Sunday, April 1, 2018

കൊച്ചി പഴയ കൊച്ചിയല്ല പക്ഷേ, കെ.എം. റോയി പഴയ കെ.എം. റോയി ആകുന്നു

K. Sajimon

അറുപത് വയസ്സ് പിന്നിടുകയാണ് കൊച്ചിയ്ക്ക്.


കൊച്ചി പഴയ കൊച്ചിയല്ല എന്നറിയാം. പക്ഷേ പഴയ കൊച്ചി എന്താണെന്നറിയേണ്ടേ? റോഡിനെന്തിന് 70 അടി വീതി എന്നു ചോദിച്ച കൊച്ചി, സൈറണനടിയില്‍ കണ്ണടച്ച് ഇരുട്ടാക്കുന്ന കൊച്ചി, റിക്ഷാവണ്ടികള്‍ക്ക് വിശാലത വിരിച്ച ബ്രോഡ്വെയുള്ള കൊച്ചി, പാടങ്ങള്‍ നീന്തി പഠിക്കാന്‍ പോകുന്ന കുട്ടികളുടെ കൊച്ചി, ഒറ്റ രാത്രികൊണ്ട് പ്രത്യക്ഷപ്പെട്ട പെണ്ണിനെപ്പോലെ വളര്‍ന്ന കൊച്ചി എന്ന മഹാനഗരത്തിന്റെ നൊസ്‌റാള്‍ജിയ പ്രശസ്ത പത്രപ്രവര്‍ത്തകന്‍ കെ.എം. റോയ് പങ്കുവയ്ക്കുന്നു.

മുത്തശ്ശിയുടെ കൊച്ചി
'മാന്യമഹാജനങ്ങളെ, ഇംഗ്‌ളണ്ടില്‍ നിന്നും കാര്‍ എന്നു നാമധേയമുള്ള ഒരു വണ്ടി നാളെ വൈകിട്ട് കൊച്ചിയിലെത്തുകയും അതില്‍ ദിവാന്‍ പത്‌നിസമേതം തൃപ്പൂണിത്തുറ കൊട്ടാരത്തിലേക്ക് രാജാവിനെ മുഖം കാണിക്കാന്‍ പോകുന്ന വിവരം സന്തോഷത്തോടെ അറിയിച്ചുകൊള്ളട്ടെ...'' ചെണ്ട കൊട്ടി നാലു മല്ലന്മാര്‍ ഓരോ ഇടവഴികളിലും വിളംബരം ചെയ്തു.
കാര്‍? എന്താണ് ആ സാധനം എന്നറിയാന്‍ കൊച്ചിക്കാര്‍ പിറ്റേന്നുവരെ കാത്തിരുന്നു.
പിറ്റേന്ന് കപ്പലില്‍ നിന്നും വലിയ ചക്രമുള്ള കാര്‍ എന്ന സാധനം പതുക്കെ പുറത്തേക്കുവരുന്നത് പലര്‍ക്കും കാണാന്‍ സാധിച്ചില്ല. തീരത്തുനിന്നും കാര്‍ റിക്ഷാവണ്ടികള്‍ വലിഞ്ഞുനീങ്ങുന്ന റോഡിലേക്കെത്തി. മുന്നിലും പിന്നിലും നാലുവീതം കുതിരഭടന്മാര്‍, നടുവില്‍ കാര്‍!! കൊമ്പന്‍മീശക്കാരനായ വെള്ളക്കാരന്‍ ഒരു വലിയ വളയം പിടിച്ച് മുന്നോട്ടുനോക്കിയിരുന്നു. ദിവാനും പത്‌നിയും പിന്നിലേക്ക് കയറിയിരുന്നു. മുന്നിലത്തെ കുതിരകള്‍ നീങ്ങിത്തുടങ്ങി, ഒപ്പം കാറും പിന്നിലെ കുതിരകളും. റിക്ഷാവണ്ടികള്‍ മാറിനിന്നു. പാതയുടെ ഇരുവശങ്ങളിലും ആളുകള്‍ കാത്തിരിക്കുന്നുണ്ടായിരുന്നു കാര്‍ എന്ന സാധനത്തെ കാണാന്‍. കരകരാ ശബ്ദത്തില്‍ പുക പറത്തിക്കൊണ്ട് ആ സാധനം നീങ്ങി. പിന്നില്‍ വഴിയില്‍ കാത്തിരുന്ന ഓരോരുത്തരും കൂടെക്കൂടി. കാറിനൊപ്പമെത്താന്‍ പലര്‍ക്കും ഓടേണ്ടിവന്നു. പിന്നിലെ ആള്‍ക്കൂട്ടത്തിനു മുന്നില്‍ കുട്ടികള്‍, ചെറുപ്പക്കാര്‍, സ്ത്രീകള്‍, വൃദ്ധര്‍ ഏന്തിവലിഞ്ഞ് ഓടിക്കൊണ്ടിരുന്നു. കണ്ടവര്‍ കണ്ടവര്‍ പിന്നാലെ കൂടി. തൃപ്പൂണിത്തുറ രാജകൊട്ടാരത്തിലേക്ക്. കൂറ്റന്‍ കമാനങ്ങള്‍ കടന്ന് കാര്‍ കൊട്ടാരക്കെട്ടിലേക്ക് നീങ്ങി. പിന്നിലെ ജനക്കൂട്ടം കമാനത്തിനു വെളിയില്‍ കാത്തുനിന്നു. രാജാവിനെ മുഖം കാണിച്ച് ദിവാനും പത്‌നിയും കാറും മടങ്ങുന്നതുവരെ. കാര്‍ വീണ്ടും ദിവാന്റെ ബംഗ്‌ളാവിലേക്ക്. പിന്നാലെ കൂട്ടങ്ങള്‍ തങ്ങളുടെ വീടുകള്‍വരെ അനുഗമിച്ചു. ഒടുക്കം ഏതാനും കുട്ടികള്‍ മാത്രമായി. കാര്‍ ദിവാന്റെ ബംഗ്‌ളാവിലേക്ക് കയറി മറഞ്ഞു.
അന്ന് കൊച്ചി സംസാരിച്ചത് കാര്‍ എന്ന സാധനത്തെക്കുറിച്ചായിരുന്നു.

'എന്റെ മുത്തശ്ശി കഥകള്‍ പോലെ പറഞ്ഞുതന്ന കൊച്ചി ഇതായിരുന്നു. ഈ ചിത്രത്തില്‍ നിന്നും പിന്നെയും മുന്നോട്ടു നടക്കുമ്പോഴാണ് എന്റെ കൊച്ചി ഓര്‍മ്മകള്‍. അന്ന് രണ്ടാംലോകമഹായുദ്ധം നടക്കുകയായിരുന്നു. സൈറണടിച്ചാല്‍ എല്ലാ വീടുകളിലെയും ലൈറ്റണക്കണം. യുദ്ധവിമാനങ്ങള്‍ വരുമ്പോള്‍ താഴെ ലൈറ്റ് കണ്ടാല്‍ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്നതാണ് സൂചന. വഴിയെ നടക്കുന്നവര്‍ ഓരോ സ്ഥലത്തായി കുഴിച്ച ബങ്കറുകളില്‍ ആ സമയത്ത് അഭയം തേടും.
ഒരിക്കല്‍ കൊച്ചി കപ്പലുകളെയും വിമാനങ്ങളെയും ആക്രമിക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പില്‍ എല്ലാവരോടും നഗരം വിട്ടുപോകാന്‍ കല്‍പനയുണ്ടായി. കടവന്ത്രയിലെ പാടങ്ങള്‍ക്കപ്പുറത്ത് കെട്ടുവള്ളം കാത്തിരുന്നു. ചട്ടിയും കലങ്ങളും അരിസാമാനങ്ങളും കോഴിയും പട്ടിയും കുട്ടികളും എല്ലാമായി മുതിര്‍ന്നവര്‍ കെട്ടുവള്ളത്തിലേക്ക് കയറി. എത്രദിവസത്തേക്കാണെന്നോ, എപ്പോള്‍ തിരിച്ചുവരാനാകുമെന്നോ അറിയില്ല. ഞങ്ങളുടെ കൂട്ടത്തില്‍ എന്റെ അപ്പനില്ല. വെല്ലിംഗ്ടണ്‍ ഐലന്റ് നിര്‍മ്മിച്ച റോബര്‍ട്ട് ബ്രിസ്‌റോ സായിപ്പിന്റെ എന്‍ജിനീയറിംഗ് വിംഗിലെ ഒരാളായിരുന്ന അപ്പന് ജോലി വിട്ട് കൂടെ പോരാന്‍ പറ്റില്ല. ജോലി കഴിഞ്ഞ് വൈകിട്ട് പോര്‍ട്ടില്‍ നിന്നും ഒരു വള്ളത്തില്‍ അപ്പനെ ഇക്കരെയെത്തിക്കും. അവിടെ നിന്ന് അപ്പന്‍ നടന്നുവരുമ്പോള്‍ ഇന്നത്തെ ഈ മഹാനഗരം ആളനക്കമില്ലാതെ ആറുമണിയാവുമ്പോഴേ ഉറങ്ങുന്നുണ്ടാവും. ശ്മശാനം പോലെ മൂകമായ കൊച്ചി. ഞങ്ങള്‍ രാവും പകലും വള്ളത്തില്‍ ഉണ്ടുറങ്ങി. സമാധാനത്തിന്റെ നാളുകളില്‍ ഞങ്ങള്‍ തിരിച്ചെത്തി. യുദ്ധം അവസാനിച്ചപ്പോള്‍ വാര്‍ഷിപ്പുകള്‍ കൊച്ചിതീരംതേടിയെത്തി. തീരത്തെത്തിയ യുദ്ധക്കപ്പലുകളില്‍ നിന്ന് ബാന്റ്‌മേളത്തോടെ കുറേ പട്ടാളക്കാര്‍ ഈ നിരത്തുകളിലെത്തും. നീഗ്രോസായിരുന്നു കൂടുതലും. അവര്‍ നഗരത്തില്‍ മാര്‍ച്ച് ചെയ്യും. പേടിക്കേണ്ട, ഞങ്ങള്‍ ജാഗരൂകരാണ് എന്ന് പരേഡിലൂടെ അവര്‍ കാട്ടിത്തരും.

എന്തിന് റോഡിന് എഴുപതടി?
ഒരു 'ഠ'' വട്ടം. അതായിരുന്നു അന്നത്തെ നഗരം. തേവര മുതല്‍ പച്ചാളംവരെ ഷണ്‍മുഖം റോഡ് തൊട്ട് കടവന്ത്രവരെ, ഇതായിരുന്നു നഗരം. റിക്ഷാവണ്ടികള്‍ ശ്വാസംപിടിച്ചു പോകുന്ന തെരുവിലൂടെ ഇടയ്‌ക്കെപ്പോഴെങ്കിലും ഓന്നോ രണ്ടോ സിറ്റിബസ് ഓടിയാലായി. അത്രയുമുണ്ടാവില്ല കാറുകളും മറ്റും. എങ്കിലും കെ. അയ്യപ്പന്‍ എന്ന ദീര്‍ഘദര്‍ശി നാട്ടിലൊരു എഴുപതടി വീതിയില്‍ റോഡ് കൊണ്ടുവരാന്‍ തീരുമാനിച്ചു. സ്ഥലമേറ്റെടുത്ത് വര്‍ക്ക് തുടങ്ങി. ആകെ നാലോ അഞ്ചോ വണ്ടികളോടുന്ന റോഡിനെന്തിന് 70 അടി വീതി? ആര്‍ക്കും തോന്നാവുന്ന സംശയം. അന്ന് സമരങ്ങള്‍ നടന്നു. മുദ്രാവാക്യമിങ്ങനെയായിരുന്നു; 'റോഡിനെന്തിന് എഴുപതടി?'' പ്രതിഷേധങ്ങള്‍ക്കിടയിലും എഴുപതടി റോഡ് യാഥാര്‍ത്ഥ്യമായി. ഇന്നും ആ റോഡ് കൊച്ചി നഗരത്തിലുണ്ട്, അതാണ് എം.ജി.റോഡ്.

