Monday, October 6, 2014

THE REAL POLICE STORY


ഓരോ നഗരവും ഒന്നോ അതില്‍ക്കൂടുതലോ ക്വട്ടേഷന്‍സംഘങ്ങളെ വളര്‍ത്തുന്നുണ്ടാവും. മറ്റെല്ലാ മേഖലയിലുമുള്ളതിനേക്കാള്‍ കൂടുതല്‍ കുടിപ്പകകള്‍ ക്വട്ടേഷന്‍ ടീമുകള്‍ തമ്മിലുണ്ടാവും. അങ്ങനെയൊരു കുടിപ്പകയും കൊലപാതകങ്ങളും നിറഞ്ഞ ഒരു കഥ. തിരുവനന്തപുരം നഗരത്തെ ഞെട്ടിച്ച കൊലപാതകം, അതുപോലെ അമ്പരപ്പിച്ച അന്വേഷണമികവും അതാണ് ഈ കഥയിലെ നായകന്മാര്‍. തിരുവനന്തപുരം തമ്പാനൂര്‍ സി.ഐ. ഷീന്‍ തറയിലും സംഘവും ഒരു കൊലപാതക കേസിന്റെ അന്വേഷണത്തിന്റെ ചുരുളുകളഴിക്കുന്നു.

ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍തന്നെ! ടിപ്പര്‍ ലോറി ഡ്രൈവര്‍ സജിയെ കരമന നെടുങ്കാട് സ്‌കൂളിനു സമീപത്തുവച്ചാണ് വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്. ചത്തത് സജിയാണെങ്കില്‍ കൊന്നത് അവന്‍തന്നെ, അമ്മയ്‌ക്കൊരുമകന്‍ സോജു.
യഥാര്‍ത്ഥ പേര് ചിറപ്പാലം ആറ്റുവരമ്പ് വീട്ടില്‍ അജിത്കുമാറെന്നാണെങ്കിലും വിളിപ്പേരുപോലെത്തന്നെ അമ്മയ്‌ക്കൊരുമകനായതിനാലാണ് അമ്മയ്‌ക്കൊരു മകന്‍ സോജു എന്നായത്. സജിയുടെ കൊലയ്ക്കുപിന്നില്‍ സോജുവാണെന്ന് എല്ലാവര്‍ക്കും അറിയാവുന്ന സത്യം. അതിനു പിന്നില്‍ ഒരു കാരണമുണ്ട്. സോജുവിന്റെ സഹോദരി ഭര്‍ത്താവ് മൊട്ടമൂട് ഷാജിയുടെ കൊലപാതകത്തിനു പിന്നില്‍ ചൂഴാറ്റുകോട്ട അമ്പിളിയുടെ നേതൃത്വത്തിലുള്ള ഗുണ്ടാപ്പടയാണെന്നത് നാട്ടില്‍പ്പാട്ടായിരുന്നു. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയുടെ കൊലപാതക പരമ്പരകളില്‍ കൈവിട്ടുകളിച്ചുതുടങ്ങിയത് അങ്ങനെയായിരുന്നു. ചൂഴാറ്റുകോട്ട അമ്പിളിയുടെ സംഘത്തിലെ പ്രധാനിയാണ് ടിപ്പര്‍ ലോറി ഡ്രൈവര്‍ സജി. പകരത്തിനു പകരം, സജിയുടെ കൊലപാതകം. കുടിപ്പക, നീണ്ടുപോകാവുന്ന കൊലപാതക പരമ്പരകള്‍ക്ക് തിരുവനന്തപുരം പട്ടണം സാക്ഷ്യം വഹിച്ചേക്കുമെന്ന് പോലീസ് ഉറപ്പാക്കിയ നാളുകള്‍.
പോലീസിനേക്കാളും ചാരപ്രവര്‍ത്തനവും സഹായവുമുണ്ട് ഓരോ സംഘത്തിനും ഓരോ നഗരത്തിലും. ഓരോ ഊടുവഴികളും ഗുണ്ടാസംഘങ്ങള്‍ക്ക് മന:പാഠമാണ്. പോലീസിന്റെ കണ്ണുവെട്ടിച്ച് എവിടെനിന്നും രക്ഷപ്പെടാനുള്ള തന്ത്രങ്ങളും കൈവശമുള്ളവര്‍. ഫോര്‍ട്ട് എ.സി. കെ.എസ്. സുരേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണസംഘം നഗരത്തിലാകെ വലവിരിച്ചു. തമ്പാനൂര്‍ സി.ഐ. ഷീന്‍ തറയിലിനായിരുന്നു അന്വേഷണച്ചുമതല.
ആധുനിക സാങ്കേതികവിദ്യകളെല്ലാം വിനിയോഗിച്ചാലും കണ്ടുപിടിക്കാനാകാത്ത നെറ്റ്‌വര്‍ക്കുള്ള ഗുണ്ടാസംഘത്തെ കുടുക്കാന്‍ തന്നെയാണ് പോലീസിന്റെ വല വീശല്‍. കഴിഞ്ഞ ഒക്‌ടോബര്‍ നാലിന് കൊലപാതകം നടന്ന് നാലാംപക്കം കൊലപാതകസംഘത്തിലെ ചെണ്ടമനു എന്നു വിളിക്കുന്ന മനു രക്ഷപ്പെടാന്‍ ശ്രമിക്കുന്നുണ്ടെന്ന് അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞു.
തിരുവനന്തപുരം എയര്‍പോര്‍ട്ട്. ഷീന്‍ തറയിലും സംഘവും മഫ്തിയില്‍ എയര്‍പോര്‍ട്ടിലെത്തി. ആര്‍ക്കും സംശയം തോന്നാതിരിക്കാന്‍ വിമാനയാത്രയ്‌ക്കെന്ന മട്ടിലായിരുന്നു വരവ്. ചെണ്ടമനു സ്ഥലംവിടാന്‍ ഉദ്ദേശിക്കുന്ന വിമാനം പറന്നുയരാന്‍ മണിക്കൂറുകള്‍മാത്രമേ ബാക്കിയുള്ളു. എയര്‍പോര്‍ട്ടില്‍ ഒരു കാര്‍ എത്തി. ചെണ്ടമനു പുറത്തേക്കിറങ്ങി. അപ്പോഴേക്കും പോലീസ് സംഘം കാറിനെ വളഞ്ഞിരുന്നു. ആളെ തിരിച്ചറിയാനുള്ള നിമിഷങ്ങള്‍ മാത്രം. ചെണ്ടമനുവുമായി സി.ഐയും സംഘവും സ്റ്റേഷനിലേക്ക്.
ചെണ്ടമനു, സോജുവിന്റെ സംഘത്തിലെ ഒരാള്‍മാത്രം. ഇനിയുമുണ്ട് പ്രതികള്‍, മുഖ്യപ്രതി സോജുവടക്കം എല്ലാവരും പുറത്താണ്. ചെണ്ടമനു അറസ്റ്റിലായെന്ന് അറിഞ്ഞാല്‍ അവരെല്ലാം കൂടുതല്‍ ജാഗ്രതയിലാകും. ചെണ്ടമനുവിന്റെ അറസ്റ്റ് പുറത്തുവിട്ടില്ല. അതുകൊണ്ടുതന്നെ ദിവസങ്ങള്‍ക്കുള്ളില്‍ പുഞ്ചിരി വിനോദ് എന്നു വിളിക്കുന്ന വിനോദ്, ഹരികുമാര്‍ എന്ന രഞ്ജിത്ത്, സാബു എന്നിവരെക്കൂടി അറസ്റ്റുചെയ്യാന്‍ സാധിച്ചു. പക്ഷേ, സോജു, അമ്മയ്‌ക്കൊരുമകന്‍ സോജു... എവിടെ?
ആരെയും വശത്താക്കാന്‍ കഴിവുള്ള വാക്‌സാമര്‍ത്ഥ്യം, നിഷ്‌കളങ്കനെന്ന് തോന്നിപ്പിക്കുന്ന യുവത്വം, മിക്കവാറും ഭാഷകളുമറിയാം, എല്ലാത്തിനും ഉപരി സഹായിക്കാന്‍ ഒരുപാട് ആളുകളും. മൊബൈല്‍ഫോണുകള്‍ ഉപയോഗിക്കാറില്ല. മൊബൈല്‍ ടവറുകള്‍ നോക്കി പിന്തുടരുക എന്ന പുതിയ സാങ്കേതികവിദ്യാപരമായ അന്വേഷണവും നടക്കില്ല.
രാമേശ്വരത്ത് സോജുവുണ്ടെന്ന് വിവരം കിട്ടി. ഉടനെതന്നെ സി.ഐ. ഷീന്‍ തറയിലും സംഘവും രാമേശ്വരത്തേക്ക് തിരിച്ചു. പിന്നെ മധുര, ചെന്നൈ, കോടമ്പാക്കം, മൂകാംബിക... സോജുവിനു പിന്നാലെ പോലീസ്. ഓരോ സ്ഥലത്തെത്തുമ്പോഴും അടുത്ത സ്ഥലത്തേക്ക് സോജു കടന്നിരിക്കും.
സോജു ഫോണ്‍ ഉപയോഗിക്കാത്തതിനാല്‍ ആ വഴിക്കുള്ള തിരച്ചില്‍ സാധ്യമല്ല. അതുകൊണ്ടാണ് ഈ സ്ഥലങ്ങളില്‍ നിന്നൊന്നും പിടികൂടാന്‍ പറ്റാതായത്. മറ്റൊരു വഴിയില്‍ പോലീസ് അന്വേഷണത്തെ തിരിച്ചുവിട്ടു. സോജുവിനെ സഹായിക്കാന്‍ സാധ്യതയുള്ളവരുടെ ഒരു ലിസ്റ്റ് തയ്യാറാക്കി. അവരുടെ ഫോണ്‍കോളുകള്‍ പരിശോധിച്ചു. അതില്‍നിന്നൊന്നും സൂചനകള്‍ കിട്ടിയില്ല.
ദിവസങ്ങള്‍ പിന്നെയും കടന്നുപോയി. സോജുവിന് ഈ യാത്രയ്ക്കാവശ്യമായ പണം അതെവിടെനിന്ന് കിട്ടുന്നു എന്ന ചിന്ത അതൊരു നിര്‍ണ്ണായകമായ ചിന്തയായിരുന്നു. സഹായിക്കാന്‍ സാധ്യതയുള്ളവരുടെ ബാങ്ക് അക്കൗണ്ട് ലിസ്റ്റ് എടുക്കാന്‍ അങ്ങനെയാണ് തീരുമാനിച്ചത്. രഹസ്യമായിത്തന്നെ അന്വേഷണം നടന്നു. സോജുവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പണം പോകുന്നില്ല. പക്ഷെ, വടക്കേഇന്ത്യയിലെ മറ്റു പലരുടെയും അക്കൗണ്ടിലേക്ക് പണം പോകുന്നുണ്ട്. അജ്മീറിലുള്ള പലരുടെ അക്കൗണ്ടിലേക്കാണ് ആ പണം പോയിരിക്കുന്നത്. ആ പണം പോകുന്നത് സോജുവിനു വേണ്ടിത്തന്നെ! സി.ഐ. ഷീന്‍ തറയിലും സംഘവും അജ്മീറിലേക്ക് പുറപ്പെട്ടു.
അജ്മീര്‍, അഭയാര്‍ത്ഥികളായി എത്തുന്ന ഒട്ടോറെപ്പേര്‍ ആശ്രയമായി കഴിയുന്ന അജ്മീര്‍. അന്നം തേടിയും പുണ്യം തേടിയും ദര്‍ഗകളിലെത്തുന്ന പതിനായിരക്കണക്കിന് ആളുകളുള്ള അജ്മീര്‍. കേരളത്തില്‍നിന്ന് പണം അയക്കുമ്പോള്‍ പണം പിന്‍വലിച്ചിരുന്ന എ.ടി.എമ്മുകള്‍ കണ്ടെത്തി. അതിനടുത്തുതന്നെ മുറിയെടുത്ത് പോലീസ് സംഘം തങ്ങി. ആദ്യദിവസം എല്ലാ സ്ഥലങ്ങളിലും കറങ്ങിയെങ്കിലും സോജുവിനെ കണ്ടെത്താനായില്ല.
അന്നൊരു വെള്ളിയാഴ്ചയായിരുന്നു. ദര്‍ഗകളില്‍ തിരക്കോടുതിരക്ക്. എല്ലാ മുഖങ്ങളിലും ഒരേ ഭാവം, പുണ്യം തേടിയെത്തുന്നവരുടെ പ്രാര്‍ത്ഥനാനിര്‍ഭരമായ അന്തരീക്ഷം. ആള്‍ക്കൂട്ടത്തിനിടയില്‍ പോലീസ് സംഘം മഫ്ടിയില്‍ അലഞ്ഞു. ഈ തിരക്കിനിടയില്‍ എങ്ങനെ കണ്ടുപിടിക്കാന്‍? പോലീസ് സംഘത്തെ ആദ്യം സോജുവാണ് കാണുന്നതെങ്കില്‍ എന്ത് മഫ്ടിയിലാണെന്നു പറഞ്ഞാലും തിരിച്ചറിയുകയും മുങ്ങുകയും ചെയ്യുമെന്നുറപ്പ്. അങ്ങനെ ഒരിക്കലും സംഭവിക്കാതിരിക്കാനുള്ള മുന്നൊരുക്കങ്ങളെല്ലാം പോലീസ് നടത്തിയിരുന്നു. ആള്‍ക്കൂട്ടത്തിനിടയില്‍ പോലീസ് കണ്ണുകള്‍ സോജുവിനെ തിരയുന്നതിനിടയില്‍ സിവില്‍ പോലീസ് ഓഫീസര്‍ ശ്രീകുമാറാണ് അത് ആദ്യം കണ്ടത്.
ഒരു ജാക്കറ്റിട്ട്, താടി വളര്‍ത്തി, ദര്‍ഗയിലേക്ക് നടക്കുന്നത്....?
ഒന്നുകൂടി ഉറപ്പുവരുത്തി. അതേ, സോജുതന്നെ. ശ്രീകുമാര്‍ ധൃതിയില്‍ അടുത്തേക്ക് ചെന്ന് സോജുവിന്റെ തോളില്‍ കൈയ്യിട്ട് പിടിമുറുക്കി. തരിച്ചുപോയ സോജു കുതറിമാറാന്‍ ശ്രമിച്ചെങ്കിലും സി.ഐയും മറ്റു പോലീസുകാരും ചുറ്റും വളഞ്ഞിരുന്നു. ആള്‍ക്കൂട്ടം ഞെട്ടിത്തരിച്ചുനിന്നു. പെട്ടെന്ന് സോജു അലറി വിളിക്കാന്‍ തുടങ്ങി. പോലീസ് സംഘം മോഷ്ടാക്കളാണെന്ന് ആള്‍ക്കൂട്ടത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ഒരു ശ്രമം. ആള്‍ക്കൂട്ടം പോലീസിനു നേരെ തിരിയുമെന്നായി. അപ്പോഴേക്കും സോജുവിനെ തൂക്കിയെടുത്ത് പോലീസ് പിന്നോട്ട് നടന്നുതുടങ്ങിയിരുന്നു. കള്ളന്മാരാണ്, രക്ഷിക്കൂ എന്ന് ഹിന്ദിയില്‍ വിളിച്ചുപറയുന്ന സോജുവിനെ രക്ഷിക്കാന്‍ ജനക്കൂട്ടം ഇളകിയെത്തി. അപ്പോഴേക്കും രാജസ്ഥാന്‍ പോലീസും സ്ഥലത്തെത്തി. അതോടെ ജനക്കൂട്ടം പിരിഞ്ഞുപോയി.
സോജുവിനെയുംകൊണ്ട് സി.ഐയും സംഘവും കേരളത്തിലേക്ക് തിരിച്ചു. അജ്മീറിലെ പലരോടും പേഴ്‌സ് മോഷണം പോയെന്നും, അല്‍പ്പം തുക നാട്ടില്‍നിന്നും അയക്കുന്നതിനായി എക്കൗണ്ട് നമ്പര്‍ തരണമെന്നും അതിലേക്ക് പണമയച്ചയുടന്‍ അവരെക്കൊണ്ടുതന്നെ പണം എ.ടി.എം. വഴി എടുപ്പിക്കുകയുമാണ് സോജു ചെയ്തിരുന്നത്. അതുകണ്ടുപിടിച്ച് പിന്തുടര്‍ന്നെത്തുമെന്ന് സോജു ഒരിക്കലും കരുതിയില്ല. രണ്ടു കൊലപാതക കേസുകളിലെയും പിടിച്ചുപറി, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങി 21 കേസുകളിലെയും മുഖ്യപ്രതിയാണ് സോജു. ഈ കേസുകള്‍ക്കെല്ലാം തുമ്പുണ്ടായി എന്നതിനുപുറമെ, നഗരത്തിലെ ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയ്ക്കും വിളയാട്ടത്തിനും അറുതിവരുത്തുകയും ചെയ്തത് ഈ അറസ്റ്റോടെയാണ്.


