Sunday, April 1, 2018

കൊച്ചി പഴയ കൊച്ചിയല്ല പക്ഷേ, കെ.എം. റോയി പഴയ കെ.എം. റോയി ആകുന്നു

K. Sajimon

അറുപത് വയസ്സ് പിന്നിടുകയാണ് കൊച്ചിയ്ക്ക്.


കൊച്ചി പഴയ കൊച്ചിയല്ല എന്നറിയാം. പക്ഷേ പഴയ കൊച്ചി എന്താണെന്നറിയേണ്ടേ? റോഡിനെന്തിന് 70 അടി വീതി എന്നു ചോദിച്ച കൊച്ചി, സൈറണനടിയില്‍ കണ്ണടച്ച് ഇരുട്ടാക്കുന്ന കൊച്ചി, റിക്ഷാവണ്ടികള്‍ക്ക് വിശാലത വിരിച്ച ബ്രോഡ്വെയുള്ള കൊച്ചി, പാടങ്ങള്‍ നീന്തി പഠിക്കാന്‍ പോകുന്ന കുട്ടികളുടെ കൊച്ചി, ഒറ്റ രാത്രികൊണ്ട് പ്രത്യക്ഷപ്പെട്ട പെണ്ണിനെപ്പോലെ വളര്‍ന്ന കൊച്ചി എന്ന മഹാനഗരത്തിന്റെ നൊസ്‌റാള്‍ജിയ പ്രശസ്ത പത്രപ്രവര്‍ത്തകന്‍ കെ.എം. റോയ് പങ്കുവയ്ക്കുന്നു.

മുത്തശ്ശിയുടെ കൊച്ചി
'മാന്യമഹാജനങ്ങളെ, ഇംഗ്‌ളണ്ടില്‍ നിന്നും കാര്‍ എന്നു നാമധേയമുള്ള ഒരു വണ്ടി നാളെ വൈകിട്ട് കൊച്ചിയിലെത്തുകയും അതില്‍ ദിവാന്‍ പത്‌നിസമേതം തൃപ്പൂണിത്തുറ കൊട്ടാരത്തിലേക്ക് രാജാവിനെ മുഖം കാണിക്കാന്‍ പോകുന്ന വിവരം സന്തോഷത്തോടെ അറിയിച്ചുകൊള്ളട്ടെ...'' ചെണ്ട കൊട്ടി നാലു മല്ലന്മാര്‍ ഓരോ ഇടവഴികളിലും വിളംബരം ചെയ്തു.
കാര്‍? എന്താണ് ആ സാധനം എന്നറിയാന്‍ കൊച്ചിക്കാര്‍ പിറ്റേന്നുവരെ കാത്തിരുന്നു.
പിറ്റേന്ന് കപ്പലില്‍ നിന്നും വലിയ ചക്രമുള്ള കാര്‍ എന്ന സാധനം പതുക്കെ പുറത്തേക്കുവരുന്നത് പലര്‍ക്കും കാണാന്‍ സാധിച്ചില്ല. തീരത്തുനിന്നും കാര്‍ റിക്ഷാവണ്ടികള്‍ വലിഞ്ഞുനീങ്ങുന്ന റോഡിലേക്കെത്തി. മുന്നിലും പിന്നിലും നാലുവീതം കുതിരഭടന്മാര്‍, നടുവില്‍ കാര്‍!! കൊമ്പന്‍മീശക്കാരനായ വെള്ളക്കാരന്‍ ഒരു വലിയ വളയം പിടിച്ച് മുന്നോട്ടുനോക്കിയിരുന്നു. ദിവാനും പത്‌നിയും പിന്നിലേക്ക് കയറിയിരുന്നു. മുന്നിലത്തെ കുതിരകള്‍ നീങ്ങിത്തുടങ്ങി, ഒപ്പം കാറും പിന്നിലെ കുതിരകളും. റിക്ഷാവണ്ടികള്‍ മാറിനിന്നു. പാതയുടെ ഇരുവശങ്ങളിലും ആളുകള്‍ കാത്തിരിക്കുന്നുണ്ടായിരുന്നു കാര്‍ എന്ന സാധനത്തെ കാണാന്‍. കരകരാ ശബ്ദത്തില്‍ പുക പറത്തിക്കൊണ്ട് ആ സാധനം നീങ്ങി. പിന്നില്‍ വഴിയില്‍ കാത്തിരുന്ന ഓരോരുത്തരും കൂടെക്കൂടി. കാറിനൊപ്പമെത്താന്‍ പലര്‍ക്കും ഓടേണ്ടിവന്നു. പിന്നിലെ ആള്‍ക്കൂട്ടത്തിനു മുന്നില്‍ കുട്ടികള്‍, ചെറുപ്പക്കാര്‍, സ്ത്രീകള്‍, വൃദ്ധര്‍ ഏന്തിവലിഞ്ഞ് ഓടിക്കൊണ്ടിരുന്നു. കണ്ടവര്‍ കണ്ടവര്‍ പിന്നാലെ കൂടി. തൃപ്പൂണിത്തുറ രാജകൊട്ടാരത്തിലേക്ക്. കൂറ്റന്‍ കമാനങ്ങള്‍ കടന്ന് കാര്‍ കൊട്ടാരക്കെട്ടിലേക്ക് നീങ്ങി. പിന്നിലെ ജനക്കൂട്ടം കമാനത്തിനു വെളിയില്‍ കാത്തുനിന്നു. രാജാവിനെ മുഖം കാണിച്ച് ദിവാനും പത്‌നിയും കാറും മടങ്ങുന്നതുവരെ. കാര്‍ വീണ്ടും ദിവാന്റെ ബംഗ്‌ളാവിലേക്ക്. പിന്നാലെ കൂട്ടങ്ങള്‍ തങ്ങളുടെ വീടുകള്‍വരെ അനുഗമിച്ചു. ഒടുക്കം ഏതാനും കുട്ടികള്‍ മാത്രമായി. കാര്‍ ദിവാന്റെ ബംഗ്‌ളാവിലേക്ക് കയറി മറഞ്ഞു.
അന്ന് കൊച്ചി സംസാരിച്ചത് കാര്‍ എന്ന സാധനത്തെക്കുറിച്ചായിരുന്നു.

'എന്റെ മുത്തശ്ശി കഥകള്‍ പോലെ പറഞ്ഞുതന്ന കൊച്ചി ഇതായിരുന്നു. ഈ ചിത്രത്തില്‍ നിന്നും പിന്നെയും മുന്നോട്ടു നടക്കുമ്പോഴാണ് എന്റെ കൊച്ചി ഓര്‍മ്മകള്‍. അന്ന് രണ്ടാംലോകമഹായുദ്ധം നടക്കുകയായിരുന്നു. സൈറണടിച്ചാല്‍ എല്ലാ വീടുകളിലെയും ലൈറ്റണക്കണം. യുദ്ധവിമാനങ്ങള്‍ വരുമ്പോള്‍ താഴെ ലൈറ്റ് കണ്ടാല്‍ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്നതാണ് സൂചന. വഴിയെ നടക്കുന്നവര്‍ ഓരോ സ്ഥലത്തായി കുഴിച്ച ബങ്കറുകളില്‍ ആ സമയത്ത് അഭയം തേടും.
