Monday, October 6, 2014

THE REAL POLICE STORY


ഓരോ നഗരവും ഒന്നോ അതില്‍ക്കൂടുതലോ ക്വട്ടേഷന്‍സംഘങ്ങളെ വളര്‍ത്തുന്നുണ്ടാവും. മറ്റെല്ലാ മേഖലയിലുമുള്ളതിനേക്കാള്‍ കൂടുതല്‍ കുടിപ്പകകള്‍ ക്വട്ടേഷന്‍ ടീമുകള്‍ തമ്മിലുണ്ടാവും. അങ്ങനെയൊരു കുടിപ്പകയും കൊലപാതകങ്ങളും നിറഞ്ഞ ഒരു കഥ. തിരുവനന്തപുരം നഗരത്തെ ഞെട്ടിച്ച കൊലപാതകം, അതുപോലെ അമ്പരപ്പിച്ച അന്വേഷണമികവും അതാണ് ഈ കഥയിലെ നായകന്മാര്‍. തിരുവനന്തപുരം തമ്പാനൂര്‍ സി.ഐ. ഷീന്‍ തറയിലും സംഘവും ഒരു കൊലപാതക കേസിന്റെ അന്വേഷണത്തിന്റെ ചുരുളുകളഴിക്കുന്നു.

ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍തന്നെ! ടിപ്പര്‍ ലോറി ഡ്രൈവര്‍ സജിയെ കരമന നെടുങ്കാട് സ്‌കൂളിനു സമീപത്തുവച്ചാണ് വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്. ചത്തത് സജിയാണെങ്കില്‍ കൊന്നത് അവന്‍തന്നെ, അമ്മയ്‌ക്കൊരുമകന്‍ സോജു.
യഥാര്‍ത്ഥ പേര് ചിറപ്പാലം ആറ്റുവരമ്പ് വീട്ടില്‍ അജിത്കുമാറെന്നാണെങ്കിലും വിളിപ്പേരുപോലെത്തന്നെ അമ്മയ്‌ക്കൊരുമകനായതിനാലാണ് അമ്മയ്‌ക്കൊരു മകന്‍ സോജു എന്നായത്. സജിയുടെ കൊലയ്ക്കുപിന്നില്‍ സോജുവാണെന്ന് എല്ലാവര്‍ക്കും അറിയാവുന്ന സത്യം. അതിനു പിന്നില്‍ ഒരു കാരണമുണ്ട്. സോജുവിന്റെ സഹോദരി ഭര്‍ത്താവ് മൊട്ടമൂട് ഷാജിയുടെ കൊലപാതകത്തിനു പിന്നില്‍ ചൂഴാറ്റുകോട്ട അമ്പിളിയുടെ നേതൃത്വത്തിലുള്ള ഗുണ്ടാപ്പടയാണെന്നത് നാട്ടില്‍പ്പാട്ടായിരുന്നു. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയുടെ കൊലപാതക പരമ്പരകളില്‍ കൈവിട്ടുകളിച്ചുതുടങ്ങിയത് അങ്ങനെയായിരുന്നു. ചൂഴാറ്റുകോട്ട അമ്പിളിയുടെ സംഘത്തിലെ പ്രധാനിയാണ് ടിപ്പര്‍ ലോറി ഡ്രൈവര്‍ സജി. പകരത്തിനു പകരം, സജിയുടെ കൊലപാതകം. കുടിപ്പക, നീണ്ടുപോകാവുന്ന കൊലപാതക പരമ്പരകള്‍ക്ക് തിരുവനന്തപുരം പട്ടണം സാക്ഷ്യം വഹിച്ചേക്കുമെന്ന് പോലീസ് ഉറപ്പാക്കിയ നാളുകള്‍.
പോലീസിനേക്കാളും ചാരപ്രവര്‍ത്തനവും സഹായവുമുണ്ട് ഓരോ സംഘത്തിനും ഓരോ നഗരത്തിലും. ഓരോ ഊടുവഴികളും ഗുണ്ടാസംഘങ്ങള്‍ക്ക് മന:പാഠമാണ്. പോലീസിന്റെ കണ്ണുവെട്ടിച്ച് എവിടെനിന്നും രക്ഷപ്പെടാനുള്ള തന്ത്രങ്ങളും കൈവശമുള്ളവര്‍. ഫോര്‍ട്ട് എ.സി. കെ.എസ്. സുരേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണസംഘം നഗരത്തിലാകെ വലവിരിച്ചു. തമ്പാനൂര്‍ സി.ഐ. ഷീന്‍ തറയിലിനായിരുന്നു അന്വേഷണച്ചുമതല.