ബ്രൂട്ടഡ് മര്‍ഡര്‍

കുഞ്ഞുലക്ഷ്മി എന്ന വൃദ്ധയുടെ കൊലപാതകം. ആറുദിവസത്തിനുള്ളില്‍ വളാഞ്ചേരി സി.ഐ. എ.എം. സിദ്ദീഖ് പ്രതിയെ പിടികൂടിയ കഥ.

കുഞ്ഞുലക്ഷ്മി, വയസ് 88. സ്‌കൂള്‍ ടീച്ചറായ മകള്‍ സതിടീച്ചര്‍ സ്‌കൂളിലേക്ക് പോയാല്‍ പകല്‍സമയങ്ങളില്‍ ആ വീട്ടില്‍ തനിച്ചാണ്. തൊട്ടടുത്തുതന്നെ മറ്റൊരു വീടുണ്ട്.
മാര്‍ച്ച് 4, ഉച്ചനേരം, കുഞ്ഞുലക്ഷ്മി പുറത്തുനില്‍ക്കുന്നതുകണ്ടപ്പോള്‍ അയല്‍വീട്ടിലെ പൂജാരി പൂജ കഴിഞ്ഞുവന്ന് ചോദിച്ചു, ''ചോറുണ്ട്വോ കുഞ്ഞുലക്ഷ്മിയമ്മേ?''
''ഇല്ല്യാ, ദേ കഴിക്കാന്‍ പോണൂ...'' കുഞ്ഞുലക്ഷ്മിയുടെ മറുപടി.
രണ്ടുപേരും സംസാരിച്ച് രണ്ടു വീടിന്റെയും അകത്തേക്ക് കയറിപ്പോയി.
മാര്‍ച്ച് 4, വൈകുന്നേരം. സ്‌കൂള്‍ വിട്ട് സതിടീച്ചര്‍ വീട്ടിലേക്ക് കയറി. പതിവുപോലെ വീടിന്റെ മുന്‍വാതില്‍ തുറന്നു. അകത്തേക്ക് കയറി. ആകെ നിശബ്ദത. അമ്മേ എന്നു വിളിച്ചുകൊണ്ട് കുഞ്ഞുലക്ഷ്മിയെ അന്വേഷിച്ചു. സെന്‍ട്രന്‍ ഹാളിലേക്ക്, സെന്‍ട്രല്‍ ഹാളില്‍നിന്നും തുറന്നിട്ട മുറിയിലേക്ക്. രക്തത്തില്‍ കുളിച്ച് കുഞ്ഞുലക്ഷ്മി നിലത്ത്. സതിടീച്ചറുടെ കരച്ചില്‍ കേട്ട് നാട്ടുകാര്‍ ഓടിക്കൂടി. പോലീസില്‍ വിവരമറിയിച്ചു.
വെണ്ടല്ലൂരില്‍ പട്ടാപ്പകല്‍ വൃദ്ധ കൊല്ലപ്പെട്ടനിലയില്‍!
വളാഞ്ചേരി സി.ഐ. എ.എം. സിദ്ധീഖിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവസ്ഥലത്തെത്തി. കവിളിലും മുഖത്തും ചെവിയിലും ചെവിയ്ക്ക് പുറകിലും വെട്ടേറ്റ പാടുകള്‍, ആകെ 27 മുറിവുകള്‍. കഴുത്തില്‍ തുണിയെടുത്ത് ചുറ്റിയിരിക്കുന്നു. ബെഡില്‍ മുളകുപൊടി വിതറിയിരിക്കുന്നു. ഒരു കമ്മല്‍ ഒഴികെ എല്ലാ ആഭരണങ്ങളും നഷ്ടപ്പെട്ടിരിക്കുന്നു. 88 വയസുള്ള ഈ വൃദ്ധയെ ആര്‍ക്കാണ് ഇത്രയും മൃഗീയമായി കൊലപ്പെടുത്താന്‍ പറ്റുക? എന്തിനായിരുന്നു ഇത്രയും പൈശാചികമായ കൊല?
കുഞ്ഞുലക്ഷ്മി, വീടിന്റെ മുന്നില്‍ ഭിക്ഷ യാചിക്കാനോ മറ്റോ ആരെങ്കിലും വന്നാല്‍ എന്തെങ്കിലും കൊടുക്കും. അത് ആരാണെന്നൊന്നുമില്ല. ഇത് അപകടത്തിലേക്കാണെന്ന് മനസിലാക്കിയ മകള്‍ സതിടീച്ചര്‍ കുറേ ഉപദേശിച്ചെങ്കിലും കുഞ്ഞുലക്ഷ്മിയുടെ സ്വഭാവത്തില്‍ മാറ്റമൊന്നുമില്ല. തുടര്‍ന്ന് സ്‌കൂളില്‍ പോകാന്‍ നേരം മുന്‍വാതിലും ഗെയിറ്റും പൂട്ടും. അടുക്കള വഴി, അയല്‍പക്കത്തെ വീടിന്റെ മുന്നിലൂടെയാണ് ടീച്ചര്‍ പിന്നീട് സ്‌കൂളിലേക്ക് പോയിരുന്നത്. അടുക്കള വാതില്‍ അടയ്ക്കാറില്ല. മുന്‍വാതിലും ഗെയിറ്റും അടഞ്ഞുകിടക്കുന്നതുകണ്ടാല്‍ത്തന്നെ ആരും വരില്ലല്ലോ എന്ന് വിചാരിച്ചാണ് അങ്ങനെ ചെയ്തത്.
ആരു വന്നാലും കയ്യോടെ മടക്കി അയക്കാത്ത ഈ അമ്മയോട് എന്തിനിത് ചെയ്തു? ശത്രു എന്ന് പറയാന്‍പോലും ആരുമില്ല. കഴുത്തിലുണ്ടായിരുന്ന രണ്ടു സ്വര്‍ണ്ണമാലയും രണ്ടു കൈകളിലുമായുണ്ടായിരുന്ന ഓരോ വളകളും ഒരു കമ്മലും നഷ്ടപ്പെട്ടിരുന്നു
സി.ഐ. സിദ്ദീഖിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മൃതദേഹവും സമീപസ്ഥലങ്ങളും പരിശോധിച്ചു. പ്രാഥമികമായി യാതൊരു തെളിവുകളും ലഭിച്ചില്ല. സിവില്‍ പോലീസ് ഓഫീസര്‍മാരായ ഇക്ബാല്‍, സുബ്രഹ്മണ്യന്‍, എ.എസ്.ഐ. അനില്‍, മുരളീധരന്‍, അപ്പുണ്ണി പോലീസ് സംഘം സി.ഐ. സിദ്ദീഖിന്റെ നേതൃത്വത്തില്‍ കൊലപാതകം വിലയിരുത്തി. അന്നു വൈകിട്ടോടെത്തന്നെ വ്യാപാരി വ്യവസായി സംഘടനകള്‍ വഴി എല്ലാ സ്വര്‍ണ്ണക്കടകളിലേക്കും വിവരങ്ങള്‍ നല്‍കി. താര, ദളപതി മോഡലുകളിലുള്ള മാലകള്‍, രണ്ട് പ്‌ളെയിന്‍ വളകള്‍ എന്നിവ ആരെങ്കിലും വില്‍ക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കില്‍ ഉടന്‍ പോലീസിനെ വിവരമറിയിക്കുക.
പിറ്റേദിവസംതന്നെ പോലീസ് സംഘം ഇന്‍ക്വസ്റ്റ് നടത്തി. പോലീസ് നായ വന്നു. മണം പിടിച്ച് നൂറു മീറ്റര്‍ ഓടി. ഒരു തുമ്പുപോലും കിട്ടിയില്ലെങ്കിലും രണ്ട് കാര്യങ്ങള്‍ വ്യക്തമായിരുന്നു. ഒന്ന്, ഒന്നുകില്‍ ഒരു സ്ത്രീ, അല്ലെങ്കില്‍ ഒരു വികലാംഗന്‍ ആണ് ഈ കൊലയ്ക്ക് പിന്നില്‍. രണ്ട്, മരണം ഉറപ്പുവരുത്തേണ്ടത് പ്രതിയുടെ ആവശ്യമായിരുന്നു. അതുകൊണ്ടാണ് ആദ്യം വെട്ടിയിട്ടും മരണം ഉറപ്പുവരുത്താനായി കഴുത്തില്‍ ഷാളിട്ട് കുരുക്കിയത്. അല്ലെങ്കില്‍ ആദ്യം ഷാളിട്ട് കുരുക്കി, എന്നിട്ട് വെട്ടി. മരണം സംഭവിച്ചില്ലെങ്കില്‍ തിരിച്ചറിയപ്പെടാന്‍ സാധ്യതയുണ്ടെന്ന് പ്രതി ഭയന്നിരുന്നു. പരിചയമുള്ള ആരോ ചെയ്തതാകാം ഈ കൊലപാതകം എന്നും മനസിലായി.
ബന്ധുക്കളെയും അയല്‍പക്കക്കാരെയും ചോദ്യം ചെയ്തു. അങ്ങനെ ആരും ആ വീട്ടിലേക്ക് കയറുന്നതായി ആര്‍ക്കും സംശയമില്ല. വെട്ടിയ ആയുധങ്ങളും കണ്ടെത്താനായില്ല. തുമ്പുകളൊന്നുംതന്നെ അവശേഷിച്ചിട്ടില്ല.
പെട്ടെന്നായിരുന്നു വളാഞ്ചേരിയിലെ ഒരു ജ്വല്ലറിയില്‍ നിന്നും ഒരു ഫോണ്‍കോള്‍ വന്നത്. ജ്വല്ലറി ഉടമ വിനോദിന്റേതായിരുന്നു കോള്‍. ''സാര്‍, ഇന്നലെ(അതായത് സംഭവദിവസം) വൈകിട്ടോടെ ഒരു സ്ത്രീ സ്വര്‍ണ്ണം വില്‍ക്കാന്‍ വന്നിരുന്നു. സരോജിനി എന്നാണ് പേര് പറഞ്ഞത്. മഞ്ഞസാരിയാണ് ഉടുത്തിരുന്നത്.''
''എന്നിട്ട്? നിങ്ങള്‍ ആ സ്വര്‍ണ്ണം വാങ്ങിയോ?'' പോലീസിന്റെ ആകാംക്ഷ വര്‍ദ്ധിച്ചു.
''ഈ വിവരം ഇന്നാണ് അറിഞ്ഞത്. മകന് ഗള്‍ഫില്‍ പോകാന്‍ പണം തികഞ്ഞില്ല, അമ്മയുടെ മാലയും വളയുമാണെന്നാണ് അവര്‍ പറഞ്ഞത്. അവരെ കണ്ടിട്ട് പറഞ്ഞത് ശരിയാണെന്നു തോന്നിയില്ല. ഭര്‍ത്താവിനെയും കൂട്ടി വരൂ, എന്നിട്ട് എടുക്കാം എന്നു പറഞ്ഞ് ഒഴിവാക്കുകയാണ് ചെയ്തത്.''
പോലീസ് സംഘം ജ്വല്ലറിയിലേക്ക് പോയി. സിസിടിവിയില്‍ ദൃശ്യങ്ങളുണ്ടാവുമല്ലോ, അത് പരിശോധിക്കാമെന്നു കരുതിയപ്പോഴാണ് അറിയുന്നത്. അത് ഒരു മാസമായിട്ട് തകരാറായി കിടക്കുകയാണ്. എങ്കിലും ഭാഗ്യവശാല്‍ ഏതെങ്കിലും വിധത്തില്‍ പതിഞ്ഞിട്ടുണ്ടെങ്കിലോ! സിസിടിവി പരിശോധിച്ചു. പക്ഷെ നിരാശയായിരുന്നു ഫലം.
''എന്നിട്ട് അവരെങ്ങോട്ടാണ് പോയത്?'' വിനോദിനോടായിരുന്നു ചോദ്യം. ''പുറത്തേക്കിറങ്ങിയപ്പോള്‍ റോഡിനപ്പുറത്തുനില്‍ക്കുന്ന ഒരാളോട് അവര്‍ കൈവീശി. പിന്നെ റോഡ് മുറിച്ചുകടന്ന് അയാളുടെ അടുത്തേക്ക് പോയി.''
ആരാണ് അയാള്‍.
കുഞ്ഞിപ്പ, തൊട്ടടുത്ത തുണിക്കടയില്‍ ജോലി ചെയ്യുന്നയാള്‍.
കുഞ്ഞിപ്പയെ അന്വേഷിച്ചു, കണ്ടെത്തി. പോലീസിനെ കണ്ടപ്പോഴേ കുഞ്ഞിപ്പയുടെ നല്ല ജീവന്‍ പോയി.
ശരിയാണ് കുഞ്ഞിപ്പ തന്നെയാണ് ആ സ്ത്രീയെ കൈകാണിച്ചത്. കുഞ്ഞിപ്പയുടെ അടുത്തേക്ക് അവര്‍ വരികയും ചെയ്തു. കുഞ്ഞിപ്പയോടും അവര്‍ പറഞ്ഞു, ''മോന് നാളെയാണ് ഗള്‍ഫിലേക്ക് പോകേണ്ടത്. പക്ഷെ, ഫ്‌ളൈറ്റ് ടിക്കറ്റിനുള്ള പൈസ ശരിയായില്ല. അമ്മയുടെ മാലയും വളയും വില്‍ക്കണം. അവിടെ പോയപ്പോ ആണുങ്ങളാരെങ്കിലും വന്നാലേ പൈസ തരൂന്നാ പറഞ്ഞത്. നീയൊന്ന് എന്റെകൂടെ വരണം. എവിടെയെങ്കിലും വിറ്റ് പൈസ വാങ്ങിത്തരണം.''
കുഞ്ഞിപ്പ അവരെയും കൂട്ടി ദിലീപ് സേട്ടുവിന്റെ അടുത്തെത്തി. സംഗതിയെല്ലാം ആ സ്ത്രീ പറഞ്ഞതുപോലെ പറയുകയും ചെയ്തു. കുഞ്ഞിപ്പയെ സേട്ടുവിന് അറിയാം. കുഞ്ഞിപ്പയ്ക്ക് അറിയുന്നയാളല്ലേ, വേറെ പേടിക്കാനൊന്നുമില്ലല്ലോ. സ്വര്‍ണ്ണവും വിറ്റ് ആ സ്ത്രീ പണവുമായി പോവുകയും ചെയ്തു.
''ആരാ ആ സ്ത്രീ? അവരുടെ പേരെന്താ? എവിടെയാ വീട്?''
''ഇനിക്കതറിയില്ലെന്റെ സാറേ...''
''പിന്നെങ്ങനെയാ നിനക്ക് അവരെ അറിയുന്നത്?''
''മുമ്പ് ഞാന്‍ നിന്ന കടയില് സാധനങ്ങള് വാങ്ങാന്‍ വന്നിരുന്നു. അതല്ലാതെ പേരോ നാടോ ഒന്നും അറിയില്ല.'' കുഞ്ഞിപ്പ കൈമലര്‍ത്തി.
സേട്ടു ചോദിച്ചപ്പോള്‍ ആ സ്ത്രീ പേരു പറഞ്ഞിരുന്നു, സ്ഥലവും. സരോജിനി, പൈങ്കണ്ണൂര്‍. അത് കുഞ്ഞിപ്പയും കേട്ടിരുന്നുവെന്ന് പറഞ്ഞു. ആദ്യം കയറിയ ജ്വല്ലറിയിലെ വിനോദിനോടും ഈ പേരുതന്നെയാണ് അവര്‍ പറഞ്ഞത്.
പൈങ്കണ്ണൂരിലേക്ക് പോലീസ് പല സംഘങ്ങളായി അന്വേഷണം തുടങ്ങി. പോലീസ് വേഷത്തിലായിരുന്നില്ല അന്വേഷണം. പല വേഷത്തില്‍, പല രൂപത്തില്‍ പോലീസ് സംഘം പൈങ്കണ്ണൂരിലെ സരോജിനിമാരെക്കുറിച്ച് അന്വേഷിച്ചിറങ്ങി. സംശയം തോന്നിയാല്‍ ഉടനെ കുഞ്ഞിപ്പയെയും വിനോദിനെയും കൊണ്ടുവന്ന് ഒന്നുകൂടി തിരിച്ചറിയല്‍ നടത്തും. ഒരു വീട്ടില്‍ ചെന്നപ്പോള്‍ സരോജിനി അകത്തുനില്‍ക്കുകയാണ്. പുറത്ത് വീട്ടിലെ മറ്റുള്ളവരുമായി സംസാരിച്ചിരിക്കുന്നതിനിടെ സരോജിനി പുറത്തേക്ക് വന്നു. പെട്ടെന്നായിരുന്നു കറന്റ് പോയത്. കുഞ്ഞിപ്പ പറഞ്ഞു, ''ഇതാണോന്നൊരു സംശയം.''
