Tuesday, March 20, 2018

ഉത്സവമേളം

അപരന്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ ജയറാം മുപ്പതു വര്‍ഷം തികയ്ക്കുകയാണ്. സിനിമയ്ക്കപ്പുറത്ത് ജയറാം മിമിക്രിക്കാരന്‍, വാദ്യകലാകാരന്‍, ആനപ്രേമി ഇങ്ങനെ ഒട്ടേറെ ജീവിതയാത്രകളിലൂടെ ഇന്നും മലയാള സിനിമയില്‍ സജീവമായ ജയറാമിനെക്കുറിച്ച്......
കെ. സജിമോന്‍

ഫോട്ടോ: ബോണി പണിക്കര്‍

ആന, മേളം, ഉത്സവപ്പറമ്പിലെ മിമിക്രി... ആകെയൊരു ഉത്സവത്തിമിര്‍പ്പാണ് ജയറാമിന്റെ ജീവിതം. ജന്മംകൊണ്ട് പെരുമ്പാവൂരുകാരനാണെങ്കിലും മനസുകൊണ്ട് തൃശൂര്‍കാരനാണ് ജയറാം. ഒരു മേളം കേട്ടാല്‍ താളത്തിനൊത്ത് തലയാട്ടി, ആനയെക്കണ്ടാല്‍ അതിന്റെ ഭാവങ്ങള്‍ക്കൊപ്പം മനസുനല്‍കി ആസ്വദിക്കുന്ന തൃശൂര്‍കാരന്റെ മനസ്.
ഏതാണ്ട് വഴി മനസിലാകുന്ന പ്രായത്തില്‍, പെരുമ്പാവൂരില്‍ നിന്നും വണ്ടി കയറി തൃശൂരിലെത്തി പൂരവും വെടിക്കെട്ടും കണ്ട് ഉപചാരം ചൊല്ലി പിരിഞ്ഞതിനുശേഷം മാത്രമായിരുന്നു ജയറാമിന്റെ മടക്കം. ഇനി പോകുന്നവഴിയിലെങ്ങാനും ഒരു മേളപ്പദം കേട്ടാല്‍ അവിടെയിറങ്ങി മേളത്തില്‍ മുഴുകി, ആനച്ചന്തത്തിനൊപ്പം കൂടി, അവിടെയും പൂരം അവസാനിപ്പിച്ചിട്ടാകാം ഇനിയുള്ള യാത്ര എന്നു തീരുമാനിക്കും. അതാണ് ഉത്സവത്തിമിര്‍പ്പിന്റെ കുട്ടിക്കാലം.
ആനക്കമ്പമോ മേളക്കമ്പമോ ആദ്യമെത്തിയത് എന്ന ചോദ്യത്തിന് ജയറാമിന് വ്യക്തമായ ഉത്തരം പറയാന്‍ കഴിയില്ല. രണ്ടും ഒപ്പത്തിനൊപ്പം  തലയില്‍ കയറിയെന്നാകും മറുപടി. ആനയും മേളവും മിമിക്രിയും എല്ലാം തലയില്‍ മേളം കൊട്ടിത്തുടങ്ങിയത് പെരുമ്പാവൂരില്‍ നിന്നുതന്നെ.

കോടനാട്ടെ താപ്പാന
''കോടനാട്ട് ആന വീണാല്‍ എന്റെ കുട്ടിക്കാലത്ത് വീട്ടില്‍ വിവരമെത്തും. അപ്പോഴേക്കും ഞങ്ങള്‍ പിള്ളാര് സെറ്റ് കോടനാട്ടേക്ക് ഓടിത്തുടങ്ങും. പിന്നെ, വലത്താനേ, ഇടത്താനേ എന്നുപറഞ്ഞ് ആനയെ കരയ്ക്കുകയറ്റുന്നതും നോക്കി മണിക്കൂറുകള്‍ ഞങ്ങള്‍ ആ പരിസരത്തു ചുറ്റിക്കറങ്ങിനില്‍ക്കും.
ആനയെ വീഴ്ത്തുന്നത് ഒരു കലയാണ്. ആനകളെ വീഴ്ത്താനുള്ള വാരിക്കുഴി കുഴിക്കുന്നതിനുമുമ്പ് സ്ഥാനം നിര്‍ണ്ണയിച്ച് പൂജ നടത്തും. മുമ്പ് ആനത്താരകളായിരുന്ന വഴിയിലാണ് സ്ഥാനം നിര്‍ണ്ണയിക്കുക. പത്തോ പതിനാലോ കുഴികള്‍ കുഴിക്കും. കുഴിച്ചുകിട്ടുന്ന മണ്ണ് മുഴുവന്‍ പെരിയാറിലാണ് നിക്ഷേപിക്കുക. ആ മണ്ണ് അവിടെത്തന്നെയിട്ടാല്‍ ആനകള്‍ ആ വഴി വരില്ലത്രെ. വാരിക്കുഴികളെല്ലാം അടച്ച് പുല്ലുകള്‍ വിരിച്ച്, തിരിച്ചറിയാത്തവിധം പഴയമട്ടില്‍ത്തന്നെ ആ വഴികളാക്കും. പുതിയ ആനത്താരയില്‍ പാട്ടകൊട്ടി ഒച്ചയുണ്ടാക്കുന്നതോടെ ആനകള്‍ കൂട്ടമായി പഴയ വഴിയിലൂടെ നീങ്ങും. ആദ്യത്തെ ആന വാരിക്കുഴിയില്‍ വീഴുന്നതോടെ ആനകള്‍ പല വഴിക്കായി നീങ്ങും. ചുറ്റും കുഴിച്ച കുഴികളില്‍ കറക്റ്റായി മറ്റ് ആനകളും വീഴും.