ആധുനിക സാങ്കേതികവിദ്യകളെല്ലാം വിനിയോഗിച്ചാലും കണ്ടുപിടിക്കാനാകാത്ത നെറ്റ്‌വര്‍ക്കുള്ള ഗുണ്ടാസംഘത്തെ കുടുക്കാന്‍ തന്നെയാണ് പോലീസിന്റെ വല വീശല്‍. കഴിഞ്ഞ ഒക്‌ടോബര്‍ നാലിന് കൊലപാതകം നടന്ന് നാലാംപക്കം കൊലപാതകസംഘത്തിലെ ചെണ്ടമനു എന്നു വിളിക്കുന്ന മനു രക്ഷപ്പെടാന്‍ ശ്രമിക്കുന്നുണ്ടെന്ന് അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞു.
തിരുവനന്തപുരം എയര്‍പോര്‍ട്ട്. ഷീന്‍ തറയിലും സംഘവും മഫ്തിയില്‍ എയര്‍പോര്‍ട്ടിലെത്തി. ആര്‍ക്കും സംശയം തോന്നാതിരിക്കാന്‍ വിമാനയാത്രയ്‌ക്കെന്ന മട്ടിലായിരുന്നു വരവ്. ചെണ്ടമനു സ്ഥലംവിടാന്‍ ഉദ്ദേശിക്കുന്ന വിമാനം പറന്നുയരാന്‍ മണിക്കൂറുകള്‍മാത്രമേ ബാക്കിയുള്ളു. എയര്‍പോര്‍ട്ടില്‍ ഒരു കാര്‍ എത്തി. ചെണ്ടമനു പുറത്തേക്കിറങ്ങി. അപ്പോഴേക്കും പോലീസ് സംഘം കാറിനെ വളഞ്ഞിരുന്നു. ആളെ തിരിച്ചറിയാനുള്ള നിമിഷങ്ങള്‍ മാത്രം. ചെണ്ടമനുവുമായി സി.ഐയും സംഘവും സ്റ്റേഷനിലേക്ക്.
ചെണ്ടമനു, സോജുവിന്റെ സംഘത്തിലെ ഒരാള്‍മാത്രം. ഇനിയുമുണ്ട് പ്രതികള്‍, മുഖ്യപ്രതി സോജുവടക്കം എല്ലാവരും പുറത്താണ്. ചെണ്ടമനു അറസ്റ്റിലായെന്ന് അറിഞ്ഞാല്‍ അവരെല്ലാം കൂടുതല്‍ ജാഗ്രതയിലാകും. ചെണ്ടമനുവിന്റെ അറസ്റ്റ് പുറത്തുവിട്ടില്ല. അതുകൊണ്ടുതന്നെ ദിവസങ്ങള്‍ക്കുള്ളില്‍ പുഞ്ചിരി വിനോദ് എന്നു വിളിക്കുന്ന വിനോദ്, ഹരികുമാര്‍ എന്ന രഞ്ജിത്ത്, സാബു എന്നിവരെക്കൂടി അറസ്റ്റുചെയ്യാന്‍ സാധിച്ചു. പക്ഷേ, സോജു, അമ്മയ്‌ക്കൊരുമകന്‍ സോജു... എവിടെ?
ആരെയും വശത്താക്കാന്‍ കഴിവുള്ള വാക്‌സാമര്‍ത്ഥ്യം, നിഷ്‌കളങ്കനെന്ന് തോന്നിപ്പിക്കുന്ന യുവത്വം, മിക്കവാറും ഭാഷകളുമറിയാം, എല്ലാത്തിനും ഉപരി സഹായിക്കാന്‍ ഒരുപാട് ആളുകളും. മൊബൈല്‍ഫോണുകള്‍ ഉപയോഗിക്കാറില്ല. മൊബൈല്‍ ടവറുകള്‍ നോക്കി പിന്തുടരുക എന്ന പുതിയ സാങ്കേതികവിദ്യാപരമായ അന്വേഷണവും നടക്കില്ല.