ഒരിക്കല്‍ കൊച്ചി കപ്പലുകളെയും വിമാനങ്ങളെയും ആക്രമിക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പില്‍ എല്ലാവരോടും നഗരം വിട്ടുപോകാന്‍ കല്‍പനയുണ്ടായി. കടവന്ത്രയിലെ പാടങ്ങള്‍ക്കപ്പുറത്ത് കെട്ടുവള്ളം കാത്തിരുന്നു. ചട്ടിയും കലങ്ങളും അരിസാമാനങ്ങളും കോഴിയും പട്ടിയും കുട്ടികളും എല്ലാമായി മുതിര്‍ന്നവര്‍ കെട്ടുവള്ളത്തിലേക്ക് കയറി. എത്രദിവസത്തേക്കാണെന്നോ, എപ്പോള്‍ തിരിച്ചുവരാനാകുമെന്നോ അറിയില്ല. ഞങ്ങളുടെ കൂട്ടത്തില്‍ എന്റെ അപ്പനില്ല. വെല്ലിംഗ്ടണ്‍ ഐലന്റ് നിര്‍മ്മിച്ച റോബര്‍ട്ട് ബ്രിസ്‌റോ സായിപ്പിന്റെ എന്‍ജിനീയറിംഗ് വിംഗിലെ ഒരാളായിരുന്ന അപ്പന് ജോലി വിട്ട് കൂടെ പോരാന്‍ പറ്റില്ല. ജോലി കഴിഞ്ഞ് വൈകിട്ട് പോര്‍ട്ടില്‍ നിന്നും ഒരു വള്ളത്തില്‍ അപ്പനെ ഇക്കരെയെത്തിക്കും. അവിടെ നിന്ന് അപ്പന്‍ നടന്നുവരുമ്പോള്‍ ഇന്നത്തെ ഈ മഹാനഗരം ആളനക്കമില്ലാതെ ആറുമണിയാവുമ്പോഴേ ഉറങ്ങുന്നുണ്ടാവും. ശ്മശാനം പോലെ മൂകമായ കൊച്ചി. ഞങ്ങള്‍ രാവും പകലും വള്ളത്തില്‍ ഉണ്ടുറങ്ങി. സമാധാനത്തിന്റെ നാളുകളില്‍ ഞങ്ങള്‍ തിരിച്ചെത്തി. യുദ്ധം അവസാനിച്ചപ്പോള്‍ വാര്‍ഷിപ്പുകള്‍ കൊച്ചിതീരംതേടിയെത്തി. തീരത്തെത്തിയ യുദ്ധക്കപ്പലുകളില്‍ നിന്ന് ബാന്റ്‌മേളത്തോടെ കുറേ പട്ടാളക്കാര്‍ ഈ നിരത്തുകളിലെത്തും. നീഗ്രോസായിരുന്നു കൂടുതലും. അവര്‍ നഗരത്തില്‍ മാര്‍ച്ച് ചെയ്യും. പേടിക്കേണ്ട, ഞങ്ങള്‍ ജാഗരൂകരാണ് എന്ന് പരേഡിലൂടെ അവര്‍ കാട്ടിത്തരും.

എന്തിന് റോഡിന് എഴുപതടി?
ഒരു 'ഠ'' വട്ടം. അതായിരുന്നു അന്നത്തെ നഗരം. തേവര മുതല്‍ പച്ചാളംവരെ ഷണ്‍മുഖം റോഡ് തൊട്ട് കടവന്ത്രവരെ, ഇതായിരുന്നു നഗരം. റിക്ഷാവണ്ടികള്‍ ശ്വാസംപിടിച്ചു പോകുന്ന തെരുവിലൂടെ ഇടയ്‌ക്കെപ്പോഴെങ്കിലും ഓന്നോ രണ്ടോ സിറ്റിബസ് ഓടിയാലായി. അത്രയുമുണ്ടാവില്ല കാറുകളും മറ്റും. എങ്കിലും കെ. അയ്യപ്പന്‍ എന്ന ദീര്‍ഘദര്‍ശി നാട്ടിലൊരു എഴുപതടി വീതിയില്‍ റോഡ് കൊണ്ടുവരാന്‍ തീരുമാനിച്ചു. സ്ഥലമേറ്റെടുത്ത് വര്‍ക്ക് തുടങ്ങി. ആകെ നാലോ അഞ്ചോ വണ്ടികളോടുന്ന റോഡിനെന്തിന് 70 അടി വീതി? ആര്‍ക്കും തോന്നാവുന്ന സംശയം. അന്ന് സമരങ്ങള്‍ നടന്നു. മുദ്രാവാക്യമിങ്ങനെയായിരുന്നു; 'റോഡിനെന്തിന് എഴുപതടി?'' പ്രതിഷേധങ്ങള്‍ക്കിടയിലും എഴുപതടി റോഡ് യാഥാര്‍ത്ഥ്യമായി. ഇന്നും ആ റോഡ് കൊച്ചി നഗരത്തിലുണ്ട്, അതാണ് എം.ജി.റോഡ്.

