Monday, June 4, 2018

നാട്ടിന്‍പുറത്തൊരു ലീല



ഇടവഴിയിലെ മുള്ളുവേലിപ്പടര്‍പ്പിന്റെ തുഞ്ചത്ത് ഒരു ശീമക്കൊന്നപ്പൂവുണ്ട്. അതെത്ര ചാടിയിട്ടും കിട്ടുന്നില്ല, ഒടുക്കം ലീല പാവാട മാടിക്കുത്തിയുടുത്ത് വേലിമേല്‍ പടര്‍ന്നുകയറി, താഴെ തങ്കമ്മയും മറ്റും കാത്തുനിന്നു.
''ലീലപ്പിള്ളേ, മതി. ഇനി കേറണ്ട.''
ലീല തുഞ്ചത്തുനിന്ന് ശീമക്കൊന്നപ്പൂവും പറിച്ച് ഊര്‍ന്നിറങ്ങി.
പ്രശസ്ത പത്രപ്രവര്‍ത്തക ലീലാമേനോന്‍ കുട്ടിക്കാലത്തേക്ക് മടങ്ങിപ്പോകുന്നു.

''ലീലപ്പേേേേിള്ള... ദേ, ഒരു കാറ് വര്ണൂ.. ഓടിവാ..'' സതി വിളിച്ചുപറഞ്ഞപ്പോഴേക്കും, പാടത്തിന്റെ നടുവിലൂടെ തിട്ടയാക്കിയ ചെമ്മണ്‍റോഡിലൂടെ ഒരു വെള്ളക്കാര്‍ ചാഞ്ഞുംചരിഞ്ഞും വരുന്നതേയുള്ളൂ. ലീല പാടവരമ്പിലൂടെ ഓടി ചെമ്മണ്‍റോഡിലേക്ക് കയറി. പിന്നാലെ ശശികലയും പ്രഭാകരനുമെത്തി. കാഴ്ചക്കാര്‍ കൂടിയപ്പോള്‍ കാറിനുള്ളിലുണ്ടായിരുന്നവര്‍ക്ക് പത്രാസ് കൂടി. ''ഹായ്, എന്തുരസായിരിക്ക്വല്ലേ?'' ലീല മന്ത്രിച്ചു.
''ഊം!'' ശശികല ശരിവെച്ചു. കാര്‍ കുണ്ടും കുഴികളും താണ്ടി പിന്നെയും നീങ്ങുന്നതുവരെ നോക്കിനിന്നു. അപ്പോഴേക്കും ആ വഴികളിലൊക്കെ കുട്ടികളും മുതിര്‍ന്നവരും കാഴ്ചക്കാരായി നിറഞ്ഞിരുന്നു. മാസത്തിലൊരിക്കലെങ്ങാനുമാണ് വെങ്ങോലയിലേക്ക് കാര്‍ എത്തുന്നത്. ആകാശത്തൂടെ ഒരു വിമാനം പോയാല്‍ത്തന്നെ നാടുമുഴുവന്‍ പുറത്തിറങ്ങി ''ദേ പോണ്'', ഭഭഅതിനുള്ളിലിരിക്കുന്നോര് നമ്മളെയൊക്കെ കാണുന്നുണ്ടാവ്വായിരിക്കൂല്ലേ'' എന്നിങ്ങനെ പറയും.
വിമാനം പറന്നങ്ങ് പോയി. ലീല വീട്ടുമുറ്റത്തുനിന്നും പാടവരമ്പിലേക്കിറങ്ങി. വിമാനത്തിന്റെ പിന്നിലേക്ക് കണ്ണുപായിച്ച് വീണ്ടും കള പറിക്കാനായി തങ്കമ്മ കുനിയുമ്പോള്‍ തൊട്ടടുത്ത് നിന്ന് കല്യാണി പറഞ്ഞുതുടങ്ങി,
''അല്ലേടീ, നീയറിഞ്ഞില്ലേ, പുതിയടത്തെ അപ്പുക്കുട്ടന്‍പിള്ളേടെ കാര്യം.''
''എന്താണ്?'' അരിഞ്ഞെടുത്ത പുല്ലുമായി നിന്ന് തങ്കമ്മ ചോദിച്ചു.
''ജാനകീടെ വീട്ടില് കണ്ട്വന്നൂം, നാട്ടുകാരൊക്കെ അറിഞ്ഞൂന്നുമൊക്കെ പാലുകൊണ്ട്വരണ വാസു പറേണ കേട്ട്.'' പറഞ്ഞ് നീര്‍ന്നതും പാടവരമ്പില്‍ ലീലയെ കണ്ടു, ഭഭഎന്താ മോളേ, ഇവിടെയിരിക്കണേ?''