റിയല്‍ എസ്റ്റേറ്റുകാരായാണ് അവിടെ പോലീസ് സംഘം എത്തിയത്. കൂടുതല്‍നേരം നില്‍ക്കാനും വയ്യ, നിന്നില്ലെങ്കില്‍ സരോജിനിയെ തിരിച്ചറിയപ്പെടാതെ പോവുകയും ചെയ്തു. ഒരുപാടുനേരം ആ വീട്ടില്‍ നിന്നും ഇറങ്ങാതെ പലതും പറഞ്ഞ് പോലീസ് സംഘം നിന്നു. ഒടുക്കം കറന്റ് വന്നു. മുന്നില്‍ സരോജിനി.
''അയ്യോ സാറേ ഇതല്ല'', കുഞ്ഞിപ്പ തിരുത്തി. അങ്ങനെ സരോജിനിമാരെ അന്വേഷിച്ച് രണ്ടുദിവസം.
മകന്‍ സുരേഷിന് ഗള്‍ഫില്‍ പോകാന്‍ എന്നൊരു വാക്കുകൂടി അവര്‍ പറഞ്ഞതായി കുഞ്ഞിപ്പ ഓര്‍ത്തു. സരോജിനി എന്ന പേരിലുള്ളയാളെ കിട്ടാതായപ്പോള്‍ സുരേഷിനെ അന്വേഷിച്ചു. ഒരു സുരേഷുണ്ട്, കേസുകളൊക്കെയുള്ള ഒരു സുരേഷ്. അങ്ങനെ സുരേഷിന്റെ വീട്ടിലെത്തി.
''സുരേഷില്ലേ?''
''ഇല്ല സാറേ...'' സുരേഷിന്റെ ഭാര്യയാണ് മറുപടി പറഞ്ഞത്.
പോലീസിന് ഒരു സംശയം. അകത്തേക്ക് കയറി പരിശോധിക്കാന്‍തന്നെയായിരുന്നു തീരുമാനം. അകത്തുകയറി പരിശോധിച്ചപ്പോള്‍ ഒളിച്ചിരിക്കുന്നു സുരേഷ്. കൈയ്യോടെ പിടികൂടി ചോദ്യം ചെയ്തു. സുരേഷ് സത്യം പറഞ്ഞു: ''ചാവക്കാടാണ് സാറേ എന്റെ വീട്. എന്റെ പേരില്‍ കുറച്ച് കേസുകളുണ്ടായിരുന്നു. ഞാന്‍ അതെല്ലാം മതിയാക്കിയാണ് ഇങ്ങോട്ട് മാറിയത്. മൂനനുവര്‍ഷമായി എന്റെ പേരില്‍ ഒരു കേസുപോലുമില്ല. കള്ളക്കേസില്‍ കുടുക്കാനാണോ എന്ന് പേടിച്ചാണ് സാറേ ഞാന്‍ ഒളിച്ചത്.''
സുരേഷിന്റെ വാക്കുകള്‍ വിശ്വസിക്കാമെന്ന് പിന്നീടുള്ള അന്വേഷണത്തില്‍ വ്യക്തമായി.
ഇതിനിടയില്‍ സതിടീച്ചര്‍ സ്വന്തം നാടായ പഴനെല്ലിപ്പുറത്തേക്ക് മാറിയിരുന്നു. അവിടെയുമെത്തി ബന്ധുക്കളില്‍ ആരെങ്കിലും സരോജിനിമാരുണ്ടോയെന്ന്. അങ്ങനെയൊരാളേയില്ലെന്ന് ടീച്ചര്‍ തറപ്പിച്ചു പറഞ്ഞു.
പിറ്റേദിവസം രേഖാചിത്രം വരയ്ക്കാനുള്ള ഒരു ശ്രമം നടത്തിയെങ്കിലും അതും ശരിയായില്ല. വീണ്ടും ടീച്ചറുടെ തറവാട്ടുവീട്ടിലേക്ക് പോയി. ടീച്ചറുടെ ആങ്ങളമാരുടെ വീട് അതിനടുത്തുതന്നെയായിരുന്നു. ശത്രുക്കള്‍, മൊബൈല്‍, ലാന്റ് ഫോണ്‍കോളുകള്‍, അങ്ങനെ എല്ലാ വിധത്തിലുമുള്ള അന്വേഷണങ്ങള്‍ക്കും ചോദ്യം ചെയ്യലിനുമായി.
ആകെ അവിടെ പുറമെ നിന്നും വരുന്നത് ഒരു വേലക്കാരി മാത്രമാണ്. അവരാണെങ്കില്‍ ടീച്ചര്‍ പഠിപ്പിക്കുന്ന സ്‌കൂളിലെ ഹെല്‍പ്പറാണ്. അവര്‍ ഞായറാഴ്ചമാത്രം ടീച്ചറുള്ളപ്പോള്‍ വന്ന് അകവും പുറവുമൊക്കെ വൃത്തിയാക്കും. അന്നത്തെ ദിവസം അവര്‍ സ്‌കൂളിലാണുതാനും.
എല്ലാവരില്‍നിന്നും വിശദമായി ചോദിച്ചറിയാന്‍തന്നെ പോലീസ് തീരുമാനിച്ചു. ആങ്ങളമാര്‍, അവരുടെ ഭാര്യമാര്‍, മക്കള്‍, ബന്ധുക്കള്‍, അങ്ങനെ എല്ലാവരുമായും സംസാരിക്കുക. ആങ്ങളയുടെ വീട്ടില്‍ ജോലിക്കു നില്‍ക്കുന്ന സ്ത്രീയോടുവരെ ചോദിച്ചറിയുക. എല്ലാവരോടും സംസാരിക്കുമ്പോള്‍ എന്തെങ്കിലും ഒരു സൂചന കിട്ടാതിരിക്കില്ല എന്ന വിശ്വാസമായിരുന്നു പോലീസിന്. എല്ലാവരും സംസാരിച്ചു. ഇനി ബാക്കിയുള്ളത് ആങ്ങളയുടെ വീട്ടിലെ വേലക്കാരി മാത്രം. അവരോട് അധികമൊന്നും സംസാരിക്കരുത് എന്ന് ടീച്ചര്‍ പ്രത്യേകം പറഞ്ഞിരുന്നു. കാരണം അവര്‍ക്ക് കാര്യമായൊന്നും അറിയില്ല. വലിയ വിദ്യാഭ്യാസമൊന്നുമില്ലാത്ത അവര്‍ക്ക് പോലീസിനെ കാണുന്നതുതന്നെ പേടിയായിരിക്കും.
എങ്കിലും സംസാരിച്ചു. എല്ലാവരോടുമുള്ള പോലീസിന്റെ സംസാരം വീഡിയോ റെക്കോഡ് ചെയ്തിരുന്നു. അന്നു വൈകിട്ട് സ്റ്റേഷനിലെത്തി വീഡിയോകള്‍ പരിശോധിക്കുക, ഇവര്‍ പറയുന്നതില്‍ എന്തെങ്കിലും സൂചന കിട്ടുമോ എന്ന് പരിശോധിക്കുക അതായിരുന്നു ലക്ഷ്യം. കുഞ്ഞിപ്പയെയും വിനോദിനെയും ഈ വീഡിയോകള്‍ കാണിച്ചുകൊടുത്തിരുന്നു. വേലക്കാരിയെ കാണിച്ചതും രണ്ടുപേരും തറപ്പിച്ചുപറഞ്ഞു, ''സാറേ, ഇതാണ് സരോജിനി.''
ഇവര്‍ക്ക് തെറ്റിയതാവണം. പലപ്പോഴും ഇതുപോലെ 90 ശതമാനം ഇതുപോലെയാണ് എന്നൊക്കെ പറഞ്ഞിട്ടുള്ളതാണ്. അതുപോലൊരു തോന്നല്‍മാത്രമായിരിക്കും ഇതും, പോലീസിന്റെ നിഗമനം.
എങ്കിലും പിറ്റേദിവസവും പോയി അവരോട് സംസാരിച്ചു. സ്വാഭാവികമായ ചോദ്യചെയ്യലെന്നേ വീട്ടുകാരോട് പറഞ്ഞുള്ളു. അവരുടെ പേര് ശാന്തകുമാരി. പോലീസിന്റെ സംശയം ശാന്തകുമാരിയോടുതന്നെ ചോദിച്ചു, ''കുഞ്ഞുലക്ഷ്മിയെ കൊന്നതെന്തിനായിരുന്നു?''
''എന്താ സാറേ പറയുന്നത്? ഞാനോ? അമ്മയെ കൊല്ലാനോ?'' ശാന്തകുമാരി കരയുമെന്നായി. കുറച്ചുനേരംകൂടി സംസാരിച്ചശേഷം കുഞ്ഞിപ്പയെയും വിനോദിനെയും കൊണ്ടുവന്ന് ഒന്നുകൂടി തിരിച്ചറിയല്‍ നടത്തി. സരോജിനി ഇതുതന്നെയെന്ന് ഇരുവരും തറപ്പിച്ചുപറഞ്ഞു. പിടി ഉറപ്പായെന്നായപ്പോള്‍ ശാന്തകുമാരി പറഞ്ഞു: ''സ്വര്‍ണ്ണം വിറ്റു എന്നത് ശരിതന്നെ. അത് ഞാന്‍തന്നെയാണ്. പക്ഷെ, കൊന്നത് ഞാനല്ല.''
''പിന്നെയാര്? ആരാണ് ആ സ്വര്‍ണം ഏല്‍പ്പിച്ചത്?''
പിന്നീട് പറഞ്ഞതെല്ലാം കള്ളമായിരുന്നു എന്നു മനസിലാക്കാന്‍ ഏറെ പാടുപെടേണ്ടിവന്നില്ല. ചോദ്യം ചെയ്യല്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. ചോദ്യങ്ങള്‍ക്കുമുന്നില്‍ പതറിപ്പോയ ശാന്തകുമാരി സത്യം തുറന്നുപറഞ്ഞു: ''ഞാന്‍ തന്നെയാണ് അത് ചെയ്തത്.''
മാര്‍ച്ച് നാല്, ഉച്ചനേരം. വെണ്ടല്ലൂരിന് ഒരു സ്റ്റോപ്പ് ഇപ്പുറത്ത് ബസിറങ്ങി ശാന്തകുമാരി ഒരു ഓട്ടോറിക്ഷ പിടിച്ചു. കുഞ്ഞുലക്ഷ്മിയുടെ വീട് കഴിഞ്ഞ് 150 മീറ്റര്‍ അപ്പുറത്തുള്ള കുളത്തിന്റെയരികില്‍ ഓട്ടോയില്‍ നിന്നിറങ്ങി. ഓട്ടോ തിരിച്ചുപോയി. ആ ഭാഗത്തൊന്നും ആരുമില്ലെന്ന് ഉറപ്പുവരുത്തി. പിന്നോട്ട് നടന്നു. കുഞ്ഞുലക്ഷ്മിയുടെ വീടിന്റെ ഗെയിറ്റിനടുത്തെത്തി. അപ്പോഴേക്കും ഒരു സ്ത്രീ കുളത്തില്‍നിന്നും കുളിച്ച് നടന്നുപോകുന്നുണ്ടായിരുന്നു. അത് കണ്ട് അവര്‍ കേള്‍ക്കേ ശാന്തകുമാരിയുടെ ഡയലോഗ്, ''ആരാ ഇപ്പോ ഇവിടെ വന്നത്?''
ആ സ്ത്രീ സംശയമൊന്നും തോന്നാത്തമട്ടില്‍ നടന്നുപോവുകയും ചെയ്തു.
ഇതിനുമുമ്പ് രണ്ടുതവണ ശാന്തകുമാരി അടുത്തിടെ അവിടെ വന്നിരുന്നു. ആദ്യം വന്നപ്പോള്‍ കുഞ്ഞുലക്ഷ്മി 500 രൂപ നല്‍കിയിരുന്നു. അന്നാണ് കുഞ്ഞുലക്ഷ്മിയുടെ സ്വര്‍ണ്ണാഭരണങ്ങളില്‍ ശാന്തകുമാരി കണ്ണുവെച്ചത്. രണ്ടാമത് മാര്‍ച്ച് ഒന്നിന് എല്ലാം പ്‌ളാന്‍ ചെയ്തുതന്നെയായിരുന്നു വന്നത്. പക്ഷെ, തൊട്ടുമുന്നിലെ വീട്ടില്‍ എന്തോ ചടങ്ങ് നടക്കുന്നതിനാല്‍ അവിടംവരെ വന്ന് തിരിച്ചുപോവുകയായിരുന്നു. മൂന്നാം തവണയാണ് മാര്‍ച്ച് നാലിന് എത്തിയത്.
അടുക്കള വഴി അകത്തേക്കു കയറി അവിടെനിന്നുതന്നെ കിട്ടിയ വെട്ടുകത്തിയെടുത്ത് വെട്ടിക്കൊല്ലുകയായിരുന്നു. ചോരയില്‍ കുളിച്ചുനില്‍ക്കുന്ന കത്തി കഴുകി ഒളിപ്പിച്ചുവയ്ക്കുന്നതിനിടെ ഒരു തലചുറ്റല്‍. ഉയന്‍ കഞ്ഞിവെള്ളമെടുത്ത് ഉപ്പിട്ട് മുളകുപൊടിയിടാന്‍ നോക്കുന്നതിനിടെ പുറത്തുനിന്നും എന്തോ ശബ്ദം കേട്ടതുപോലെ, ഉടനെ ആ മുറിയിലേക്കെത്തി കട്ടിലില്‍ കിടന്ന് ജനാലയിലൂടെ പുറത്തേക്കുനോക്കി. ആ സമയത്താണ് മുളകുപൊടി അവിടെ വീണത്. തുടര്‍ന്ന് മരണം ഉറപ്പുവരുത്താനായി കഴുത്തില്‍ സാരി മുറുക്കി.
പോകുന്ന വഴിക്കുതന്നെ സ്വര്‍ണ്ണം വിറ്റ് കുറച്ചുകടങ്ങളൊക്കെ വീട്ടി. വീട്ടില്‍ ഭര്‍ത്താവിനും മക്കള്‍ക്കും തുണിത്തരങ്ങളും പലചരക്കുസാധനങ്ങളും വാങ്ങി. ബാക്കി വരുന്ന തുക തലയിണയില്‍ തിരുകിവെച്ചു. ശാന്തകുമാരിയുടെ ഭര്‍ത്താവ് ഒരിക്കലും സംശയിച്ചിരുന്നില്ല. പോലീസെത്തിയപ്പോള്‍ പോലീസ് വെറുതെ കുടുക്കാന്‍ ശ്രമിക്കുകയാണെന്നു പറഞ്ഞ് പോലീസിനെ തടഞ്ഞു. തലയിണയില്‍ 24,500 രൂപ വച്ചിട്ടുണ്ട്. അത് പരിശോധിക്കാനാണെന്നു പറഞ്ഞപ്പോള്‍. അതില്ലെന്ന് തെളിയിക്കാനായി അദ്ദേഹംതന്നെയാണ് തലയിണ അഴിച്ചിട്ടത്. അതില്‍നിന്നും 24,500 രൂപ താഴെ വീണതോടെ ഭര്‍ത്താവും വിശ്വസിച്ചു.
അരുംകൊല നടന്ന് ആറുദിവസം പിന്നിട്ടപ്പോഴേക്കും പ്രതിയെ പോലീസ് കണ്ടെത്തിക്കഴിഞ്ഞിരുന്നു.