ഷിപ്പ് യാര്‍ഡ് കൊണ്ടുവന്ന കപ്പല്‍
എഴുപതടി റോഡിനും കായലിനും തേവരയ്ക്കും ചേര്‍ന്നായിരുന്നായിരുന്നു ഞങ്ങളുടെ വീട് നില്‍ക്കുന്ന വിശാലമായ സ്ഥലം. ഞങ്ങളുടെ മുട്ടിപ്പായി പ്രാര്‍ത്ഥനകള്‍ക്കു കാതോര്‍ത്തിരിക്കുന്ന പള്ളിയും പൂര്‍വ്വികന്മാരുടെ ആത്മാവ് ശാന്തിവിശ്രമം കൊള്ളുന്ന സെമിത്തേരിയുമുള്ള പറമ്പായിരുന്നു നടുക്ക്. അതിനപ്പുറത്ത് പോള്‍ ലൂയിസിന്റെ ടിമ്പര്‍യാര്‍ഡ്. 26 ആനകളൊക്കെയുള്ള വലിയ പറമ്പില്‍ ഒരിക്കല്‍ രാജാവ് വന്നിരുന്നു. ഒരാന പ്രസവിച്ചെന്ന വാര്‍ത്തയറിഞ്ഞ് കാണാനെത്തിയതായിരുന്നു രാജാവ്. രാജാവിനെയും ആനക്കുട്ടിയെയും കാണാന്‍ ഞങ്ങളുടെ വീടുവരെ ആളുകള്‍ നിറഞ്ഞുനിന്നിരുന്നു.
ടിമ്പര്‍യാര്‍ഡിനും റോഡിനും അപ്പുറത്ത് റോഡിനു മുകളിലൂടെ തീവണ്ടികള്‍ പോയിരുന്നു. ഷൊര്‍ണ്ണൂരേക്ക് പോകുന്ന തീവണ്ടിയില്‍ കുട്ടികള്‍ പഠിക്കാന്‍ പോയിവന്നു. ബസുകളൊന്നുമില്ലാത്ത കാലത്തുനിന്നും നാട് പുരോഗമിച്ചപ്പോള്‍ ആ തീവണ്ടിപ്പാത വേണ്ടെന്ന് നാട്ടുകാര്‍തന്നെ റെയില്‍വെയോട് പറഞ്ഞു.
വികസനത്തിനായി ഞങ്ങള്‍ക്കും ഒഴിഞ്ഞുപോകേണ്ടിവന്നു. ഷിപ്പ് യാര്‍ഡ് വരാന്‍പോകുന്നു, എല്ലാവരും ഒഴിഞ്ഞുപോകണം. ചായക്കടകളിലിരുന്ന് വല്യപ്പന്മാര്‍ പ്രതിഷേധം പറഞ്ഞു: 'എന്റെ അപ്പനപ്പൂപ്പന്മാര്‍ ഉറങ്ങുന്ന മണ്ണാണിത്. ഇത് വിട്ടേച്ച് ഞാനെങ്ങോട്ടുമില്ല.'', 'കൊല്ലുന്നേ കൊല്ലട്ടേ''
പക്ഷേ, ഞങ്ങള്‍ യുവാക്കള്‍ അവരെ കാര്യം പറഞ്ഞ് മനസിലാക്കിച്ചു. 'തൊഴിലില്ലായ്മയുടെ അറുതിക്കാലത്ത് നാട്ടില്‍ വികസനം വരട്ടെ, നമ്മുടെ ആളുകള്‍ക്കെല്ലാം തൊഴിലാകുമല്ലോ. അര്‍ഹമായത് നമുക്ക് കോടതിയില്‍ നേടിയെടുക്കാം.
