Wednesday, November 30, 2011

ഒടുവില്‍ ഞാനൊറ്റയാകുന്നു


സീന്‍ ഒന്നേയുള്ളൂവെങ്കിലും ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍ എന്ന നടന്‍ ആ സിനിമയില്‍ നിറഞ്ഞുനിന്നുവെന്ന് തോന്നും. അതാണ് ഒരു നടന് കിട്ടാവുന്ന ഏറ്റവും വലിയ അവാര്‍ഡ്. ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍ ഇല്ലാതായ അഞ്ചുവര്‍ഷം, അദ്ദേഹത്തിന്റെ സ്മരണകള്‍ ഭാര്യ പത്മജ പങ്കുവയ്ക്കുന്നു.

"പപ്പായേ...''
"ന്തോ, ഉണ്ണിയേട്ടന്‍ വിളിച്ചോ..?''
"മക്കള് രണ്ടുപേരും പോയോ?''
"ഊം''
"ഇന്ന് വിടേണ്ടിയിരുന്നില്ല, രണ്ടീസം കഴിഞ്ഞിട്ട് പോയാമതീര്ന്നൂല്ലോ?''
"വിടാണ്ടെങ്ങനാ? അവര്‍ക്കും കുടുംബൂം കുട്ട്യോളും ഉള്ളതല്ലേ..''
ഒരു നിശ്വാസത്തോടെ ഊം എന്നൊന്നു മൂളും. എന്നിട്ട് തിരിഞ്ഞും മറിഞ്ഞും കിടക്കും. മക്കള് പോയി എന്നറിഞ്ഞാപ്പിന്നെ നേരത്തെ പോയില്ലേ, ഇരുളുന്നതിനു മുമ്പ് വീട്ടിലെത്തിക്കാണില്ലേ എന്നൊക്കെയായിരിക്കും ആധി.
"ഉണ്ണിയേട്ടനങ്ങനാ.'' ഒടുവില്‍ ഉണ്ണിക്കൃഷ്ണന്റെ ഭാര്യ പത്മജ അദ്ദേഹത്തിന്റെ ഓര്‍മ്മകളിലേക്ക് പോയി. പത്മജയെ പപ്പായേ എന്നാണ് ഒടുവില്‍ വിളിക്കുന്നത്. "മക്കള് വരുന്നൂന്ന് കേട്ടാപ്പിന്നെ ഒരു വെപ്രാളാ. അടുക്കളയില്‍ കയറുന്നു, പാചകം ചെയ്യുന്നു. വരുന്ന ബസ് കാത്ത് നില്‍പ്പായി. ബസ്സ്റ്റോപ്പില്‍ നിന്ന് അവരുടെ ബാഗും തൂക്കി വീട്ടിലെത്തിക്കുന്നതുവരെ ഒരു സമാധാനമില്ലായ്മ. വന്നു കയറിയാപ്പിന്നെ, പേരക്കുട്ടികളില്‍ കുട്ടൂസിനോടാകും കളി. അവനെ കാര്‍ക്കോടകനെന്നാ വിളിക്കുക. ആണ്‍കുട്ടികളോട് വലിയ ഇഷ്ടായിരുന്നു.''
സിനിമകളിലെ തിരക്കെല്ലാം മാറ്റിവച്ചാല്‍ ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍ ഒരു സാധാരണ ഗ്രാമീണനാകും. പച്ചക്കറിത്തോട്ടം, മക്കള്, കുടുംബം, കൂട്ടുകാര്‍... അങ്ങനെ കുടുംബനാഥന്റെ ലഹരിയില്‍ വീട്ടില്‍ സിസര്‍ ഫില്‍ട്ടറും വലിച്ച്, "എനിക്ക് ഞാനല്ലാതാകാന്‍ പറ്റ്വോ?'' എന്ന മട്ടില്‍ ഇരിപ്പ്.
വീട്ടില്‍ വന്നെത്തിയാല്‍, ടെറസ്സിലെയും തൊടിയിലെയും വെണ്ടത്തൈയ്ക്ക് വെള്ളമൊഴിച്ചില്ലേ, ചീരയാകെ വാടിയല്ലോ, ഇതിനൊന്നും വെള്ളമൊഴിച്ചില്ലേ എന്ന് ഒരു ചെറുപുഞ്ചിരി എന്ന സിനിമയിലെ കുടുംബനാഥനെപ്പോലെ ഒരന്വേഷണം.