കാണാതെ പോയ സ്വാതന്ത്ര്യസമര ചരിത്രപാഠം

സ്വാതന്ത്ര്യസമരചരിത്രപാഠങ്ങളില്‍ ശാന്തികുടി സരോജിനി എന്ന സ്വാതന്ത്ര്യസമരസേനാനിയുടെ പേര് കാണില്ല. പന്ത്രണ്ടാം വയസ്സില്‍ ക്വിറ്റ് ഇന്ത്യാസമരഫണ്ടിലേക്ക് അരുണാ ആസിഫലിയുടെ കൈകളിലേക്ക് കാതിലെ തരിസ്വര്‍ണ്ണം സ്വന്തം ഇഷ്ടപ്രകാരം നല്‍കിയ കൊച്ചുപെണ്‍കുട്ടി, പിന്നീട് സാമൂഹ്യസേവനത്തില്‍ മുഴുകി സ്വന്തം ജീവിതം ജീവിക്കാന്‍ മറന്നുപോയ സ്ത്രീ, ഖാദി- ഹിന്ദി പ്രചരണത്തില്‍ വ്യാപൃതയായിരുന്നപ്പോഴും രാജ്യംതന്നെ വീട് എന്നു കണക്കാക്കി, എല്ലാത്തിനുമൊടുവില്‍ സ്വന്തം നൂറ്റനൂലുകൊണ്ട് തീര്‍ത്ത ഖാദിയില്‍ കുരുക്കി ജീവിതംഅവസാനിപ്പിച്ച വൃദ്ധ. എന്നിട്ടും ആരും അറിയാതെ പോയി! ജയില്‍വാസമനുഷ്ഠിച്ചില്ലെന്ന പേരില്‍ സര്‍ക്കാരിന്റെ സ്വാതന്ത്ര്യസമരപ്പട്ടികയില്‍ ഇടം കണ്ടെത്തുകയോ, പെന്‍ഷന്‍ നല്‍കുകയോ ചെയ്തില്ല.
വിയോഗത്തിന് ഏഴുവര്‍ഷം പിന്നിടുമ്പോഴും ആരും ആചരണങ്ങള്‍ കൊണ്ടോ ആ ജീവിതത്തെ പഠിക്കാന്‍ ശ്രമിച്ചില്ല. പഠിക്കാന്‍ ഏറെയുള്ള ആ ചരിത്രപാഠത്തെക്കുറിച്ച് ഈ ഗാന്ധിജയന്തി നാളുകളിലെങ്കിലും നമുക്ക് മനസ്സിലാക്കാന്‍ ശ്രമിക്കാം.

തൃശൂരില്‍ ജനനം
തൃശ്ശൂര്‍ കൂര്‍ക്കഞ്ചേരിയിലെ ഓച്ചനാട്ട് വേലായുധന്റെയും ദേവകിയുടെയും രണ്ടാമത്തെ മകളായി 1930ലാണ് ഒ.വി. സരോജിനിയുടെ ജനനം. സ്വാതന്ത്ര്യസമരം കൊടുമ്പിരികൊണ്ട കാലഘട്ടം. അഞ്ചാം വയസ്സില്‍ ഗാന്ധിജിയെ ഒരുനോക്ക് കാണാന്‍ അവസരം ലഭിച്ചു- അതായിരുന്നു ഓര്‍മ്മയുടെ തുടക്കമെന്ന് സരോജിനി പറയുമായിരുന്നു.
അമ്മ ദേവകിയുടെ മരണം ഏറെ തളര്‍ത്തിയിരുന്നു. സരോജിനി അസ്വാതന്ത്ര്യത്തിലേക്ക് പതുക്കെ നടന്നടുക്കുകയായിരുന്നു. തളയ്ക്കപ്പെട്ട മനസുമായി പഠനകാലം.