ഞങ്ങള്‍ നാടിന്റെ നടുക്കുള്ള ഞങ്ങളുടെ തുരുത്ത് ഒഴിഞ്ഞു. സര്‍ക്കാര്‍ ഏറ്റെടുത്തു.
പിന്നെയും തടസം. ഷിപ്പ് യാര്‍ഡ് യാഥാര്‍ത്ഥ്യമാകുന്നില്ല. സെമിത്തേരികളില്‍ നിശബ്ദതയെയും ഇരുട്ടിനെയും കാത്തിരിക്കുന്ന അനാഥപ്രേതത്തെപ്പോലെ ഞങ്ങളുടെ തുരുത്ത് ഒന്നുമാകാതെ നില്‍ക്കുന്നു. ഷിപ്പ് യാര്‍ഡിന്റെ പണികള്‍ തുടങ്ങാത്തതിലുള്ള അമര്‍ഷം. വളരെ ദിവസമെടുത്ത് കപ്പലിന്റെ വലിയൊരു മോഡലുണ്ടാക്കി. അതുമായി നഗരം മുഴുവന്‍ പ്രദക്ഷിണം വെച്ച്, മേയര്‍ ഈശ്വരയ്യര്‍ തേങ്ങയുടച്ച് കൊച്ചി കായലലില്‍ ഇറക്കി. ഇത് ഇംഗ്‌ളീഷ് പത്രങ്ങളടക്കം വലിയ പ്രാധാന്യം നല്‍കി. ഇതിനെത്തുടര്‍ന്ന് ഷിപ്പ് യാര്‍ഡ് കമ്മീഷന്‍ ചെയ്തുകൊണ്ട് സര്‍ക്കാര്‍ ഉത്തരവായി.
ഞങ്ങള്‍ കടവന്ത്രയിലേക്ക് താമസം മാറ്റി. കടവന്ത്ര, വെള്ളക്കെട്ടുകള്‍ നിറയുന്ന പാടമായിരുന്നു. പാടം നീന്തിയായിരുന്നു കുട്ടികള്‍ സ്‌കൂളില്‍ പോയിരുന്നത്. ആര്‍ഭാടമില്ലാത്ത നഗരത്തിലെ ഏറ്റവും ആര്‍ഭാടം കുറഞ്ഞ ഭാഗമായിരുന്നു കടവന്ത്ര. 'നീ കടവന്ത്രയില്‍ നിന്നു വരുന്നവനാണോടാ?'' എന്ന കളിയാക്കല്‍ ചോദ്യം എത്രയോ തവണ കേട്ടിട്ടുണ്ട് കടവന്ത്രയിലെ കുട്ടികള്‍.