ഷിപ്പ് യാര്‍ഡ് കൊണ്ടുവന്ന കപ്പല്‍
എഴുപതടി റോഡിനും കായലിനും തേവരയ്ക്കും ചേര്‍ന്നായിരുന്നായിരുന്നു ഞങ്ങളുടെ വീട് നില്‍ക്കുന്ന വിശാലമായ സ്ഥലം. ഞങ്ങളുടെ മുട്ടിപ്പായി പ്രാര്‍ത്ഥനകള്‍ക്കു കാതോര്‍ത്തിരിക്കുന്ന പള്ളിയും പൂര്‍വ്വികന്മാരുടെ ആത്മാവ് ശാന്തിവിശ്രമം കൊള്ളുന്ന സെമിത്തേരിയുമുള്ള പറമ്പായിരുന്നു നടുക്ക്. അതിനപ്പുറത്ത് പോള്‍ ലൂയിസിന്റെ ടിമ്പര്‍യാര്‍ഡ്. 26 ആനകളൊക്കെയുള്ള വലിയ പറമ്പില്‍ ഒരിക്കല്‍ രാജാവ് വന്നിരുന്നു. ഒരാന പ്രസവിച്ചെന്ന വാര്‍ത്തയറിഞ്ഞ് കാണാനെത്തിയതായിരുന്നു രാജാവ്. രാജാവിനെയും ആനക്കുട്ടിയെയും കാണാന്‍ ഞങ്ങളുടെ വീടുവരെ ആളുകള്‍ നിറഞ്ഞുനിന്നിരുന്നു.
ടിമ്പര്‍യാര്‍ഡിനും റോഡിനും അപ്പുറത്ത് റോഡിനു മുകളിലൂടെ തീവണ്ടികള്‍ പോയിരുന്നു. ഷൊര്‍ണ്ണൂരേക്ക് പോകുന്ന തീവണ്ടിയില്‍ കുട്ടികള്‍ പഠിക്കാന്‍ പോയിവന്നു. ബസുകളൊന്നുമില്ലാത്ത കാലത്തുനിന്നും നാട് പുരോഗമിച്ചപ്പോള്‍ ആ തീവണ്ടിപ്പാത വേണ്ടെന്ന് നാട്ടുകാര്‍തന്നെ റെയില്‍വെയോട് പറഞ്ഞു.
വികസനത്തിനായി ഞങ്ങള്‍ക്കും ഒഴിഞ്ഞുപോകേണ്ടിവന്നു. ഷിപ്പ് യാര്‍ഡ് വരാന്‍പോകുന്നു, എല്ലാവരും ഒഴിഞ്ഞുപോകണം. ചായക്കടകളിലിരുന്ന് വല്യപ്പന്മാര്‍ പ്രതിഷേധം പറഞ്ഞു: 'എന്റെ അപ്പനപ്പൂപ്പന്മാര്‍ ഉറങ്ങുന്ന മണ്ണാണിത്. ഇത് വിട്ടേച്ച് ഞാനെങ്ങോട്ടുമില്ല.'', 'കൊല്ലുന്നേ കൊല്ലട്ടേ''
പക്ഷേ, ഞങ്ങള്‍ യുവാക്കള്‍ അവരെ കാര്യം പറഞ്ഞ് മനസിലാക്കിച്ചു. 'തൊഴിലില്ലായ്മയുടെ അറുതിക്കാലത്ത് നാട്ടില്‍ വികസനം വരട്ടെ, നമ്മുടെ ആളുകള്‍ക്കെല്ലാം തൊഴിലാകുമല്ലോ. അര്‍ഹമായത് നമുക്ക് കോടതിയില്‍ നേടിയെടുക്കാം.
ഞങ്ങള്‍ നാടിന്റെ നടുക്കുള്ള ഞങ്ങളുടെ തുരുത്ത് ഒഴിഞ്ഞു. സര്‍ക്കാര്‍ ഏറ്റെടുത്തു.
പിന്നെയും തടസം. ഷിപ്പ് യാര്‍ഡ് യാഥാര്‍ത്ഥ്യമാകുന്നില്ല. സെമിത്തേരികളില്‍ നിശബ്ദതയെയും ഇരുട്ടിനെയും കാത്തിരിക്കുന്ന അനാഥപ്രേതത്തെപ്പോലെ ഞങ്ങളുടെ തുരുത്ത് ഒന്നുമാകാതെ നില്‍ക്കുന്നു. ഷിപ്പ് യാര്‍ഡിന്റെ പണികള്‍ തുടങ്ങാത്തതിലുള്ള അമര്‍ഷം. വളരെ ദിവസമെടുത്ത് കപ്പലിന്റെ വലിയൊരു മോഡലുണ്ടാക്കി. അതുമായി നഗരം മുഴുവന്‍ പ്രദക്ഷിണം വെച്ച്, മേയര്‍ ഈശ്വരയ്യര്‍ തേങ്ങയുടച്ച് കൊച്ചി കായലലില്‍ ഇറക്കി. ഇത് ഇംഗ്‌ളീഷ് പത്രങ്ങളടക്കം വലിയ പ്രാധാന്യം നല്‍കി. ഇതിനെത്തുടര്‍ന്ന് ഷിപ്പ് യാര്‍ഡ് കമ്മീഷന്‍ ചെയ്തുകൊണ്ട് സര്‍ക്കാര്‍ ഉത്തരവായി.
ഞങ്ങള്‍ കടവന്ത്രയിലേക്ക് താമസം മാറ്റി. കടവന്ത്ര, വെള്ളക്കെട്ടുകള്‍ നിറയുന്ന പാടമായിരുന്നു. പാടം നീന്തിയായിരുന്നു കുട്ടികള്‍ സ്‌കൂളില്‍ പോയിരുന്നത്. ആര്‍ഭാടമില്ലാത്ത നഗരത്തിലെ ഏറ്റവും ആര്‍ഭാടം കുറഞ്ഞ ഭാഗമായിരുന്നു കടവന്ത്ര. 'നീ കടവന്ത്രയില്‍ നിന്നു വരുന്നവനാണോടാ?'' എന്ന കളിയാക്കല്‍ ചോദ്യം എത്രയോ തവണ കേട്ടിട്ടുണ്ട് കടവന്ത്രയിലെ കുട്ടികള്‍.

സര്‍ റോബര്‍ട്ട് ബ്രിസ്‌റോയുടെ വെല്ലിംഗ്ടണ്‍ ഐലന്റ്
സര്‍ റോബര്‍ട്ട് ബ്രിസ്‌റോ, കൊച്ചിയുടെ വ്യാപാരമുന്നേറ്റത്തിന് തുടക്കം കുറിച്ചയാളായിരുന്നു. കൊച്ചി കായലിന്റെ ഇങ്ങേക്കരയില്‍ നിന്നുനോക്കിയാല്‍ ദൂരെ മട്ടാഞ്ചേരിയുടെ തുരുത്തില്‍ നിന്ന് തെങ്ങുകള്‍ തലപൊക്കിനില്‍ക്കുന്നതു കാണാം. അതിനിടയില്‍ കായല്‍ പരന്നുകിടന്നു. റോബര്‍ട്ട് ബ്രിസ്‌റോ കൊച്ചികായലില്‍ പച്ചവിരിച്ച ഭൂമിയെ സ്വപ്നംകണ്ടു. 200 ഏക്കര്‍ കായല്‍ നികത്തിയെടുത്ത് അദ്ദേഹം നിര്‍മ്മിച്ചതായിരുന്നു വെല്ലിംഗ്ടണ്‍ ഐലന്റ്. കടലില്‍ നങ്കുരമിട്ടിരുന്ന കപ്പലുകള്‍ വെല്ലിംഗ്ടണ്‍ ഐലന്റിന്റെ കരകളില്‍ രാപ്പാര്‍ക്കാനെത്തിയതോടെയാണ് കൊച്ചിയുടെ വ്യാപാരങ്ങള്‍ക്ക് ശക്തി വര്‍ധിച്ചത്.

പനമ്പിള്ളി നഗര്‍
വലിയ പാടമായിരുന്നു പനമ്പിള്ളി നഗറിന്റെ പൂര്‍വ്വകാലം. അവിടെയായിരുന്നു എന്റെ മുത്തശിയുടെ വീട്. പൊന്നുവിളിയിച്ച കര്‍ഷകരുടെ പാട്ടുകള്‍ കേട്ടുണര്‍ന്ന നാട്. പാടത്തിന്റെ കരയില്‍ രണ്ട് വലിയ ഓയില്‍ ടാങ്കറുകള്‍ സ്ഥാപിച്ചപ്പോള്‍ വരാന്‍ പോകുന്ന വികസനത്തിന്റെ സന്തോഷമായിരുന്നു അവിടുത്തെ കര്‍ഷകര്‍ക്ക്. വര്‍ഷങ്ങള്‍ ഓരോന്നായി പിന്നിടുന്തോറും കൃഷി പച്ചപിടിക്കാതെ തളരാന്‍ തുടങ്ങി. കൊഞ്ഞനംകുത്തി നില്‍ക്കുന്ന കൃഷിയെ നോക്കി കര്‍ഷകര്‍ കണ്ണീരണിഞ്ഞു. കാരണമെന്താ? ഓയില്‍ടാങ്ക് ചോരുന്നു. നഗരത്തിന്റെ വളര്‍ച്ചയില്‍ അപ്പോഴേക്കും കണ്ണായ പാടം ക്വട്ടേഷന്‍ ചെയ്യപ്പെട്ടിരുന്നു. പാടംനികത്തി ഒരു കെട്ടിടങ്ങളൊരുക്കി പനമ്പിള്ളി നഗറാക്കിമാറ്റി.

സിറ്റി ഓഫ് ഹാര്‍മണി
ജ്യൂതന്മാര്‍, മുസ്‌ളീങ്ങള്‍, കൃസ്ത്യാനികള്‍, ഹിന്ദുക്കള്‍, ആംഗ്‌ളോ ഇന്ത്യന്‍സ്, ജൈനന്‍, ബുദ്ധിസ്‌റ്... അങ്ങനെ എല്ലാ വിഭാഗത്തിലും പെട്ടവര്‍ സംഘര്‍ഷങ്ങളില്ലാതെ ജീവിച്ച നാടായിരുന്നു കൊച്ചി. കുരിശുയുദ്ധത്തിന്റെ പേരില്‍ ജ്യൂതനും കൃസ്ത്യാനിയും പരസ്പരം പോരടിക്കുമ്പോഴും ഇസ്രായേലിന്റെ പേരില്‍ മുസ്‌ളീമും ജ്യൂതനും യുദ്ധം മുറുക്കുമ്പോഴും കൊച്ചിയിലെ ജനങ്ങള്‍ പരസ്പരം സ്‌നേഹിച്ച് പങ്കുവെച്ച് ജീവിച്ചു.
കൊച്ചിക്കാര്‍ സേലംകോച്ച എന്നു വിളിക്കുന്ന ഒരു ജ്യൂതനുണ്ടായിരുന്നു. സ്വാതന്ത്യ്രസമരത്തില്‍ പങ്കെടുത്ത സേലംകോച്ച എന്നും രാവിലെ റിക്ഷാവണ്ടിയില്‍ സേലംകുന്നിലെത്തും. ഭാരത് ടൂറിസ്‌റ് ഹോമിനു മുന്നിലെ ഗാന്ധിപ്രതിമ ഇരിക്കുന്ന സ്ഥലമായിരുന്നു സേലംകുന്ന്. അവിടെയെത്തി അദ്ദേഹം പ്രസംഗിക്കും. അതു കേള്‍ക്കാന്‍ ജനങ്ങളുമുണ്ടാവും. സേലംകോച്ചയെ ജ്യൂതഗാന്ധിയെന്നും കറുത്ത ഗാന്ധിയെന്നും വിളിച്ചു. മട്ടാഞ്ചേരിയിലെ സിനഗോഗിലില്‍ വെളുത്ത ജ്യൂതന്മാര്‍ക്കുമാത്രം പ്രാര്‍ത്ഥനയ്ക്കു കയറാന്‍ അവകാശമുണ്ടായിരുന്ന കാലത്ത്, സേലംകോച്ച ഗാന്ധിമോഡലില്‍ കറുത്ത ജ്യൂതരെയും കയറി പ്രാര്‍ത്ഥിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് വിജയം വരെ സമരം നടത്തി. തുടര്‍ന്നായിരുന്നു ജ്യൂതഗാന്ധി എന്ന വിളിപ്പേരു വന്നത്. സേലംകോച്ച മതേതരത്വത്തിന്റെ ആള്‍രൂപമായിരുന്നു. സേലംകോച്ച വിവാഹം കഴിച്ചത് ഒരു കൃസ്ത്യാനിയെ. മകന്‍ ഒരു പട്ടത്തിയെയും മകള്‍ ലില്ലി സേലം ഒരു കൃസ്ത്യാനിയെയും കെട്ടി. ഇസ്രായേല്‍ എന്ന രാജ്യം ജ്യൂതനുവേണ്ടി ഒരുക്കിയെടുത്തപ്പോള്‍ കൊച്ചിയിലെ ജ്യൂതന്മാര്‍ പലരും ഇസ്രായേലിലേക്ക് പോയി. എന്നാല്‍ സേലംകോച്ച പോയില്ല. ഈ മണ്ണ് വിട്ടുപോകാന്‍ സേലംകോച്ചയ്ക്കായില്ല. ഇന്നും സേലംകോച്ചയുടെ പരമ്പര കൊച്ചിയുടെ മണ്ണില്‍ വേരാഴ്ത്തി ജീവിക്കുന്നുണ്ട്.