സ്വന്തം സ്വാതന്ത്ര്യത്തിലേക്ക്
സ്‌കൂളില്‍ നിന്നും ഒന്നു രണ്ടു കിലോമീറ്ററുകള്‍ താണ്ടിവേണം വീട്ടിലെത്താന്‍. വരുന്നത് തൃശൂര്‍ റൗണ്ട് വഴി. ഒരു ദിവസം സ്‌കൂള്‍ വിട്ട് വരുന്ന വഴി മണികണ്ഠനാല്‍ത്തറയ്ക്ക് സമീപം ഒരു ജനക്കൂട്ടം. വേദിയില്‍ ഒരു സ്ത്രീ പ്രസംഗിക്കുന്നു. പുരുഷന്മാര്‍തന്നെ വേദിയില്‍ ഇരിക്കാന്‍ സാധ്യതയില്ലാത്ത സാഹചര്യത്തില്‍ ഒരു സ്ത്രീ പ്രസംഗിക്കുന്നു. ആ കൗതുകക്കാഴ്ചയ്ക്ക് സാക്ഷിയാകാനായിരുന്നു ഒ.വി. സരോജിനി എന്ന പന്ത്രണ്ടുവയസുകാരി അവിടേക്ക് നീങ്ങിയത്. ക്വിറ്റ് ഇന്ത്യാ സമരഫണ്ട് ധനശേഖരണാര്‍ത്ഥം അരുണാ ആസഫലിയുടെ പ്രസംഗമായിരുന്നു അത്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ കെട്ടുകെട്ടിക്കുന്നതിനെക്കുറിച്ചുള്ള അരുണ ആസഫലിയുടെ പ്രസംഗം ആവേശത്തോടെതന്നെ സരോജിനിയും കേട്ടിരുന്നു.
സമരഫണ്ടിലേക്ക് ഓരോരുത്തര്‍ക്കും കഴിയുന്നത് നല്‍കി സഹകരിക്കണമെന്ന അപേക്ഷയോടെയാണ് അരുണ ആസഫലി പ്രസംഗം അവസാനിപ്പിച്ചത്. അസ്വാതന്ത്ര്യത്തിന്റെ ചങ്ങലക്കെട്ടുകള്‍ തനിക്കുചുറ്റും വലിഞ്ഞുമുറുകുന്നുവെന്ന് സരോജിനിക്കും തോന്നി. സ്വാതന്ത്ര്യത്തിനായി എന്തു നല്‍കുമെന്ന് ആലോചിച്ചുനോക്കി.
കാതില്‍ ഓരോ തരി പൊന്ന്! ഏറെനാള്‍ കൊതിച്ച് വാങ്ങിക്കിട്ടിയ തരിപ്പൊന്ന്! സരോജിനി എന്ന ബാലിക നേരെ സ്‌റ്റേജിലേക്ക് കയറി. അരുണാ അസഫലിയുടെ മുന്നിലെത്തി കാതിലെ തരിപ്പൊന്ന് അഴിച്ച് ആ കൈകളിലേക്ക് കൊടുത്തു. ചുറ്റും കൂടിയിരുന്നവര്‍ ഞെട്ടിയിരിക്കണം; ഓച്ചനാട്ട് വേലായുധന്റെ മോളല്ലേ അത് എന്നവര്‍ ആശ്ചര്യപ്പെട്ടിരിക്കണം.
അരണാ ആസഫലി ആ പെണ്‍കുട്ടി കെട്ടിപ്പിടിച്ച് നെറ്റിയില്‍ മുത്തം നല്‍കി. സംഭാവനകള്‍ പിന്നെയും പലരും നല്‍കിയെങ്കിലും കണ്ടുനിന്നവരുടെയെല്ലാം മനസില്‍ ഒരു പൊന്‍തിളക്കമായി സരോജിനി ആ വേദി വിട്ട് നടന്നു; കൈയ്യില്‍ കുറച്ചു പുസ്തകങ്ങളും മനസു നിറയെ സന്തോഷവുമായി.
വീട്ടിലേക്കുള്ള വഴി സരോജിനി നടന്നത് സ്വാതന്ത്ര്യത്തിന്റെ മധുരം നുകരാന്‍ ഇതാ നാം തയ്യാറായിരിക്കുന്നു എന്ന സന്തോഷത്തോടെയാണ്. സ്വാതന്ത്ര്യത്തോടെ പക്ഷികളും പൂമ്പാറ്റകളും ആ ബാലികയുടെ മുന്നിലൂടെ അപ്പോള്‍ പറന്നുപോയിരിക്കണം!
വീടിന്റെ പടി കടക്കുന്നതുവരെ മാത്രമേ ആ സന്തോഷം നിലനിന്നുള്ളു. വൈകിയെത്തിയതിന് രണ്ടാനമ്മയുടെ വക ശകാരം. കമ്മല്‍ കളഞ്ഞു വന്നതിന് വടിയെടുത്ത് അടിയും. കാലില്‍ ചോര പൊടിഞ്ഞു. അപ്പോഴൊന്നും സരോജിനിയുടെ മനസ് വേദനിച്ചില്ല. പട്ടിണിക്കിട്ടു. അപ്പോഴും സരോജിനി കരഞ്ഞില്ല. നാളെയൊരുനാള്‍ ഈ വേദനയ്ക്ക് ഫലം കിട്ടും. അന്ന് രണ്ടാനമ്മയ്ക്കും സ്വാതന്ത്ര്യം കിട്ടും. പൊന്നിനേക്കാള്‍ വലുതാണ് രാജ്യത്തിന്റെ സ്വാതന്ത്ര്യമെന്ന് നാളെ തിരുത്തിപ്പറയും. ആ പ്രതീക്ഷയില്‍ സരോജിനി, ചെയ്ത പുണ്യത്തെക്കുറിച്ച് ആലോചിച്ച് സന്തോഷിച്ചു.

വീടുവിട്ടിറക്കം
മനസില്‍ സ്വാതന്ത്ര്യസമരത്തിന്റെ അലയൊലികള്‍ മുഴങ്ങിക്കൊണ്ടിരുന്നു. സമയമായില്ലെന്നൊരു തോന്നല്‍! മെട്രിക്കുലേഷന്‍ പാസായപ്പോഴേക്കും സ്വാതന്ത്ര്യസമരം അതിന്റെ മൂര്‍ദ്ധന്യാവസ്ഥയിലെത്തിയിരുന്നു. പിന്നെ ഒന്നും നോക്കിയില്ല. ആരോടും അനുവാദം ചോദിക്കാതെ സരോജിനി വീടുവിട്ടിറങ്ങി. അന്ന് വയസ് 16. ഗാന്ധിയന്‍ പാതയിലായിരുന്നു സഞ്ചാരം. സ്വാതന്ത്ര്യസമരം ഫലംകണ്ടെത്തിത്തുടങ്ങി. ഇന്ത്യ സ്വതന്ത്ര്യയായി.

തുടരുന്ന സാമൂഹ്യസേവനം
ഇന്ത്യ സ്വതന്ത്ര്യയായെങ്കിലും സരോജിനിയ്ക്ക് അടങ്ങിയിരിക്കാനായില്ല. ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ചു. ഗാന്ധിയന്‍ രീതിയില്‍ സാമൂഹ്യസേവനങ്ങളിലേര്‍പ്പെട്ടു. സ്വതന്ത്ര്യ ഇന്ത്യയില്‍ മാറുമറയ്ക്കാനോ പുറത്തിറങ്ങാനോ തയ്യാറാകാതിരുന്ന സ്ത്രീകള്‍ക്ക് പ്രചോദനമായി സരോജിനി ഉത്തരേന്ത്യയിലെ സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ചു. അതിനിടയില്‍ ഇന്‍ഡോറിലെ കസ്തൂര്‍ബാ കേന്ദ്രത്തില്‍ പഠനം പുനരാരംഭിച്ചു. അതോടൊപ്പംതന്നെ കാടും മലകളും താണ്ടി പാവപ്പെട്ട ഗിരിജനങ്ങള്‍ക്ക് മാറ് മറയ്ക്കാനുള്ള അവരുടെ അവകാശത്തെക്കുറിച്ച് ബോധവാന്മാരാക്കി. പരിസരശുചിത്വത്തില്‍ പങ്കാളിയായി അവരെ സ്വയംപര്യാപ്തരാക്കി. വീട് വയ്ക്കാനും തോടുകളുണ്ടാക്കാനും അവര്‍ക്കൊപ്പം കൂടി. ഖാദി- ഹിന്ദി പ്രചാരണം സ്വാശ്രയശീലം വളര്‍ത്തല്‍, ആതുരശുശ്രൂഷ തുടങ്ങിയ ഗാന്ധിജിയുടെ പതിനെട്ടിന കര്‍മ്മപരിപാടികള്‍ പ്രാവര്‍ത്തികമാക്കുകയായിരുന്നു ലക്ഷ്യം.

ശാന്തികുടി സരോജിനി
കെ.പി. മാധവന്‍ നായരുടെ അഭ്യര്‍ത്ഥന പ്രകാരമാണ് സരോജിനി ഗാന്ധി സ്മാരകനിധിയിലും കേളപ്പജിയുടെ ശാന്തികുടീരത്തിലും സ്വനമനുഷ്ഠിക്കുന്നത്. തളരാത്ത മനസുമായി സാമൂഹ്യസേവനത്തില്‍ സരോജിനി വ്യാപൃതയായി. മദ്യഷാപ്പ് വിരുദ്ധ ജനകീയ സമരങ്ങളില്‍ പങ്കെടുത്തതിന് അറസ്റ്റു വരിച്ചു. വിനോഭാജിയോടൊപ്പം ഭൂദാന പദയാത്രയില്‍ പങ്കെടുത്തു.
തൃശൂര്‍ വടൂക്കരയില്‍ ഭാഗംവച്ചു കിട്ടിയ ഭൂമിയില്‍ രണ്ടര സെന്റ് ഒഴികെ ബാക്കിയെല്ലാം ദാനം ചെയ്തു. രണ്ടര സെന്റില്‍ ശാന്തികുടീരം പണിത് ഗാന്ധീയന്‍ ദര്‍ശനങ്ങളുടെ പ്രചരണങ്ങളില്‍ മുഴുകി.

ജീവിതം പകുത്ത്...
ജീവിതയാത്രയില്‍ തനിച്ചായിപ്പോയ സരോജിനി ഒരു പെണ്‍കുഞ്ഞിനെ ദത്തെടുത്തു. പേര് സുധീര. അവള്‍ക്കും വേണ്ടിയായി ജീവിതം. 1975ല്‍ മികച്ച സാമൂഹ്യപ്രവര്‍ത്തകയ്ക്കുള്ള കസ്തൂര്‍ബാ ട്രസ്റ്റിന്റെ അവാര്‍ഡ് കിട്ടുമ്പോള്‍ അത് ഒരാശ്വാസമായിരുന്നു ആ അമ്മയ്ക്കും മകള്‍ക്കും. പ്രതിമാസം 45 രൂപ കിട്ടും. അതുകൊണ്ട് ആ രണ്ടുവയറുകളും പാതി നിറയ്ക്കാം.
എടുത്തുവളര്‍ത്തിയ സുധീരയെന്ന മകള്‍ പാതിവഴിയില്‍ വസൂരിക്ക് കൂഴടങ്ങി, സരോജിനിയെ തനിച്ചാക്കി പോയപ്പോള്‍ സരോജിനി വീണ്ടും ഏകയായി. ആ ദു:ഖങ്ങള്‍ എന്നും അവരുടെ മുഖത്തുണ്ടായിരുന്നു. സ്വന്തം നൂല്‍ നൂറ്റ് ഗാന്ധിയന്‍ ആദര്‍ശനങ്ങള്‍ പ്രചരിപ്പിച്ചു.

മകളെ തേടി
തൃശൂര്‍ വടൂക്കരയിലെ ശാന്തികുടീരത്തില്‍ സ്വയം നൂല്‍ നൂറ്റ് ജീവിതം നെയ്യുന്നതിനിടെയാണ് പത്രത്തില്‍ വന്ന ഒരു ഫോട്ടോയില്‍ കണ്ണുടക്കിയത്. സുധീര എന്ന പേരും ചിത്രവും! നഷ്ടപ്പെട്ട മകളുടേതുപോലൊരു മുഖം! അതേ പേരും! പിന്നെ അന്വേഷണമായി.
പിറ്റേദിവസം രാവിലെ സരോജിനി തൃശൂരില്‍നിന്നും വണ്ടി കയറി, നേരെ കോഴിക്കോട്ടേക്ക്. കോഴിക്കോട് ബിലാത്തിക്കുളത്തെ വീടിന്റെ വാതിലില്‍ മുട്ടിവിളിച്ചു. വാതില്‍ തുറന്നത് സാഹിത്യകാരി കെ.പി. സുധീര!
തലേന്നു പത്രത്തില്‍ പേരും ഫോട്ടോയും കണ്ടതും വസൂരി വന്നു മരിച്ച വളര്‍ത്തുപുത്രി സുധീരയെക്കുറിച്ചും പറഞ്ഞു. ഒരു സ്‌നേഹബന്ധം അവിടെ തുറക്കുകയായിരുന്നു. പിന്നീട് കത്തുകളിലൂടെ അവര്‍ നിരന്തരം ബന്ധപ്പെട്ടു.

സ്വാതന്ത്ര്യസമരപ്പോരാളിയല്ലെന്ന്!
ഗാന്ധിപ്രചരണവുമായി തൃശൂരില്‍ നില്‍ക്കുന്ന കാലത്ത് ജീവിതം വഴിമുട്ടി. സ്വയം നൂല്‍ നൂറ്റുണ്ടാക്കുന്ന വസ്ത്രം മാത്രം ധരിച്ച സ്വാതന്ത്ര്യസമരസേനാനിയുടെ ജീവിതം അര്‍ദ്ധപ്പട്ടിണിയിലേക്കും മുഴപ്പട്ടിണിയിലേക്കും നീങ്ങി. എങ്കിലും ആരുടെയും മുന്നില്‍ കൈനീട്ടാന്‍ മനസ് അനുവദിച്ചില്ല.
ഈ കാലത്താണ് സ്വാതന്ത്ര്യസമരപെന്‍ഷനെക്കുറിച്ച് ചിന്തിച്ചത്. പെന്‍ഷന് അപേക്ഷ നല്‍കിയെങ്കിലും, നിരവധിതവണ പല ഓഫീസുകള്‍ കയറിയിറങ്ങിയെങ്കിലും, ശാന്തികുടി സരോജിനിയുടെ വാക്കുകളില്‍ത്തന്നെ പറഞ്ഞാല്‍ ''മുട്ടിത്തളര്‍ന്നിട്ടും തുറന്നില്ല വാതായനം''.
ജയില്‍വാസം അനുഷ്ഠിച്ചില്ലെന്നു പറഞ്ഞ് പെന്‍ഷന്‍ തഴയപ്പെട്ടു. പെന്‍ഷന്‍ കിട്ടുമെന്നു കരുതിയായിരുന്നില്ല സ്വാതന്ത്ര്യസമരത്തില്‍ സരോജിനി പങ്കെടുത്തത്. പെന്‍ഷന്‍ കിട്ടിയില്ലെങ്കിലും, പട്ടിണി കിടന്ന് മരിക്കേണ്ടിവരികയാണെങ്കിലും ഗാന്ധിദര്‍ശനങ്ങളില്‍ മുഴുകി ജീവിക്കുകയാണ് ജീവിതമെന്ന് ശാന്തികുടി സരോജിനി തീരുമാനിച്ചു.

തുഞ്ചന്റെ മണ്ണിലേക്ക്...
ഗാന്ധിയന്‍ പ്രകൃതിചികിത്സാലയം സാരഥി ഡോ. രാധാകൃഷ്ണന്റെ സഹായത്താലാണ് ശാന്തികുടി സരോജിനി തൃശൂരില്‍ നിന്നും തിരൂരിലേക്ക് എത്തുന്നത്. ഏഴൂര്‍ പുഴയുടെ തീരത്ത് അഭിനവ ശാന്തികുടീരം സ്ഥാപിക്കാനുള്ള സഹായവും ലഭിച്ചു. അവിടത്തെ ഏകാന്തജീവിതത്തിന് വെളിച്ചമേകിയത് ഗാന്ധിദര്‍ശനങ്ങള്‍ തന്നെയായിരുന്നുവെന്ന് ശാന്തികുടി സരോജിനി ഒരിക്കല്‍ പറഞ്ഞിരുന്നു. നൂല്‍ നൂറ്റ് വസ്ത്രങ്ങള്‍ നെയ്ത് എഴുത്തും വായനയുമായി തിരൂരിലെ ശാന്തികുടീരത്തില്‍ അവര്‍ ജീവിച്ചു.