സംഗതി ഇത്രയൊക്കെയാവുമ്പോഴേക്കാണ് വില്ലാളി വീരന്‍, രാജാധിരാജന്‍, ഞങ്ങളുടെയൊക്കെ ആരാധനാപാത്രം എഴുന്നള്ളുക. രവീന്ദ്രനെന്ന താപ്പാന, ഞങ്ങളുടെ ഹീറോ. ഏതു വലിയ കൊലകൊമ്പന്‍ കുഴിയില്‍ വീണാലും രവീന്ദ്രന്റെ മുന്നില്‍ അതെല്ലാം വെറും കുഴിയാനകള്‍!!!
രവീന്ദ്രനാണ് ഞങ്ങളുടെ ആനപ്രേമത്തിന്റെ തലതൊട്ടപ്പന്‍. രവീന്ദ്രനെ കണ്ട കാലത്തായിരിക്കണം ഞങ്ങള്‍ കുട്ടികളില്‍ ആനയെന്ന അത്ഭുതജീവിയോട് പ്രേമം തുടങ്ങിയത്. സ്‌കൂളിലേക്കുള്ള വഴികളില്‍ ഞങ്ങള്‍ രവീന്ദ്രന്റെ കഥകള്‍ പാടിനടന്നു. കൂട്ടുകാര്‍ക്കൊപ്പമുള്ള കളികളില്‍ രവീന്ദ്രനെന്ന ആനയാകാന്‍ കുട്ടികള്‍ മത്സരിച്ചു. അതാമ് രവീന്ദ്രന്‍ എന്ന കൊമ്പന്റെ മാഹാത്മ്യം.
കോടനാട്ടെ വാരിക്കുഴികളില്‍ വീഴുന്ന കൊമ്പന്മാരെ ആനക്കളരിയിലെത്തിച്ച് ചട്ടം പഠിപ്പിക്കാന്‍ കൂട്ടിലാക്കുംവരെയും രവീന്ദ്രനുണ്ടാവും പിന്നില്‍, കണക്കുമാഷെപ്പോലെ. രവീന്ദ്രന്റെ പ്രകടനങ്ങള്‍ക്ക് ഞങ്ങള്‍ ദൃക്‌സാക്ഷികളായെത്തും. പിന്നില്‍നിന്ന് ഒരു തട്ടുതട്ടി ആനക്കൊട്ടിലിലേക്ക് കാട്ടാനയെ കയറ്റുന്ന രവീന്ദ്രന്‍ ആക്ഷന്‍ ഞങ്ങള്‍ സിനിമകള്‍പോലെ ആസ്വദിച്ചു. ആ കാഴ്ചകള്‍ മറഞ്ഞാലും പിന്നെയും കഥകള്‍ ഞങ്ങള്‍ പാടിനടന്നു.
രവീന്ദ്രന്‍ ലക്ഷണമൊത്ത താപ്പാനയാണ്, അഴകൊത്ത സുന്ദരനും. രവീന്ദ്രന്റെ സൗന്ദര്യത്തില്‍ മയങ്ങി കൂടെത്തന്നെ സാവിത്രിയുമുണ്ടാകും. ആനക്കൊട്ടിലിലെ പിടിയാനയാണ് സാവിത്രി. ഒരുമിച്ചു നിന്നാല്‍ പത്തു റീല്‍ നിറയെ പ്രണയസീനെടുക്കാന്‍ പോകുന്നത്രയും കടുത്ത പ്രണയം. സാവിത്രി അടുത്തുണ്ടെങ്കില്‍പ്പിന്നെ രവീന്ദ്രന്റെ നടപ്പിലും മട്ടിലും ഭാവത്തിലും ഒരു മാറ്റമാണ്. അമ്പട കള്ളാ! എന്ന് വിളിച്ച് ഞങ്ങള്‍ ആ പ്രണയചേഷ്ടകള്‍ ആസ്വദിച്ചു. ഈ പ്രണയജോഡികളെ അന്ന് ഞങ്ങള്‍ നസീര്‍- ഷീല എന്നാണ് വിളിച്ചിരുന്നത്. കാലങ്ങള്‍ പിന്നിട്ടു. ആനപിടുത്തം നിയമപരമായി നിര്‍ത്തി. പിന്നീടൊരിക്കല്‍ രവീന്ദ്രനെ അന്വേഷിച്ചെത്തിയപ്പോള്‍ അറിയാന്‍ കഴിഞ്ഞത്; ''അറിഞ്ഞില്ലേ, രവീന്ദ്രനെ പുഴ കടത്തി കൊണ്ടുപോയി, എങ്ങോട്ടെന്നറിയില്ല.''
