറ്റത്ത് മഴ നനയുന്ന ചെമ്പരത്തിക്കരികില്‍ നിന്ന് അവസാന കോഴിക്കുഞ്ഞും വന്നതോടെ വരാന്തയിലെ തിണ്ണമേല്‍ കയറിനിന്ന് അവ മഴവെള്ളം ചുണ്ടാല്‍ ഊര്‍ന്നുകളഞ്ഞു. പറമ്പില്‍ മേയാന്‍ വിട്ട സുന്ദരിപ്പശു വീടിന്റെ മുന്നില്‍ ഓടിക്കിതച്ചെത്തി, ഞാനെവിടെ നില്‍ക്കുമെന്ന് ചോദിച്ചുനിന്നു. അമ്മ തലയില്‍ തോര്‍ത്തുമിട്ട് മഴയിലേക്കിറങ്ങി സുന്ദരിയെ വടക്കേ ഭാഗത്തെ തൊഴുത്തില്‍ കെട്ടിയിട്ടു. ഒന്നു വിറച്ച് മഴവെള്ളം കളഞ്ഞ് അമ്മയെ നോക്കി അതൊന്നുമൂളി, "ഇച്ചിരി പുല്ലുംകൂടി'' എന്ന മട്ടില്‍.
സ്കൂള്‍ വിട്ട് കുട്ടികള്‍ മുന്നിലെ റോഡിലൂടെ പോകുമ്പോഴാണ് സമയം നാലു കഴിഞ്ഞെന്ന് മനസ്സിലായത്. അവരങ്ങനെ മഴവെള്ളം തെറിപ്പിച്ചും കുട കറക്കിയും ചില വികൃതിപ്പയ്യന്മാര്‍ മഴയത്ത് നനഞ്ഞും ഓടിപ്പോവുകയായിരുന്നു. സ്കൂളില്‍ നിന്നും ശാസ്ത്ര ക്ളാസില്‍ ടീച്ചറുടെ ചോദ്യം മനസ്സില്‍ തികട്ടിവന്നു, മഴയുണ്ടാകുന്നതെങ്ങനെ? "ഈ കടലീന്ന് വെള്ളമിങ്ങനെ പളുക്കൂപളുക്കൂന്ന് മോളിലോട്ട് കേറി, അവിടെ നിന്ന് ഒരു ച്യായയൊക്കെ കുടിച്ച് മേഘമായി ചറചറേന്ന് ഇങ്ങനെ പെയ്യുന്നു'' എന്ന് ടിന്റുമോന്‍ സ്റ്റൈലില്‍ പറഞ്ഞ് ചിരിച്ച് വെറുതെ മഴയെ നോക്കി. പല തുള്ളി പെരുവെള്ളം എന്നതിന് ഉപന്യാസമെഴുതാന്‍ ടീച്ചര്‍ ആവശ്യപ്പെട്ടപ്പോള്‍ കൂടെയുണ്ടായിരുന്ന രഞ്ജിത്ത് എഴുതിയതും മഴയില്‍ നോക്കി ഓര്‍ത്തു. ‘പല തുള്ളി, പല പല തുള്ളി, തുള്ളി, തുള്ളിത്തുള്ളി....' തുള്ളികള്‍ നിറഞ്ഞ പേജിന്റെ അവസാനം ‘ഈ തുള്ളികളൊക്കെ കൂടിച്ചേര്‍ന്നാണ്  പെരുവെള്ളമാകുന്നത്' എന്ന് രഞ്ജിത്തിന്റെ ഉത്തരം. ആ ഉത്തരക്കടലാസ് ക്ളാസില്‍ കാട്ടിയപ്പോള്‍ പെരുമഴയുടെ ചിരിയ്ക്ക് രഞ്ജിത്ത് തന്നെ തുടക്കമിട്ടു. ഓര്‍മ്മകള്‍ക്ക് മഴയുടെ നൈര്‍മ്മല്യം.
റോഡിനപ്പുറത്ത്, പുഴയോരത്തെ പറമ്പില്‍ വാഴയെ മഴയ്ക്കൊരുക്കി അച്ഛനും മഴ നനഞ്ഞെത്തി.
"ആ തല തോര്‍ത്ത്, പുതുമഴയാ, പനി പിടിക്കേണ്ട''
"ഏതായാലും നനഞ്ഞു, നീയാ സോപ്പിങ്ങെട്, കുളിച്ചേക്കാം.''
പുഴ കുത്തിയൊലിക്കാന്‍ തുടങ്ങിയ വണ്ണാത്തിപ്പുഴയില്‍ കുളിച്ച് കണ്ണു കലങ്ങി, മഴയില്‍ നനഞ്ഞ് അനിയന്‍ മുറ്റത്തേക്ക് കയറിയപ്പോള്‍ അമ്മ കണ്ണുരുട്ടി. തലതോര്‍ത്തി മുടിയ്ക്കൊപ്പം കെട്ടിയ തോര്‍ത്തെടുത്ത് അമ്മ അവന്റെ തല തോര്‍ത്തുമ്പോള്‍ അവനിങ്ങനെ വിറയ്ക്കുകയായിരുന്നു. വരാന്തയില്‍ കത്തിച്ചുവെച്ച നിലവിളക്കിന്റെ പ്രകാശത്തില്‍ കാണാം, മുറ്റത്തെ ഓളത്തില്‍ അപ്പോഴും മഴ പെയ്യുന്നത്. "ഒന്നിറങ്ങിയാലോ?''. ഉദ്ദേശം മനസിലാക്കിയ അമ്മ താക്കീത് ചെയ്തു, "മഴ തൊടങ്ങിയാ വല്ല പാമ്പോ, പഴുതാരയോ ഇറങ്ങും, വരാന്തയില്‍ ഇരിക്കാണ്ട് ഇങ്ങ് അകത്തേക്ക് കയറിയിരിക്കാന്‍ പാടില്ലേ നിനക്ക്?''