"രാവിലെ എണീറ്റാല്‍ 5.30ന് വിളക്കുവെയ്ക്കണം എന്നത് നിര്‍ബന്ധാണ്.പച്ചക്കറി നട്ടുവളര്‍ത്തലു തന്നെയാ പ്രധാനപണി. വീട്ടില്‍ നിന്നെങ്ങും പോകില്ല. റോഡ് മുറിച്ച് അമ്പലത്തിലേക്ക് പോകാന്‍ പോലും മക്കളെയോ എന്നെയോ സമ്മതിക്കില്ല. ശ്രദ്ധിക്കണംട്ടോ എന്ന് എപ്പോഴും പറയും.
വിരുന്നുകാരോ മക്കളോ എത്തുന്നുണ്ടെന്നറിഞ്ഞാല്‍ അടുക്കളയില്‍ കയറി പാചകം തുടങ്ങും. ഇറച്ചിക്കറി ഉണ്ടാക്കിയാല്‍ ഒരു പ്രത്യേക ടേസ്റാ. മത്തിക്കറിയും മത്തിത്തലയുമായിരുന്നു ഇഷ്ടവിഭവം. അത് സ്വയമുണ്ടാക്കി തിന്നുന്നതില്‍ മാത്രമല്ല, അത് മറ്റുള്ളവരെക്കൊണ്ട് കഴിപ്പിക്കാനും മിടുക്കാണ്. മത്തി കഴിച്ചാ, പപ്പായേ എല്ലാ അസുഖൂം മാറൂംന്ന് പറയും. ചെലപ്പോ തമാശയ്ക്ക് പറയും, ഇനി ഞാന്‍ മരിച്ചാ ബലിയിടുമ്പോ ഒണക്കോ, മത്തിത്തലയോ വെക്കണംട്ടോ, ഇല്ലേല് ഞാനെടുക്കൂല്ലാന്ന്. എന്നിട്ട് ഒരു ചിരിയാ.
ഇതെന്നാരുന്നു വര്‍ത്താനം. ഞാന്‍ മരിച്ച് പ്രേതായി വരും. എന്നിട്ട് ജനാലയിലൂടെ വന്ന് എല്ലാരെയും പേടിപ്പിക്കുംന്നൊക്കെ പറയും. ഞങ്ങള്‍ക്കാണ് പേടിയെന്നു പറയുമെങ്കിലും സന്ധ്യ തെറ്റിയാല്‍ പിന്നെ പുറത്തേക്ക് വിടില്ല. അഥവാ പുറത്തുപോയാപ്പിന്നെ ഇരിക്കപ്പൊറുതിയുണ്ടാവില്ല, ഞാന്‍ പോണ്ടാ, പോണ്ടാന്ന് പറഞ്ഞതാ. ഈ സന്ധ്യയ്ക്ക് തന്നെ പോണോ, നേരത്തേയങ്ങ് പൊയ്ക്കൂടെ എന്നൊക്കെ പറഞ്ഞോണ്ടിരിക്കും. അവിടെ എത്തി എന്ന് കേട്ടാലേ ഒരു സമാധാനംണ്ടാവൂ.
രാത്രി ഫോണ്‍വിളിയാ പ്രധാനം. അടൂരിനെയും സത്യന്‍ അന്തിക്കാടിനെയും ഒക്കെ വിളിക്കും. ചിലപ്പോ രാത്രി രണ്ടുമണിവരെയൊക്കെ നീളും സംസാരം. ഞങ്ങളോട് പറയും കെടന്നോളാന്‍. അഞ്ചാറുദിവസം വീട്ടിലുണ്ട്ന്നാണേല്, പിന്നെ പറയേണ്ട. അപ്പോഴേക്കും കൂട്ടുകാരും വരും. കലാമണ്ഡലം ഹൈദരാലിയായിരുന്നു പ്രധാനകൂട്ട്. ജഡ്ജി ചന്ദ്രദാസന്‍ സാറും വരും. പിന്നെ തബലയെടുപ്പായി, ഹാര്‍മോണിയം വായനയായി, പാട്ടായി.. അങ്ങനെ അഞ്ചാറുദിവസംണ്ടാവും പാട്ടും കൂട്ടും. അങ്ങനെ ഇരുന്ന് കമ്പോസ് ചെയ്തിറക്കിയ കാസറ്റുകളാണ് പൂങ്കാവനം, ദശപുഷ്പം, പരശുരാം എക്സ്പ്രസ്, വ്രതമാല തുടങ്ങിയ കാസറ്റുകള്‍.