പ്രിയപ്പെട്ട സുധീരമോള്‍ക്ക്...
''പ്രിയപ്പെട്ട സുധീരമോള്‍ക്ക്, വര്‍ഷങ്ങള്‍ക്കുശേഷം അമ്മ മോള്‍ക്ക് എഴുതുകയാണ്. വളരെ നാളായിട്ടു മോളെ കണ്ണില്‍ കാണുന്നു. എന്തുകൊണ്ടോ അതു തെളിഞ്ഞുകൊണ്ടേയിരിക്കുന്നു. ഒന്നു കാണാന്‍ എന്തോ.... മനം പിടയ്ക്കുന്നു... അതിനുള്ള പോംവഴി? നിശ്ചയമില്ല കുട്ടീ... കാണണമെന്നുമാത്രം... എന്ന് സ്വന്തം അമ്മ.''
തിരൂരിലെ ഏകാന്തവാസത്തിനിടയില്‍, വിരസമായ ഏതോ നിമിഷത്തില്‍ എഴുതിക്കുറിച്ച ഒരു പോസ്റ്റ് കാര്‍ഡ്! കെ.പി. സുധീരയ്ക്ക് ആ പോസ്റ്റ് കാര്‍ഡ് കിട്ടിയത് 2007 ജനുവരിയിലായിരുന്നു. ഫെബ്രുവരി ഒമ്പതിന് തിരുന്നാവായവരെ ഒന്നു പോകണം. അന്നാകാം കൂടിക്കാഴ്ച എന്ന് കെ.പി. സുധീരയും തീരുമാനിച്ചു.


2007 ഫെബ്രുവരി എട്ട്
2007 ഫെബ്രുവരി എട്ടിന് ശാന്തികുടി സരോജിനി ഒരു യാത്രയ്ക്ക് ഒരുങ്ങുകയായിരുന്നു. നാളെയാണ് തിരുന്നാവായില്‍ സര്‍വോദയ മേള. ഗാന്ധിയന്മാരെല്ലാം ഒത്തുകൂടും. കസ്തൂര്‍ബാ ട്രസ്റ്റിന്റെ അലവന്‍സ് തുക വൈകിയാണെങ്കിലും കിട്ടിയിട്ടുണ്ട്. യാത്രയ്ക്കുള്ള ചെലവിനെടുക്കാം


2007 ഫെബ്രുവരി ഒമ്പത്
തിരുന്നാവായ മണപ്പുറത്തേക്ക് ഗാന്ധിയന്മാര്‍ എത്തിത്തുടങ്ങി. വിഷയാവതരണത്തിനായി കെ.പി. സുധീരയും എത്തിയിട്ടുണ്ട്. സര്‍വോദയമേളയുടെ തിരക്കുകളില്‍ ആ അമ്മയെ മകള്‍ അന്വേഷിച്ചു. പക്ഷേ, കണ്ടെത്തിയില്ല. വിഷയാവതരണത്തിനായി സുധീരയെ ക്ഷണിച്ചു. പെട്ടെന്ന് ആരോ അടുത്തുവന്നു പറഞ്ഞു: ''നമ്മുടെ ശാന്തികുടി സരോജിനിയമ്മ മരിച്ചുപോയി... ആത്മഹത്യയായിരുന്നു...!!''

വെളിച്ചം അണഞ്ഞു
ശാന്തികുടിയിലെ വെളിച്ചം ഇല്ലാതായി. ഏകാന്തമായ ആ ജീവിതം മണ്ണിനോട് ചേരാന്‍ വെമ്പല്‍കൊണ്ടു. ഏകാന്ത ജീവിതത്തിലെ മടുപ്പ്, സ്വാതന്ത്ര്യസമരസേനാനിയായിട്ടുകൂടി, സര്‍ക്കാരിന്റെ കണക്കില്‍ സ്വാതന്ത്ര്യസമരസേനാനിയെന്ന വിളിപ്പേരു കേള്‍ക്കാതെയുള്ള ജീവിതം. അതല്ലാതെ മറ്റൊരു കാരണം കാണുന്നില്ല ആര്‍ക്കും ആ ആത്മഹത്യയ്ക്ക് കാരണമായി. മരണത്തിനു മുമ്പ് അവര്‍ എഴുതി: ''എന്റെയീ കണ്ണുകളും ഹൃദയവും ജീവനുള്ളതെല്ലാം ആര്‍ക്കെങ്കിലും ഉപകാരപ്പെടുമെങ്കില്‍ അത് അവര്‍ക്ക് കൊടുക്കണം. ബാക്കി വരുന്ന എന്റെ ശരീരം കുട്ടികള്‍ക്ക് പഠിക്കാന്‍ നല്‍കണം.''

ബാക്കിവച്ച സ്വപ്നങ്ങള്‍
ശാന്തികുടി ഗാന്ധിസ്മാരകമാക്കണമെന്നായിരുന്നു ശാന്തികുടി സരോജിനിയുടെ ആഗ്രഹം. എന്നാല്‍ പിന്നീട് ശാന്തികുടി അംഗന്‍വാടിയാക്കി. (അത്രയെങ്കിലും ആശ്വാസം!) കണ്ണുകളും ഹൃദയവും ദാനം ചെയ്യണമെന്ന ആഗ്രഹം നടന്നില്ല. ശരീരം പഠനത്തിനായി നല്‍കണമെന്ന ആഗ്രഹം സര്‍ക്കാരിന്റെ ചുവപ്പുനാടയില്‍പ്പെട്ട് കത്തിക്കരിഞ്ഞുപോയി.
സ്വാതന്ത്ര്യസമരചരിത്രപാഠങ്ങളില്‍ ഇടം നേടിയില്ലെങ്കിലും സ്വന്തം ജീവിതത്തിലെ ഗാന്ധിയന്‍ ആശയങ്ങളെ മുറുകെ പിടിച്ചു ജീവിച്ച ശാന്തികുടി സരോജിനി സ്വന്തം നൂറ്റ നൂലാല്‍ തീര്‍ത്ത ഖദര്‍മുണ്ടില്‍ ജീവിതം അവസാനിപ്പിക്കുകയായിരുന്നു. പന്ത്രണ്ടാം വയസില്‍ സ്വാതന്ത്ര്യസമരത്തിനായി ആകെയുണ്ടായിരുന്ന പൊന്‍തരി നല്‍കാന്‍ തോന്നിയ മനസിനെ, രാഷ്ട്രത്തിനായി സമര്‍പ്പിക്കാന്‍ തോന്നിയ ജീവിതത്തെ, ഗാന്ധിയന്‍ ആശയങ്ങള്‍ക്കായി ജീവിച്ച ശാന്തികുടി സരോജിനിയെ ഈ ഗാന്ധിജയന്തി നാളുകളിലെങ്കിലും പ്രചോദനത്തിന്റെ വെളിച്ചമായി പുതുതലമുറ അറിയട്ടെ!

കെ. സജിമോന്‍

അതിരുകളില്ലാത്ത ശാന്തിപര്‍വ്വം

ഇതൊരു കഥയല്ല, കഥയെ വെല്ലുന്ന നായികയുടെ ജീവിതം. ഇതിലെ കഥാപാത്രങ്ങളൊന്നും സാങ്കല്‍പ്പികങ്ങളല്ല, എല്ലാം ഇവിടെ ജീവിച്ചിരുന്നവരും ജീവിക്കുന്നവരും. കഥയിലെ നായിക സീമ. ചങ്കുറപ്പുള്ള സ്ത്രീകഥാപാത്രങ്ങള്‍ സ്വന്തം പേരില്‍ സമ്പന്നമായ മലയാളത്തിലെ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം നായിക. ഒട്ടേറെ കഥാപാത്രങ്ങള്‍ ജീവിതംകൊണ്ടും അനുഭവിച്ചുതീര്‍ത്ത സീമ എന്ന മലയാളത്തിന്റെ ഒരേയൊരു സീമ.