പെരിയാര്‍ കടത്തി തൃശൂരിലേക്കോ മറ്റോ കൊണ്ടുപോയ രവീന്ദ്രനെ അന്വേഷിച്ച് കണ്ടെത്താന്‍ ഞങ്ങള്‍ക്ക് വഴിയൊന്നുമുണ്ടായിരുന്നില്ല. എങ്കിലും രവീന്ദ്രനായി ഞങ്ങളില്‍ കുറിച്ചിട്ട ആനപ്രേമം അതേമട്ടില്‍ത്തന്നെ നിന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞു. സിനിമയിലെത്തി. അപ്പോഴും ആനപ്രേമം കുറഞ്ഞിട്ടില്ലെന്ന് പറയേണ്ടതില്ലല്ലോ. അങ്ങനെയിരിക്കെയാണ് കുട്ടന്‍കുളങ്ങര ക്ഷേത്രത്തിലെ പത്മനാഭന്‍ എന്ന ആനയ്ക്ക് ഗജരാജപ്പട്ടം നല്‍കാനുള്ള ക്ഷണം വരുന്നത്. ആനയുടെ കാര്യമായാല്‍ എനിക്ക് പോകാന്‍ താല്‍പര്യമേറെയാണ്. അന്ന്, ഗജരാജപ്പട്ടം നല്‍കുന്ന ചടങ്ങിലേക്ക് കുട്ടന്‍കുളങ്ങര പത്മനാഭന്‍ മുന്നില്‍ വന്നുനിന്നപ്പോള്‍, എവിടെയോ കണ്ട പരിചയം. ഇവനെ എനിക്കറിയാലോ? എന്ന് എന്റെ മനസ്സ് മന്ത്രിച്ചു. കുട്ടംകുളങ്ങര പത്മനാഭന്‍ എവിടെനിന്നു വന്നു? അവന്റെ പൂര്‍വ്വകാല ചരിത്രം എന്താണ്? എന്നിങ്ങനെ പലരോടായി ചോദിച്ചറിഞ്ഞു. അതറിഞ്ഞപ്പോഴാണ് കൗതുകവും സന്തോഷവും എല്ലാം കൊണ്ട് എന്റെ കണ്ണുനിറഞ്ഞുപോയത്. ഇത് നമ്മ്‌ടെ സാക്ഷാല്‍ രവീന്ദ്രന്‍!! കോടനാട്ടെ ആനപിടുത്തം നിരോധിച്ചപ്പോള്‍ പെരിയാര്‍ കടത്തി ആരോ വാങ്ങിപ്പോയ ആ പഴയ താപ്പാന. അവന് ഗജരാജപ്പട്ടം നല്‍കാനുള്ള അവസരം എന്നത് എന്റെ ഭാഗ്യമായിട്ടായിരുന്നു ഞാന്‍ കണ്ടത്.
പിന്നെയും വര്‍ഷങ്ങള്‍ കടന്നുപോയി. രവീന്ദ്രന്‍ ചെരിഞ്ഞു. എങ്കിലും ഇപ്പോഴും രവീന്ദ്രന്റെ സാന്നിധ്യം ഞാനറിയുന്നുണ്ട്, എന്റെ തൊട്ടടുത്തുതന്നെ. കുട്ടന്‍കുളങ്ങര പത്മനാഭനായി മാറിയ രവീന്ദ്രന്‍ ചരിഞ്ഞപ്പോള്‍, അവന്റെ കൊമ്പുകള്‍ കുട്ടന്‍കുളങ്ങര ക്ഷേത്രക്കമ്മിറ്റിക്കാര്‍ എനിക്ക് സമ്മാനമായി നല്‍കാന്‍ തീരുമാനിച്ചു. സമ്മാനമായി ലഭിച്ച രവീന്ദ്രന്റെ കൊമ്പുകള്‍ മദ്രാസിലേക്ക് എത്തിക്കുന്നതിനുള്ള നിയമത്തിന്റെ നൂലാമാലകള്‍ ചെറുതൊന്നുമായിരുന്നില്ല. സമ്മതിപത്രവും അംഗീകാരസര്‍ട്ടിഫിക്കറ്റുകളും, വിവിധ ഓഫീസില്‍ നിന്നുള്ള അനുമതി പത്രവും എല്ലാമടക്കം ഒരു വലിയ കെട്ടുതന്നെയുണ്ട്. അതെല്ലാം തീര്‍ത്ത് ചെന്നൈയിലെ എന്റെ വീട്ടില്‍ ഇപ്പോഴും കോടനാട്ടെ വീരശൂരന്റെ സ്മരണ നിറഞ്ഞുനില്‍ക്കുന്നു.''