''ങ്ഹൂം!'' ലീല ഒന്നുമില്ലെന്ന് തലയാട്ടി. കുറച്ചുനേരം പിന്നെയും പാടത്തെ കുന്നായ്മകള്‍ക്ക് ചെവി നല്‍കി ലീല അവിടെത്തന്നെയുണ്ടായിരുന്നു. പിന്നെ ഒരോട്ടമാണ്, പാടവരമ്പ് കയറി ബ്‌ളാത്തിക്കുളത്തിനടുത്തെത്തി ശശികലയുടെ ചെവിയില്‍ പറഞ്ഞു, ''അപ്പുക്കുട്ടന്‍പിള്ളയെ...... ആരോടും പറയണ്ടാട്ടോ.''
നേരെ വീട്ടിലേക്കെത്തുമ്പോഴേക്കും സന്ധ്യയാകാറായി. രാവിലെതൊട്ട് ചെരിപ്പിടാതെ ഓടിയ കാലുമായി തുമ്മാരുകുടി വീടിന്റെ അകത്തേക്ക് കയറിയപ്പോള്‍ അമ്മയുടെ സ്‌നേഹത്തോടെയുള്ള ചോദ്യം: ''എന്തായിത് കുളിക്കൊന്നുംവേണ്ടേ? വെള്ളത്തിന്റെ ചൂടങ്ങ് പോയിക്കാണും.''
പിന്നാമ്പുറത്തെ കുളിപ്പുരയില്‍ അമ്മ ലീലയെ തേച്ചുകുളിപ്പിച്ചു. ള്ളക്കുട്ടിയല്ലെന്ന് അമ്മയ്ക്കുമറിയാം. എങ്കിലും ലീലയെന്ന എട്ടുവയസുകാരി അമ്മയ്ക്ക് എന്നും ചെറിയ കുട്ടിതന്നെയായിരുന്നു. നിലവിളക്കിനു മുന്നില്‍ രാമനാമംജപിച്ച്, അത്താഴമുണ്ട് അമ്മയുടെ അരികില്‍ ലീല കിടന്നുറങ്ങി. തൊട്ടപ്പുറത്ത് അച്ഛന്‍ പാതിചലനം ഇല്ലാതെ രാവിനെ ഉറങ്ങാതെ വെളുപ്പിക്കുന്നുണ്ടാവും. പഠിക്കാന്‍ ലീലയെ അമ്മ നിര്‍ബന്ധിക്കാറില്ലായിരുന്നു. ''വലിയ പഠിപ്പും പത്രാസുമൊന്നുമില്ലെങ്കിലും തോല്‍ക്കാതിരുന്നാല്‍മതി.'' അമ്മയുടെ ആ വാക്കുകളായിരുന്നു ലീലയുടെ ബലം.
ചൂണ്ടമലയ്ക്ക് അപ്പുറത്ത് സൂര്യന്‍ തെളിഞ്ഞുവരുമ്പോഴേക്കും ഉണരാറായിട്ടുണ്ടാവും. പിന്നെ ഒരുക്കങ്ങളാണ്. നീളന്‍പാവാടയിട്ട് സ്‌കൂളിലേക്ക് പോകാനുള്ള ഒരുക്കങ്ങള്‍. എട്ടരയാവുമ്പോഴേക്കും ചോറ്റുപാത്രവും മറ്റൊരു പാത്രത്തില്‍ വെള്ളവും പുസ്തകസഞ്ചിയുമായി വീട്ടില്‍ നിന്നിറങ്ങും. ശശികലയുടെ വീടിന്റെ മുന്നിലെത്തി നീട്ടിയൊരു കൂവല്‍, ശശികല അപ്പോഴേക്കും പുസ്തകങ്ങളുടെ കെട്ടുമായി ഓടിയെത്തും. പിന്നെ, സതിയും... അങ്ങനെ എല്ലാവരുമായി പാടവരമ്പിലേക്കിറങ്ങും. മുറിഞ്ഞുപോയ വരമ്പിലൂടെ വെള്ളം തെറിപ്പിച്ച് നടക്കുമ്പോള്‍ പാവാടയുടെ തുമ്പാകെ നനഞ്ഞിട്ടുണ്ടാവും. പാടം കയറിയാല്‍ ഇടവഴിയാണ്. ഇടവഴിയില്‍ ഒരുപാട് പഴങ്ങളുമായി കാട്ടുചെടികളുണ്ടാവും, തൊണ്ടിപ്പഴവും കാരപ്പഴവും പൂടപ്പഴവും പറിച്ചും, എല്ലാത്തിന്റെയും രുചിയറിഞ്ഞും ലീല മുന്നില്‍ത്തന്നെയുണ്ടാവും.