സര്‍ റോബര്‍ട്ട് ബ്രിസ്‌റോയുടെ വെല്ലിംഗ്ടണ്‍ ഐലന്റ്
സര്‍ റോബര്‍ട്ട് ബ്രിസ്‌റോ, കൊച്ചിയുടെ വ്യാപാരമുന്നേറ്റത്തിന് തുടക്കം കുറിച്ചയാളായിരുന്നു. കൊച്ചി കായലിന്റെ ഇങ്ങേക്കരയില്‍ നിന്നുനോക്കിയാല്‍ ദൂരെ മട്ടാഞ്ചേരിയുടെ തുരുത്തില്‍ നിന്ന് തെങ്ങുകള്‍ തലപൊക്കിനില്‍ക്കുന്നതു കാണാം. അതിനിടയില്‍ കായല്‍ പരന്നുകിടന്നു. റോബര്‍ട്ട് ബ്രിസ്‌റോ കൊച്ചികായലില്‍ പച്ചവിരിച്ച ഭൂമിയെ സ്വപ്നംകണ്ടു. 200 ഏക്കര്‍ കായല്‍ നികത്തിയെടുത്ത് അദ്ദേഹം നിര്‍മ്മിച്ചതായിരുന്നു വെല്ലിംഗ്ടണ്‍ ഐലന്റ്. കടലില്‍ നങ്കുരമിട്ടിരുന്ന കപ്പലുകള്‍ വെല്ലിംഗ്ടണ്‍ ഐലന്റിന്റെ കരകളില്‍ രാപ്പാര്‍ക്കാനെത്തിയതോടെയാണ് കൊച്ചിയുടെ വ്യാപാരങ്ങള്‍ക്ക് ശക്തി വര്‍ധിച്ചത്.

പനമ്പിള്ളി നഗര്‍
വലിയ പാടമായിരുന്നു പനമ്പിള്ളി നഗറിന്റെ പൂര്‍വ്വകാലം. അവിടെയായിരുന്നു എന്റെ മുത്തശിയുടെ വീട്. പൊന്നുവിളിയിച്ച കര്‍ഷകരുടെ പാട്ടുകള്‍ കേട്ടുണര്‍ന്ന നാട്. പാടത്തിന്റെ കരയില്‍ രണ്ട് വലിയ ഓയില്‍ ടാങ്കറുകള്‍ സ്ഥാപിച്ചപ്പോള്‍ വരാന്‍ പോകുന്ന വികസനത്തിന്റെ സന്തോഷമായിരുന്നു അവിടുത്തെ കര്‍ഷകര്‍ക്ക്. വര്‍ഷങ്ങള്‍ ഓരോന്നായി പിന്നിടുന്തോറും കൃഷി പച്ചപിടിക്കാതെ തളരാന്‍ തുടങ്ങി. കൊഞ്ഞനംകുത്തി നില്‍ക്കുന്ന കൃഷിയെ നോക്കി കര്‍ഷകര്‍ കണ്ണീരണിഞ്ഞു. കാരണമെന്താ? ഓയില്‍ടാങ്ക് ചോരുന്നു. നഗരത്തിന്റെ വളര്‍ച്ചയില്‍ അപ്പോഴേക്കും കണ്ണായ പാടം ക്വട്ടേഷന്‍ ചെയ്യപ്പെട്ടിരുന്നു. പാടംനികത്തി ഒരു കെട്ടിടങ്ങളൊരുക്കി പനമ്പിള്ളി നഗറാക്കിമാറ്റി.

സിറ്റി ഓഫ് ഹാര്‍മണി
ജ്യൂതന്മാര്‍, മുസ്‌ളീങ്ങള്‍, കൃസ്ത്യാനികള്‍, ഹിന്ദുക്കള്‍, ആംഗ്‌ളോ ഇന്ത്യന്‍സ്, ജൈനന്‍, ബുദ്ധിസ്‌റ്... അങ്ങനെ എല്ലാ വിഭാഗത്തിലും പെട്ടവര്‍ സംഘര്‍ഷങ്ങളില്ലാതെ ജീവിച്ച നാടായിരുന്നു കൊച്ചി. കുരിശുയുദ്ധത്തിന്റെ പേരില്‍ ജ്യൂതനും കൃസ്ത്യാനിയും പരസ്പരം പോരടിക്കുമ്പോഴും ഇസ്രായേലിന്റെ പേരില്‍ മുസ്‌ളീമും ജ്യൂതനും യുദ്ധം മുറുക്കുമ്പോഴും കൊച്ചിയിലെ ജനങ്ങള്‍ പരസ്പരം സ്‌നേഹിച്ച് പങ്കുവെച്ച് ജീവിച്ചു.