കലൂരിലെ കല്യാണയാത്രകള്‍
കലൂരിലെ ബന്ധുവിന്റെ മകളുടെ കല്യാണത്തിന് ക്ഷണമുണ്ട് എന്ന് അമ്മച്ചി അപ്പനോട് പറയുന്നതുകേള്‍ക്കുമ്പോഴേ ഒരു ആന്തല്‍ നെഞ്ചിന്റെയുള്ളില്‍ നിന്നു പൊങ്ങും. 'ഞാനെങ്ങും പോവൂല്ലാട്ടാ'' എന്നൊരു വാചകം നെഞ്ചില്‍ കൊളുത്തിനിന്നിട്ടുണ്ടാവും. പക്ഷേ, പുറത്തുപറയാന്‍ പറ്റില്ല. ഒരു കല്യാണത്തിന് മൂത്തചേട്ടന്‍ പോയാല്‍ അടുത്തതിന് അടുത്തയാള്‍, നാലാമത്തെയാളായ ഞാന്‍ നാലാമത്തെ കല്യാണത്തിന് അങ്ങനെ ഓരോരാളായി പോകണം. 'റോയ് പോകട്ടേ'' എന്ന് അപ്പന്‍ പറഞ്ഞാല്‍ പിന്നെ മാറ്റമില്ല. പോയേ പറ്റൂ. കല്യാണം കഴിക്കുന്നവരെയും ബന്ധുക്കളെയും പ്രാകിക്കൊണ്ടായിരിക്കും കല്യാണത്തിന് പോകുന്നത്. 'ഇവന്മാര്‍ക്കൊന്നും താമസിക്കാന്‍ കലൂരല്ലാതെ മറ്റൊരു സ്ഥലവും കിട്ടിയില്ലേ?'' കല്യാണമൊക്കെ കൊള്ളാം. ഭക്ഷണം കഴിക്കാനാണ് പ്രയാസം. ഇടത്തേ കൈകൊണ്ട് ഈച്ചയെ ആട്ടി, വലത്തേ കൈകൊണ്ട് ഭക്ഷണം കഴിക്കണം. ഇടത്തേകൈയൊന്ന് നിര്‍ത്തിയാല്‍ ഈച്ചയെയാകും ചോറിനൊപ്പം അകത്തേക്കാക്കുക. കൊച്ചിയിലെ ഈച്ചകളൊക്കെയും കലൂരില്‍ നിന്നായിരുന്നുവെന്നു തോന്നും. കലൂര്‍ അന്ന് തീട്ടപ്പറമ്പായിരുന്നു. നഗരത്തിലെ മലം മുഴുവന്‍ തട്ടി മണ്ണിട്ടുമൂടുന്ന സ്ഥലം. ഈച്ചകള്‍ സമ്മേളനം കൂടുന്ന സ്ഥലം. പിന്നീട് നഗരം വളരുമ്പോള്‍ കലൂര്‍ സ്‌റാന്‍ഡായി മാറി. ഇപ്പോഴും കലൂരിലൂടെ പോകുമ്പോള്‍ ഒരു ഈച്ചയെങ്ങാനും പറന്നിറങ്ങി ദേഹത്തുതൊട്ടാല്‍ ഞാനോര്‍ക്കും; തീട്ടപ്പറമ്പ് സ്‌റാന്റാക്കി മാറ്റിയപ്പോള്‍ ചത്തൊടുങ്ങിയ ഈച്ചപരമ്പരയിലെ ഈച്ചസന്തതി പ്രതികാരം വീട്ടാനെത്തുന്നതായിരിക്കും.
കൊച്ചി കണ്ണടച്ച് തുറക്കുമ്പോഴേക്കും പ്രത്യക്ഷപ്പെട്ട പെണ്ണിനെപ്പോലെ വളരുകയായിരുന്നു. അയല്‍പക്കങ്ങള്‍ക്കുചുറ്റും വന്‍മതിലുകള്‍ വന്നു. ബന്ധങ്ങള്‍ കുറഞ്ഞു, വ്യവസായങ്ങള്‍ വന്നു, പണക്കാരു വന്നു, പണത്തിന് ആര്‍ത്തിവന്നു, ക്വട്ടേഷന്‍സംഘങ്ങള്‍വന്നു. പാടങ്ങളെല്ലാം കോണ്‍ക്രീറ്റ് കെട്ടിടങ്ങളാല്‍ നിറഞ്ഞു. റിക്ഷാവണ്ടികള്‍ ഓടിമറഞ്ഞു, പുതുപുത്തന്‍ കാറുകള്‍ വന്നു. എല്ലാം മാറിയിരിക്കുന്നു. ശരിയാണ് കൊച്ചി പഴയ കൊച്ചിയല്ല...''


Tuesday, March 20, 2018

ഉത്സവമേളം

അപരന്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ ജയറാം മുപ്പതു വര്‍ഷം തികയ്ക്കുകയാണ്. സിനിമയ്ക്കപ്പുറത്ത് ജയറാം മിമിക്രിക്കാരന്‍, വാദ്യകലാകാരന്‍, ആനപ്രേമി ഇങ്ങനെ ഒട്ടേറെ ജീവിതയാത്രകളിലൂടെ ഇന്നും മലയാള സിനിമയില്‍ സജീവമായ ജയറാമിനെക്കുറിച്ച്......
കെ. സജിമോന്‍

ഫോട്ടോ: ബോണി പണിക്കര്‍

ആന, മേളം, ഉത്സവപ്പറമ്പിലെ മിമിക്രി... ആകെയൊരു ഉത്സവത്തിമിര്‍പ്പാണ് ജയറാമിന്റെ ജീവിതം. ജന്മംകൊണ്ട് പെരുമ്പാവൂരുകാരനാണെങ്കിലും മനസുകൊണ്ട് തൃശൂര്‍കാരനാണ് ജയറാം. ഒരു മേളം കേട്ടാല്‍ താളത്തിനൊത്ത് തലയാട്ടി, ആനയെക്കണ്ടാല്‍ അതിന്റെ ഭാവങ്ങള്‍ക്കൊപ്പം മനസുനല്‍കി ആസ്വദിക്കുന്ന തൃശൂര്‍കാരന്റെ മനസ്.
ഏതാണ്ട് വഴി മനസിലാകുന്ന പ്രായത്തില്‍, പെരുമ്പാവൂരില്‍ നിന്നും വണ്ടി കയറി തൃശൂരിലെത്തി പൂരവും വെടിക്കെട്ടും കണ്ട് ഉപചാരം ചൊല്ലി പിരിഞ്ഞതിനുശേഷം മാത്രമായിരുന്നു ജയറാമിന്റെ മടക്കം. ഇനി പോകുന്നവഴിയിലെങ്ങാനും ഒരു മേളപ്പദം കേട്ടാല്‍ അവിടെയിറങ്ങി മേളത്തില്‍ മുഴുകി, ആനച്ചന്തത്തിനൊപ്പം കൂടി, അവിടെയും പൂരം അവസാനിപ്പിച്ചിട്ടാകാം ഇനിയുള്ള യാത്ര എന്നു തീരുമാനിക്കും. അതാണ് ഉത്സവത്തിമിര്‍പ്പിന്റെ കുട്ടിക്കാലം.
ആനക്കമ്പമോ മേളക്കമ്പമോ ആദ്യമെത്തിയത് എന്ന ചോദ്യത്തിന് ജയറാമിന് വ്യക്തമായ ഉത്തരം പറയാന്‍ കഴിയില്ല. രണ്ടും ഒപ്പത്തിനൊപ്പം  തലയില്‍ കയറിയെന്നാകും മറുപടി. ആനയും മേളവും മിമിക്രിയും എല്ലാം തലയില്‍ മേളം കൊട്ടിത്തുടങ്ങിയത് പെരുമ്പാവൂരില്‍ നിന്നുതന്നെ.

