Wednesday, November 30, 2011

‘എത്രയും പ്രിയപ്പെട്ട........'"എന്റെ എത്രയും സ്നേഹം നെറഞ്ഞ മൈമൂന വായിക്കാന്‍,
മുത്തിന്റെ സുബൈറിക്ക എഴുതുന്നത്. അല്ലാഹുവിന്റെ കാരുണ്യം കൊണ്ട് നിനിക്കും മക്കക്കും ഉമ്മക്കും ബാപ്പക്കും എല്ലാവര്‍ക്കും സുഖം തന്നെയെന്നു കരുതുന്നു. എനിക്കിവിടെ വല്യ പ്രശ്നമില്ല. നീ അയച്ച കത്ത് ഇന്നലെയാണ് കിട്ടിയത്. കത്ത് വായിച്ച് ഞാന്‍ കൊറേ കരഞ്ഞു. എനക്ക് നിന്നീം മക്കളീം എല്ലാരെയും കാണണം എന്ന് തോന്നി. പടച്ചോന്‍ സഹായിച്ച് വേറൊന്നും പറ്റീല്ലെങ്കില് ഒരു കൊല്ലം കൂടി കഴിയുമ്പോള്‍ ഞാന്‍ നാട്ടിലെത്തും. ഇന്‍ശാ അള്ളാ. .....
എന്ന് സ്നേഹത്തോടെ
സുബൈര്‍''
പുറത്ത്, സൈക്കിളിന്റെ ബെല്ലടി കേട്ടപ്പോഴേ മൈമൂന ഇത്രയും മനസില്‍ വായിച്ചിട്ടുണ്ടാവും. "ഒരു കത്ത്ണ്ട്'' ബെല്ലടിക്കു പിന്നാലെ പോസ്റുമാന്‍ ചന്ദ്രേട്ടന്റെ കമന്റുമെത്തി. "ഇതിപ്പോ, വൈകിയല്ലോ, മാസത്തില്‍ മൂന്നു നാലെണം വരാറുള്ളതല്ലെ?''
"പോസ്റ്മാശേ, ഒന്നു നിക്ക്.'' മൈമൂനയുടെ ഉമ്മ പാത്തുമ്മ ഓല മെടയുന്നതിനിടയില്‍, "മൈമൂ, ആ സാധനിങ്ങെട്''. പോസ്റുമാന്‍ ചന്ദ്രന്‍ സൈക്കിളും പിടിച്ച് നിന്നു. മൈമൂന സാധനവുമായെത്തി. "ഒരു പേനയാന്ന്, മാഷ്ക്ക് കൊടുക്കണംന്ന് പറഞ്ഞ് സുബൈറ് ജബ്ബാറിന്റെ കയ്യില് കൊടുത്ത് വിട്ടേതാണ്.'' പേനയും വാങ്ങി ചന്ദ്രന്‍ യാത്രയായി. കത്തുമായി മൈമൂന അകത്തേക്കും. മുറിയുടെ ഇരുളിലേക്ക് കയറി കത്ത് കണ്ണീര്‍ തുളുമ്പുന്ന കണ്ണോടു ചേര്‍ത്തു പിടിച്ച്, വായിച്ചെടുത്തു, "കരളേ....'' തൊണ്ടയില്‍ എന്തോ കനക്കുന്നു, കണ്ണുകള്‍ കിനിയുന്നു. അങ്ങ് അറേബ്യയിലെ മണലാരണ്യത്തിലെ വെയിലില്‍ ഒരു കൊച്ചുമുറിയില്‍ നിന്നും സുബൈറിന്റെ കണ്ണുകളിലും ഇതേ ഈറനായിരുന്നു. കത്തിലെ കുത്തിവരച്ചിട്ട വാക്കുകള്‍ക്കൊപ്പമുള്ള കണ്ണീരും പുഞ്ചിരിയും വികാരങ്ങളുമെല്ലാം വീണ്ടും വീണ്ടും വായിച്ചു.
പത്തു കിലോമീറ്റര്‍ അകലെ കുഞ്ഞപ്പേട്ടന്റെ ബേക്കറി കടയിലെ ഫോണിലേക്ക് വിളിക്കാമെന്ന് എഴുത്തുവരും. ആ ദിവസം രാവിലെ പോയി ബേക്കറിയുടെ അരികില്‍ ബെല്ലടിക്കുന്നതും കാത്ത് നില്‍ക്കും. ഓരോ ബെല്ലടിക്കുമ്പോഴും അത് എനിക്കായിരിക്കും എന്നു വിചാരിച്ച് നോക്കിക്കൊണ്ടേയിരുന്നു. അവസാനം സുബൈര്‍ക്ക വിളിച്ചു. പക്ഷെ, ആ ശബ്ദം കേട്ടപ്പോ ഒന്നും പറയാന്‍ തോന്നിയില്ല, കരച്ചിലിലും മുക്കലിലും മൂളലിലും ഒതുക്കി. ഇറങ്ങിയപ്പോഴാണ് തോന്നിയത്, എന്തൊക്കെയോ പറയാനുണ്ടായിരുന്നു. എല്ലാം കത്തില്‍ കുറിക്കാം.