കൊച്ചിക്കാര്‍ സേലംകോച്ച എന്നു വിളിക്കുന്ന ഒരു ജ്യൂതനുണ്ടായിരുന്നു. സ്വാതന്ത്യ്രസമരത്തില്‍ പങ്കെടുത്ത സേലംകോച്ച എന്നും രാവിലെ റിക്ഷാവണ്ടിയില്‍ സേലംകുന്നിലെത്തും. ഭാരത് ടൂറിസ്‌റ് ഹോമിനു മുന്നിലെ ഗാന്ധിപ്രതിമ ഇരിക്കുന്ന സ്ഥലമായിരുന്നു സേലംകുന്ന്. അവിടെയെത്തി അദ്ദേഹം പ്രസംഗിക്കും. അതു കേള്‍ക്കാന്‍ ജനങ്ങളുമുണ്ടാവും. സേലംകോച്ചയെ ജ്യൂതഗാന്ധിയെന്നും കറുത്ത ഗാന്ധിയെന്നും വിളിച്ചു. മട്ടാഞ്ചേരിയിലെ സിനഗോഗിലില്‍ വെളുത്ത ജ്യൂതന്മാര്‍ക്കുമാത്രം പ്രാര്‍ത്ഥനയ്ക്കു കയറാന്‍ അവകാശമുണ്ടായിരുന്ന കാലത്ത്, സേലംകോച്ച ഗാന്ധിമോഡലില്‍ കറുത്ത ജ്യൂതരെയും കയറി പ്രാര്‍ത്ഥിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് വിജയം വരെ സമരം നടത്തി. തുടര്‍ന്നായിരുന്നു ജ്യൂതഗാന്ധി എന്ന വിളിപ്പേരു വന്നത്. സേലംകോച്ച മതേതരത്വത്തിന്റെ ആള്‍രൂപമായിരുന്നു. സേലംകോച്ച വിവാഹം കഴിച്ചത് ഒരു കൃസ്ത്യാനിയെ. മകന്‍ ഒരു പട്ടത്തിയെയും മകള്‍ ലില്ലി സേലം ഒരു കൃസ്ത്യാനിയെയും കെട്ടി. ഇസ്രായേല്‍ എന്ന രാജ്യം ജ്യൂതനുവേണ്ടി ഒരുക്കിയെടുത്തപ്പോള്‍ കൊച്ചിയിലെ ജ്യൂതന്മാര്‍ പലരും ഇസ്രായേലിലേക്ക് പോയി. എന്നാല്‍ സേലംകോച്ച പോയില്ല. ഈ മണ്ണ് വിട്ടുപോകാന്‍ സേലംകോച്ചയ്ക്കായില്ല. ഇന്നും സേലംകോച്ചയുടെ പരമ്പര കൊച്ചിയുടെ മണ്ണില്‍ വേരാഴ്ത്തി ജീവിക്കുന്നുണ്ട്.