രാമേശ്വരത്ത് സോജുവുണ്ടെന്ന് വിവരം കിട്ടി. ഉടനെതന്നെ സി.ഐ. ഷീന്‍ തറയിലും സംഘവും രാമേശ്വരത്തേക്ക് തിരിച്ചു. പിന്നെ മധുര, ചെന്നൈ, കോടമ്പാക്കം, മൂകാംബിക... സോജുവിനു പിന്നാലെ പോലീസ്. ഓരോ സ്ഥലത്തെത്തുമ്പോഴും അടുത്ത സ്ഥലത്തേക്ക് സോജു കടന്നിരിക്കും.
സോജു ഫോണ്‍ ഉപയോഗിക്കാത്തതിനാല്‍ ആ വഴിക്കുള്ള തിരച്ചില്‍ സാധ്യമല്ല. അതുകൊണ്ടാണ് ഈ സ്ഥലങ്ങളില്‍ നിന്നൊന്നും പിടികൂടാന്‍ പറ്റാതായത്. മറ്റൊരു വഴിയില്‍ പോലീസ് അന്വേഷണത്തെ തിരിച്ചുവിട്ടു. സോജുവിനെ സഹായിക്കാന്‍ സാധ്യതയുള്ളവരുടെ ഒരു ലിസ്റ്റ് തയ്യാറാക്കി. അവരുടെ ഫോണ്‍കോളുകള്‍ പരിശോധിച്ചു. അതില്‍നിന്നൊന്നും സൂചനകള്‍ കിട്ടിയില്ല.
ദിവസങ്ങള്‍ പിന്നെയും കടന്നുപോയി. സോജുവിന് ഈ യാത്രയ്ക്കാവശ്യമായ പണം അതെവിടെനിന്ന് കിട്ടുന്നു എന്ന ചിന്ത അതൊരു നിര്‍ണ്ണായകമായ ചിന്തയായിരുന്നു. സഹായിക്കാന്‍ സാധ്യതയുള്ളവരുടെ ബാങ്ക് അക്കൗണ്ട് ലിസ്റ്റ് എടുക്കാന്‍ അങ്ങനെയാണ് തീരുമാനിച്ചത്. രഹസ്യമായിത്തന്നെ അന്വേഷണം നടന്നു. സോജുവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പണം പോകുന്നില്ല. പക്ഷെ, വടക്കേഇന്ത്യയിലെ മറ്റു പലരുടെയും അക്കൗണ്ടിലേക്ക് പണം പോകുന്നുണ്ട്. അജ്മീറിലുള്ള പലരുടെ അക്കൗണ്ടിലേക്കാണ് ആ പണം പോയിരിക്കുന്നത്. ആ പണം പോകുന്നത് സോജുവിനു വേണ്ടിത്തന്നെ! സി.ഐ. ഷീന്‍ തറയിലും സംഘവും അജ്മീറിലേക്ക് പുറപ്പെട്ടു.
അജ്മീര്‍, അഭയാര്‍ത്ഥികളായി എത്തുന്ന ഒട്ടോറെപ്പേര്‍ ആശ്രയമായി കഴിയുന്ന അജ്മീര്‍. അന്നം തേടിയും പുണ്യം തേടിയും ദര്‍ഗകളിലെത്തുന്ന പതിനായിരക്കണക്കിന് ആളുകളുള്ള അജ്മീര്‍. കേരളത്തില്‍നിന്ന് പണം അയക്കുമ്പോള്‍ പണം പിന്‍വലിച്ചിരുന്ന എ.ടി.എമ്മുകള്‍ കണ്ടെത്തി. അതിനടുത്തുതന്നെ മുറിയെടുത്ത് പോലീസ് സംഘം തങ്ങി. ആദ്യദിവസം എല്ലാ സ്ഥലങ്ങളിലും കറങ്ങിയെങ്കിലും സോജുവിനെ കണ്ടെത്താനായില്ല.