കോടനാട്ടെ താപ്പാന
''കോടനാട്ട് ആന വീണാല്‍ എന്റെ കുട്ടിക്കാലത്ത് വീട്ടില്‍ വിവരമെത്തും. അപ്പോഴേക്കും ഞങ്ങള്‍ പിള്ളാര് സെറ്റ് കോടനാട്ടേക്ക് ഓടിത്തുടങ്ങും. പിന്നെ, വലത്താനേ, ഇടത്താനേ എന്നുപറഞ്ഞ് ആനയെ കരയ്ക്കുകയറ്റുന്നതും നോക്കി മണിക്കൂറുകള്‍ ഞങ്ങള്‍ ആ പരിസരത്തു ചുറ്റിക്കറങ്ങിനില്‍ക്കും.
ആനയെ വീഴ്ത്തുന്നത് ഒരു കലയാണ്. ആനകളെ വീഴ്ത്താനുള്ള വാരിക്കുഴി കുഴിക്കുന്നതിനുമുമ്പ് സ്ഥാനം നിര്‍ണ്ണയിച്ച് പൂജ നടത്തും. മുമ്പ് ആനത്താരകളായിരുന്ന വഴിയിലാണ് സ്ഥാനം നിര്‍ണ്ണയിക്കുക. പത്തോ പതിനാലോ കുഴികള്‍ കുഴിക്കും. കുഴിച്ചുകിട്ടുന്ന മണ്ണ് മുഴുവന്‍ പെരിയാറിലാണ് നിക്ഷേപിക്കുക. ആ മണ്ണ് അവിടെത്തന്നെയിട്ടാല്‍ ആനകള്‍ ആ വഴി വരില്ലത്രെ. വാരിക്കുഴികളെല്ലാം അടച്ച് പുല്ലുകള്‍ വിരിച്ച്, തിരിച്ചറിയാത്തവിധം പഴയമട്ടില്‍ത്തന്നെ ആ വഴികളാക്കും. പുതിയ ആനത്താരയില്‍ പാട്ടകൊട്ടി ഒച്ചയുണ്ടാക്കുന്നതോടെ ആനകള്‍ കൂട്ടമായി പഴയ വഴിയിലൂടെ നീങ്ങും. ആദ്യത്തെ ആന വാരിക്കുഴിയില്‍ വീഴുന്നതോടെ ആനകള്‍ പല വഴിക്കായി നീങ്ങും. ചുറ്റും കുഴിച്ച കുഴികളില്‍ കറക്റ്റായി മറ്റ് ആനകളും വീഴും.
സംഗതി ഇത്രയൊക്കെയാവുമ്പോഴേക്കാണ് വില്ലാളി വീരന്‍, രാജാധിരാജന്‍, ഞങ്ങളുടെയൊക്കെ ആരാധനാപാത്രം എഴുന്നള്ളുക. രവീന്ദ്രനെന്ന താപ്പാന, ഞങ്ങളുടെ ഹീറോ. ഏതു വലിയ കൊലകൊമ്പന്‍ കുഴിയില്‍ വീണാലും രവീന്ദ്രന്റെ മുന്നില്‍ അതെല്ലാം വെറും കുഴിയാനകള്‍!!!
രവീന്ദ്രനാണ് ഞങ്ങളുടെ ആനപ്രേമത്തിന്റെ തലതൊട്ടപ്പന്‍. രവീന്ദ്രനെ കണ്ട കാലത്തായിരിക്കണം ഞങ്ങള്‍ കുട്ടികളില്‍ ആനയെന്ന അത്ഭുതജീവിയോട് പ്രേമം തുടങ്ങിയത്. സ്‌കൂളിലേക്കുള്ള വഴികളില്‍ ഞങ്ങള്‍ രവീന്ദ്രന്റെ കഥകള്‍ പാടിനടന്നു. കൂട്ടുകാര്‍ക്കൊപ്പമുള്ള കളികളില്‍ രവീന്ദ്രനെന്ന ആനയാകാന്‍ കുട്ടികള്‍ മത്സരിച്ചു. അതാമ് രവീന്ദ്രന്‍ എന്ന കൊമ്പന്റെ മാഹാത്മ്യം.
കോടനാട്ടെ വാരിക്കുഴികളില്‍ വീഴുന്ന കൊമ്പന്മാരെ ആനക്കളരിയിലെത്തിച്ച് ചട്ടം പഠിപ്പിക്കാന്‍ കൂട്ടിലാക്കുംവരെയും രവീന്ദ്രനുണ്ടാവും പിന്നില്‍, കണക്കുമാഷെപ്പോലെ. രവീന്ദ്രന്റെ പ്രകടനങ്ങള്‍ക്ക് ഞങ്ങള്‍ ദൃക്‌സാക്ഷികളായെത്തും. പിന്നില്‍നിന്ന് ഒരു തട്ടുതട്ടി ആനക്കൊട്ടിലിലേക്ക് കാട്ടാനയെ കയറ്റുന്ന രവീന്ദ്രന്‍ ആക്ഷന്‍ ഞങ്ങള്‍ സിനിമകള്‍പോലെ ആസ്വദിച്ചു. ആ കാഴ്ചകള്‍ മറഞ്ഞാലും പിന്നെയും കഥകള്‍ ഞങ്ങള്‍ പാടിനടന്നു.
രവീന്ദ്രന്‍ ലക്ഷണമൊത്ത താപ്പാനയാണ്, അഴകൊത്ത സുന്ദരനും. രവീന്ദ്രന്റെ സൗന്ദര്യത്തില്‍ മയങ്ങി കൂടെത്തന്നെ സാവിത്രിയുമുണ്ടാകും. ആനക്കൊട്ടിലിലെ പിടിയാനയാണ് സാവിത്രി. ഒരുമിച്ചു നിന്നാല്‍ പത്തു റീല്‍ നിറയെ പ്രണയസീനെടുക്കാന്‍ പോകുന്നത്രയും കടുത്ത പ്രണയം. സാവിത്രി അടുത്തുണ്ടെങ്കില്‍പ്പിന്നെ രവീന്ദ്രന്റെ നടപ്പിലും മട്ടിലും ഭാവത്തിലും ഒരു മാറ്റമാണ്. അമ്പട കള്ളാ! എന്ന് വിളിച്ച് ഞങ്ങള്‍ ആ പ്രണയചേഷ്ടകള്‍ ആസ്വദിച്ചു. ഈ പ്രണയജോഡികളെ അന്ന് ഞങ്ങള്‍ നസീര്‍- ഷീല എന്നാണ് വിളിച്ചിരുന്നത്. കാലങ്ങള്‍ പിന്നിട്ടു. ആനപിടുത്തം നിയമപരമായി നിര്‍ത്തി. പിന്നീടൊരിക്കല്‍ രവീന്ദ്രനെ അന്വേഷിച്ചെത്തിയപ്പോള്‍ അറിയാന്‍ കഴിഞ്ഞത്; ''അറിഞ്ഞില്ലേ, രവീന്ദ്രനെ പുഴ കടത്തി കൊണ്ടുപോയി, എങ്ങോട്ടെന്നറിയില്ല.''
പെരിയാര്‍ കടത്തി തൃശൂരിലേക്കോ മറ്റോ കൊണ്ടുപോയ രവീന്ദ്രനെ അന്വേഷിച്ച് കണ്ടെത്താന്‍ ഞങ്ങള്‍ക്ക് വഴിയൊന്നുമുണ്ടായിരുന്നില്ല. എങ്കിലും രവീന്ദ്രനായി ഞങ്ങളില്‍ കുറിച്ചിട്ട ആനപ്രേമം അതേമട്ടില്‍ത്തന്നെ നിന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞു. സിനിമയിലെത്തി. അപ്പോഴും ആനപ്രേമം കുറഞ്ഞിട്ടില്ലെന്ന് പറയേണ്ടതില്ലല്ലോ. അങ്ങനെയിരിക്കെയാണ് കുട്ടന്‍കുളങ്ങര ക്ഷേത്രത്തിലെ പത്മനാഭന്‍ എന്ന ആനയ്ക്ക് ഗജരാജപ്പട്ടം നല്‍കാനുള്ള ക്ഷണം വരുന്നത്. ആനയുടെ കാര്യമായാല്‍ എനിക്ക് പോകാന്‍ താല്‍പര്യമേറെയാണ്. അന്ന്, ഗജരാജപ്പട്ടം നല്‍കുന്ന ചടങ്ങിലേക്ക് കുട്ടന്‍കുളങ്ങര പത്മനാഭന്‍ മുന്നില്‍ വന്നുനിന്നപ്പോള്‍, എവിടെയോ കണ്ട പരിചയം. ഇവനെ എനിക്കറിയാലോ? എന്ന് എന്റെ മനസ്സ് മന്ത്രിച്ചു. കുട്ടംകുളങ്ങര പത്മനാഭന്‍ എവിടെനിന്നു വന്നു? അവന്റെ പൂര്‍വ്വകാല ചരിത്രം എന്താണ്? എന്നിങ്ങനെ പലരോടായി ചോദിച്ചറിഞ്ഞു. അതറിഞ്ഞപ്പോഴാണ് കൗതുകവും സന്തോഷവും എല്ലാം കൊണ്ട് എന്റെ കണ്ണുനിറഞ്ഞുപോയത്. ഇത് നമ്മ്‌ടെ സാക്ഷാല്‍ രവീന്ദ്രന്‍!! കോടനാട്ടെ ആനപിടുത്തം നിരോധിച്ചപ്പോള്‍ പെരിയാര്‍ കടത്തി ആരോ വാങ്ങിപ്പോയ ആ പഴയ താപ്പാന. അവന് ഗജരാജപ്പട്ടം നല്‍കാനുള്ള അവസരം എന്നത് എന്റെ ഭാഗ്യമായിട്ടായിരുന്നു ഞാന്‍ കണ്ടത്.
പിന്നെയും വര്‍ഷങ്ങള്‍ കടന്നുപോയി. രവീന്ദ്രന്‍ ചെരിഞ്ഞു. എങ്കിലും ഇപ്പോഴും രവീന്ദ്രന്റെ സാന്നിധ്യം ഞാനറിയുന്നുണ്ട്, എന്റെ തൊട്ടടുത്തുതന്നെ. കുട്ടന്‍കുളങ്ങര പത്മനാഭനായി മാറിയ രവീന്ദ്രന്‍ ചരിഞ്ഞപ്പോള്‍, അവന്റെ കൊമ്പുകള്‍ കുട്ടന്‍കുളങ്ങര ക്ഷേത്രക്കമ്മിറ്റിക്കാര്‍ എനിക്ക് സമ്മാനമായി നല്‍കാന്‍ തീരുമാനിച്ചു. സമ്മാനമായി ലഭിച്ച രവീന്ദ്രന്റെ കൊമ്പുകള്‍ മദ്രാസിലേക്ക് എത്തിക്കുന്നതിനുള്ള നിയമത്തിന്റെ നൂലാമാലകള്‍ ചെറുതൊന്നുമായിരുന്നില്ല. സമ്മതിപത്രവും അംഗീകാരസര്‍ട്ടിഫിക്കറ്റുകളും, വിവിധ ഓഫീസില്‍ നിന്നുള്ള അനുമതി പത്രവും എല്ലാമടക്കം ഒരു വലിയ കെട്ടുതന്നെയുണ്ട്. അതെല്ലാം തീര്‍ത്ത് ചെന്നൈയിലെ എന്റെ വീട്ടില്‍ ഇപ്പോഴും കോടനാട്ടെ വീരശൂരന്റെ സ്മരണ നിറഞ്ഞുനില്‍ക്കുന്നു.''
ഉത്സവപ്പറമ്പുകളില്‍ തിരക്കിട്ടു നടന്ന ഒരു കാലമുണ്ടായിരുന്നു ജയറാമിന്. ആനയ്ക്കും മേളത്തിനും തലയാട്ടിനിന്നതിനൊപ്പം, അല്ലെങ്കില്‍ അതിനേക്കാളും കൂടുതലായി ഉത്സവപ്പറമ്പുകളില്‍ മിമിക്രിയുമായി ഓടിനടന്നിരുന്ന കാലം. അതിന്റെ തുടക്കവും പെരുമ്പാവൂരിലെ കുട്ടിക്കാലത്തുതന്നെ. മിമിക്രിയുടെ ബാലപാഠം നടത്തിയ ആ കാലത്തെക്കുറിച്ച് ജയറാം:
''എല്ലാവരെയുംപോലെ സ്‌കൂള്‍ അവധിക്കാലത്തിനായി ഞാനും കാത്തിരുന്നു. വീടുനിറയെ കുട്ടികളായിരിക്കും. അച്ഛന്റെ സഹോദരങ്ങളുടെ മക്കളെല്ലാം നഗരത്തിലെ സ്‌കൂളുകളില്‍നിന്നും അവധിയാഘോഷിക്കാന്‍ എത്തും. പൂരമെത്താറാവുന്ന ദിവസങ്ങളിലെ സന്തോഷമാണ് അവധിയെത്താറാവുന്ന ദിവസങ്ങളില്‍. അവധി തുടങ്ങിയാല്‍ ഓരോ ഭാഗത്തുനിന്നായി ഓരോ സംഘങ്ങള്‍ പെരുമ്പാവൂരിലെ തറവാട്ടിലേക്ക് എത്തിത്തുടങ്ങും. അവധിക്കാലത്ത് വീട്ടുമുറ്റം പൂരപ്പറമ്പുപോലെയാവും. രാത്രിയാവോളം ഞങ്ങളുടെ കലപില ശബ്ദവും കളിമേളങ്ങളും.
കസിന്‍സെല്ലാം നഗരത്തിലെ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പഠിക്കുന്നവര്‍. ഞാനാണെങ്കില്‍ പാവം മലയാളം മീഡിയം സ്‌കൂളുകാരന്‍. കസിന്‍സ് എല്ലാവരും ചറപറാന്ന് ഇംഗ്‌ളീഷ് പറയും. പെരുമ്പാവൂര്‍ സര്‍ക്കാര്‍ മലയാളം മീഡിയം സ്‌കൂളിലെ വിദ്യാര്‍ത്ഥിക്ക്, ''ഈസും വാസും'' കടന്നൊരു ഇംഗ്ലീഷില്ലല്ലൊ. വെള്ളച്ചാട്ടംപോലുള്ള അവരുടെ ഇംഗ്ലീഷിനുമുന്നില്‍ ഞാന്‍ ഒന്നു പതറി. എനിക്ക് ഷൈന്‍ ചെയ്യാനുള്ള അവസരം നന്നേ കുറവ്. എങ്കിലും അവരുടെ മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ ഞാന്‍ ഒരു കളി കളിച്ചു. വീട്ടിലുള്ള ഓരോരുത്തരുടെയും സംഭാഷണം, നടത്തം ഇതൊക്കെ അതേ മട്ടില്‍ കാണിച്ചുകൊണ്ടൊരു കളി. അതില്‍ അവരെല്ലാം എന്റെ മുന്നില്‍ മുട്ടുമടക്കി. അതു കാണുമ്പോള്‍ അവര്‍ ചിരിച്ചുമറിഞ്ഞു. ''ഒന്നൂടി കാണിക്ക്യോ?'' എന്ന് അവരെക്കൊണ്ട് മലയാളം പറയിച്ച് ഞാന്‍ വീണ്ടും വീണ്ടും അവതരിപ്പിച്ചു. അങ്ങനെ ഞാന്‍ അവര്‍ക്കിടയില്‍ ഒന്നു വിജയിച്ചു തുടങ്ങി.
അക്കാലത്ത് വീട്ടുമുറ്റത്ത് വലിയവരുടെ ഒരു സദസ്സുണ്ടാകാറുണ്ട്. എന്റെ വല്യച്ചന്‍ മലയാറ്റൂര്‍ രാമകൃഷ്ണന്‍, പി. ഗോവിന്ദപ്പിള്ള, പി.കെ.വി. തുടങ്ങിയവരൊക്കെയുണ്ടാവും. ആ സദസ്സിലേക്ക് ഞാന്‍ ചായയുമായി കടന്നുചെല്ലാറുണ്ടായിരുന്നു. ആ സദസ്സിലും എന്റെ അനുകരണങ്ങളെക്കുറിച്ച് ചര്‍ച്ചയുണ്ടായിരുന്നു. ആ സദസ്സിലേക്ക് എത്താനുള്ള അവസരത്തെ ഞാന്‍ പരമാവധി വിനിയോഗിക്കുകയും ചെയ്തു.
വീട്ടില്‍ സഹായത്തിനെത്തുന്ന ഒരാളുണ്ടായിരുന്നു. അദ്ദേഹം ചിരിക്കുമ്പോള്‍ മുണ്ട് താനേ അഴിയും. അതായിരുന്നു അവര്‍ക്കിടയിലെ എന്റെ മാസ്റ്റര്‍പീസ്! സദസ്സിലേക്ക് ചായയുമായി എത്തുന്ന എന്നോട് അദ്ദേഹത്തെ അനുകരിക്കാനായി, വല്ല്യച്ഛനോ മറ്റോ ആജ്ഞാപിക്കും, ''പോയി മുണ്ടുടുത്തോണ്ടു വാടാ.''
ഞാന്‍ വേഗം അകത്തുപോയി മുണ്ടെടുത്തുടുത്ത് വരും. വയറിനുമുകളില്‍ മുണ്ട് തെരുത്തുകെട്ടി അനുകരണം തുടങ്ങും. വയറു കുലുക്കിയുള്ള ചിരിയില്‍ മുണ്ടഴിഞ്ഞുവീഴും, ഞാന്‍ മുണ്ടും പെറുക്കിയെടുത്ത് അകത്തേക്ക് ഓടും. അവരെല്ലാം ചിരിച്ചുമറിയുന്നത് ഞാന്‍ വാതിലുകള്‍ക്കിടയിലൂടെ കാണും. വീണ്ടും പലതവണ അവരുടെ എന്നൊരു നിര്‍ദ്ദേശം കേള്‍ക്കാന്‍ സന്ധ്യകളിലെ ആ സദസ്സിലേക്ക് ഞാന്‍ ചായക്കാരനായിത്തന്നെ പോയിട്ടുണ്ട്.
പക്ഷേ, എന്റെ ഇത്തരം വേലത്തരങ്ങള്‍കൊണ്ടൊന്നും ജീവിക്കാന്‍ പറ്റില്ലെന്ന നിഗമനം ചിലര്‍ നടത്തി. അതെന്നെ വല്ലാതെ വേദനിപ്പിച്ചു. ആ സംഭവമിങ്ങനെ: അച്ഛന്റെ സഹോദരന്മാരില്‍ ആരോ ഒരാളായിരുന്നു അത് പറഞ്ഞത്, ''എന്താ സുബ്രഹ്മണ്യം, ഇവന്‍ പത്താംക്ലാസ്സ് കടക്ക്വോ? കടന്നൂന്നാണെങ്കില്‍ വേഗം വല്ല പോലീസിലെങ്ങാനും പിടിച്ച് ചേര്‍ക്കാന്‍ നോക്ക്. നല്ല ഉയരമുണ്ടല്ലോ!''
എല്ലാവരും നല്ല മിടുക്കരായി പഠിക്കുന്നവര്‍, വലിയ ഉദ്യോഗം ലക്ഷ്യം വയ്ക്കുന്നവര്‍. ഞാനൊന്നും ആയിത്തീരാന്‍ പോകുന്നില്ലെന്നൊരു ധ്വനി കേട്ടപ്പോള്‍ ഞാന്‍ എന്നിലേക്കുതന്നെ വലിഞ്ഞ് മാറിനിന്നു. എന്റെ കണ്ണുനിറഞ്ഞുപോയ നിമിഷമായിരുന്നു അത്.
പത്താംക്ലാസ്സ് പാസ്സായി. ഞാന്‍ പ്രീഡിഗ്രിക്ക് ചേര്‍ന്നത് ശ്രീശങ്കര കോളേജിലായിരുന്നു. അതുവരെ ബോയ്‌സ് സ്‌കൂളില്‍മാത്രം പഠിച്ച ഞാന്‍ മിക്‌സഡ് കോളേജിലേക്കെത്തുന്നു. നിറയെ പെണ്‍കുട്ടികള്‍. പെണ്‍കുട്ടികളുടെ ശ്രദ്ധ പിടിച്ചുപറ്റണമെങ്കില്‍ എന്തെങ്കിലും വേലത്തരം ഒപ്പിച്ചേ മതിയാകൂ. കൈയ്യില്‍ അന്നേ സ്വന്തമായി മിമിക്രിയുണ്ടെങ്കിലും അത്രയൊന്നും പോരാ എന്നൊരു തോന്നല്‍. അങ്ങനെ ഞാന്‍ അഡീഷണലായി ഒന്നുകൂടി വശത്താക്കി, മാജിക്ക്. അതേതായാലും ഏറ്റു. മിമിക്രിയില്‍ത്തന്നെ പെണ്‍കുട്ടികള്‍ വീണു. എം.ജി.ആര്‍, നസീര്‍, മധു ഇങ്ങനെ കുട്ടികള്‍ക്കിടയില്‍ പിടിച്ചുനില്‍ക്കാനുള്ള നമ്പറുകളൊക്കെ കൈയ്യിലാക്കി മിമിക്രി തുടങ്ങി. അങ്ങനെയൊരു ദിവസം ഇന്റര്‍ കോളേജ് കലാമത്സരവേദിയിലേക്ക് എന്റെ സുഹൃത്തുക്കളെല്ലാം ചേര്‍ന്ന് എനിക്ക് ആദ്യവേദിയൊരുക്കി. അവിടെ മിമിക്രി ഫലിച്ചു.
ഇന്റര്‍ കോളേജ് കലാമത്സരവേദിയില്‍ നിന്നും കിട്ടിയ പിന്തുണ ചെറുതായിരുന്നില്ല. അതു പിന്നീട് കൂടുതല്‍ സ്റ്റേജുകള്‍ കിട്ടുന്നതിലേക്കെത്തി. ഒരുപാട് അമ്പലപ്പറമ്പുകളിലേക്ക് മിമിക്രി അവതരിപ്പിക്കാനുള്ള ക്ഷണമുണ്ടായി. വൈകുന്നേരമായാല്‍ പെരുമ്പാവൂര് ബസ് കാത്തുനില്‍ക്കുമ്പോള്‍, 'ഇന്നെവിടെയാ പരിപാടി?' എന്ന് ആളുകള്‍ ചോദിക്കുന്നത് ഓര്‍ത്ത് പുളകംകൊണ്ടു.
പരിപാടിയ്ക്ക് ഒരു കുറവുമില്ല. എല്ലാ ദിവസവും പരിപാടി എന്ന മട്ടിലായി. പക്ഷേ, വരുമാനമൊന്നുമില്ല. ബസിന്റെ കാശുപോലും ഇല്ലാതെയാണ് ഓരോ പരിപാടിയും ഏല്‍ക്കുന്നതും പോകുന്നതുമൊക്കെ. ചിലപ്പോള്‍ ഭക്ഷണംപോലും കിട്ടില്ല. പരിപാടി കഴിയുമ്പോള്‍ കൈയ്യടി കിട്ടുമ്പോള്‍ മനസ്സും വയറും നിറയും. പരിപാടിയും കഴിഞ്ഞ് രാത്രിവണ്ടി കയറി വീടിന്റെ ഉമ്മറത്തെത്തുന്ന നേരത്തും അമ്മ ഉറങ്ങാതെ കാത്തിരിക്കുന്നുണ്ടാവും. രാത്രി രണ്ടുമണിക്കും മൂന്നുമണിക്കുമൊക്കെ പരാതിയോ പരിഭവമോ ഒന്നുമില്ലാതെ അമ്മ വാതില്‍ തുറന്നുതരും. അച്ഛന് അത്രയൊന്നും താല്‍പര്യമില്ലായിരുന്നു. എന്നാല്‍ അമ്മ ഒരാള്‍ പ്രോത്സാഹിപ്പിച്ചതുകൊണ്ടുമാത്രമാണ് എനിക്ക്  മിമിക്രിയുമായി ഊരുചുറ്റാന്‍ സാധിച്ചത്.