ഉത്സവപ്പറമ്പുകളില്‍ തിരക്കിട്ടു നടന്ന ഒരു കാലമുണ്ടായിരുന്നു ജയറാമിന്. ആനയ്ക്കും മേളത്തിനും തലയാട്ടിനിന്നതിനൊപ്പം, അല്ലെങ്കില്‍ അതിനേക്കാളും കൂടുതലായി ഉത്സവപ്പറമ്പുകളില്‍ മിമിക്രിയുമായി ഓടിനടന്നിരുന്ന കാലം. അതിന്റെ തുടക്കവും പെരുമ്പാവൂരിലെ കുട്ടിക്കാലത്തുതന്നെ. മിമിക്രിയുടെ ബാലപാഠം നടത്തിയ ആ കാലത്തെക്കുറിച്ച് ജയറാം:
''എല്ലാവരെയുംപോലെ സ്‌കൂള്‍ അവധിക്കാലത്തിനായി ഞാനും കാത്തിരുന്നു. വീടുനിറയെ കുട്ടികളായിരിക്കും. അച്ഛന്റെ സഹോദരങ്ങളുടെ മക്കളെല്ലാം നഗരത്തിലെ സ്‌കൂളുകളില്‍നിന്നും അവധിയാഘോഷിക്കാന്‍ എത്തും. പൂരമെത്താറാവുന്ന ദിവസങ്ങളിലെ സന്തോഷമാണ് അവധിയെത്താറാവുന്ന ദിവസങ്ങളില്‍. അവധി തുടങ്ങിയാല്‍ ഓരോ ഭാഗത്തുനിന്നായി ഓരോ സംഘങ്ങള്‍ പെരുമ്പാവൂരിലെ തറവാട്ടിലേക്ക് എത്തിത്തുടങ്ങും. അവധിക്കാലത്ത് വീട്ടുമുറ്റം പൂരപ്പറമ്പുപോലെയാവും. രാത്രിയാവോളം ഞങ്ങളുടെ കലപില ശബ്ദവും കളിമേളങ്ങളും.
കസിന്‍സെല്ലാം നഗരത്തിലെ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പഠിക്കുന്നവര്‍. ഞാനാണെങ്കില്‍ പാവം മലയാളം മീഡിയം സ്‌കൂളുകാരന്‍. കസിന്‍സ് എല്ലാവരും ചറപറാന്ന് ഇംഗ്‌ളീഷ് പറയും. പെരുമ്പാവൂര്‍ സര്‍ക്കാര്‍ മലയാളം മീഡിയം സ്‌കൂളിലെ വിദ്യാര്‍ത്ഥിക്ക്, ''ഈസും വാസും'' കടന്നൊരു ഇംഗ്ലീഷില്ലല്ലൊ. വെള്ളച്ചാട്ടംപോലുള്ള അവരുടെ ഇംഗ്ലീഷിനുമുന്നില്‍ ഞാന്‍ ഒന്നു പതറി. എനിക്ക് ഷൈന്‍ ചെയ്യാനുള്ള അവസരം നന്നേ കുറവ്. എങ്കിലും അവരുടെ മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ ഞാന്‍ ഒരു കളി കളിച്ചു. വീട്ടിലുള്ള ഓരോരുത്തരുടെയും സംഭാഷണം, നടത്തം ഇതൊക്കെ അതേ മട്ടില്‍ കാണിച്ചുകൊണ്ടൊരു കളി. അതില്‍ അവരെല്ലാം എന്റെ മുന്നില്‍ മുട്ടുമടക്കി. അതു കാണുമ്പോള്‍ അവര്‍ ചിരിച്ചുമറിഞ്ഞു. ''ഒന്നൂടി കാണിക്ക്യോ?'' എന്ന് അവരെക്കൊണ്ട് മലയാളം പറയിച്ച് ഞാന്‍ വീണ്ടും വീണ്ടും അവതരിപ്പിച്ചു. അങ്ങനെ ഞാന്‍ അവര്‍ക്കിടയില്‍ ഒന്നു വിജയിച്ചു തുടങ്ങി.
അക്കാലത്ത് വീട്ടുമുറ്റത്ത് വലിയവരുടെ ഒരു സദസ്സുണ്ടാകാറുണ്ട്. എന്റെ വല്യച്ചന്‍ മലയാറ്റൂര്‍ രാമകൃഷ്ണന്‍, പി. ഗോവിന്ദപ്പിള്ള, പി.കെ.വി. തുടങ്ങിയവരൊക്കെയുണ്ടാവും. ആ സദസ്സിലേക്ക് ഞാന്‍ ചായയുമായി കടന്നുചെല്ലാറുണ്ടായിരുന്നു. ആ സദസ്സിലും എന്റെ അനുകരണങ്ങളെക്കുറിച്ച് ചര്‍ച്ചയുണ്ടായിരുന്നു. ആ സദസ്സിലേക്ക് എത്താനുള്ള അവസരത്തെ ഞാന്‍ പരമാവധി വിനിയോഗിക്കുകയും ചെയ്തു.
വീട്ടില്‍ സഹായത്തിനെത്തുന്ന ഒരാളുണ്ടായിരുന്നു. അദ്ദേഹം ചിരിക്കുമ്പോള്‍ മുണ്ട് താനേ അഴിയും. അതായിരുന്നു അവര്‍ക്കിടയിലെ എന്റെ മാസ്റ്റര്‍പീസ്! സദസ്സിലേക്ക് ചായയുമായി എത്തുന്ന എന്നോട് അദ്ദേഹത്തെ അനുകരിക്കാനായി, വല്ല്യച്ഛനോ മറ്റോ ആജ്ഞാപിക്കും, ''പോയി മുണ്ടുടുത്തോണ്ടു വാടാ.''