ഇടവഴി താണ്ടി കച്ചേരിക്കുന്ന് കഴിയുമ്പോഴേക്കും, ഒരുപാട് വെള്ളം കുടിക്കുന്ന ലീലയുടെ വെള്ളപ്പാത്രത്തില്‍ ഒരു തുള്ളിവെള്ളമുണ്ടാവില്ല. പിന്നെ കാണുന്ന വീടുകളിലെല്ലാം കയറി ഒരു ഗ്‌ളാസ് വെള്ളം വാങ്ങിക്കുടിച്ചാകും യാത്ര. ചിലപ്പോള്‍ വഴിയരികിലെ കശുമാവിന്‍ചോട്ടില്‍ പുസ്തകക്കെട്ടുകള്‍ അഴിച്ചുവെയ്ക്കും. കശുമാങ്ങ പറിച്ച് കുടിച്ച് ദാഹം തീര്‍ക്കും.
മഴയാണെങ്കില്‍ വഴിയിലെ തോട് നിറഞ്ഞിട്ടുണ്ടാവും. തോട് മുറിച്ചുകടക്കുന്നതിനിടെ ലീല തോട്ടില്‍ ഇരിക്കും. അതോടെ ദേഹംവരെയും നനയും എത്രനേരത്തെ ഇറങ്ങിയാലും സ്‌കൂളിലെ പ്രഭാതഭേരി, വഞ്ചീശമംഗലം കഴിഞ്ഞുമാത്രമേ ലീലയും സംഘവും സ്‌കൂളിലെത്തു. തോട്ടിലിരുന്ന് നനഞ്ഞ ലീല മാഷിന്റെ ചോദ്യത്തിനുമുന്നില്‍ കരയും.
''വരുന്നവഴിക്ക്... വെള്ളത്തില്‍ വീണു, അതാ വൈകിയത്..'' പാവം അധ്യാപകന്‍ അതു വിശ്വസിച്ചുവെന്ന് മനസിലായാല്‍ ക്‌ളാസിലേക്ക് കയറ്റിവിടും. ഒരു നുണതന്നെ എത്ര പ്രാവശ്യം പറഞ്ഞ് വിശ്വസിപ്പിക്കാനാവും. ലീലയെ ക്‌ളാസിനു പുറത്തുനിര്‍ത്തിക്കും. അധ്യാപകന്‍ ക്‌ളാസില്‍ സാമൂഹ്യപാഠം പഠിപ്പിക്കുമ്പോള്‍ ലീല ഭൂമിശാസ്ത്രം പഠിക്കുകയായിരിക്കും. ക്‌ളാസിന് പുറത്തുനില്‍ക്കുന്ന ലീല മാഷിനെ കാണാതെ സ്‌കൂളിന്റെ വിശാലമായ പറമ്പിലേക്ക് കയറും. കാട്ടീന്തല്‍ പറിച്ച് ഇടവേളയില്‍ കൂട്ടുകാര്‍ക്ക് എത്തിച്ചുകൊടുക്കും. ''ഇനി ക്‌ളാസിനു പുറത്താക്കുമ്പോള്‍ നല്ല കാരപ്പഴവും കശുമാങ്ങയും കൊണ്ടുത്തരാട്ടോ.'' എന്നൊരു വാക്കും ലീല കൂട്ടുകാരുടെ വായിലിട്ട് നല്‍കും.
സ്‌കൂള്‍ വിട്ടുപോരുമ്പോഴും അലഞ്ഞലഞ്ഞുള്ള യാത്രതന്നെയാണ്. പോകുമ്പോള്‍ ചെറുതായി മഞ്ഞിച്ചുനിന്ന കാരപ്പഴം പഴുത്തുവോ, അടയ്ക്കാക്കുരുവികളുടെ മുട്ട വിരിഞ്ഞോ, ഇങ്ങനെ നൂറായിരം അന്വേഷണങ്ങളുമായാണ് വഴിയാത്ര. വീട്ടിലെത്തുമ്പോഴേക്കും സന്ധ്യയായിട്ടുണ്ടാവും. വീട്ടിലേക്ക് കയറുമ്പോള്‍ സതിയുടെ അമ്മ പറയുന്നുണ്ടാവും, ''സ്‌കൂള്‍ വിട്ടാല്‍ നേരെയിങ്ങ് പോരാതെ, കണ്ട സ്ഥലങ്ങളിലൊക്കെ ചുറ്റിക്കറങ്ങ്വാണോ. പെമ്പിള്ളേരാണെന്നുള്ള വല്യ ബോധംണ്ടോ നെനക്ക്.'' പിന്നെയും ഇരുളാകും, പകലാകും, രാത്രിയാകും.... ലീല സ്‌കൂളില്‍ വൈകിയെത്തുന്നതുപോലെത്തന്നെ ഒന്നും മാറ്റമില്ലാതെ തുടര്‍ന്നു.