ജയറാം പെരുമ്പാവൂര്‍

വേദികളില്‍ നിന്നും വേദികളിലേക്ക് ഒറ്റയാള്‍ യാത്ര തുടരുന്ന കാലത്ത് ഒരു അമ്പലക്കമ്മിറ്റിക്കാര്‍ നോട്ടീസില്‍ എന്റെ പേര് ചേര്‍ത്തു. 'ജയറാം പെരുമ്പാവൂരിന്റെ ഹാസ്യപ്രകടനം.' ഒരു നിധിപോലെ ആ നോട്ടീസ് ഞാന്‍ സൂക്ഷിച്ചുവച്ചു. പിന്നീടൊരിക്കല്‍ പരിപാടിയും കഴിഞ്ഞിറങ്ങിവേ എനിക്ക് കമ്മിറ്റിക്കാര്‍ ഒരു കവര്‍ കൈയ്യില്‍ തിരുകിത്തന്നു. ആ കവറില്‍ 50 രൂപയായിരുന്നു. അന്ന് വീട്ടിലേക്കെത്താന്‍ വല്ലാത്ത തിടുക്കമായിരുന്നു. പതിവുപോലെ വാതില്‍ തുറന്ന് അമ്മ മുന്നില്‍ നില്‍ക്കുന്നു. അമ്മയുടെ കൈയ്യിലേക്ക് 50 രൂപ എടുത്തുനല്‍കി. എന്റെ മുഖത്തേക്കുമാത്രമായിരുന്നു അമ്മ നോക്കിയിരുന്നത്. ''എന്തിനാ മോനേ ഇങ്ങനെ...?'' എന്നൊരു ചോദ്യവും. എല്ലാം ശരിയായി വരുമെന്നൊരു മറുപടിയും അമ്മയുടെ മുഖത്തുതന്നെയുണ്ടായിരുന്നു.
അമ്പലപ്പറമ്പുകള്‍ക്കു പുറമെ പല വേദികള്‍ കിട്ടിത്തുടങ്ങിയ കാലം. പാലക്കാട് ടൗണ്‍ഹാളില്‍ ശുഭ ഓര്‍ക്കസ്ട്രയുടെ വാര്‍ഷിക പരിപാടിയിലേക്ക് ക്ഷണം വന്നു. ഗാനഗന്ധര്‍വ്വന്‍ യേശുദാസ് വാര്‍ഷികത്തോടനുബന്ധിച്ച് പാടാന്‍ എത്തുന്നുണ്ട്. അന്ന് ചെമ്പൈ സംഗീതോത്സവം നടക്കുന്ന സമയവുമാണ്. ദാസേട്ടന്‍ എത്തുന്നതിനുമുമ്പുള്ള സമയമാണ് എന്റെ പരിപാടി. ദാസേട്ടന്‍ വരാന്‍ വൈകി. എന്റെ മിമിക്രി ആരംഭിച്ചു. പ്രകടനം ഒരു ഘട്ടത്തിലെത്തിയപ്പോഴേക്കും ടൗണ്‍ഹാളിന്റെ വാതില്‍ക്കല്‍ ദാസേട്ടന്‍ പ്രത്യക്ഷനായി. അതോടെ ആളുകളുടെ ശ്രദ്ധ അങ്ങോട്ടായി. ഉടനെ കമ്മിറ്റിക്കാര്‍ ഓടിവന്ന് സ്റ്റേജില്‍നിന്നും മാറാന്‍ ആവശ്യപ്പെട്ടു. മൈക്ക് ഉപേക്ഷിച്ച് ഞാന്‍ സ്റ്റേജ് വിടാന്‍ ഒരുങ്ങുമ്പോള്‍ സദസ്സില്‍നിന്നും ദാസേട്ടന്റെ ചോദ്യം, ''എന്തിനാ നിര്‍ത്താന്‍ പറഞ്ഞത്? അത് തുടരട്ടെ.'' സദസ്സിന്റെ മുന്നില്‍ത്തന്നെ ഇരിപ്പുറപ്പിച്ചു.
മുറി നിറയെ ദാസേട്ടന്റെ പടംവച്ച് ആരാധിച്ചിരുന്ന എനിക്ക് കിട്ടിയ സുവര്‍ണ്ണാവസരം. അതേ ദാസേട്ടന്റെ മുന്നില്‍ പരിപാടി അവതരിപ്പിക്കാനുള്ള അവസരം. എന്റെ പ്രകടനം കണ്ട് തൂവെള്ള കര്‍ച്ചീഫുകൊണ്ട് വായപൊത്തി ചിരിക്കുന്ന ദാസേട്ടന്റെ മുഖത്തുനോക്കിത്തന്നെ ഞാന്‍ പരിപാടി അവതരിപ്പിച്ചു. പാട്ടിന്റെ സമയംകൂടി എടുത്തുകൊണ്ട് പരിപാടി അവതരിപ്പിച്ചു. പരിപാടി നിര്‍ത്തി ഇറങ്ങാന്‍നേരം ദാസേട്ടന്‍ അരികിലെത്തി ചോദിച്ചു, ''എന്റെ കൂടെ കൂടുന്നോ? ആ അഡ്രസ്സ് തന്നിട്ടേ പോകാവൂ,''
ദാസേട്ടന്റെ ക്ഷണംതന്നെയായിരുന്നു ഏറ്റവും വലിയ സന്തോഷം. ഞാന്‍ ആരാധിക്കുന്ന, ലോകം ആരാധിക്കുന്ന ദാസേട്ടനൊപ്പം ഒരു വേദിയിലെങ്കിലും പരിപാടി അവതരിപ്പിച്ചില്ലെങ്കിലും ആ ക്ഷണംതന്നെ ഏറ്റവും വലിയ സന്തോഷമായിരുന്നു. അടുത്ത ദിവസങ്ങളില്‍ത്തന്നെ ദാസേട്ടന്റെ ക്ഷണം വന്നു.
ബോംബെയിലെ ഷണ്‍മുഖാനന്ദ ഓഡിറ്റോറിയത്തില്‍ ദാസേട്ടന്റെ ഗാനമേള. ഗാനമേളയ്ക്കിടയില്‍ അനൗണ്‍സ്‌മെന്റും ഒപ്പം മിമിക്രിയും. ദാസേട്ടനൊപ്പം പരിപാടി അവതരിപ്പിക്കാന്‍ പോവുകയാണെന്ന് പരമാവധി ആളുകളെ അറിയിച്ചിരുന്നു. വന്‍ യാത്രയയപ്പു നല്‍കിയായിരുന്നു നാട്ടുകാര്‍ എന്നെ ബോംബെയിലേക്ക് ട്രെയിന്‍ കയറ്റിവിട്ടത്. 20 മിനിട്ടായിരുന്നു എന്റെ അവതരണത്തിന് അനുവദിച്ച സമയം. അത് 40 മിനിട്ട് വരെയൊക്കെ നീണ്ടു. ആ സ്റ്റേജിലാണ് ആദ്യമായി ഗായിക ചിത്ര ദാസേട്ടനൊപ്പം സ്റ്റേജ് പങ്കിടുന്നത്. ബോംബെയിലെ പരിപാടിയും കഴിഞ്ഞുവരുമ്പോള്‍ ഞങ്ങളെല്ലാവരും ഒരു കംപാര്‍ട്ടുമെന്റില്‍ത്തന്നെയായിരുന്നു. ആ ഗാനഗന്ധര്‍വ്വന്റെകൂടെ ഊണിലും ഉറക്കത്തിലുമുണ്ടാവുക എന്നതുതന്നെ വലിയ ഭാഗ്യമായിട്ടാണ് ഞാന്‍ അന്നേ കണക്കാക്കിയിരുന്നത്.
കൊച്ചിയില്‍ നടന്ന സ്റ്റേജ് പ്രോഗ്രാമില്‍ കിഷോര്‍കുമാറുമുണ്ടായിരുന്നു. ആദ്യം ദാസേട്ടന്റെ കച്ചേരി, അതുകഴിഞ്ഞ് കിഷോര്‍കുമാറിന്റെ പരിപാടിക്കായി സ്റ്റേജ് ഒരുങ്ങുന്നതിനിടയില്‍ എന്റെ മിമിക്രി കലാപരിപാടി. അങ്ങനെയായിരുന്നു അത് പ്ലാന്‍ ചെയ്തത്. എന്നാല്‍ ദാസേട്ടന്റെ കച്ചേരി കഴിയുമ്പോഴേക്കും നേരത്തേതന്നെ സെറ്റു ചെയ്തുവച്ചതിനാല്‍ വലിയ ഗ്യാപ്പ് വന്നില്ല. എനിക്ക് പരിപാടി അവതരിപ്പിക്കാന്‍ അവസരമുണ്ടായില്ല. ദാസേട്ടനും വലിയ വിഷമമായി. എന്നിരുന്നാലും കിഷോര്‍കുമാറിനെ വിശദമായിത്തന്നെ ദാസേട്ടന്‍ പരിചയപ്പെടുത്തിത്തന്നു. ഗന്ധര്‍വ്വന്റെ കൈകള്‍ തൊട്ടറിഞ്ഞ സ്‌നേഹമായിരുന്നു അത്.''