തബല പഠിക്കാന്‍ പോയ കഥ
എസ്. എസ്. എല്‍.സി കഴിഞ്ഞ് മൂത്ത ചേട്ടന്‍ ട്യൂഷന് വിട്ടു. കുറേദിവസം കഴിഞ്ഞ് ചേട്ടന്‍ അന്വേഷിച്ചപ്പോഴാണ് അറിയുന്നത്, ട്യൂഷനല്ല, അനിയന്‍ തബല പഠിക്കാനാണ് പോകുന്നതെന്ന്. തബല എന്നാല്‍ ജീവനാ. എപ്പോഴും ഉമ്മറത്തിരിക്കുമ്പോള്‍ പാട്ടുകളിങ്ങനെ മൂളിക്കൊണ്ടിരിക്കും. പിന്നെ കൂട്ടുകാരെത്തിയാപ്പിന്നെ തബലയ്ക്ക് ഒരു വിശ്രമവുമുണ്ടാവില്ല.
സിനിമാഭ്രാന്ത് കയറി എം.ജി. ആറിനെ കാണാന്‍
അഞ്ച് ആണും രണ്ടു പെണ്ണുമായി ഏഴുമക്കളില്‍ ഒടുവിലാന്‍ തന്നെയായിരുന്നു ഉണ്ണിയേട്ടന്‍. വടക്കാഞ്ചേരിയായിരുന്നു തറവാട്. ചേച്ചി, ദേവകിയമ്മ എന്നാല്‍ ജീവനായിരുന്നു ഉണ്ണിയേട്ടന്. അവരുടെ കല്യാണം കഴിഞ്ഞിട്ടില്ല. ഒരിക്കല്‍ സിനിമാഭിനയം മൂത്ത്, എം.ജി. ആറിനെ കാണാന്‍ പോയി. ദേവകിയമ്മയുടെ സ്വര്‍ണ്ണം പണയംവെച്ചായിരുന്നു മദ്രാസിലേക്ക് പോയത്. അവിടെപ്പോയി പോലീസിന്റെ തല്ല് കൊണ്ടത് മിച്ചം. അന്ന് സിനിമാക്കാരനായില്ല. ദേവകിയമ്മയ്ക്ക് പണ്ടം പോയതില്‍ പരിഭവവുമില്ല. ദേവകിയമ്മയ്ക്ക് തിരിച്ചിങ്ങോട്ടും അത്രയ്ക്കും സ്നേഹായിരുന്നു. കല്യാണസമയത്ത് എന്നോട് ഒറ്റകാര്യമേ പറഞ്ഞിട്ടുള്ളൂ, എന്റെ ചേച്ചിയെ പൊന്നുപോലെ നോക്കണം. അതിനാ ഞാന്‍ കല്യാണം കഴിക്കണതെന്ന്. ചേച്ചിയ്ക്ക് അരി അരച്ചുകൊടുത്തും കറിയ്ക്ക് മുറിച്ചുകൊടുത്തുമാണ് കൃഷിപ്പണിയും പാചകവും വശത്താക്കിയതെന്ന് എപ്പോഴും പറയും. ദേവകിയമ്മ മരിക്കുമ്പോള്‍, ഉണ്ണിയേട്ടന്‍ വയ്യാതെ കിടപ്പിലായിരുന്നു. ഇതുംകൂടി കേട്ടപ്പോള്‍ പിന്നെ ബോധില്ലാണ്ടായി. ബി.പി. കൂടി. ആശുപത്രിയില്‍ കിടക്കേണ്ടിവന്നു.