അവധിദിവസങ്ങളില്‍ വെങ്ങോലയിലെ പറമ്പിലും പാടത്തും ചെരുപ്പിടാതെയുള്ള ഓട്ടവുമായി ലീലയുണ്ടാവും. ഒറ്റശ്വാസത്തില്‍ ഓടിയെത്താവുന്ന മൂന്നു വീടുകളാണുള്ളത്. തുമ്മാരുകുടി എന്ന സ്വന്തം വീട്ടില്‍ നിന്നും ഇറങ്ങിയാല്‍ വല്യമ്മയുടെ വീട് അതായത് ശശികലയുടെയും പ്രഭാകരന്‍ചേട്ടന്റെയും വീട്, മറ്റൊന്ന് മറ്റൊരു വല്യമ്മയുടെ വീട്. രാവിലെ പതിനൊന്നുമണിക്ക് തുടങ്ങും യാത്ര. എല്ലാ വീടുകളിലും ഓരോ കുളങ്ങളുണ്ട്. കണ്ണ് ചുമന്നുതുടക്കുന്നതുവരെ കുളത്തില്‍ നീന്തിത്തുടിക്കും. കുളിച്ച് തല തോര്‍ത്തുമ്പോള്‍ ശശികലയായിരിക്കും പറയുക, ''നമുക്ക് അടുത്താഴ്ച പുന്നച്ചിറയില്‍ പോയി കുളിച്ചാലോ?''
പുന്നച്ചിറയില്‍ പെണ്‍കുട്ടികള്‍ക്ക് കുളിക്കണമെങ്കില്‍ കൂട്ടിനാരെങ്കിലും വേണം. അതും അതിരാവിലെ പോയി കുളിക്കേണം. മുതിര്‍ന്നവരാരെയും കിട്ടാത്തതുകൊണ്ട് പുന്നച്ചിറയിലെ കുളി നീണ്ടുനീണ്ടുപോയി.
കര്‍ക്കിടകമഴ പെയ്തിറങ്ങിക്കഴിഞ്ഞിരിക്കുന്നു. ഇനി ചിങ്ങമാസം. സ്‌കൂളുകളില്‍ പരീക്ഷാക്കാലം കൂടിയായിരുന്നു. പരീക്ഷ കഴിയാറാവുമ്പോഴേക്കും ഓണമിങ്ങെത്തും. ''ചോതിയെത്തിയാല്‍ മതിയാര്‍ന്നു'', ലീല പ്രാര്‍ത്ഥിക്കും. ചോതിയെത്തിയാല്‍ സ്‌കൂള്‍ അടയ്ക്കും, മാത്രമല്ല നിറമുള്ള പൂക്കളിടാനും തുടങ്ങും.
അത്തം, ചിത്തിര ദിവസങ്ങളില്‍ വെള്ളപ്പൂവാണ് ഇടേണ്ടത്. അതിനായി സ്‌കൂളില്‍ പോകുന്നതിനു മുമ്പായി തൊടിയില്‍ നിന്നും തുമ്പപ്പൂവ് പറിച്ചിടും. ചോതിയില്‍ സ്‌കൂള്‍ അടച്ച് ഉച്ചയോടെ വീട്ടിലെത്തിയാല്‍ സംഘമായി ചൂണ്ടമലയിലേക്ക് പോകും. ചൂണ്ടമലയിലെ പൂക്കള്‍ പറിച്ചുകഴിഞ്ഞാല്‍ തേക്കമലയിലേക്ക്, അങ്ങനെ മലകളെല്ലാം പൂക്കളിറുത്ത് വരുമ്പോഴേക്കും കൂടയില്‍ ശീമക്കോകിണി, ചെത്തി, കൊങ്ങിണിപ്പൂവ്, മാനംനോക്കിപ്പൂവ് അങ്ങനെ നിറങ്ങളുടെ വസന്തങ്ങളുണ്ടാവും. വരുന്ന വഴിയില്‍ പടത്തുനിന്ന് നെല്ലിപ്പൂവും വരമ്പില്‍ നിന്ന് ചിറ്റാടപ്പൂവും പറിക്കും. എല്ലാം കഴിഞ്ഞ് വരുമ്പോള്‍, വാസ്വേട്ടന്റെ വീട്ടുമുറ്റത്ത് ഒരു രാജമല്ലിപ്പൂവ് തലപൊക്കിനില്‍ക്കുന്നതുകണ്ടാല്‍ ലീല മുറ്റത്ത് ആരുമില്ലെന്ന് ഉറപ്പാക്കിയാല്‍ രാജമല്ലിപ്പൂവ് കട്ടെടുക്കും. വഴിയില്‍ ആരെങ്കിലും വരുന്നുണ്ടോ എന്നു നോക്കാന്‍ ശശികലയെ നിര്‍ത്തിയിട്ടുണ്ടാവും. മോഷണമുതല് പങ്കുവയ്ക്കും. പിന്നെ നേരെ വീട്ടിലേക്ക് ഓടും. വീട്ടിലെത്തിയാലുടന്‍ വലിയ പൂത്തറ കെട്ടണം. ചാണകം മെഴുകി ഒരുക്കാന്‍ അമ്മ സഹായിക്കും.