ആനക്കമ്പത്തിനൊപ്പംതന്നെ കയറിവന്നതാണ് മേളക്കമ്പവും. അമ്പലപ്പറമ്പിലെ ചുറ്റിക്കറങ്ങലുകള്‍ക്ക് മാറ്റ് കൂട്ടിയിരുന്നത് ഈ മേളക്കമ്പം കൂടിയാണ്. ജയറാം മേളക്കമ്പത്തെക്കുറിച്ച:
''അതിര്‍ത്തി കടന്ന് ആനയെത്തുന്നു എന്നറിഞ്ഞാല്‍ കാലേക്കൂട്ടി അവിടെചെന്ന് കാത്തിരിക്കും. പിന്നെ ആനയ്ക്കു പിന്നാലെ പൂരങ്ങള്‍ക്ക് പുറപ്പെടുകയായി. ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന കാലത്തുതന്നെ തൃശൂര്‍ പൂരത്തിന് ബാഗും തൂക്കി തൃശൂരിലെത്തിയിട്ടുണ്ട്. അന്നുകണ്ട ഓരോ പൂരവും എന്നില്‍ കേള്‍വിയുടെ കാലങ്ങള്‍ നിറച്ചു. ചെണ്ട പഠിക്കണമെന്ന മോഹം കുട്ടിക്കാലംതൊട്ടേ ഉണ്ടായിരുന്നെങ്കിലും അതിനൊന്നും അച്ഛന്‍ സമ്മതിക്കില്ലെന്ന് അറിയുന്ന ഞാന്‍ ആ ശ്രമം ഉപേക്ഷിച്ചു. പക്ഷേ, അമ്മയ്ക്ക് മകന്‍ ചെണ്ട പഠിക്കുന്നത് ഇഷ്ടമായിരുന്നു.പൂരത്തിന്റെ മേളപ്പെരുക്കങ്ങളുടെ കേള്‍വിയാണ് ചെണ്ട കൊട്ടിലെ എന്റെ ആദ്യഗുരു. വീട്ടിലെ മരമേശയില്‍ താളം കൊട്ടിയായിരുന്നു ഞാനെന്റെ കൈകളെ വഴക്കിയത്. പൂരം കഴിഞ്ഞെത്തി പൂരവിശേഷങ്ങളും മേളരസങ്ങളും അവതരിപ്പിക്കുമ്പോള്‍ മൗനമായി നിന്ന് കേട്ട് ആസ്വദിച്ചിരുന്ന അമ്മയാണ് എന്റെ ആദ്യത്തെ ശ്രോതാവ്. ചെണ്ട പഠിച്ച് അരങ്ങേറ്റം നടത്തിയപ്പോഴും അമ്മയുണ്ടായിരുന്നു കൂടെ. അരങ്ങേറ്റം കഴിഞ്ഞപ്പോള്‍ ചെണ്ടക്കാരനായി അഭിനയിക്കാനൊരു മോഹമുണ്ടെന്ന് ഷാജി എന്‍. കരുണിനോടൊരിക്കല്‍ പറയുകയും ചെയ്തിരുന്നു. അദ്ദേഹം വാക്കുപാലിച്ചു. അങ്ങനെയാണ് സ്വപാനം ഒരുങ്ങുന്നത്. ഒരു ചെണ്ടക്കാരന്റെ കഥ. ''സ്വപാനം ഇറങ്ങുമ്പോള്‍ എന്നെയൊന്ന് കൊണ്ടുപോയി കാണിക്കണം'' എന്ന് അമ്മ  പറഞ്ഞിരുന്നു. ആദ്യം അമ്മയെത്തന്നെ കാണിക്കണം. പക്ഷെ, സ്വപാനം ഇറങ്ങുന്നതിനുമുന്നേ അമ്മ പോയി... സ്വപാനം ഞാന്‍ അമ്മയ്ക്കാണ് സമര്‍പ്പിക്കുന്നത്. എന്റെ എല്ലാ വിജയങ്ങള്‍ക്കും പിന്നില്‍ അമ്മയുടെ പ്രാര്‍ത്ഥനയുണ്ട്. ഇപ്പോഴുമുണ്ട് എനിക്കു ചുറ്റും അമ്മയുടെ പ്രാര്‍ത്ഥനാനിര്‍ഭരമായ മന്ത്രണങ്ങള്‍.

Saturday, March 17, 2018

പ്രിയപ്പെട്ട കുട്ടിക്കാവേ, മഴയില്‍ നനഞ്ഞ് ഞാന്‍ കാത്തിരിക്കുന്നു

courtesy: Mohan Alankode
പൂമരങ്ങള്‍ക്കുംമുമ്പൊരു പൂമരച്ചോട്ടില്‍ അപൂര്‍വ്വ പ്രണയകഥ. മൊയ്തീന്‍- കാഞ്ചനമാല പ്രണയകാലങ്ങള്‍ക്കൊപ്പം നടന്ന പ്രണയവര്‍ണ്ണങ്ങള്‍. ഇപ്പോഴും കാത്തിരിപ്പ് തുടരുന്ന കട്ടപ്രണയകഥ..... 
കെ. സജിമോന്‍