ഞാന്‍ വേഗം അകത്തുപോയി മുണ്ടെടുത്തുടുത്ത് വരും. വയറിനുമുകളില്‍ മുണ്ട് തെരുത്തുകെട്ടി അനുകരണം തുടങ്ങും. വയറു കുലുക്കിയുള്ള ചിരിയില്‍ മുണ്ടഴിഞ്ഞുവീഴും, ഞാന്‍ മുണ്ടും പെറുക്കിയെടുത്ത് അകത്തേക്ക് ഓടും. അവരെല്ലാം ചിരിച്ചുമറിയുന്നത് ഞാന്‍ വാതിലുകള്‍ക്കിടയിലൂടെ കാണും. വീണ്ടും പലതവണ അവരുടെ എന്നൊരു നിര്‍ദ്ദേശം കേള്‍ക്കാന്‍ സന്ധ്യകളിലെ ആ സദസ്സിലേക്ക് ഞാന്‍ ചായക്കാരനായിത്തന്നെ പോയിട്ടുണ്ട്.
പക്ഷേ, എന്റെ ഇത്തരം വേലത്തരങ്ങള്‍കൊണ്ടൊന്നും ജീവിക്കാന്‍ പറ്റില്ലെന്ന നിഗമനം ചിലര്‍ നടത്തി. അതെന്നെ വല്ലാതെ വേദനിപ്പിച്ചു. ആ സംഭവമിങ്ങനെ: അച്ഛന്റെ സഹോദരന്മാരില്‍ ആരോ ഒരാളായിരുന്നു അത് പറഞ്ഞത്, ''എന്താ സുബ്രഹ്മണ്യം, ഇവന്‍ പത്താംക്ലാസ്സ് കടക്ക്വോ? കടന്നൂന്നാണെങ്കില്‍ വേഗം വല്ല പോലീസിലെങ്ങാനും പിടിച്ച് ചേര്‍ക്കാന്‍ നോക്ക്. നല്ല ഉയരമുണ്ടല്ലോ!''
എല്ലാവരും നല്ല മിടുക്കരായി പഠിക്കുന്നവര്‍, വലിയ ഉദ്യോഗം ലക്ഷ്യം വയ്ക്കുന്നവര്‍. ഞാനൊന്നും ആയിത്തീരാന്‍ പോകുന്നില്ലെന്നൊരു ധ്വനി കേട്ടപ്പോള്‍ ഞാന്‍ എന്നിലേക്കുതന്നെ വലിഞ്ഞ് മാറിനിന്നു. എന്റെ കണ്ണുനിറഞ്ഞുപോയ നിമിഷമായിരുന്നു അത്.
പത്താംക്ലാസ്സ് പാസ്സായി. ഞാന്‍ പ്രീഡിഗ്രിക്ക് ചേര്‍ന്നത് ശ്രീശങ്കര കോളേജിലായിരുന്നു. അതുവരെ ബോയ്‌സ് സ്‌കൂളില്‍മാത്രം പഠിച്ച ഞാന്‍ മിക്‌സഡ് കോളേജിലേക്കെത്തുന്നു. നിറയെ പെണ്‍കുട്ടികള്‍. പെണ്‍കുട്ടികളുടെ ശ്രദ്ധ പിടിച്ചുപറ്റണമെങ്കില്‍ എന്തെങ്കിലും വേലത്തരം ഒപ്പിച്ചേ മതിയാകൂ. കൈയ്യില്‍ അന്നേ സ്വന്തമായി മിമിക്രിയുണ്ടെങ്കിലും അത്രയൊന്നും പോരാ എന്നൊരു തോന്നല്‍. അങ്ങനെ ഞാന്‍ അഡീഷണലായി ഒന്നുകൂടി വശത്താക്കി, മാജിക്ക്. അതേതായാലും ഏറ്റു. മിമിക്രിയില്‍ത്തന്നെ പെണ്‍കുട്ടികള്‍ വീണു. എം.ജി.ആര്‍, നസീര്‍, മധു ഇങ്ങനെ കുട്ടികള്‍ക്കിടയില്‍ പിടിച്ചുനില്‍ക്കാനുള്ള നമ്പറുകളൊക്കെ കൈയ്യിലാക്കി മിമിക്രി തുടങ്ങി. അങ്ങനെയൊരു ദിവസം ഇന്റര്‍ കോളേജ് കലാമത്സരവേദിയിലേക്ക് എന്റെ സുഹൃത്തുക്കളെല്ലാം ചേര്‍ന്ന് എനിക്ക് ആദ്യവേദിയൊരുക്കി. അവിടെ മിമിക്രി ഫലിച്ചു.
ഇന്റര്‍ കോളേജ് കലാമത്സരവേദിയില്‍ നിന്നും കിട്ടിയ പിന്തുണ ചെറുതായിരുന്നില്ല. അതു പിന്നീട് കൂടുതല്‍ സ്റ്റേജുകള്‍ കിട്ടുന്നതിലേക്കെത്തി. ഒരുപാട് അമ്പലപ്പറമ്പുകളിലേക്ക് മിമിക്രി അവതരിപ്പിക്കാനുള്ള ക്ഷണമുണ്ടായി. വൈകുന്നേരമായാല്‍ പെരുമ്പാവൂര് ബസ് കാത്തുനില്‍ക്കുമ്പോള്‍, 'ഇന്നെവിടെയാ പരിപാടി?' എന്ന് ആളുകള്‍ ചോദിക്കുന്നത് ഓര്‍ത്ത് പുളകംകൊണ്ടു.