തട്ടിന്‍ പുറത്തെ ജനാലയ്ക്കരികിലിരുന്നാല്‍, കൊള്ളിയാനടിക്കുമ്പോള്‍ പറമ്പിലെ തെങ്ങും കവുങ്ങും ആടി ഉല്ലസിക്കുന്ന കാഴ്ചകള്‍ കാണാം. "മഴപ്പാറ്റകളെക്കൊണ്ടു തോറ്റു. പുറത്തെ ലൈറ്റ് മാത്രം ഇട്ടാ മതി. ഇല്ലേല് അതു മുഴുവന്‍ അകത്തോട്ട് കേറും'', അമ്മയുടെ പായ്യാരം. തുടര്‍ച്ചയെന്നോണം നേര്‍ത്ത മഴകള്‍ക്കിടയിലൂടെ തൊട്ടടുത്ത പറമ്പിലെ വീട്ടില്‍ നിന്ന് അവിടുത്തെ അമ്മയുടെ ശബ്ദം കേള്‍ക്കാം. "മഴാന്നു പറയുമ്പോഴേക്കും പെരുമഴ തന്നെ. വെറക് ഒരുക്കീട്ടില്ല, പിന്നാമ്പുറത്തെ ചായ്പിന് ഓല മേഞ്ഞിട്ടില്ല. അല്ല മഴയെ കുറ്റം പറഞ്ഞിട്ടും കാര്യല്ല. ഇടവപ്പാതിയോട് ഇപ്പം പെയ്യണ്ടാന്നു പറയാന്‍ പറ്റ്വോ. ഞാനിങ്ങനെ നാഴികയ്ക്ക് നാല്‍പതോട്ടം പറയാന്നല്ലാണ്ട് ഇവിടെയുള്ളവര് ഇതുവല്ലതും കേള്‍ക്കുന്നുണ്ടോ..''
മഴയെപ്പോലെ അവരും കരഞ്ഞ് ആശ്വസിക്കുന്നുണ്ടാവണം, "കിണറ് വറ്റി ബക്കറ്റ് മുങ്ങാതായി. മഴയെങ്ങാനും വൈകിയാ.... ഞാന്‍ വെള്ളോം കെട്ടേണ്ടിവരൂല്ലോ. അതേതായാലും വേണ്ടി വന്നില്ല.''
ഉറക്കത്തിലും മഴ നൃത്തം ചവിട്ടുകയായിരുന്നു. ഓര്‍മ്മകളില്‍ വണ്ണാത്തിപ്പുഴയുടെ തീരത്ത് കുടയും പിടിച്ച് പുഴയുടെ തീരത്ത് കോലു കുത്തി കാത്തിരിക്കും, മലവെള്ളം കയറുന്നുണ്ടോയെന്ന് നോക്കാന്‍, കലക്കവെള്ളത്തില്‍ നീണ്ട ചൂണ്ടയില്‍ മണ്ണിര കോര്‍ത്ത് മീന്‍ പിടിക്കും. അതെല്ലാം കഴിഞ്ഞ് മലവെള്ളത്തില്‍ നീന്തും. മുങ്ങാംകുഴിയിട്ട് നിവരുമ്പോഴേക്കും മഴയത്ത് നനഞ്ഞ് അമ്മ. കയറി വാ, നിനക്ക് ഞാന്‍ വച്ചിട്ടുണ്ടെന്ന് മഴ ഊര്‍ന്നിറങ്ങുന്ന വടിത്തലപ്പുകള്‍ പറയും. പണ്ടെങ്ങാണ്ട്, ഈ പുഴയില്‍ മുങ്ങിപ്പോയ കുട്ടിയുടെ ഓര്‍മ്മയില്‍ അമ്മ കലിതുള്ളിവന്നതാണ്.
നോവിക്കുന്ന ഓര്‍മ്മകള്‍ ഈ പെരുമഴക്കാലം സമ്മാനിച്ചിട്ടുണ്ടെങ്കിലും, ഒന്ന് തൊട്ടു പിന്നെ വാരിപ്പുണര്‍ന്ന് മഴയെത്തുമ്പോള്‍ നമ്മളെല്ലാം മറക്കും. കുട്ടിക്കാലത്ത് കുസൃതിയിലേക്കുള്ള ക്ഷണമായി ജനല്‍പാളികളില്‍ തട്ടി മഴ വിളിക്കുമ്പോള്‍, "വേണ്ട, അമ്മ വഴക്കു പറയും'' എന്നു പറഞ്ഞ് വാതില്‍ തട്ടി അടക്കാന്‍ ശ്രമിച്ചിട്ടും തുളുമ്പിപ്പോകുന്ന സ്നേഹത്തിന്റെ മിന്നല്‍പ്രഭയായി മിന്നിച്ചിരിക്കാനും നിനയ്ക്കാത്ത നേരത്ത് വാത്സല്യമായി അണച്ചുപിടിക്കാനും മഴയെത്തുന്നു. മഴയങ്ങനെ കുത്തിയൊലിച്ച് ഓര്‍മ്മകളിലേക്കിറങ്ങുന്നു. ഇപ്പോഴും മഴ തിമിര്‍ത്തു പെയ്യുകയാണ്.