വര: മോഹന്‍ ആലങ്കോട്‌

പ്രിയപ്പെട്ട കുട്ടിക്കാവേ, മഴയില്‍ നനഞ്ഞ് ഞാന്‍ കാത്തിരിക്കുന്നു
ധനുമാസം മഴയുടെ കാലമല്ല. നനുനനുക്കെ മഞ്ഞുപൊഴിയേണ്ടകാലം. എന്നിട്ടും ഇന്നലെ പതിവെല്ലാം തെറ്റിച്ച് ഒരു മഴ വന്നെത്തി. പൊടിപിടിച്ചുമുഷിഞ്ഞ പച്ചപ്പിനെയൊക്കെ കഴുകിത്തിളക്കിക്കൊണ്ട്, വൈകി കണ്ണുതുറന്ന മാമ്പൂവുകളെ കുടഞ്ഞുവീഴിച്ചുകൊണ്ട് പതിവില്ലാത്ത ഒരു മഴ. മഴ ബാക്കിവച്ചുപോയ തണുപ്പു വന്നു തൊടുമ്പോള്‍ മനസ് മറ്റൊരു മഴയില്‍ കുളിച്ചുകുതിരുന്നു. എന്റെ കുട്ടിക്കാവ് എന്ന മഴ. കൗമാരക്കാലം മുതല്‍ നെഞ്ചില്‍ തകര്‍ത്തു പെയ്തു നിറഞ്ഞൊഴുകുന്ന പ്രണയമഴ.
''ഇത്താക്കേ..'' അവളുടെ വിളി.
''എന്താ കുട്ടിക്കാവേ?''
ശ്രീകൃഷ്ണകോളേജിലെ പൂമരങ്ങള്‍ ഞങ്ങള്‍ക്കായി എന്നു കരുതിവയ്ക്കുമായിരുന്ന കുളിര്‍മഴ നനഞ്ഞ്... എത്രയോ കാലം മുമ്പാണ് ഞങ്ങള്‍ അങ്ങനെ ഇരുന്നിരുന്നത്? പൂമരങ്ങളും തളിര്‍വീണ പടിക്കെട്ടും കുസൃതിവാക്കുകളുമായി അടുത്തിരിക്കുന്ന കുട്ടിക്കാവും എന്റെ മനസിലേ അനുഭവം മാത്രമായി ചേക്കേറിയിട്ട് നാളുകള്‍ ഏറെ കഴിഞ്ഞിട്ടുണ്ടാവണം. എന്റെ കുട്ടിക്കാവ് എന്നും ഇന്നും എന്റെയുള്ളില്‍ മഴയുണ്ട്. എല്ലാ മഴകളും അവളെ ഓര്‍ക്കാനുള്ളതാണ്.
മഹാരാഷ്ട്രയിലെ ഖൊപ്പോലി താഴ് വരയില്‍ പിറവികൊണ്ട നസീം മുഹമ്മദാണു ഞാന്‍. ഖൊപ്പോലിയില്‍ നിന്നും എടപ്പാളിലേക്ക്, ഉപ്പാന്റെ നാട്ടിലേക്ക് പത്തു പന്ത്രണ്ടുവയസില്‍ പറിച്ചുനട്ടവന്‍. എടപ്പാള്‍ ഹൈസ്‌കൂളില്‍ നിന്ന് പത്താം ക്ലാസ് കഴിഞ്ഞെത്തിയത് പൊന്നാനി എം. ഇ. എസ്. കോളേജിലെ പ്രീഡിഗ്രിക്ലാസില്‍. അക്കാലത്താണ് ഖൊപ്പോലിയിലെ എന്റെ ലത്തീഫ് ഭായി നാട്ടിലേക്കൊരു സന്ദര്‍ശനം നടത്തിയത്. ചരസ്സിന്റെ മണമായിരുന്നു ലത്തീഫ് ഭായിയുടെ സംസാരത്തിന്. ആ ലഹരി പഠിച്ചെടുക്കാന്‍ എനിക്ക് മുകുന്ദന്റെ അപ്പുവും അരവിന്ദനും ദാസനുമായിരുന്നു മാതൃകയായി നിന്നത്. ആ സമയത്താണ് ബാപ്പ പ്രിയദര്‍ശിനി ബസിന്റെ മരണപ്പാച്ചിലില്‍ പിടഞ്ഞുമരിക്കുന്നത്. പിന്നെ മാന്‍ഡ്രക്‌സ്, വെസ്പരക്‌സ്, കാംപോസ്, പാല്‍ഡോന, മെറ്റാസിഡിന്‍, ഏകാന്തതയില്‍ എന്റെ രക്തകണങ്ങളില്‍ അലിഞ്ഞുചേര്‍ന്നത് ആ ലഹരികളായിരുന്നു. അതിനിടയില്‍ പ്രീഡിഗ്രി പാസായി. ഫറോക്ക് കോളേജില്‍ ബി.എ.യ്ക്ക് ചേര്‍ന്നു. അപ്പോഴേക്കും മനസ് ലഹരിക്ക് പിന്നാലെ യാത്രയായി. കോഴിക്കോട് അങ്ങാടിയിലൂടെ നടന്നും ക്വീന്‍സ് ഹോട്ടലിലെ ഗാനസന്ധ്യകളില്‍ രാവുറങ്ങിയും കഴിച്ചുകൂട്ടി. പഠിപ്പ് നിന്നു. നിയോഗമായിരിക്കണം, അല്ലാതെന്ത്?
സുഹൃത്ത് നരേന്ദ്രന്‍ വന്നു പറഞ്ഞു, നീ പഠിക്കണം. ഡിഗ്രി കംപ്ലീറ്റ് ചെയ്യണം.
ശ്രീകൃഷ്ണ കോളേജിലേക്ക് പുറപ്പെട്ടു. എടപ്പാളില്‍ നിന്ന് സ്വപ്ന ബസില്‍ കയറി കുന്നംകുളം വഴി ചൂണ്ടല്‍ വരെ. ഗുരുവായൂര്‍ ഭാഗത്തേക്കുള്ള മറ്റൊരു ബസില്‍ കയറി കൂനംമൂച്ചിയില്‍. അല്‍പ്പം ദൂരം നടന്നാല്‍ ശ്രീകൃഷ്ണ കോളേജിന്റെ പതിനെട്ടാംപടി. അവള്‍ എന്നെ കാത്തിരിക്കുകയായിരുന്നു ശ്രീകൃഷ്ണ കോളേജ്, അല്ല, എന്റെ കുട്ടിക്കാവ്.
വിശ്വകുമാരി ടീച്ചറുടെ സാമ്പത്തിക സൂക്തങ്ങള്‍ക്കു കാതുനല്‍കാതെ മുളങ്കാടുകള്‍ തേടി ഞാനിറങ്ങി. ഉള്ളിനെ തണുപ്പിച്ചുനിര്‍ത്താന്‍, തലയില്‍ പെരുമഴ കൊട്ടിക്കാന്‍ മാന്‍ഡ്രക്‌സ് മജീഷ്യന്‍ പൊതിക്കടലാസുകള്‍ക്കിടയില്‍ കാത്തിരിപ്പുണ്ട്. ബോയ്‌സ് ഹോസ്റ്റലിനു സമീപത്തെ ഭീമാകാരമായ വാട്ടര്‍ടാങ്കിന്റെ ഉച്ചസ്ഥായിയിലേക്ക് വലിഞ്ഞുകയറി. ജലസംഭരണിയുടെ കോണ്‍ക്രീറ്റ് പാകിയ വിതാനത്തില്‍ കയറി നിന്ന് മേഘങ്ങളെ സ്പര്‍ശിക്കാം. കൈക്കുമ്പിളിലെടുത്ത് കീശയില്‍ നിക്ഷേപിക്കാം. ആകാശം തൊട്ടുണര്‍ത്താം. കാല്‍പ്പാദത്തിലൂന്നി ആകാശം തൊട്ട് മുട്ടിവിളിച്ചപ്പോള്‍ താഴെ നിന്നൊരു വിളി.
''താഴെയിറങ്ങെടാ''
ലഹരി മൂത്ത കണ്ണുകള്‍ പാതിതുറന്ന് താഴേക്ക് നോക്കി. ഒരു പെണ്ണ്. പച്ചദാവണിത്തുമ്പ് ഇടംകൈയാല്‍ ഉയര്‍ത്തി മുകളിലോട്ട് നോക്കി, ഇടതൂര്‍ന്ന മുടിയിഴകളില്‍ മുല്ലപ്പൂ വിരിയിച്ച പെണ്ണ്.
ഞാന്‍ പടവുകളിറങ്ങി പാതിയിറക്കത്തില്‍.
''എന്തേയ്?'' പേടിപ്പിക്കുന്ന ക്രോധവും ലഹരിയുടെ കുഴച്ചിലുമുണ്ടായിരുന്നു എന്റെ സ്വരത്തില്‍.
''നീ എന്തിനാ ആ പെണ്ണിനെ നോവിച്ചത്?'' പതറാത്ത കണ്ണുകളുമായി അവള്‍. എന്റെ കണ്ണില്‍ നിന്ന് ക്രോധം മാഞ്ഞു. ബോധതലത്തില്‍ നിന്ന് ലഹരി മാഞ്ഞു.
''ആരെയാണ് ഞാന്‍ നോവിച്ചത്?'' ആരെയും നോവിക്കാന്‍ എന്നെ അനുവദിക്കില്ലെന്ന അധികാരഭാവത്തില്‍, ഈ വിജനതയില്‍ വന്നുപെടാവുന്ന അപകടമൊന്നും ചിന്തിക്കുക പോലും ചെയ്യാതെ അത്രയേറെ അടുപ്പത്തില്‍ ഈ കണ്ണുകള്‍ എന്നെ ചോദ്യം ചെയ്യുന്നതെന്തിനാണ്.
പതുക്കെ ഓര്‍മ്മവന്നു. കുന്നംകുളത്തുനിന്നു കയറുന്ന ഒരു ക്ലാസ്‌മേറ്റിന്റെ കാര്യമാണ് ഇവള്‍ ചോദിക്കുന്നത്. കുന്നംകുളത്തുകാരിയെ നോവിച്ചൊന്നുമില്ല ഞാന്‍. എന്തോ കുസൃതി. ആ ധൈര്യത്തില്‍ പറഞ്ഞു.
''ഒരു രസത്തിന്.''
''ഇനി വേണ്ടാട്ടോ.''
പിന്നെ, ഇവള്‍ പറയുന്നതുകേട്ട് നിര്‍ത്താന്‍ ഞാനാര്? എങ്കിലും അവളുടെ മുഖത്തുനോക്കി എതിര്‍ത്തു പറയാന്‍ തോന്നിയില്ല.
'' ഇത്താക്ക് അങ്ങനെ ചെയ്യണത് ഇനിക്ക് ഇഷ്ടല്ലാ അത്രതന്നെ.''
അവളുടെ ഉള്ളിലെ ആന്തല്‍ എനിക്ക് കേള്‍ക്കാമായിരുന്നു. ഞാനുറപ്പു കൊടുത്തു. ഭഭഇനി ഇണ്ടാവില്ലാട്ടോ''
പാദസരങ്ങള്‍ കിലുക്കി അവള്‍ ഓടിമറഞ്ഞു. ശ്രീകൃഷ്ണ കോളേജിലെ പ്രണയപുഷ്പങ്ങള്‍ക്ക് നൈര്‍മ്മല്യമുള്ള വാക്കുകള്‍ എഴുതിക്കൊടുക്കുന്ന എനിക്കിതാ ഒരു പൂങ്കാവനം തന്നിരിക്കുന്നു. എന്റെ കുട്ടിക്കാവ്.
മൈതാനിയിലെ മഴയില്‍ മരങ്ങളോടൊപ്പം ഞാനും പെയ്തുനില്‍ക്കുമ്പോള്‍ വരാന്തയില്‍ അവള്‍ നില്‍പ്പുണ്ടാവും, കൊതിയോടെ. അവള്‍ എന്റെ കൂടെ മഴനനയുകയായിരിക്കും. മഴയില്ലാത്തപ്പോള്‍ ഞങ്ങള്‍ പാറക്കൂട്ടങ്ങളുടെ മൗനനൊമ്പരങ്ങള്‍ക്കിടയില്‍ പുല്‍മൈതാനിയുടെ തണുപ്പിലിരുന്ന് മഴ പെയ്യിച്ചു. മഴ തോര്‍ന്നിട്ടും തോരാത്ത രണ്ടു മരങ്ങളായി.
ശ്രീകൃഷ്ണ കോളേജിലെ ദിനങ്ങളില്‍ ക്ലാസുകള്‍ക്കപ്പുറം ഞങ്ങള്‍ പ്രണയിച്ചുപൂത്തുനിന്നു. മറ്റം പള്ളിയുടെ മൊട്ടക്കുന്നുകളായിരുന്നു ഞങ്ങളുടെ പ്രണയവീട്. ആ പടികളില്‍ എന്റെ കുട്ടിക്കാവിരിക്കും. അവളുടെ മടിയില്‍ തല ചായ്ച്ച് ഞാനും.
''കുട്ടിക്കാവേ, എനിക്ക് ഒരു പാട്ടുപാടിത്താ''
''ഇത്താക്കേ, ആരെങ്കിലും വരും, കാണും. വേണ്ട''
''ഇല്ല ബുദ്ദൂസേ, നീ പാട്.''
അപ്പോള്‍ അവള്‍ ചെവിയില്‍ ചുണ്ടുകള്‍ ചേര്‍ത്ത് പാടിത്തുടങ്ങും.
പ്രണയം തുളുമ്പുന്ന സ്വരത്തില്‍ ജന്മങ്ങളില്‍ നിന്നും ജന്മങ്ങളിലേക്ക് പടരുന്ന സ്‌നേഹത്തളിരുകള്‍ എന്റെ നെഞ്ചകത്തേക്ക് പാറിവീഴും.
വരികളില്‍ നൊമ്പരത്തിന്റെ മഞ്ഞുകണങ്ങള്‍ വീഴുമ്പോള്‍ കുട്ടിക്കാവിന്റെ സ്വരം പതറും. നീണ്ട കണ്‍പീലികള്‍ നനച്ച് കണ്ണീര്‍ ഉറപൊട്ടിയൊഴുകും.
കരയല്ലേ എന്നുപറയുംപോലെ വിരല്‍തുമ്പുകള്‍ കൊണ്ട് കണ്‍പീലികളില്‍ ഉമ്മവച്ച് ഞാന്‍ മടക്കയാത്രക്കൊരുങ്ങും. വിരല്‍തുമ്പുകള്‍ ചേര്‍ത്തുപിടിച്ച് കുട്ടിക്കാവ് പറയും.
''നീ നീ എന്റെ ജീവനാണ്.... ജീവിതം തന്നെയാണ്.''
കോളേജില്‍ ഋതുഭേദങ്ങള്‍ മാഞ്ഞപ്പോഴും ഞങ്ങളില്‍ വസന്തം വിടാതെ നിന്നു. കോളേജ് ഡേയ്ക്ക് കുട്ടിക്കാവിന്റെ ഇത്താക്ക് ടാബ്‌ളോ അവതരിപ്പിച്ചു. കുരിശിലേറിയ ക്രിസ്തുവായിട്ടായിരുന്നു ഇത്താക്ക്. കറുപ്പിലും വെളുപ്പിലും പകര്‍ന്നു കിട്ടിയ ടാബ്‌ളോ ഫോട്ടോ കോളേജ് മാഗസിനില്‍ പ്രത്യക്ഷപ്പെട്ടു. അതുമായി നിധി പോലെ കുട്ടിക്കാവ് വീട്ടിലേക്കോടി.
''ഇനി, ആഗ്രഹിക്കുമ്പോഴെല്ലാം ഈ ഫോട്ടോ കാണാല്ലോ.''
വിരസവേളകളിലും ഉറക്കത്തിലേക്കുള്ള വഴികളിലും ഫോട്ടോയ്ക്കു മുന്നില്‍ കുട്ടിക്കാവ് തപസിരുന്നു. മനസിലെ ഇത്താക്കിന്റെ മുഖം കാണുമ്പോള്‍ അവള്‍ ഓരോ തവണയും എഴുതി, ഭഭഎന്റെ ഇത്താക്ക്, എന്റെ പ്രിയപ്പെട്ട ഇത്താക്ക്, എന്റെ ജീവനായ ഇത്താക്ക്''
സ്വപ്നങ്ങള്‍ക്കിടയില്‍ അവള്‍ ഉണര്‍ന്നത് അമ്മയുടെ വിളി കേട്ടായിരുന്നു. ഭഭആരാടീ ഇത്താക്ക്?''
അവള്‍ പറഞ്ഞു, ഭഭഅതെന്റെ ജീവനാണ്''
ഇന്നോടെ നിര്‍ത്തിക്കോളണം നിന്റെ പഠിപ്പ്.
അമ്മയുടെ ശാസനയുണ്ടായെങ്കിലും പിന്നെയും കുട്ടിക്കാവ് കോളേജിലെത്തി. ഈ കാര്യങ്ങള്‍ പറഞ്ഞു.
''ഞാന്‍ നിന്റെ കൂടെയുണ്ടാവും.''
ദിവസങ്ങള്‍ കഴിഞ്ഞു. കുട്ടിക്കാവ് കോളേജിലേക്ക് വന്നില്ല.
പാതവക്കിലെ പൂമരങ്ങള്‍ക്ക് തീപ്പനി പിടിച്ച നാളുകള്‍. എന്റെ നെഞ്ചിലായിരുന്നു കനലുകള്‍ ആളിയത്. കുട്ടിക്കാവില്ലാത്ത നിമിഷങ്ങള്‍. കുട്ടിക്കാവിന്റെ ചിരി കാണാത്ത പ്രഭാതങ്ങള്‍. ഭഭനോവിക്കരുത് ആരെയും'' എന്നു പറഞ്ഞുതന്ന അവള്‍ എന്റെ നോവു കാണുന്നില്ലേ എന്ന് ഭ്രാന്തുപിടിച്ചതു പോലെ സ്വയം ചോദിച്ചു. ഭഭകരയല്ലേ കുട്ടിക്കാവേ'' എന്ന് അവളെ ഓര്‍ത്ത് വിങ്ങി. കാത്തിരുന്ന് തകര്‍ന്ന് ഒടുവില്‍ അവളെ തെരഞ്ഞുപോകുകതന്നെ ചെയ്തു. ചെറിയൊരു ഗ്രാമം. അപരിചിതരുടെ നടുവിലൂടെ അവള്‍ പറയുന്ന കഥകളിലൂടെ മാത്രം കണ്ടറിഞ്ഞ വഴികളിലൂടെ... ഒന്നേ മനസിലുള്ളൂ. ഒന്നു കാണണം. ആരു തടഞ്ഞാലും പിടിച്ചിറക്കി കൂടെകൂട്ടണം.
പാതകള്‍ക്കൊടുവില്‍ പതിഞ്ഞിരിക്കുന്ന ഇല്ലത്തിനു മുന്നില്‍ പഴയൊരു ചങ്ങാതി...
'' ആ കുട്ടീടെ പെണ്‍കൊടയാണ്. നീ വെറുതെ അലമ്പുണ്ടാക്കരുത്.''
പെണ്‍കൊടയോ എന്റെ കുട്ടിക്കാവിന്റെയോ ഞാനറിയാതെയോ എനിക്കല്ലാതെ ആര്‍ക്കാണ് അവളെ കൊടുക്കുക.
''അതിന് ആകേള്ളത് അമ്മയാണ്. അവര് ചത്തുകളയൂന്ന് പറഞ്ഞിരിക്കയാണ്'' ചങ്ങാതി പിന്നെയും പറഞ്ഞുകൊണ്ടിരുന്നു.
ഒന്നുറക്കെ വിളിച്ചാല്‍ കേള്‍ക്കുന്ന ദൂരത്ത് എന്റെ കുട്ടിക്കാവ്. എന്റെ ജീവന്‍. എന്റെ ജീവിതം. പക്ഷേ, അവളുടെ മെലിഞ്ഞുനീണ്ട വിരലുകള്‍ എന്റെ വായ്‌പൊത്തിപിടിച്ചതുപോലെ...
''അരുത് ഇത്താക്കേ. അവരെ നോവിക്കാനെനിക്കാവില്ല.''
എന്റെ കൈയില്‍ പിടിച്ച് പടിയിറങ്ങിപ്പോകുന്ന കുട്ടിക്കാവിനെ ഞാന്‍ മനസിലോര്‍ത്തു. ഒരു ജന്മം മുഴുവന്‍ അവള്‍ സവ്യം മാപ്പുനല്‍കില്ല ആ ഇറങ്ങിപ്പോരലിന്. ഭഭന്റെ മോള്'' എന്നു പറഞ്ഞ് പ്രാണന്‍ കള?ുന്ന ഒരു അമ്മയുടെ നെഞ്ചില്‍ നിന്ന് ഞാനെങ്ങനെ എന്റെ കുട്ടിക്കാവിനെ പറിച്ചെടുക്കും?
നെഞ്ചിലെ തുലാസിനെ ഇരുട്ടിലും സങ്കടങ്ങള്‍ പെരുത്തു.
ഞാനും എന്റെ കുട്ടിക്കാവും ചേര്‍ന്നിരിക്കുന്ന തട്ടിലെ തീരാസങ്കടത്തിലും താഴേക്ക് ഒരമ്മയുടെ ജന്മസാഫല്യം തച്ചുടക്കപ്പെടുന്നതിലെ കൊടും വ്യഥക്ക് കനംകൂടി.
വേണ്ട. നമുക്ക് ആരെയും നോവിക്കേണ്ട കുട്ടിക്കാവേ. കൊതിയോടെ തെരഞ്ഞുപിടിച്ച വഴികളിലൂടെ ഞാന്‍ തിരികെനടന്നു.
നെഞ്ചില്‍ ഒരു പിളര്‍പ്പുമായി ഞാന്‍ ഒരു യാത്രയ്ക്ക് തയ്യാറായി. എന്റെ ബാല്യത്തിലേക്ക്, ബോംബെയിലേക്ക്, ഖൊപ്പോലിയിലേക്ക്. കൈയില്‍ 150 രൂപയുണ്ട്. കോഴിക്കോട്, കണ്ണൂര്‍, കുമ്പളയിലെത്തിയപ്പോള്‍ രാത്രിയായി. മുറിവേറ്റ ഹൃദയവുമായി കുമ്പളയില്‍ റോഡില്‍ കാത്തിരുന്നു. ലോറിയില്‍ മംഗലാപുരത്തേക്ക്. അവിടെ നിന്ന് ബോംബെയിലേക്ക്.
നൊമ്പരങ്ങളുമായി എത്തിയ എനിക്ക് ഖൊപ്പോലിയില്‍ കുട്ടിക്കാലം തിരിച്ചുപിടിക്കാനായില്ല, മനസു മുഴുവന്‍ കുട്ടിക്കാവായിരുന്നു. ഉള്ളില്‍ തേങ്ങലുകള്‍ അടങ്ങുന്നില്ല. മൂന്നു മാസം കഴിഞ്ഞ് നാട്ടിലേക്കുള്ള തിരിച്ചുവരവിലും മനസ് നീറുകയായിരുന്നു; കുട്ടിക്കാവ് എവിടെയായിരിക്കും? എന്നെ മറന്നുകാണുമോ?
നാട്ടിലെത്തിയപ്പോള്‍ കൂട്ടുകാരന്‍ പറഞ്ഞു; അവനെ കണ്ടപ്പോള്‍തന്നെ അവള്‍ മുഖം താഴ്ത്തിപ്പിടിച്ചു. അങ്ങനെയെങ്കില്‍ ഇത്താക്കിനെ കണ്ടാലോ?
നാട്ടിലെ പല പരിചിത വഴികളിലും ഞാന്‍ അവളെ തേടി. ഒരിക്കല്‍ കണ്ടു, ബസില്‍വച്ച്. ഒന്നും മിണ്ടിയില്ല, മിണ്ടാന്‍ പറ്റിയില്ല.