പിറ്റേന്ന് നേരം പുലരാന്‍ കാത്തിരിക്കുകയാവും ലീല. പുലര്‍ന്നാലുടന്‍ ഒരുക്കിവെച്ച പൂത്തറയില്‍ തലേന്നുതന്നെ ശേഖരിച്ച പൂക്കളുമായി മുറ്റത്തിരിക്കും. വളയം വളയങ്ങളായി പൂക്കളമിടും. എത്ര വളയമിട്ടാലും ഒന്നുകൂടി വേണം എന്നൊരു തോന്നല്‍. ഇനി സതിയുടെ വീട്ടിലെങ്ങാനും ഇതിനേക്കാളും കൂടുതല്‍ വളയങ്ങളുണ്ടെങ്കിലോ, തോറ്റുപോകില്ലേ. തൊടിയിലെ അരിപ്പൂവുംമുക്കുറ്റിപ്പൂവും കൂടി പറിച്ചെടുത്ത് ഒരു വളയംകൂടിയുണ്ടാക്കും. നേരെ ശശികലയുടെയും സതിയുടെയും വീട്ടുമുറ്റത്തേക്കോടും. ''സമാധാനം, രണ്ടുവളയം കൂടുതലാ എന്റെ പൂക്കളത്തിന്.''
പൂരാടത്തിന്റെയന്ന് പടിക്കല്‍ മാത്രം പൂവിട്ടാല്‍ മതി. മൂലത്തിന്റെ അന്നാണെങ്കില്‍ മൂന്നു സ്ഥലത്തിടണം. തിരുവോണദിവസം കുറേനേരത്തേ എഴുന്നേല്‍ക്കണം. പൂക്കളമിടണം, തുമ്പ അറുത്തുകൊണ്ടുവന്ന് പൂക്കളത്തിന് നടുക്ക് വയ്ക്കണം. അമ്മിക്കല്ലെടുത്തുവെച്ച് ഓണത്തപ്പനാക്കണം. അതൊക്കെ കഴിയുമ്പോഴേക്കും അമ്മയുടെ വിളിയുയരും, ''ലീലേ, പാടത്തുപോയി അച്ചിങ്ങ പറിച്ച് വാ..''
പാടത്തുപോയി പാവാട മാടി അതില്‍ അച്ചിങ്ങ പറിച്ചുവരും. അപ്പോഴേക്കും കുഞ്ചോസിയും നാരായണന്‍നായരും വീട്ടിലെത്തിയിട്ടുണ്ടാവും, ഇഞ്ചിക്കറിയും നാരങ്ങാക്കറിയും ഉപ്പേരിയുമുണ്ടാക്കാന്‍. ഇഞ്ചി പറിച്ചെടുത്ത് മരവയിലിട്ട് കൊത്തിയെടുക്കേണ്ടത് ലീലയാണ്. അതുകൂടി കഴിഞ്ഞാല്‍ ശശികലയെ വിളിച്ച് കുളത്തില്‍പോയി കുളിക്കും. കുളി കഴിഞ്ഞുവരുമ്പോഴേക്കും ഓണക്കോടി എടുത്തുവച്ചിട്ടുണ്ടാവും. ഓണക്കോടി വാങ്ങുന്നതിനു മുമ്പേ ശട്ടംകെട്ടിവച്ചിട്ടുണ്ട്, ''എനിക്ക് കീശയുള്ള പാവാട മതീട്ടോ...'' ഉപ്പേരി കീശയിലിട്ട് വഴിനീളെ നടക്കുമ്പോള്‍ കൊറിക്കാലോ.