പരിപാടിയ്ക്ക് ഒരു കുറവുമില്ല. എല്ലാ ദിവസവും പരിപാടി എന്ന മട്ടിലായി. പക്ഷേ, വരുമാനമൊന്നുമില്ല. ബസിന്റെ കാശുപോലും ഇല്ലാതെയാണ് ഓരോ പരിപാടിയും ഏല്‍ക്കുന്നതും പോകുന്നതുമൊക്കെ. ചിലപ്പോള്‍ ഭക്ഷണംപോലും കിട്ടില്ല. പരിപാടി കഴിയുമ്പോള്‍ കൈയ്യടി കിട്ടുമ്പോള്‍ മനസ്സും വയറും നിറയും. പരിപാടിയും കഴിഞ്ഞ് രാത്രിവണ്ടി കയറി വീടിന്റെ ഉമ്മറത്തെത്തുന്ന നേരത്തും അമ്മ ഉറങ്ങാതെ കാത്തിരിക്കുന്നുണ്ടാവും. രാത്രി രണ്ടുമണിക്കും മൂന്നുമണിക്കുമൊക്കെ പരാതിയോ പരിഭവമോ ഒന്നുമില്ലാതെ അമ്മ വാതില്‍ തുറന്നുതരും. അച്ഛന് അത്രയൊന്നും താല്‍പര്യമില്ലായിരുന്നു. എന്നാല്‍ അമ്മ ഒരാള്‍ പ്രോത്സാഹിപ്പിച്ചതുകൊണ്ടുമാത്രമാണ് എനിക്ക്  മിമിക്രിയുമായി ഊരുചുറ്റാന്‍ സാധിച്ചത്.

ജയറാം പെരുമ്പാവൂര്‍

വേദികളില്‍ നിന്നും വേദികളിലേക്ക് ഒറ്റയാള്‍ യാത്ര തുടരുന്ന കാലത്ത് ഒരു അമ്പലക്കമ്മിറ്റിക്കാര്‍ നോട്ടീസില്‍ എന്റെ പേര് ചേര്‍ത്തു. 'ജയറാം പെരുമ്പാവൂരിന്റെ ഹാസ്യപ്രകടനം.' ഒരു നിധിപോലെ ആ നോട്ടീസ് ഞാന്‍ സൂക്ഷിച്ചുവച്ചു. പിന്നീടൊരിക്കല്‍ പരിപാടിയും കഴിഞ്ഞിറങ്ങിവേ എനിക്ക് കമ്മിറ്റിക്കാര്‍ ഒരു കവര്‍ കൈയ്യില്‍ തിരുകിത്തന്നു. ആ കവറില്‍ 50 രൂപയായിരുന്നു. അന്ന് വീട്ടിലേക്കെത്താന്‍ വല്ലാത്ത തിടുക്കമായിരുന്നു. പതിവുപോലെ വാതില്‍ തുറന്ന് അമ്മ മുന്നില്‍ നില്‍ക്കുന്നു. അമ്മയുടെ കൈയ്യിലേക്ക് 50 രൂപ എടുത്തുനല്‍കി. എന്റെ മുഖത്തേക്കുമാത്രമായിരുന്നു അമ്മ നോക്കിയിരുന്നത്. ''എന്തിനാ മോനേ ഇങ്ങനെ...?'' എന്നൊരു ചോദ്യവും. എല്ലാം ശരിയായി വരുമെന്നൊരു മറുപടിയും അമ്മയുടെ മുഖത്തുതന്നെയുണ്ടായിരുന്നു.
അമ്പലപ്പറമ്പുകള്‍ക്കു പുറമെ പല വേദികള്‍ കിട്ടിത്തുടങ്ങിയ കാലം. പാലക്കാട് ടൗണ്‍ഹാളില്‍ ശുഭ ഓര്‍ക്കസ്ട്രയുടെ വാര്‍ഷിക പരിപാടിയിലേക്ക് ക്ഷണം വന്നു. ഗാനഗന്ധര്‍വ്വന്‍ യേശുദാസ് വാര്‍ഷികത്തോടനുബന്ധിച്ച് പാടാന്‍ എത്തുന്നുണ്ട്. അന്ന് ചെമ്പൈ സംഗീതോത്സവം നടക്കുന്ന സമയവുമാണ്. ദാസേട്ടന്‍ എത്തുന്നതിനുമുമ്പുള്ള സമയമാണ് എന്റെ പരിപാടി. ദാസേട്ടന്‍ വരാന്‍ വൈകി. എന്റെ മിമിക്രി ആരംഭിച്ചു. പ്രകടനം ഒരു ഘട്ടത്തിലെത്തിയപ്പോഴേക്കും ടൗണ്‍ഹാളിന്റെ വാതില്‍ക്കല്‍ ദാസേട്ടന്‍ പ്രത്യക്ഷനായി. അതോടെ ആളുകളുടെ ശ്രദ്ധ അങ്ങോട്ടായി. ഉടനെ കമ്മിറ്റിക്കാര്‍ ഓടിവന്ന് സ്റ്റേജില്‍നിന്നും മാറാന്‍ ആവശ്യപ്പെട്ടു. മൈക്ക് ഉപേക്ഷിച്ച് ഞാന്‍ സ്റ്റേജ് വിടാന്‍ ഒരുങ്ങുമ്പോള്‍ സദസ്സില്‍നിന്നും ദാസേട്ടന്റെ ചോദ്യം, ''എന്തിനാ നിര്‍ത്താന്‍ പറഞ്ഞത്? അത് തുടരട്ടെ.'' സദസ്സിന്റെ മുന്നില്‍ത്തന്നെ ഇരിപ്പുറപ്പിച്ചു.