ഒരു എഴുത്ത് വരിക. ഈ ഭൂമിയില്‍ സ്വന്തമായി ഒരു മേല്‍വിലാസമുണ്ടാകുമ്പോഴുള്ള ഫീലിംഗ് പറഞ്ഞറിയിക്കാന്‍ പറ്റില്ല. ഇപ്പോഴത്തെ രീതിയില്‍ പറഞ്ഞാല്‍ ഞാനും ഫെയ്സ്ബുക്കില്‍ കയറി എന്നു പറയുന്നതിനേക്കാളും വലിയൊരു ഫീലിംഗായിരുന്നു അത്. ആരും അയക്കാനില്ലെന്ന് അറിഞ്ഞിട്ടും പോസ്റുമാനെ കാണുമ്പോള്‍, ആ ബാഗിലേക്ക് കണ്ണെറിഞ്ഞ് ചോദിക്കും, "നമുക്ക് വല്ലതും ഉണ്ടോ?''. എങ്ങാനും വീട്ടിലാരുടെയെങ്കിലും പേരില്‍ ബാങ്കില്‍ നിന്നുള്ള ഒരു കത്ത് തന്നാലോ പറയാനും വേണ്ട. ചെളി പറ്റിക്കാതെ, നെഞ്ചോട് ചേര്‍ത്തുവച്ച് വീട്ടിലേക്കോടുന്ന ബാല്യം. കൌമാരത്തിലെത്തിയപ്പോള്‍, തന്റെ കാമുകി അയച്ച കത്തുമായി തെങ്ങിന്‍തോപ്പിലും വീടിന്റെ കോലായിലും ഇരുന്ന് ആരും കാണാതെ നൂറുവട്ടം വായിക്കും. എന്റെ പ്രിയപ്പെട്ട.... എന്ന വാക്കുതന്നെ എത്രതവണ വായിച്ചാലും മതിവരില്ല.
കത്തെത്തിച്ചു തരുന്ന പോസ്റ്മാന്റെ ജീവിതം കൊതിച്ചുപോയിട്ടുണ്ട്. ഒരായിരം വികാരങ്ങള്‍ കൈയിലെ ബാഗില്‍ തിരുകിയോടുന്ന അഞ്ചലോട്ടക്കാരന്‍. മണി എക്സ്ചേഞ്ചൊക്കെ വരുന്നതിനു മുമ്പ് പണത്തിന്റെ വിനിമയക്കാരനും സ്നേഹവികാരങ്ങളുടെ എക്സ്ചേഞ്ചുകാരനും എല്ലാം പോസ്റുമാനായിരുന്നു.
കാലം മാറി, പോസ്റുമാനെ കാത്തിരിക്കുന്നത് കര്‍ഷകതൊഴിലാളി, ക്ഷേമ പെന്‍ഷന്‍കാര്‍ മാത്രം. കത്തെത്തിയില്ലെങ്കിലും ആര്‍ക്കും വേദനയില്ല. "ഓ അത് ആ ബാങ്കില്‍ നിന്നെങ്ങാനുമാകും.'' എന്ന് ഒരു വാക്കുണ്ടാകും. പ്രകാശവേഗങ്ങളില്‍ സ്ക്രാപ്പുകളും മെയിലുകളും എത്തുമ്പോള്‍ ജസ്റ് നോക്കി ഡിലിറ്റ് ചെയ്യുമ്പോള്‍, എന്ത് നൊമ്പരം, എന്ത് കാത്തിരിപ്പ്, എന്ത് കണ്ണീര്, എന്ത് സന്തോഷം!. എങ്കിലും ഡിലിറ്റ് ചെയ്യാന്‍ പറ്റുമോ "എന്റെ പ്രിയപ്പെട്ട.....'' എന്ന കത്തുകളില്‍ മാത്രം കാണുന്ന ആ വാക്കുകളെ, ആ ഓര്‍മ്മകളെ.
"അവിടെ എല്ലാവര്‍ക്കും സുഖമെന്നു കരുതുന്നു. ഇവിടെയെല്ലാവര്‍ക്കും സുഖം തന്നെ.''

No comments:

Post a Comment