Saturday, September 22, 2012

"ഉയ്യെന്റെ ഗോഡേ..!!!!'


എന്റെ ഗ്രാമം അന്ന് വലിയ പുരോഗമനമൊന്നുണ്ടായിരുന്നില്ല. അന്നെന്നു പറയുമ്പോള്‍ വര്‍ഷങ്ങള്‍ക്കു മുമ്പൊന്നുമല്ല, ഈയടുത്തകാലത്ത്. പുരോഗമനം എന്നെഴുതിയപ്പോഴും തെറ്റിദ്ധരിക്കേണ്ട. ഇപ്പോഴുള്ളത് വലിയ പുരോഗമനമാണെന്ന് തോന്നുന്നുമില്ല. എന്തായാലും കാര്യത്തിലേക്ക് കടക്കാം. ഗ്യാസ് സിലിണ്ടറുകള്‍ ഉപയോഗിച്ച് പാചകം ചെയ്യുന്നവര്‍ കുറവായിരുന്ന കാലം. ശ്രീധരമ്മാവന്റെ വീട്ടിലാണെന്നു തോന്നുന്നു ആദ്യമായി ഗ്യാസ് അടുപ്പ് വന്നത്. അന്ന് അവിടെയെത്തി ചായ കുടിച്ച് മടങ്ങിയവര്‍ പറഞ്ഞു: "ഉയ്യെന്റപ്പാ.. എന്തൊരു സ്പീഡാ... ചായ എന്നു പറയുമ്പോളേക്ക് ചായ. ഒന്ന് അടുപ്പത്തുവെച്ചാ മതി. സ്വിച്ചിട്ടപോലെയല്ലേ ചായയിണ്ടാക്ന്നത്.''
ചായ ഊതിയൂതി കുടിച്ചപ്പോള്‍പോലും വിശ്വസിക്കാന്‍ പറ്റിയില്ല ഇത്ര പെട്ടെന്ന് ചായയുണ്ടാകുമെന്ന്. അതൊരു ആഗ്രഹം കൂടിയായിരുന്നു, "നമുക്കുംവേണം അതുപോലൊരു സാധനം.'' നനഞ്ഞ വിറക് ഊതിയൂതി ചായ ഉണ്ടാക്കി വരുമ്പോളേക്കും ചായ കുടിക്കാനുള്ള പൂതി ഇല്ലാതാകും. പോരാതെ ഓലച്ചൂട്ടുകൊണ്ടാണ് ഉണ്ടാക്കിയതെങ്കില്‍ അതിന്റെ ചവര്‍പ്പുംകൂടിയുണ്ടാകും.
അങ്ങനെ ഓരോ വീട്ടുകാരും ധൃതിയില്‍ ആ അഭിമാന സാധനത്തെ വീട്...
ടില്‍ കൊണ്ടുവന്ന് ചായയുണ്ടാക്കി വിതരണം ചെയ്ത് നാട്ടുകാരെ അറിയിച്ചു, "നമ്മളേട്ത്തും ഗ്യാസ് ഇണ്ടെടോ..''
വിറക് പറക്കാന്‍ പോകുന്നത് അപ്പാടെ നിര്‍ത്തി. സംഗതി ഗംഭീരമായി മുന്നോട്ടുപോകുന്നതിനിടെയാണ് ഗ്യാസ് ക്ഷാമം വന്നത്. രാവിലെ അഞ്ചു മണിക്ക് ഷോബിന ബസിന് പിലാത്തറയില്‍ പോയി കാത്തുനിന്ന് ഗ്യാസ് സിലിണ്ടറുമായി വന്നപ്പോഴും അത് വിറക് പറക്കാന്‍ പോകുന്നതിനേക്കാളും ക്ഷീണമുള്ള ഏര്‍പ്പാടാണെന്ന് പലരും വിചാരിച്ചില്ല.
എല്ലാം കഴിഞ്ഞ് ഇപ്പോ, ദാ, ഒരു കൊല്ലം ആറു കുറ്റിയേ കൊടുക്കൂ എന്ന്. തകര്‍ന്നുപോയ നിമിഷം. മിനിട്ടിനു മിനിട്ടിനു ചായയുണ്ടാക്കി കുടിച്ചുണ്ടാക്കിയ ശീലം എങ്ങനെ മാറ്റും. ഇനിയിപ്പോ വിറക് പറക്കാന്‍ പോകാനും പറ്റുന്നില്ല. നമ്മുടെ നാടും നന്നാവുന്നുണ്ട്.
ഇനി എന്റെ കാര്യം, എന്റെ അമ്മ ഇപ്പോഴും വീട്ടില് ചോറുണ്ടാക്കാനും അച്ഛന് കുളിക്കാനുള്ള വെള്ളം ചൂടാക്കാനും രാവിലത്തെ ആദ്യത്തെ ചായ ഉണ്ടാക്കാനും വിറക് അടുപ്പിനെ തന്നെ ആശ്രയിക്കുന്നത്. അമ്മയോട് പലതവണ പറഞ്ഞിരുന്നു, എന്തിനാ ഇങ്ങനെ നട്ടുച്ചയ്ക്ക് വിറക് പെറുക്കാന്‍ പോകുന്നത്. ഗ്യാസും കറന്റും എല്ലാമില്ലേ എന്ന്. അന്നത്തെ വിലക്കിനെ അമ്മ എതിര്‍ത്തിരുന്നു. അതിന് നന്ദി.
പോരാതെ എന്റെ വീട്ടിലെ ബയോഗ്യാസ് നിറയെ തീയും തരുന്നുണ്ട്. അതിന് ചാണകത്തിന്റെ ഒരു മണമുണ്ടാകുമെന്ന് കളിയാക്കിയവരോടായി പറയട്ടെ, നല്ല ഗംഭീരം ചായയാ, ഒന്ന് കുടിച്ചിട്ട് പോ..
കുറച്ചുകാലം കഴിയുമ്പോള്‍ കറന്റിന്റെയും അവസ്ഥ ഏതാണ്ട് ഇതുപോലെത്തന്നെയാകും എന്ന ആണവ വിരുദ്ധ പ്രവര്‍ത്തകന്‍ സഹദേവേട്ടന്റെ വാക്കുകള്‍ കടമെടുത്തു പറയട്ടെ, ഇപ്പോഴേ തുടങ്ങിക്കോളൂ, സോളാര്‍ പാനലുകളെ ആശ്രയിച്ചുള്ള കറന്റിനെ, ഇല്ലെങ്കില്‍ അതിലേക്ക് വന്‍കിടകള്‍ കടന്നുവരികയും അവിടെയും നിങ്ങള്‍ ഉപഭോക്താക്കള്‍ മാത്രമായി മാറേണ്ടിവരികയും ചെയ്യും. ഒരിക്കല്‍ അവര്‍ വില കൂട്ടുമ്പോള്‍ "ഉയ്യെന്റെ ഗോഡേ..!!!!'' എന്നു പറഞ്ഞിട്ട് കാര്യമില്ല.