ഉപ്പേരിയും കൊറിച്ച് ബ്‌ളാത്തിക്കാവിലേക്കാണ് ലീലയും സംഘവും പോയത്. ബ്‌ളാത്തിക്കാവില്‍ നിറയെ താന്നിക്കയുണ്ട്. നട്ടുച്ചയില്‍പോലും പുലര്‍ച്ചെയുണ്ടാകാറുള്ള തണുപ്പും ഇരുട്ടുമാണ്. ചീവീടുകള്‍ മൂളിക്കൊണ്ടിരിക്കുന്നുണ്ടാവും. ''ഭദ്രകാളിയുണ്ടവിടെ'' മുതിര്‍ന്നവര്‍ പേടിപ്പിക്കാന്‍ പറയുന്നതാണ്. താന്നിക്കയും പറിച്ച് വരുമ്പോഴും വിടാതെ പിടിച്ചുനിര്‍ത്തുന്ന ഏതോ കാളിയുണ്ടെന്നുതന്നെയാണ് ലീലയ്ക്ക് തോന്നിയത്, മരങ്ങളും ചെടികളും ധ്യാനിച്ചിരിക്കുകയാണെന്നും. ബ്‌ളാത്തിക്കാവിനപ്പുറത്ത് വാലേക്കര കാവുണ്ട്. അവിടെയും ആരും കാണാതെ ലീലയും സംഘവും പോകാറുണ്ട്.
തുമ്മാരുകുടിക്ക് സ്വന്തമായി സര്‍പ്പക്കാവുണ്ട്. നൂറും പാലും നേതിച്ച് സന്ധ്യയ്ക്ക് വയ്ക്കാറുമുണ്ട്. തുമ്മാരുകുടിയിലെ പശുക്കിടാങ്ങള്‍ തലതല്ലിച്ചാകാന്‍ തുടങ്ങിയപ്പോള്‍ പ്രശ്‌നം വച്ചപ്പോഴാണ് അവിടെ ചാമുണ്ഡിയുടെ സ്വാധീനമുണ്ടെന്ന് അറിഞ്ഞത്. ചാമുണ്ഡിക്കാവില്‍ കോഴിയെ ബലി നല്‍കിയശേഷമാണ് പശുക്കിടാങ്ങളുടെ ദാരുണമരണം തുമ്മാരുകുടിയില്‍ ആവര്‍ത്തിക്കാതിരുന്നത്.
കാവില്‍ നിന്നും വീട്ടിലേക്കെത്തുമ്പോഴേക്കും ഓണസദ്യയൊരുങ്ങിയിട്ടുണ്ടാവും. വീട്ടിലത്തെ ഊണു കഴിഞ്ഞാല്‍ നേരെ വല്യമ്മയുടെ വീട്ടിലേക്ക്, കൈയില്‍ വീട്ടിലുണ്ടാക്കിയ പായസവുമുണ്ടാകും. അവിടെ നിന്ന് ഇങ്ങോട്ട് ശശികല പായസം കൊണ്ടുവന്നതേയുള്ളു. വല്യമ്മയുടെ വീട്ടിലെത്തുമ്പോഴേക്കും ശശികലയും വല്യമ്മയുമൊക്കെ കാത്തിരിക്കുന്നുണ്ടാവും. ലീ അവര്‍ക്കൊപ്പവും ഉണ്ണും. പിന്നെയും കാവുകളും കുന്നുകളും കുളങ്ങളും താണ്ടി തിരിച്ച് വീട്ടിലെത്താറാവുമ്പോഴേക്കും ഓണം പതുക്കെ വഴിയിറങ്ങിയിട്ടുണ്ടാവും. ''അയ്യോ! തീര്‍ന്നല്ലോ!'' എന്ന് ഓണത്തെക്കുറിച്ച് ആലോചിച്ച് പിറ്റേദിവസമുണരും. കൂടുതല്‍ ആലോചിച്ച് വേദനിക്കാതെ വീണ്ടും പാടത്തിന്റെ കരയിലൂടെ, ഇടവഴിയില്‍ കയറി, ചെരുപ്പിടാതെയുള്ള ഓട്ടവുമായി അവധിക്കാലം തീര്‍ക്കും.