കുന്നിന്‍മുകളിലായിരുന്നു ആ വീട്. ശാന്തമായി ഒഴുകുന്ന ഒരു പുഴ അതിന്റെ അരികിലെവിടെയോ ഉണ്ടായിരിക്കണം. നിറയെ സമൃദ്ധമായ പച്ചപ്പുകള്‍ക്കിടയില്‍ തലയുയര്‍ത്തി നില്‍ക്കുന്നു മലയ്ക്കുമുകളിലെ വീട്. ആ കുന്നിന്റെ അടിവാരത്ത് ഒരു കോണ്‍വെന്റാണ്. നിര്‍ധനരായ കുട്ടികളെ താമസിപ്പിച്ചു പഠിപ്പിക്കുന്ന മഠം. അതിനോടുചേര്‍ന്നൊരു പ്രാര്‍ത്ഥനാലയം. അവിടെ ഇടയ്ക്കിടെ ഉയരുന്ന കുട്ടികളുടെ ശബ്ദം മഠത്തിന്റെ മൗനമായ പ്രാര്‍ത്ഥനയ്ക്ക് താളമിടുന്നു.
കുന്നിന്‍മുകളിലെ വീട്ടിലേക്ക് കുത്തനെയുള്ള കയറ്റം കയറുമ്പോള്‍ ഗെയിറ്റിനകത്ത് പരിചിതരല്ലെങ്കിലും, ''കേറിച്ചെന്നാട്ടെ, വരുന്നൂന്ന് അറിഞ്ഞു'' എന്ന് ചിരിയോടെ പരിചയപ്പെടുന്നു ചിലര്‍.
ഇവിടെയല്ലേ എന്ന സന്ദേഹം ഇടയ്‌ക്കൊക്കെയും വന്നു നിറഞ്ഞിരുന്നു. എങ്കിലും മുന്നോട്ടുതന്നെ നടന്നു. താരങ്ങളുടെ പരിവാരങ്ങളുടെ നെട്ടോട്ടമില്ല, ഡയറക്ടറുടെ നിര്‍ദ്ദേശങ്ങളുടെ ഒച്ചകളില്ല, ആകെയുള്ളത് സിനിമാവണ്ടിയും ജനറേറ്ററിന്റെ നേര്‍ത്ത ശബ്ദവുംമാത്രം. ജനറേറ്ററിന്റെ ശബ്ദംകൊണ്ടാണ് സ്ഥലം മാറിയില്ലെന്ന് മനസ്സിലായത്. അകത്തേക്ക് ചെല്ലുംതോറും അപരിചിതരുടെ എണ്ണം വര്‍ദ്ധിച്ചു, ഒപ്പം പരിചിതഭാവത്തിലുള്ള ചിരിയും.
വീടിനകത്ത് 'ഇവള്‍ യമുന' എന്ന സീരിയലിന്റെ ഷൂട്ടിംഗ് നടക്കുകയാണ്. പുറത്ത് ലൈറ്റ് സ്റ്റാന്റുകള്‍ക്കിടയിലെ കസേരയില്‍ ഇരിക്കുമ്പോള്‍ അകത്ത് സംവിധായകന്‍ ഫൈസലിന്റെ നിര്‍ദ്ദേശം പതിയെ കേള്‍ക്കാം. മിനിട്ടുകള്‍ക്കുള്ളില്‍ ആ ടേക്ക് ഓകെയാക്കി സീമ പുറത്തേക്കുവന്നു. ചിരിച്ചുകൊണ്ട് പുറത്തേക്കെത്തി അടുത്ത കസേരയിലിരുന്ന്; ''എന്തേ നില്‍ക്കുന്നത്? ഇരിക്ക്.''
സീമാമാഡം എന്ന വിളിയില്‍ നിന്നും സീമച്ചേച്ചി എന്ന വിളിയിലേക്കുള്ള ചുവടുമാറ്റിയിരുത്തി.
''പറ, എന്താ വേണ്ടേ? എന്താ ഞാന്‍ ചെയ്യേണ്ടേ? വേഗം വേഗം ചോദിച്ചോളൂ.''
''നൊസ്റ്റാള്‍ജിയ, കഥാപാത്രങ്ങള്‍, ഓര്‍മ്മകള്‍, അനുഭവങ്ങള്‍, അങ്ങനെയെല്ലാമെല്ലാം'', ആവനാഴിയിലെ സകല അമ്പുകളും ഞാനൊരുമിച്ച് എയ്തു.
''ഹെന്റമ്മേ, പത്തുമുപ്പത്തിനാലു വര്‍ഷം പിന്നിലേക്ക് ഒറ്റയടിക്ക് പോകാനോ? ഡയറക്ടറേ കേട്ടില്ലേ, ഫ്‌ളാഷ്ബാക്കിലേക്ക് ഞാന്‍ പോകണംപോലും.''
''പതുക്കെ പോയാല്‍ മതി. ഞങ്ങള്‍ക്ക് ധൃതിയില്ല.''
''അമ്പടാ കൊള്ളാല്ലോ, എനിക്ക് ധൃതിയില്ലേ? എനിക്കാണെങ്കില്‍ വിശക്കുന്നു. നിങ്ങള് ഭക്ഷണം കഴിച്ചോ? ഇല്ലല്ലൊ, എങ്കില്‍, ലാലൂ, ഇവര്‍ക്ക് രണ്ടുപേര്‍ക്കുകൂടി ഭക്ഷണമുണ്ടാകുമല്ലോ അല്ലേ?''
സീമച്ചേച്ചിയുടെ ശബ്ദം അവിടെ മുഴങ്ങിയപ്പോള്‍, ''ഇപ്പോഴാ ഇതൊരു ലൊക്കേഷന്റെ പ്രതീതിയായത്.'' എന്ന് ചിരിയോടെ പറയുമ്പോഴേക്കും സീമച്ചേച്ചി ഓര്‍മ്മകളിലേക്ക് പതിയെ കടന്നു,
''ഞാനിങ്ങനെത്തന്നെയായിരുന്നു പണ്ടും. ഞാന്‍ ലൊക്കേഷനിലെത്തിയാല്‍ ജയേട്ടന്‍ പറയുമായിരുന്നു, ഇനിയിവിടെ ഒച്ചേം ബഹളോക്കൊ ആയിരിക്കും എന്ന്. ശശിയേട്ടനാണെങ്കില്‍ സിനിമയാണ് ഭാര്യ എന്നു പറഞ്ഞുനടക്കുന്നയാളാണ്. വെറുതെ ഇരിക്കുമ്പോള്‍പോലും അടുത്ത സീനിനെക്കുറിച്ചും, എടുത്ത സീനിനെക്കുറിച്ചുമൊക്കെയാവും ചിന്ത. എന്നാല്‍ ഞാന്‍ ഒരു നിമിഷംപോലും സെറ്റിനെ നിശബ്ദമാക്കില്ല. കളിച്ചുനടക്കേണ്ട പ്രായത്തില്‍ ഉത്തരവാദിത്തംകൂടുതലായതുകൊണ്ട് അതിനൊന്നും സാധിച്ചില്ല. അതുകൊണ്ട് ഉത്തരവാദിത്തമൊക്കെ ആയ കാലത്താ ഞാന്‍ കളിച്ചുനടക്കുന്നത്.
ലൊക്കേഷനില്‍ മിണ്ടാതിരിക്കാനൊന്നും എന്നെ കിട്ടില്ല. ആരുടെ മുഖത്തുനോക്കിയും കാര്യം പറയാനുള്ള ചങ്കുറപ്പൊക്കെ എനിക്ക് അന്നേയുണ്ടായിരുന്നു. അത് അമ്മ പഠിപ്പിച്ച പാഠമായിരുന്നു. രണ്ട് അടിവെച്ചുകൊടുക്കേണ്ടതാണെങ്കില്‍ അങ്ങനെ ചെയ്‌തോളാന്‍ അമ്മ എന്നെ പഠിപ്പിച്ചിട്ടുണ്ട്. ജീവിതത്തില്‍ അനുഭവിച്ചിരുന്ന പ്രയാസങ്ങളായിരുന്നു അമ്മയെ ശക്തിയുള്ളവളാക്കിയത്. ആ തന്റേടമൊക്കെ എനിക്കും കിട്ടിയിട്ടുണ്ട്. ഒരു സെറ്റിലെ അനുഭവം പറയാം.
കൃഷ്ണന്‍ നായര്‍ സാറിന്റെ മണിയറ എന്ന ചിത്രത്തിലേക്ക് എന്നെ അഭിനയിക്കാന്‍ വിളിക്കുമ്പോള്‍ എനിക്കന്ന് ഡേറ്റില്ലായിരുന്നു. പ്രൊഡ്യൂസര്‍ ടി.ഇ. വാസുദേവന്‍ സാറാണ്. എത്ര കാശു വേണേലും തരാം, സീമ വരണം എന്ന് വാസുദേവന്‍സാര്‍ വന്നു പറഞ്ഞു. ഡേറ്റ് പ്രശ്‌നം പറഞ്ഞപ്പോള്‍ അഞ്ചുദിവസം മതിയെന്നായി. അത്ര ദിവസംകൊണ്ട് കൃഷ്ണന്‍നായര്‍ സാര്‍ ഷൂട്ട് ചെയ്ത് വിട്ടോളാമെന്ന് പറഞ്ഞു. നേരത്തേ മറ്റൊരു പടത്തിന് ഡേറ്റ് കൊടുത്തതിനാല്‍ എങ്ങനെയെങ്കിലും ഒഴിവാക്കുകയായിരുന്നു എന്റെ ലക്ഷ്യം. അവരോട് കൂടുതല്‍ കാശ് ചോദിച്ചാല്‍ ഒഴിവാക്കുമെന്ന് കരുതി, കൂടുതല്‍ കാശ് ഞാന്‍ ഡിമാന്റ് ചെയ്തു. എന്നിട്ടും അവര്‍ പോകാന്‍ കൂട്ടാക്കിയില്ല. അങ്ങനെ അഞ്ചു ദിവസത്തെ ഡേറ്റ് കൊടുത്തു. ഷൂട്ടിംഗ് കഴിഞ്ഞ് ഇറങ്ങാന്‍നേരം വാസുദേവന്‍സാര്‍ എന്റെ കൈയ്യിലേക്ക് ഞാന്‍ ആവശ്യപ്പെട്ട ഭീമമായ തുക തന്നെ കൊണ്ടുവന്നുതന്നു. അതില്‍നിന്നും അക്കാലത്ത് ഞാനെത്രയാണോ പ്രതിഫലം വാങ്ങിയിരുന്നത്, ആ പണം മാത്രം എടുത്ത് ബാക്കി സാറിനുതന്നെ തിരിച്ചുകൊടുത്തു. ഡേറ്റ് മാറ്റുന്നെങ്കില്‍ മാറ്റട്ടെ എന്നു കരുതി മാത്രമാണ് അത്രയും തുക ഞാനാവശ്യപ്പെട്ടതെന്ന് അദ്ദേഹത്തെ പറഞ്ഞു മനസ്സിലാക്കി.
'മണിയറ' എന്ന ചിത്രം പുറത്തിറങ്ങുന്നതോടെ കൃഷ്ണന്‍നായര്‍ സാറുമായും വാസുദേവന്‍സാറുമായും ഗാഢബന്ധം ഉണ്ടാക്കിയെടുക്കാന്‍ എനിക്കായിരുന്നു. തൊട്ടടുത്ത പടം 'മണിത്താലി'യായിരുന്നു. അതിലേക്കും എന്നെ വിളിച്ചു. ഞാന്‍ ചെന്നു. നസീര്‍സാറും മമ്മൂക്കയുമൊക്കെയാണ് അതില്‍ കൂടെ അഭിനയിക്കുന്നവര്‍. പെരുമ്പാവൂര് ഷൂട്ടിംഗ് പുരോഗമിക്കുന്നതിനിടെ പെട്ടെന്ന് കോതമംഗലത്തേക്ക് ലൊക്കേഷന്‍ ഷിഫ്റ്റ് ചെയ്യേണ്ടിവന്നു. കോതമംഗലത്ത് ഞങ്ങളെത്തി ക്യാമറയും മറ്റും സെറ്റു ചെയ്ത് ഷൂട്ട് ആരംഭിക്കാന്‍ ഒരുങ്ങിയിട്ടും മേക്കപ്പ്മാന്‍ അടക്കമുള്ളവര്‍ പെരുമ്പാവൂരില്‍നിന്നും വരുന്നതേയുള്ളു. വെയിലു പോകുന്നു, വൈകിയാല്‍ ഷൂട്ടിംഗ് നടക്കില്ല എന്നൊക്കെയുള്ള ടെന്‍ഷന്‍ ഒരുവശത്ത്. ഒരു പാറപ്പുറത്തായിരുന്നു ഷൂട്ട് പ്ലാന്‍ ചെയ്തത്. മമ്മൂക്കയോട് ഞാന്‍ അവിടെ ഇരിക്കാന്‍ ആവശ്യപ്പെട്ടു. ഞാന്‍ എന്റെ കൈയ്യിലുണ്ടായിരുന്ന മേക്കപ്പ് സാധനങ്ങളൊക്കെയെടുത്ത് മമ്മൂക്കയ്ക്ക് മേക്കപ്പിടാന്‍ തുടങ്ങി. ആ സമയത്താണ് പ്രൊഡ്യൂസര്‍ കൂടിയായ വാസുസാര്‍ അങ്ങോട്ട് വന്നത്. സാറിന് ഇതേതും പിടിച്ച മട്ടില്ല. വന്നയുടനെ, ''എന്തായീ കാണിക്കുന്നത്.......'' എന്നു തുടങ്ങി കുറേനേരം ശകാരം. എനിക്ക് അപ്പോഴേക്കും സങ്കടമൊക്കെ വന്നെങ്കിലും ഞാന്‍ പുറത്തുകാണിച്ചില്ല. ഞാന്‍ മേക്കപ്പിട്ടുകൊണ്ടിരുന്നു. കുറേനേരം ശകാരിച്ച് സാര്‍ അങ്ങോട്ട് പോവുകയും ചെയ്തു. ഇതു കണ്ടു നിന്ന കൃഷ്ണന്‍നായര്‍സാറാകട്ടെ, എന്റെയടുത്തെത്തി എന്നെയൊന്ന് ഇളക്കാന്‍ ശ്രമിച്ചു, ''എങ്കിലും അങ്ങനെ പറയേണ്ട കാര്യമൊന്നും വാസുസാറിനുണ്ടായിരുന്നില്ല, സമയം വൈകുന്നതുകൊണ്ട് സീമ ചെയ്‌തെന്നല്ലേയുള്ളു, അതിനിത്രേം പറയേണ്ടായിരുന്നു. അതേതായാലും ശരിയായില്ല.''
ഇതുകൂടി കേട്ടപ്പോള്‍ ഞാന്‍ ശരിക്കും ഒന്നിളകി. മേക്കപ്പ് സ്‌പോഞ്ച് മമ്മൂക്കയുടെ കൈയ്യിലേക്ക് കൊടുത്ത്, വാസുസാറിനെ ലക്ഷ്യമാക്കി ഞാന്‍ നടന്നു. വാസുസാര്‍ ഒറ്റയ്ക്ക് നില്‍ക്കുകയാണ്. ഞങ്ങള്‍ക്കെല്ലാം ചുറ്റും സിനിമാഷൂട്ടിംഗ് കാണാനെത്തിയവര്‍ വട്ടമിട്ടു നില്‍ക്കുന്നുണ്ട്. ഞാന്‍ നേരെ ചെന്ന് സാറിനെ കെട്ടിപ്പിടിച്ച് ഒരുമ്മ വച്ചുകൊടുത്തു.
എല്ലാവരും സ്റ്റക്കായിപ്പോയി. പുതുതായി വാങ്ങിയ ബെന്‍സ് കാറില്‍ നടി പത്മിനി കയറി എന്നു പറഞ്ഞ് കാര്‍ കഴുകി വിറ്റു എന്നൊരു കഥ വാസുസാറിനെക്കുറിച്ച് സെറ്റുകളില്‍ കേട്ടിരുന്ന കാലമാണ്. പക്ഷേ, സാര്‍ ഒന്നും മിണ്ടിയില്ല. തരിച്ചൊരു നില്‍പുമാത്രം.''