അന്നൊരു വെള്ളിയാഴ്ചയായിരുന്നു. ദര്‍ഗകളില്‍ തിരക്കോടുതിരക്ക്. എല്ലാ മുഖങ്ങളിലും ഒരേ ഭാവം, പുണ്യം തേടിയെത്തുന്നവരുടെ പ്രാര്‍ത്ഥനാനിര്‍ഭരമായ അന്തരീക്ഷം. ആള്‍ക്കൂട്ടത്തിനിടയില്‍ പോലീസ് സംഘം മഫ്ടിയില്‍ അലഞ്ഞു. ഈ തിരക്കിനിടയില്‍ എങ്ങനെ കണ്ടുപിടിക്കാന്‍? പോലീസ് സംഘത്തെ ആദ്യം സോജുവാണ് കാണുന്നതെങ്കില്‍ എന്ത് മഫ്ടിയിലാണെന്നു പറഞ്ഞാലും തിരിച്ചറിയുകയും മുങ്ങുകയും ചെയ്യുമെന്നുറപ്പ്. അങ്ങനെ ഒരിക്കലും സംഭവിക്കാതിരിക്കാനുള്ള മുന്നൊരുക്കങ്ങളെല്ലാം പോലീസ് നടത്തിയിരുന്നു. ആള്‍ക്കൂട്ടത്തിനിടയില്‍ പോലീസ് കണ്ണുകള്‍ സോജുവിനെ തിരയുന്നതിനിടയില്‍ സിവില്‍ പോലീസ് ഓഫീസര്‍ ശ്രീകുമാറാണ് അത് ആദ്യം കണ്ടത്.
ഒരു ജാക്കറ്റിട്ട്, താടി വളര്‍ത്തി, ദര്‍ഗയിലേക്ക് നടക്കുന്നത്....?
ഒന്നുകൂടി ഉറപ്പുവരുത്തി. അതേ, സോജുതന്നെ. ശ്രീകുമാര്‍ ധൃതിയില്‍ അടുത്തേക്ക് ചെന്ന് സോജുവിന്റെ തോളില്‍ കൈയ്യിട്ട് പിടിമുറുക്കി. തരിച്ചുപോയ സോജു കുതറിമാറാന്‍ ശ്രമിച്ചെങ്കിലും സി.ഐയും മറ്റു പോലീസുകാരും ചുറ്റും വളഞ്ഞിരുന്നു. ആള്‍ക്കൂട്ടം ഞെട്ടിത്തരിച്ചുനിന്നു. പെട്ടെന്ന് സോജു അലറി വിളിക്കാന്‍ തുടങ്ങി. പോലീസ് സംഘം മോഷ്ടാക്കളാണെന്ന് ആള്‍ക്കൂട്ടത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ഒരു ശ്രമം. ആള്‍ക്കൂട്ടം പോലീസിനു നേരെ തിരിയുമെന്നായി. അപ്പോഴേക്കും സോജുവിനെ തൂക്കിയെടുത്ത് പോലീസ് പിന്നോട്ട് നടന്നുതുടങ്ങിയിരുന്നു. കള്ളന്മാരാണ്, രക്ഷിക്കൂ എന്ന് ഹിന്ദിയില്‍ വിളിച്ചുപറയുന്ന സോജുവിനെ രക്ഷിക്കാന്‍ ജനക്കൂട്ടം ഇളകിയെത്തി. അപ്പോഴേക്കും രാജസ്ഥാന്‍ പോലീസും സ്ഥലത്തെത്തി. അതോടെ ജനക്കൂട്ടം പിരിഞ്ഞുപോയി.
സോജുവിനെയുംകൊണ്ട് സി.ഐയും സംഘവും കേരളത്തിലേക്ക് തിരിച്ചു. അജ്മീറിലെ പലരോടും പേഴ്‌സ് മോഷണം പോയെന്നും, അല്‍പ്പം തുക നാട്ടില്‍നിന്നും അയക്കുന്നതിനായി എക്കൗണ്ട് നമ്പര്‍ തരണമെന്നും അതിലേക്ക് പണമയച്ചയുടന്‍ അവരെക്കൊണ്ടുതന്നെ പണം എ.ടി.എം. വഴി എടുപ്പിക്കുകയുമാണ് സോജു ചെയ്തിരുന്നത്. അതുകണ്ടുപിടിച്ച് പിന്തുടര്‍ന്നെത്തുമെന്ന് സോജു ഒരിക്കലും കരുതിയില്ല. രണ്ടു കൊലപാതക കേസുകളിലെയും പിടിച്ചുപറി, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങി 21 കേസുകളിലെയും മുഖ്യപ്രതിയാണ് സോജു. ഈ കേസുകള്‍ക്കെല്ലാം തുമ്പുണ്ടായി എന്നതിനുപുറമെ, നഗരത്തിലെ ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയ്ക്കും വിളയാട്ടത്തിനും അറുതിവരുത്തുകയും ചെയ്തത് ഈ അറസ്റ്റോടെയാണ്.

No comments:

Post a Comment