ഉണ്ണിയേട്ടന്റെ രോഗമെന്താന്ന് ആദ്യം പിടികിട്ടിയില്ല. ബി.പി. കൂടുതലായി നിയന്ത്രിക്കാന്‍ പറ്റാതായി. പിന്നീടാണ് അറിയുന്നത് കരള്‍രോഗമാണെന്ന്. ചിട്ടയോടെ മരുന്നുകള്‍ കഴിക്കുമെങ്കിലും അഭിനയം തലയില്‍കയറിയാപ്പിന്നെ, മരുന്നും ഒന്നും വേണ്ട. മുഖം വീര്‍ത്തു തുടങ്ങിയപ്പോഴും അഭിനയത്തില്‍ അത് ബാധിച്ചില്ല. അച്ചുവിന്റെ അമ്മ സിനിമ ചെയ്യുന്ന സമയത്തൊക്കെ വയ്യാണ്ട്തന്നെയായിരുന്നു. പിന്നെ ചന്ദ്രോത്സവം സിനിമ ചെയ്തു. ഷൂട്ടിംഗിനിടെ പനിയായി കുറച്ചുദിവസം ആശുപത്രിയില്‍ കിടക്കേണ്ടിവന്നു. ആശുപത്രിയില്‍ കിടക്കാനിഷ്ടമല്ല, ഞാന്‍ വീട്ടില്‍ കിടന്നോളാമെന്ന് പറയും. ചന്ദ്രോത്സവം പെട്ടന്ന് പൂര്‍ത്തീകരിച്ചു. അപ്പോഴേക്കും അടുത്ത പടം വന്നു, രസതന്ത്രം. അതിലും ഷൂട്ടിംഗ് മുടക്കാതിരിക്കാന്‍ ഉണ്ണിയേട്ടന്‍ പരമാവധി ശ്രദ്ധിച്ചു. അതുകഴിഞ്ഞതോടെ തീരെ വയ്യാണ്ടായി. ആശുപത്രിയില്‍തന്നെയായി. അതുവരെ ഐസ്ക്രീം എന്ന് കേട്ടാല്‍ ചീത്തയാ എന്നുപറഞ്ഞ് കുട്ട്യോള്‍ക്ക്വരെ വാങ്ങിക്കൊടുക്കില്ല. ആശുപത്രിയില്‍ കിടക്കുമ്പോള്‍ ഒറ്റവാശിയായിരുന്നു ഐസ്ക്രീം കഴിക്കണമെന്ന്. പിന്നെ വീട്ടില്‍ പോണംന്നും. സിനിമാക്കാരൊക്കെ വന്നാല്‍പ്പിന്നെ വല്യസന്തോഷായിരുന്നു. രണ്ടുമാസം തീരെ വയ്യാണ്ട് ആശുപത്രിയില്‍തന്നെ. എല്ലാത്തിനും ഒടുവില്‍ മെയ് 27ന് ഉണ്ണിയേട്ടന്‍ പോയി.''
ഒരു നിശബ്ദതായിരുന്നു.
"ഇപ്പോഴും രാത്രികളിലൊക്കെ വന്ന് പപ്പായേ എന്ന് വിളിക്കുംപോലൊരു തോന്നല്‍. ടി.വിയില്‍ സിനിമകള് വന്നാല് കാണുമ്പോള്‍ ഒരാശ്വാസം, എവിടെയോ ഉണ്ടെന്ന തോന്നല്‍. അത് മാറുമ്പോള്‍ എഴുന്നേറ്റ്പോകും. പിന്നെ രാത്രിയില്‍ മുഴുവന്‍ സ്വപ്നം പോലെ കാണും. പെണ്‍മക്കളെ രണ്ടുപേരെയും പാലക്കാടും തൃശൂരുമായി കല്യാണം കഴിപ്പിച്ചയച്ചതോടെ, ഉണ്ണിയേട്ടനും ഞാനും മാത്രമായിരുന്നു വീട്ടില്‍. പിന്നെ ഉണ്ണിയേട്ടനും പോയതോടെ ഒടുവില്‍ ഞാനൊറ്റയ്ക്കായി. ഇപ്പോള്‍ എന്റെ തറവാട്ടിലാണ് ഞാന്‍ താമസിക്കുന്നത്.''