കലൂരിലെ കല്യാണയാത്രകള്‍
കലൂരിലെ ബന്ധുവിന്റെ മകളുടെ കല്യാണത്തിന് ക്ഷണമുണ്ട് എന്ന് അമ്മച്ചി അപ്പനോട് പറയുന്നതുകേള്‍ക്കുമ്പോഴേ ഒരു ആന്തല്‍ നെഞ്ചിന്റെയുള്ളില്‍ നിന്നു പൊങ്ങും. 'ഞാനെങ്ങും പോവൂല്ലാട്ടാ'' എന്നൊരു വാചകം നെഞ്ചില്‍ കൊളുത്തിനിന്നിട്ടുണ്ടാവും. പക്ഷേ, പുറത്തുപറയാന്‍ പറ്റില്ല. ഒരു കല്യാണത്തിന് മൂത്തചേട്ടന്‍ പോയാല്‍ അടുത്തതിന് അടുത്തയാള്‍, നാലാമത്തെയാളായ ഞാന്‍ നാലാമത്തെ കല്യാണത്തിന് അങ്ങനെ ഓരോരാളായി പോകണം. 'റോയ് പോകട്ടേ'' എന്ന് അപ്പന്‍ പറഞ്ഞാല്‍ പിന്നെ മാറ്റമില്ല. പോയേ പറ്റൂ. കല്യാണം കഴിക്കുന്നവരെയും ബന്ധുക്കളെയും പ്രാകിക്കൊണ്ടായിരിക്കും കല്യാണത്തിന് പോകുന്നത്. 'ഇവന്മാര്‍ക്കൊന്നും താമസിക്കാന്‍ കലൂരല്ലാതെ മറ്റൊരു സ്ഥലവും കിട്ടിയില്ലേ?'' കല്യാണമൊക്കെ കൊള്ളാം. ഭക്ഷണം കഴിക്കാനാണ് പ്രയാസം. ഇടത്തേ കൈകൊണ്ട് ഈച്ചയെ ആട്ടി, വലത്തേ കൈകൊണ്ട് ഭക്ഷണം കഴിക്കണം. ഇടത്തേകൈയൊന്ന് നിര്‍ത്തിയാല്‍ ഈച്ചയെയാകും ചോറിനൊപ്പം അകത്തേക്കാക്കുക. കൊച്ചിയിലെ ഈച്ചകളൊക്കെയും കലൂരില്‍ നിന്നായിരുന്നുവെന്നു തോന്നും. കലൂര്‍ അന്ന് തീട്ടപ്പറമ്പായിരുന്നു. നഗരത്തിലെ മലം മുഴുവന്‍ തട്ടി മണ്ണിട്ടുമൂടുന്ന സ്ഥലം. ഈച്ചകള്‍ സമ്മേളനം കൂടുന്ന സ്ഥലം. പിന്നീട് നഗരം വളരുമ്പോള്‍ കലൂര്‍ സ്‌റാന്‍ഡായി മാറി. ഇപ്പോഴും കലൂരിലൂടെ പോകുമ്പോള്‍ ഒരു ഈച്ചയെങ്ങാനും പറന്നിറങ്ങി ദേഹത്തുതൊട്ടാല്‍ ഞാനോര്‍ക്കും; തീട്ടപ്പറമ്പ് സ്‌റാന്റാക്കി മാറ്റിയപ്പോള്‍ ചത്തൊടുങ്ങിയ ഈച്ചപരമ്പരയിലെ ഈച്ചസന്തതി പ്രതികാരം വീട്ടാനെത്തുന്നതായിരിക്കും.
കൊച്ചി കണ്ണടച്ച് തുറക്കുമ്പോഴേക്കും പ്രത്യക്ഷപ്പെട്ട പെണ്ണിനെപ്പോലെ വളരുകയായിരുന്നു. അയല്‍പക്കങ്ങള്‍ക്കുചുറ്റും വന്‍മതിലുകള്‍ വന്നു. ബന്ധങ്ങള്‍ കുറഞ്ഞു, വ്യവസായങ്ങള്‍ വന്നു, പണക്കാരു വന്നു, പണത്തിന് ആര്‍ത്തിവന്നു, ക്വട്ടേഷന്‍സംഘങ്ങള്‍വന്നു. പാടങ്ങളെല്ലാം കോണ്‍ക്രീറ്റ് കെട്ടിടങ്ങളാല്‍ നിറഞ്ഞു. റിക്ഷാവണ്ടികള്‍ ഓടിമറഞ്ഞു, പുതുപുത്തന്‍ കാറുകള്‍ വന്നു. എല്ലാം മാറിയിരിക്കുന്നു. ശരിയാണ് കൊച്ചി പഴയ കൊച്ചിയല്ല...''