സിനിമയിലെ കഥാപാത്രമായാലും ജീവിതത്തിലായാലും ധീരയായിരുന്നു സീമ. മറ്റുള്ളവര്‍ ഏതു ഗണത്തിലാണ് തന്നെ പെടുത്തുന്നത് എന്നല്ല, എന്താണോ താന്‍, അതുതന്നെയായിരുന്നു ജീവിതംകൊണ്ട് സീമ കാണിച്ചുതന്നത്. ആ ചങ്കൂറ്റമായിരുന്നു പലപ്പോഴും കഥാകൃത്തുക്കള്‍ കഥാപാത്രങ്ങളായി സീമയ്ക്കു നല്‍കിയത്. ആദ്യചിത്രമായ അവളുടെ രാവുകളിലെ രാജിയായി എത്തുമ്പോള്‍ അന്നേവരെ അത്തരമൊരു റോള്‍ ചെയ്യാന്‍ മറ്റൊരാള്‍ ധൈര്യപ്പെടില്ലായിരുന്നു. ആ ധൈര്യവും തന്റേടവുംതന്നെയായിരുന്നു മലയാളത്തിലെ ഏറ്റവും ശക്തയായ സ്ത്രീകഥാപാത്രങ്ങളെ സീമയെ മുന്നില്‍ക്കണ്ടുകൊണ്ട് തിരക്കഥാകൃത്തുക്കള്‍ കഥയൊരുക്കിയത്. കഥയുടെ പാതിയിലെത്തി സ്വന്തം കഥയാക്കി മാറ്റുന്ന 'ആള്‍ക്കൂട്ടത്തില്‍ തനിയെ'യിലെ അമ്മുക്കുട്ടി, കല്യാണം കഴിക്കുന്നില്ല എന്ന് തീരുമാനിച്ച് ജീവിതം പോക്കുന്ന 'ഇന്നല്ലെങ്കില്‍ നാളെ' എന്ന ചിത്രത്തിലെ രാധ, ചങ്കുറപ്പുകൊണ്ടുമാത്രം ജീവിതം മുന്നോട്ടുനയിച്ചിരുന്ന 'മഹായാന'ത്തിലെ രാജമ്മ, നായകനെ രക്ഷിക്കാന്‍ ബുള്ളറ്റില്‍ തീയിലേക്ക് ചാടുന്ന 'അങ്ങാടി'യിലെ നായിക. എണ്ണിയാല്‍ ഇനിയും കൂടും.
''ആ കഥാപാത്രങ്ങളെല്ലാം അതെഴുതിയവരുടെ മിടുക്കാണ്. വാസുവേട്ടനെ ഞാന്‍ അഞ്ചാറുകൊല്ലം മുമ്പ് കാണാന്‍ പോയിരുന്നു. അന്ന് അദ്ദേഹം പറഞ്ഞ ഒരു വാക്കുണ്ട്, ''ഇപ്പോള്‍ അങ്ങനെയുള്ള കഥാപാത്രങ്ങളൊന്നുമില്ലല്ലെ, ഇപ്പോ നിങ്ങളൊന്നുമില്ലല്ലൊ. ഇപ്പോ അങ്ങനെയൊന്നും എഴുതാനും തോന്നുന്നില്ല''. അത് എനിക്ക് ദേശീയ അവാര്‍ഡ് കിട്ടുന്നതിനേക്കാളും വലിയ അംഗീകാരമാണ്. ആ കാല്‍ക്കലിലേക്ക് ഞാന്‍ വീണു നമസ്‌കരിച്ചു.''
സീമ ചെയ്തിരുന്ന കഥാപാത്രങ്ങള്‍ ഈ ഭൂമിയില്‍ എവിടെയൊക്കെയോ ജീവിച്ചിരുന്നിരുന്നു. നാട്ടുവഴിയില്‍ ഒറ്റയാള്‍ ശബ്ദമായോ, ആരും മനസ്സിലാക്കാതെ ഒരു കോണിലോ മറ്റോ ആയി.
''സിനിമ ചെയ്തു കഴിഞ്ഞ് ഞാന്‍ പലരും പറഞ്ഞ് പല കഥാപാത്രങ്ങളെ അറിഞ്ഞിട്ടുണ്ട്. ഒരു കഥാപാത്രം അതേ മട്ടില്‍ ഞാന്‍ കണ്ടിട്ടുണ്ട്. 'വാര്‍ത്ത' എന്ന ചിത്രത്തിലെ കളക്ടറുടെ വേഷം, അതുപോലൊരു കളക്ടറെ ഞാന്‍ രിന്നീടു കണ്ടു. തിരുവണ്ണാമലൈയിലാ# ദീപം കാണാന്‍ പോയപ്പോഴാണ് അവിടെയുള്ള കളക്ടറെ അറിയുന്നത്. 'ഇരുകോടുകളി'ലെ സൗക്കാര്‍ ജാനകിയമ്മയെ അനുസ്മരിപ്പിക്കുന്ന വനിതാകളക്ടര്‍. പാവങ്ങള്‍ക്ക് വീടൊരുക്കി നല്‍കുന്ന, അധികാരമുപയോഗിച്ച് കൊള്ളരുതായ്മ കാണിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുന്ന ഒരു കളക്ടര്‍. ഒരിക്കല്‍ മുഖ്യമന്ത്രി അവരോട് ചോദിച്ചു, ''ഐ.എ.എസ്സെല്ലേ, അല്ലാതെ, ..... അത്യാവശ്യം വിട്ടുവീഴ്ചയൊക്കെ ചെയ്തൂടെ?''
''ഐ.എ.എസ്സിനുള്ള ട്രെയിനിംഗിന്റെ സമയത്ത് അതിനുകൂടിയുള്ള ട്രെയിനിംഗ് തരാന്‍ പറയൂ'' എന്നതായിരുന്നു അവരുടെ മറുപടി. ഇന്നും എന്റെ സുഹൃത്താണ് ആ കളക്ടര്‍. ''
സംസാരത്തിനിടയില്‍ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ച് ഞങ്ങള്‍ അല്‍പ്പം മാറി, വീടിന്റെ പുല്‍ത്തകിടിയോടു ചേര്‍ന്ന പടികളില്‍ ഇരിക്കുകയായിരുന്നു. നിശബ്ദമായി അപ്പോഴും അകത്ത് ഷൂട്ടിംഗ് നടക്കുന്നുണ്ടായിരുന്നു. കുന്നിന്റെ താഴ്‌വരയില്‍നിന്നും കുട്ടികളുടെ ഒച്ചയനക്കങ്ങള്‍ ഇല്ലാതായിരിക്കുന്നു. ഇടയ്ക്ക് സീമച്ചേച്ചിയുടെ മൊബൈലിലേക്ക് ഫോണ്‍കോളുകള്‍ വന്നു. ആദ്യത്തേത് ശശിയേട്ടനായിരുന്നു. മരുന്നെടുത്ത് കഴിക്കാന്‍ ഓര്‍മ്മപ്പെടുത്തല്‍. മറ്റൊരു കോള്‍ വന്നപ്പോള്‍ സീമച്ചേച്ചി; ''നീ തന്നെ പോയി വാങ്ങണം കേട്ടോ, പറ്റില്ല. ഒരു കുത്തു തന്നാലുണ്ടല്ലോ, പറഞ്ഞാല്‍ മനസ്സിലാവില്ലേ? എന്റെ ചക്കരയല്ലേ, പോയി നല്ല കുട്ടിയായി വാങ്ങിയിട്ട് വാ, എന്നിട്ട് നീ തന്നെ അവിടെ വയ്ക്കണം. എന്നിട്ടെന്നെ വിളിക്കണം കെട്ടോ!''
ശാസനയും സ്‌നേഹവും നിറച്ച വാക്കുകള്‍ കേട്ടപ്പോള്‍ മകളായിരിക്കുമെന്ന് കരുതിയെങ്കിലും അത് ഒരു കൂട്ടുകാരിയാണെന്ന് തിരുത്തല്‍ വന്നു. സീമച്ചേച്ചി അങ്ങനെയാണ്, മനസു നിറയുന്ന വാത്സല്യം ഒളിപ്പിച്ചുവയ്ക്കാതെ നേരെ വിളമ്പിത്തരുന്ന അമ്മ. സുകുമാരിച്ചേച്ചി ഒരിക്കല്‍ പറഞ്ഞിരുന്നു, ''സീമ പിണങ്ങണമെങ്കില്‍ വലിയ പാടാ, പക്ഷേ പിണങ്ങിയാലോ പിന്നെ ഒന്നിണക്കാന്‍.... അതുനോക്കേണ്ട.''
സംസാരത്തിനിടയില്‍ സീമച്ചേച്ചിയുടെ കണ്ണുകള്‍ അങ്ങ് ദൂരേക്ക് നീണ്ടു. ഗെയിറ്റിനകത്തെ പുല്‍ത്തകിടിയോട് ചേര്‍ന്ന് കൊലുന്നനെയുള്ള ഒരു പെണ്‍കുട്ടി. പത്തോ പതിമൂന്നോ വയസ് പ്രായം. സ്‌നേഹം നിറഞ്ഞ ചിരിയോടെ അവളെ നോക്കുകയാണ്. ആ നോട്ടത്തില്‍ കണ്ണുകള്‍ ഇറുകിയടയുന്നു, ചിരി പടരുന്നു. മടിച്ചുമടിച്ച് നിന്ന അവളുടെ നടത്തം വേഗത്തിലായി. ഒരു കാറ്റുപോലെ വന്ന് അവള്‍ സീമച്ചേച്ചിയുടെ കൈകള്‍ ചേര്‍ത്തുപിടിക്കുകയായിരുന്നു. ഒന്നും പറയാതെ അവള്‍ ആ കൈകള്‍ കൂട്ടിപ്പിടിക്കുകയായിരുന്നു.
''എന്താ മോളുടെ പേര്?''
താഴ്‌വാരത്തിന്റെ താഴേക്ക് ഇടയ്ക്കിടെ കണ്ണേറിട്ട് നോക്കുന്നുണ്ടായിരുന്നു അവള്‍. അവള്‍ വാക്കുകള്‍ കിട്ടാതെ ഇടറി.
''സീമച്ചേച്ചീനെ എനിക്ക് വലിയ ഇഷ്ടാ.....'' ഇടറി അവള്‍ പറഞ്ഞൊപ്പിച്ചു.
''ചേച്ചീന്നോ? അമ്മേന്ന് വിളിച്ചാ മതി.''
''ഏയ്, എന്റെ അമ്മയുടെ അത്രേയൊന്നും പ്രായമില്ലല്ലൊ ചേച്ചിക്ക്.'' വീണ്ടും താഴ്‌വാരത്തിലേക്ക് അവള്‍ നോക്കിക്കൊണ്ടിരുന്നു.
''എന്നെ കാണാനല്ലെ വന്നത്, പിന്നെന്തിനാ നീ അങ്ങോട്ട് നോക്കിക്കൊണ്ടിരിക്കുന്നത്? എന്നെ നോക്ക്.'' സീമച്ചേച്ചി അവളുടെ കവിള്‍ ചേര്‍ത്തുപിടിച്ചു.
''ഇന്നലെത്തൊട്ടേ ചേച്ചി ഇവിടെയുണ്ടെന്ന് അറിഞ്ഞു. അവിടെയാ ഞാന്‍ പഠിക്കുന്നത്. ആരും കാണാതെ അമ്മയെ ഒന്നു കണ്ട് പോകാന്‍ വന്നതാ.''
''സന്തോഷായോ? അത്രേം സന്തോഷായോ?''
''എനിക്ക് രണ്ട് ആഗ്രഹമാ ഉള്ളത്. ഒന്ന് അമ്മയെ തൊടണംന്ന്. പിന്നെ ഒന്നൂടെയുണ്ട്. ഒന്ന് കണ്ണടയ്‌ക്കോ?''
സീമച്ചേച്ചി രണ്ടു കണ്ണുകളും അടച്ചു. അവള്‍ ചേച്ചിയെ കെട്ടിപ്പിടിച്ച് കവിളില്‍ ഒരുമ്മ നല്‍കി. ചേച്ചി അവളെയും ചേര്‍ത്തുപിടിച്ചു. ''യ്യോ, സമയായി. ഞാന്‍ പോട്ടേ...'' പറഞ്ഞുതീരുംമുന്നേ ചേച്ചിയുടെ കൈകള്‍ ചേര്‍ത്തുപിടിച്ച് ഉമ്മവെച്ച് അവള്‍ ഓടി. ''ഞാന്‍ ഇനിയും വരൂട്ടോ.'' ഓട്ടത്തിനിടയില്‍ അവള്‍ പറഞ്ഞു.
''മോളേ പതുക്കെ പോ...''
അച്ഛന്‍ മരിച്ചപ്പോള്‍, രോഗിയായ അമ്മയ്ക്ക് ഉറപ്പില്ലാത്ത കൂരയില്‍ മകളെ വളര്‍ത്താന്‍ ധൈര്യമില്ലാതായപ്പോള്‍ പഠനത്തിനായി ഇവിടെ കൊണ്ടുവിട്ടതാണ്. ഇതുപോലെ വേറെയുമുണ്ട് അവിടെ കുട്ടികള്‍. അവള്‍ ആ കുന്നിന്‍ചരുവിലൂടെ താഴേക്ക് ഒഴുകുകയായിരുന്നു. സ്‌നേഹത്തിന്റെ ഒരു പുഴ അവള്‍ക്കൊപ്പം ഈ മുറ്റത്തുനിന്നും താഴേക്ക് ഒഴുകുന്നുണ്ട്. കണ്ണെത്തുംദൂരത്തുനിന്നും അവള്‍ മറഞ്ഞു. സീമച്ചേച്ചിയുടെ കണ്ണുകള്‍ ഈറനണിഞ്ഞോ?
ഓര്‍മ്മകള്‍ ഇപ്പോള്‍ ആ മുഖത്ത് മിന്നിമായുന്നതായിരിക്കാം. തന്റെ ഏഴാം വയസില്‍ അച്ഛനും അമ്മയും വേര്‍പിരിഞ്ഞതോടെ ഒറ്റപ്പെട്ടുപോയ അമ്മ. കൂടെ കളിതമാശപ്രായത്തില്‍ ജീവിതത്തിന്റെ ഗൗരവത്തിലേക്ക് മാറ്റപ്പെട്ട ശാന്തി എന്ന മകള്‍. പട്ടിണിയില്ലാത്ത ദിവസം കൊതിച്ച ഏഴു വയസ്സുകാരി. മദിരാശിയിലേക്കുള്ള തീവണ്ടിയാത്രയില്‍ പാളത്തിനരികിലെ കൊച്ചുകൂരകള്‍ കാണുമ്പോള്‍, ഇതുപോലൊരു കൊച്ചുവീട് അമ്മയ്ക്ക് ഒരുക്കിക്കൊടുക്കണമെന്ന് മോഹിച്ച പതിനൊന്നുകാരി. അത്രത്തോളമേ ആഗ്രഹിക്കാന്‍പോലും അറിഞ്ഞിരുന്നുള്ളു. പക്ഷേ തളരരുത് എന്ന് അമ്മ ജീവിതംകൊണ്ട് കാണിച്ചുകൊടുത്തു. സ്‌കൂള്‍ ഫൈനലോടെ പഠനം അവസാനിപ്പിച്ച് നൃത്തം അഭ്യസിച്ചു. വലിയ നേട്ടങ്ങളിലേക്കല്ല, ചെറിയ ജീവിതത്തിലേക്കായിരുന്നു ശാന്തിയുടെ നോട്ടം. സിനിമയില്‍ നൃത്തസംവിധാനത്തേക്കെത്തിയപ്പോള്‍ ശാന്തി സീമയായി മാറുന്നു. ശക്തമായ കഥാപാത്രങ്ങളിലൂടെ സിനിമയില്‍ സാന്നിധ്യമറിയിക്കുമ്പോഴും സ്വയം തളരില്ലെന്ന് ഉറപ്പിക്കുകയായിരുന്നു. ഐ.വി. ശശി എന്ന സംവിധായകന്റെ ഭാര്യയായിത്തീരുമ്പോഴും ബാല്യത്തില്‍ ആര്‍ജ്ജിച്ച മന:ശക്തി ഒട്ടും ചോര്‍ന്നില്ല. പിന്നീടൊരിക്കല്‍ ഭര്‍ത്താവ് ആശുപത്രി കിടക്കയില്‍ കിടക്കുമ്പോള്‍, ''ഇങ്ങനെയൊരു ശശിയേട്ടനെ എനിക്ക് കാണേണ്ട, എണീക്ക്, വലിയ ഹിറ്റ്‌മേക്കറല്ലേ, ഒരിക്കല്‍ക്കൂടി ജയിച്ചുകാണിക്ക്, അതിനിടയില്‍ മരിച്ചെന്നു കേട്ടാലും ഞാന്‍ കരയില്ല'' എന്നു പറയുന്ന സീമയുടെ ആര്‍ജ്ജവം. എല്ലാം ആ മുഖത്തുനിന്നും ആ നിമിഷം വായിച്ചെടുക്കാമായിരുന്നു. വീണ്ടുമൊരിക്കല്‍ക്കൂടി താഴ്‌വരയില്‍ നിന്നും ആ കുട്ടി നോട്ടുബുക്കുമായി പടികള്‍ കയറി ആ വീട്ടുമുറ്റത്തേക്ക് വന്നപ്പോള്‍ ഈ കഥ പറഞ്ഞ്, 'തളരരുത്' എന്നൊരു വാക്ക് ചേര്‍ത്തെഴുതണമെന്നു തോന്നി. എന്നാല്‍ സീമച്ചേച്ചി ആ നോട്ട്ബുക്ക് വാങ്ങി ഇങ്ങനെയെഴുതി:
''ഞാനുണ്ട് കൂടെ,
സ്‌നേഹത്തോടെ,
സ്വന്തം സീമച്ചേച്ചി.''