വീണ്ടും സ്‌കൂളിലേക്കുള്ള യാത്രതന്നെ. വെങ്ങോലയിലെ സ്‌കൂള്‍ പ്രൈമറി സ്‌കൂളാണ്. നാലാം ക്‌ളാസ് കഴിഞ്ഞാല്‍ മൂന്നരമൈല്‍ നടന്ന് പെരുമ്പാവൂരിലെ സ്‌കൂളിലേക്ക് പോകണം. പെരുമ്പാവൂരിലേക്കുള്ള ആദ്യയാത്ര ലീലയെ വല്ലാതെ മാറ്റിയിരുന്നു. ലീല നാലാംക്‌ളാസില്‍ പഠിക്കുമ്പോള്‍ പരാലിസിസ് വന്ന് തളര്‍ന്നു കിടന്നിരുന്ന അച്ഛന്‍ മരിച്ചു. ലീല രണ്ടു വയസു മുതല്‍ അച്ഛനെ കണ്ടിട്ടുള്ളത്, വീടിനകത്തെ കട്ടിലില്‍ ഇരുട്ടില്‍ വെളുത്ത ശരീരം നിസഹായ നോട്ടത്തോടെ കിടക്കുന്നതാണ്, താഴെ നിഴലുപോലെ അമ്മയുമുണ്ടാവും. അച്ഛന്‍ ചോറു കഴിക്കുമ്പോള്‍ ചലനമുള്ള ഇടത്തേകൈകൊണ്ട് ലീലയുടെ വായിലേക്കും ഉരുളകള്‍ വയ്ക്കുമായിരുന്നു. മുറ്റത്തേക്കിറങ്ങി വേച്ചുവേച്ചുനടക്കുമ്പോള്‍ ലീല അച്ഛന്റെ കാല്‍ തട്ടാന്‍ സാധ്യതയുള്ള കല്ലുകളൊക്കെ വഴിയില്‍ നിന്നുമാറ്റിക്കൊടുക്കും. ലീല നാലാം ക്‌ളാസില്‍ പഠിക്കുമ്പോഴാണ് അച്ഛന്റെ മരണം. മരണമറിഞ്ഞ് നാടുമുഴുവന്‍ എത്തിയിരുന്നു. മാവുവെട്ടാനും ചിതയൊരുക്കാനും നാട്ടുകാരായിരുന്നു ഉണ്ടായിരുന്നത്. അച്ഛന്റെ മരണമറിഞ്ഞ് സിംഗപ്പൂരിലായിരുന്ന ചേച്ചിയും മകന്‍ രവിയും എത്തി. ലീലയെയും അമ്മയെയും തനിച്ചാക്കിപ്പോകാന്‍ ചേച്ചിക്ക് മനസുവന്നില്ല. ചേച്ചിയും രവിയും തുമ്മാരുകുടിയില്‍ താമസമായി.
ലീലയേക്കാള്‍ മൂന്നുനാലു വര്‍ഷത്തെ പ്രായക്കൂടുതലേ രവിയുമായുള്ളു. രവിയെ കളിക്കാനൊന്നും കൂട്ടാത്തതില്‍ ചേച്ചി എന്നും ലീലയെ വഴക്കുപറയുമായിരുന്നു. രവിയെ കൂട്ടിക്കൊണ്ടുനടക്കാന്‍ ലീലയ്ക്ക് ഇഷ്ടമേയുണ്ടായിരുന്നില്ല. അമ്മയെങ്ങാനും ലീലയെ ചൂടുവെള്ളത്തില്‍ കുളിപ്പിക്കുമ്പോള്‍ ചേച്ചിയുടെ ശബ്ദമുയരും, ''അമ്മയാണ് ഇവളെ ചീത്തയാക്കുന്നത്. ള്ളക്കുട്ടിയാന്നാ വിചാരം. തണുത്തവെള്ളത്തില്‍ കുളിക്കട്ടെ, ചൂടുവെള്ളത്തില്‍ കുളിപ്പിക്കാന്‍ വേണ്ടി ഇവള് പനി അഭിനയിക്കുന്നതാ..'' ലീലയ്ക്ക് ഇതുകേള്‍ക്കുമ്പോള്‍ സങ്കടംവരും.
സ്‌കൂളില്‍ പോകുന്ന സമയത്താണെങ്കില്‍ ലീലയുടെ പുസ്തകങ്ങളെല്ലാമെടുത്ത് എല്ലാ ദിവസവും പരിശോധിക്കും. വല്ല പ്രേമലേഖനവുമുണ്ടോ എന്നാണ് ചേച്ചിയുടെ അന്വേഷണം. എങ്കിലും ചേച്ചിയുടെ തുന്നല്‍മെഷീനില്‍ ലീലയ്ക്ക് നല്ല ഉടുപ്പുകള്‍ തയ്പ്പിച്ചുനല്‍കുന്നതും ചേച്ചിതന്നെയാണ്. തലമുടി വെട്ടി ബോബ് ചെയ്ത് പൊട്ടൊക്കെ എഴുതിക്കൊടുത്ത് സ്‌കൂളിലയക്കുന്നതും ചേച്ചിതന്നെ.
മുതിരുന്തോറും എല്ലാ സ്വാതന്ത്ര്യങ്ങളും നഷ്ടപ്പെടുന്നത് ലീല അറിഞ്ഞു. ബ്‌ളാത്തിക്കാവിലേക്കോ, തേക്കമലയിലേക്കോ പാടത്തിലൂടെ ഓടിപ്പോകുന്നതിനോ വിലക്കുകള്‍ വീഴുന്നു.