മുറി നിറയെ ദാസേട്ടന്റെ പടംവച്ച് ആരാധിച്ചിരുന്ന എനിക്ക് കിട്ടിയ സുവര്‍ണ്ണാവസരം. അതേ ദാസേട്ടന്റെ മുന്നില്‍ പരിപാടി അവതരിപ്പിക്കാനുള്ള അവസരം. എന്റെ പ്രകടനം കണ്ട് തൂവെള്ള കര്‍ച്ചീഫുകൊണ്ട് വായപൊത്തി ചിരിക്കുന്ന ദാസേട്ടന്റെ മുഖത്തുനോക്കിത്തന്നെ ഞാന്‍ പരിപാടി അവതരിപ്പിച്ചു. പാട്ടിന്റെ സമയംകൂടി എടുത്തുകൊണ്ട് പരിപാടി അവതരിപ്പിച്ചു. പരിപാടി നിര്‍ത്തി ഇറങ്ങാന്‍നേരം ദാസേട്ടന്‍ അരികിലെത്തി ചോദിച്ചു, ''എന്റെ കൂടെ കൂടുന്നോ? ആ അഡ്രസ്സ് തന്നിട്ടേ പോകാവൂ,''
ദാസേട്ടന്റെ ക്ഷണംതന്നെയായിരുന്നു ഏറ്റവും വലിയ സന്തോഷം. ഞാന്‍ ആരാധിക്കുന്ന, ലോകം ആരാധിക്കുന്ന ദാസേട്ടനൊപ്പം ഒരു വേദിയിലെങ്കിലും പരിപാടി അവതരിപ്പിച്ചില്ലെങ്കിലും ആ ക്ഷണംതന്നെ ഏറ്റവും വലിയ സന്തോഷമായിരുന്നു. അടുത്ത ദിവസങ്ങളില്‍ത്തന്നെ ദാസേട്ടന്റെ ക്ഷണം വന്നു.
ബോംബെയിലെ ഷണ്‍മുഖാനന്ദ ഓഡിറ്റോറിയത്തില്‍ ദാസേട്ടന്റെ ഗാനമേള. ഗാനമേളയ്ക്കിടയില്‍ അനൗണ്‍സ്‌മെന്റും ഒപ്പം മിമിക്രിയും. ദാസേട്ടനൊപ്പം പരിപാടി അവതരിപ്പിക്കാന്‍ പോവുകയാണെന്ന് പരമാവധി ആളുകളെ അറിയിച്ചിരുന്നു. വന്‍ യാത്രയയപ്പു നല്‍കിയായിരുന്നു നാട്ടുകാര്‍ എന്നെ ബോംബെയിലേക്ക് ട്രെയിന്‍ കയറ്റിവിട്ടത്. 20 മിനിട്ടായിരുന്നു എന്റെ അവതരണത്തിന് അനുവദിച്ച സമയം. അത് 40 മിനിട്ട് വരെയൊക്കെ നീണ്ടു. ആ സ്റ്റേജിലാണ് ആദ്യമായി ഗായിക ചിത്ര ദാസേട്ടനൊപ്പം സ്റ്റേജ് പങ്കിടുന്നത്. ബോംബെയിലെ പരിപാടിയും കഴിഞ്ഞുവരുമ്പോള്‍ ഞങ്ങളെല്ലാവരും ഒരു കംപാര്‍ട്ടുമെന്റില്‍ത്തന്നെയായിരുന്നു. ആ ഗാനഗന്ധര്‍വ്വന്റെകൂടെ ഊണിലും ഉറക്കത്തിലുമുണ്ടാവുക എന്നതുതന്നെ വലിയ ഭാഗ്യമായിട്ടാണ് ഞാന്‍ അന്നേ കണക്കാക്കിയിരുന്നത്.