"ഉണ്ണിയേട്ടന്‍ പോയതോടെ പലരും ഈ വീടുമായുള്ള ബന്ധം അവസാനിപ്പിച്ച പോലെയാണ്. എങ്കിലും സത്യന്‍ അന്തിക്കാടിനെപ്പോലെയുള്ള ഒന്നോ രണ്ടോ പേര്‍ വിളിക്കും. നാട്ടുകാര്‍ ഒടുവില്‍ ഫൌണ്ടേഷന്‍ രൂപീകരിച്ച് കുട്ടികള്‍ക്ക് നൃത്തവും മറ്റും പഠിപ്പിക്കുന്നുണ്ട്. എല്ലാവരിലും ഉണ്ണിയേട്ടന്റെ ഓര്‍മ്മകളുണ്ടെന്ന് കേള്‍ക്കുമ്പോള്‍ ഒരു സന്തോഷം. സൌഹൃദവും സ്നേഹവും മാത്രമാണ് ഉണ്ണിയേട്ടന്‍ കൊടുത്തതും ആഗ്രഹിച്ചതും. അത് കിട്ടുന്നുണ്ടല്ലോ. അത് തന്നെ ആശ്വാസം.'' പത്മജ പറഞ്ഞുനിര്‍ത്തി.
ഒരു ഗ്രാമീണന്‍ എന്നതാകും ഒടുവിലിന് ഏറ്റവും ഇണങ്ങുന്നത്. അതില്‍ ആത്മാര്‍ത്ഥതയുണ്ട്, സ്നേഹമുണ്ട്, കരുതലുണ്ട്, കൂടെയുണ്ട്.... വടക്കാഞ്ചേരിയില്‍ നിന്ന് കേരളശ്ശേരിയിലേക്ക് വീടുവച്ച് മാറിയതിനു പിന്നിലും ഗ്രാമീണതയിലേക്കുള്ള തിരിച്ചുപോക്കാണ് അദ്ദേഹം ഉദ്ദേശിച്ചത്. അഭിനയത്തിലും ആ ആത്മാര്‍ത്ഥതയും ഗ്രാമീണത്വവും അദ്ദേഹം സൂക്ഷിച്ചു. അദ്ദേഹത്തിന്റെ ഒരാഗ്രഹം നടക്കാതെപോയി. ഞെരളത്ത് രാമപ്പൊതുവാളായി വേഷമിടണമെന്നത് അത്രയും വലിയ ആഗ്രഹമായിരുന്നു. അസുഖക്കിടക്കയില്‍ കിടക്കുന്ന സമയത്ത് രാമപ്പൊതുവാളിനെക്കുറിച്ചുള്ള ടെലിഫിലിമില്‍ അഭിനയിക്കാന്‍ ക്ഷണമുണ്ടായിരുന്നു. പക്ഷെ മുഖത്തെ വീക്കം കുറയുന്നതും കാത്ത് നില്‍ക്കുകയായിരുന്നു. ഞെരളത്ത് രാമപ്പൊതുവാളാകാന്‍ ആരെക്കാളും ഏറ്റവും നല്ലത് ഒടുവില്‍ തന്നെയാണെന്ന് നമ്മള്‍ കണ്ടതാണ്. ദേവാസുരത്തില്‍ രണ്ടുസീനില്‍ പ്രത്യക്ഷപ്പെടുന്ന പറങ്ങോടന്‍. തുടികൊട്ടിപ്പാടുന്ന പറങ്ങോടന്‍. രണ്ടുസീനേ ഉള്ളൂവെങ്കിലും സിനിമ കണ്ടിറങ്ങിയാല്‍ ഏറ്റവും കൂടുതല്‍ ഓര്‍ക്കുന്ന സീനായി അത് മാറ്റി ഒടുവില്‍. മുഖത്തെ വീക്കം കുറഞ്ഞില്ല, അങ്ങനെ ആ ആഗ്രഹം മാത്രം നടക്കാതെ ഒടുവില്‍ യാത്രയാവുകയായിരുന്നു.
മനസ്സില്‍ ഉടുക്കുകൊട്ടി ഇപ്പോഴും അദ്ദേഹം പാടുന്നു;''പ്രേമസ്വരൂപനാം, സ്നേഹസതീര്‍ത്ഥ്യന്റെ
കാല്‍ക്കലെന്‍ കണ്ണീര്‍ പ്രണാമം...''  

 

1 comment:

  1. മനസ്സില്‍ ഉടുക്കുകൊട്ടി ഇപ്പോഴും അദ്ദേഹം പാടുന്നു;''പ്രേമസ്വരൂപനാം, സ്നേഹസതീര്‍ത്ഥ്യന്റെ
    കാല്‍ക്കലെന്‍ കണ്ണീര്‍ പ്രണാമം...''

    ReplyDelete