പെരുമ്പാവൂരിലെ സ്‌കൂളില്‍ നിന്നും പത്താംക്‌ളാസ് പാസായതോടെ, ചേച്ചിയുടെ നിര്‍ദ്ദേശമെത്തി, ''എന്തെങ്കിലും ജോലി നോക്കണം, നീ വേണം ഇനി രവിയെ പഠിപ്പിക്കാന്‍''
ലീലയ്ക്ക് ഇനിയും പഠിക്കണമെന്നായിരുന്നു. പക്ഷേ, ജോലി തേടി പോകേണ്ടിവന്നു. വെങ്ങോലയോട് യാത്ര പറഞ്ഞ് ബന്ധുവിന്റെ കൂടെ ഹൈദരാബാദിലേക്ക് പുറപ്പെട്ടു. അവിടെ പോസ്റ്റ് ഓഫീസില്‍ ജോലി ചെയ്യുമ്പോഴും മനസില്‍ നിറയെ പഠിക്കാനുള്ള ആഗ്രഹമായിരുന്നു. സായാഹ്നക്‌ളാസില്‍ പഠനം നടത്തി. രാവിലെ ജോലി ചെയ്ത് കിട്ടുന്ന പണത്തില്‍ നിന്ന് രവിയുടെ പഠനത്തിനായി പണമയച്ചു.
തൃശൂര്‍ മെയിന്‍ പോസ്റ്റ് ഓഫീസിലേക്കായിരുന്നു ലീലയ്ക്ക് ട്രാന്‍സ്ഫര്‍ കിട്ടിയത്. ടെലിഗ്രാം അടിക്കുന്നത് അന്നൊരു വിസ്മയമായിരുന്നു. ശബ്ദത്തില്‍ നിന്നും അക്ഷരങ്ങള്‍ എഴുതിയെടുക്കുന്ന രീതി. അത് പഠിച്ചെടുക്കണമെന്നായി മോഹം. ഒട്ടേറെ പ്രതിസന്ധികള്‍ക്കൊടുവില്‍ പഠിച്ചെടുത്ത് എറണാകുളത്തേക്കു മാറുമ്പോള്‍ ടെലിഗ്രാം അടിക്കുന്ന ആദ്യത്തെ വനിതയായി ലീല മാറിയിരുന്നു. ആ സമയത്താണ് വിവാഹം, രാജനുമായി. പത്രപ്രവര്‍ത്തനവും ടെലിഗ്രാം പോലെ പഠിക്കാന്‍ ആഗ്രത്തോടെ മുന്നിലെത്തി. ഗോള്‍ഡ് മെഡലോടെ ജേര്‍ണലിസം പാസായി പത്രപ്രവര്‍ത്തകയായി മാറി. ചര്‍ച്ച ചെയ്യപ്പെട്ട ഒട്ടേറെ വാര്‍ത്തകള്‍, ലീല, ലീലാമേനോനായി അറിയപ്പെട്ടു. ചാനലുകളില്ലാത്ത കാലത്തും ലീലാമേനോന്റെ മുഖം തിരിച്ചറിയപ്പെട്ടു.
വെങ്ങോലയില്‍ നിന്നും പൊതുചടങ്ങുകളിലേക്ക് ക്ഷണം വന്നു. തങ്ങളുടെ നാട്ടുകാരിക്കുള്ള സ്വീകരണങ്ങളായിരുന്നു പലപ്പോഴും അത്. ഒരു ചടങ്ങില്‍ ലീലാമേനോന്‍ പറഞ്ഞു: ''
വെങ്ങോല മാറിയിരിക്കുന്നു, കാവുകളും കുളങ്ങളും പാടങ്ങളുമില്ലാത്ത നാടായി മാറിയിരിക്കുന്നു. ആ പ്‌ളൈവുഡ് ഫാക്ടറി നില്‍ക്കുന്നിടത്തായിരുന്നു ഞങ്ങളുടെ പാടങ്ങള്‍. ഇന്ന് കതിരണിയാത്ത പാടങ്ങളായി മാറിയിരിക്കുന്നു.''
വെങ്ങോലയിലെ മണ്ണ് കൊച്ചിക്കായലിന്റെ മുകളില്‍ ശ്വാസം മുട്ടിക്കിടന്നു. നഗരം വളര്‍ത്തിയത് വെങ്ങോലയിലെ കുന്നുകളിടിച്ചായിരുന്നു. തേക്കമലയും ചൂണ്ടമലയും മലയല്ലാതായിത്തീര്‍ന്നു. ബ്‌ളാത്തിക്കാവും വാലേക്കരക്കാവും മരങ്ങളില്ലാത്ത വെറും പേരുകളായി മാറിയിരിക്കുന്നു. അവിടെയെല്ലാം ഓര്‍മ്മകള്‍മാത്രം കുളിരിട്ടു നില്‍ക്കുന്നു.