കൊച്ചിയില്‍ നടന്ന സ്റ്റേജ് പ്രോഗ്രാമില്‍ കിഷോര്‍കുമാറുമുണ്ടായിരുന്നു. ആദ്യം ദാസേട്ടന്റെ കച്ചേരി, അതുകഴിഞ്ഞ് കിഷോര്‍കുമാറിന്റെ പരിപാടിക്കായി സ്റ്റേജ് ഒരുങ്ങുന്നതിനിടയില്‍ എന്റെ മിമിക്രി കലാപരിപാടി. അങ്ങനെയായിരുന്നു അത് പ്ലാന്‍ ചെയ്തത്. എന്നാല്‍ ദാസേട്ടന്റെ കച്ചേരി കഴിയുമ്പോഴേക്കും നേരത്തേതന്നെ സെറ്റു ചെയ്തുവച്ചതിനാല്‍ വലിയ ഗ്യാപ്പ് വന്നില്ല. എനിക്ക് പരിപാടി അവതരിപ്പിക്കാന്‍ അവസരമുണ്ടായില്ല. ദാസേട്ടനും വലിയ വിഷമമായി. എന്നിരുന്നാലും കിഷോര്‍കുമാറിനെ വിശദമായിത്തന്നെ ദാസേട്ടന്‍ പരിചയപ്പെടുത്തിത്തന്നു. ഗന്ധര്‍വ്വന്റെ കൈകള്‍ തൊട്ടറിഞ്ഞ സ്‌നേഹമായിരുന്നു അത്.''


ആനക്കമ്പത്തിനൊപ്പംതന്നെ കയറിവന്നതാണ് മേളക്കമ്പവും. അമ്പലപ്പറമ്പിലെ ചുറ്റിക്കറങ്ങലുകള്‍ക്ക് മാറ്റ് കൂട്ടിയിരുന്നത് ഈ മേളക്കമ്പം കൂടിയാണ്. ജയറാം മേളക്കമ്പത്തെക്കുറിച്ച:
''അതിര്‍ത്തി കടന്ന് ആനയെത്തുന്നു എന്നറിഞ്ഞാല്‍ കാലേക്കൂട്ടി അവിടെചെന്ന് കാത്തിരിക്കും. പിന്നെ ആനയ്ക്കു പിന്നാലെ പൂരങ്ങള്‍ക്ക് പുറപ്പെടുകയായി. ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന കാലത്തുതന്നെ തൃശൂര്‍ പൂരത്തിന് ബാഗും തൂക്കി തൃശൂരിലെത്തിയിട്ടുണ്ട്. അന്നുകണ്ട ഓരോ പൂരവും എന്നില്‍ കേള്‍വിയുടെ കാലങ്ങള്‍ നിറച്ചു. ചെണ്ട പഠിക്കണമെന്ന മോഹം കുട്ടിക്കാലംതൊട്ടേ ഉണ്ടായിരുന്നെങ്കിലും അതിനൊന്നും അച്ഛന്‍ സമ്മതിക്കില്ലെന്ന് അറിയുന്ന ഞാന്‍ ആ ശ്രമം ഉപേക്ഷിച്ചു. പക്ഷേ, അമ്മയ്ക്ക് മകന്‍ ചെണ്ട പഠിക്കുന്നത് ഇഷ്ടമായിരുന്നു.



പൂരത്തിന്റെ മേളപ്പെരുക്കങ്ങളുടെ കേള്‍വിയാണ് ചെണ്ട കൊട്ടിലെ എന്റെ ആദ്യഗുരു. വീട്ടിലെ മരമേശയില്‍ താളം കൊട്ടിയായിരുന്നു ഞാനെന്റെ കൈകളെ വഴക്കിയത്. പൂരം കഴിഞ്ഞെത്തി പൂരവിശേഷങ്ങളും മേളരസങ്ങളും അവതരിപ്പിക്കുമ്പോള്‍ മൗനമായി നിന്ന് കേട്ട് ആസ്വദിച്ചിരുന്ന അമ്മയാണ് എന്റെ ആദ്യത്തെ ശ്രോതാവ്. ചെണ്ട പഠിച്ച് അരങ്ങേറ്റം നടത്തിയപ്പോഴും അമ്മയുണ്ടായിരുന്നു കൂടെ. അരങ്ങേറ്റം കഴിഞ്ഞപ്പോള്‍ ചെണ്ടക്കാരനായി അഭിനയിക്കാനൊരു മോഹമുണ്ടെന്ന് ഷാജി എന്‍. കരുണിനോടൊരിക്കല്‍ പറയുകയും ചെയ്തിരുന്നു. അദ്ദേഹം വാക്കുപാലിച്ചു. അങ്ങനെയാണ് സ്വപാനം ഒരുങ്ങുന്നത്. ഒരു ചെണ്ടക്കാരന്റെ കഥ. ''സ്വപാനം ഇറങ്ങുമ്പോള്‍ എന്നെയൊന്ന് കൊണ്ടുപോയി കാണിക്കണം'' എന്ന് അമ്മ  പറഞ്ഞിരുന്നു. ആദ്യം അമ്മയെത്തന്നെ കാണിക്കണം. പക്ഷെ, സ്വപാനം ഇറങ്ങുന്നതിനുമുന്നേ അമ്മ പോയി... സ്വപാനം ഞാന്‍ അമ്മയ്ക്കാണ് സമര്‍പ്പിക്കുന്നത്. എന്റെ എല്ലാ വിജയങ്ങള്‍ക്കും പിന്നില്‍ അമ്മയുടെ പ്രാര്‍ത്ഥനയുണ്ട്. ഇപ്പോഴുമുണ്ട് എനിക്കു ചുറ്റും അമ്മയുടെ പ്രാര്‍ത്ഥനാനിര്‍ഭരമായ മന്ത്രണങ്ങള്‍.

No comments:

Post a Comment