ബോംബെയിലും നാട്ടിലുമായി എന്റെ വര്‍ഷങ്ങള്‍ കഴിച്ചുകൂട്ടി. കുട്ടിക്കാവ് ഭര്‍ത്താവിനോടൊപ്പം ഗള്‍ഫിലേക്ക് പോയി. ചേട്ടന്റെ സഹായത്താല്‍ ഗള്‍ഫിലേക്ക് ഒരു ചാന്‍സ് വന്നു. കഴുത്തില്‍ നിന്നിറങ്ങി അസ്ഥികള്‍ ഉരുകുന്ന വിയര്‍പ്പുതുള്ളികളുടെ മൂല്യം പതിനേഴ് ദിര്‍ഹം. നാട്ടിലേക്കു തിരിക്കണമെന്ന മോഹമുണ്ടെങ്കിലും ചേട്ടനെ പിണക്കേണ്ടെന്നു കരുതി പിടിച്ചുനിന്നു. ഏകാന്തതകളില്‍ തീര്‍ത്തും ഏകനായിപ്പോകുന്നുവെന്ന തോന്നലില്‍, കൈവിരലുകളില്‍
ബ്‌ളേഡ് കോര്‍ത്തിട്ട് കൈത്തണ്ടയില്‍ ആഞ്ഞാഞ്ഞുവലിച്ചു. ചോര പൊടിഞ്ഞു. പക്ഷെ, മരണവും എന്നെ കൈവിട്ടിരുന്നു. ജീവിച്ചിരിക്കാനാണ് വിധി. പ്രവാസജീവിതത്തിന്റെ ആറാം വാര്‍ഷികം. അന്നായിരുന്നു ഒരു ഫോണ്‍കോള്‍ എന്നെ തേടിയെത്തിയത്.
''ഇത്താക്കല്ലേ?''
ആ ഒരറ്റ ചോദ്യത്തില്‍ നിന്ന് ഞാന്‍ ശ്രീകൃഷ്ണ കോളേജ് കണ്ടു. അവിടെ മരത്തിനു താഴെ നില്‍ക്കുന്ന കുട്ടിക്കാവിനെ കണ്ടു. ഒരു ആന്തലോടെ ഞാന്‍ ചോദിച്ചു;
''ആരാ?''
''എനിക്ക് ഇത്താക്കിനെ കാണണം.''
''വേണ്ട, കുട്ടിക്കാവിനെ എനിക്ക് കാണേണ്ട..!''
''കണ്ടില്ലെങ്കില്‍ ഞാന്‍ ഇനിയും വിളിച്ചുകൊണ്ടിരിക്കും.''
''വേണ്ട കുട്ടിക്കാവേ, ഇനി കാണേണ്ട, കണ്ടാല്‍ ഞാന്‍ തളര്‍ന്നുപോകും.''
കുട്ടിക്കാവ് ഭര്‍ത്താവിനൊപ്പം അവിടെയുണ്ട്. കണ്ടിരുന്നെങ്കില്‍ എന്ന് എന്റെ മനസും ആയിരംവട്ടം പറഞ്ഞതാണ്. എന്നിട്ടും അറിയാതെ പറഞ്ഞുപോയതാണ് വേണ്ടാന്ന്. കുട്ടിക്കാവ് എല്ലാ ദിവസവും വിളിച്ചുകൊണ്ടിരുന്നു. മാസങ്ങള്‍ക്കുശേഷം ഞാന്‍ പറഞ്ഞു;
''നാളെ നമുക്ക് കാണാം.''
കുട്ടിക്കാവിന്റെ ഫ്‌ളാറ്റിനു സമീപത്തുതന്നെയായിരുന്നു കൂടിക്കാഴ്ച. ഞാന്‍ കാത്തുനിന്നു. മുന്നില്‍ കുട്ടിക്കാവ്, മെലിഞ്ഞുണങ്ങി ഒരു പെണ്ണ്. നിന്റെ നീണ്ട മുടിയും വട്ടമുഖവും എല്ലാം എവിടെ കുട്ടിക്കാവേ? ഞാന്‍ ചോദിച്ചില്ല. കുട്ടിക്കാവ് പറഞ്ഞുമില്ല. പത്തു മിനിട്ട് നീണ്ട മൗനം. ഭഭഞാന്‍ പോകട്ടേ? ഡ്യൂട്ടിക്ക് സമയമായി.'' തിരിച്ചുനടത്തത്തിനിടയില്‍ ഞാന്‍ പറഞ്ഞു. മറുപടിയില്ല. ഞാന്‍ നടന്നു. തിരിഞ്ഞുനോക്കിയില്ല, അതിനു ശേഷിയില്ല. കലങ്ങിയ കണ്ണുകളാല്‍ നോക്കിയാല്‍ പിന്നിലെ കാഴ്ചകള്‍ കാണാന്‍ പറ്റില്ല.
പിറ്റേദിവസം കുട്ടിക്കാവിന്റെ ഫോണ്‍. ഇന്നലെ പിരിഞ്ഞസമയത്ത് തലകറങ്ങി വീണു. ആശുപത്രിയിലായിരുന്നു.
ആത്മനിന്ദയായിരുന്നു എനിക്ക്. ഞാന്‍ കാരണം ഒരു പെണ്ണ്...! അവള്‍ക്കുള്ള മരുന്നും ഞാന്‍തന്നെ നല്‍കണം. ഞാന്‍ പഴയ ഇത്താക്കായി മാറാന്‍ തീരുമാനിച്ചു. പിന്നെയും കണ്ടു. പണ്ട് അവകാശഭാവം നിറഞ്ഞുനിന്ന കണ്ണുകളില്‍ പരാതിയുടെ നിഴല്‍പോലുമില്ലാതെ എപ്പോഴോ അവള്‍ ചോദിച്ചു
ഭഭഇത്താക്ക് കല്യാണം കഴിച്ചോ?''
''ഉവ്വല്ലോ'' ഞാന്‍ അവള്‍ക്കേറെ ഇഷ്ടമുള്ള കുസൃതിച്ചിരിയോടെ പറഞ്ഞു. താഴ്ന്നു മൂടിയ കണ്‍പീലികള്‍ ഒന്നു പിടഞ്ഞോ?
എന്നായിരുന്നു.
''വര്‍ഷം കുറേയായി എന്റെ കുട്ടിക്കാവേ'' ഞാന്‍ ചിരിച്ചുകൊണ്ടേയിരുന്നു.
സംശയം തിരയടിക്കുന്ന കണ്ണുകള്‍ വിടര്‍ന്നു. കണ്‍പീലികളില്‍ പഴയ നീര്‍ത്തുള്ളികള്‍.
''മക്കള്‍?''
''രണ്ടുപേര്‍!''
''ഫോട്ടോ ഉണ്ടോ കൈയില്?''
''ഫോട്ടോ ഇല്ല, ഭാര്യേ കാണിച്ചുതരാം.''
''എവ്‌ടേ?'' അവള്‍ അവിശ്വാസത്തോടെ ചുറ്റുംനോക്കി.
''അവ്‌ടൊന്നും നോക്കണ്ട. ദാ ഇവ്‌ടെ ന്റെ കണ്ണില് നോക്ക്. കാണുന്നുണ്ടോ? ശ്രീകൃഷ്ണകോളേജ്. മുടിയില്‍ മുല്ലപ്പൂ ചൂടിയ ഒരു മെലിഞ്ഞ പെണ്‍കുട്ടി...''
എന്റെ നെഞ്ചിലെ മഴ അവളില്‍ നിന്നു മറയ്ക്കാന്‍ ഞാന്‍ കണ്ണുകള്‍ ചേര്‍ത്തടച്ചു. നിശബ്ദതയില്‍ ഒഴുകിപ്പോയ ഒരുപാടു നിമിഷങ്ങള്‍.... പിന്നെ അവള്‍ പറഞ്ഞു. ''രണ്ടു മക്കളാണ് എനിക്ക്''.
''അറിയാം'' ഞാന്‍ പറഞ്ഞു. ''അവരാണ് എന്റെയും മക്കള്‍''
മാസങ്ങള്‍ക്കുശേഷം കുട്ടിക്കാവ് ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക് തിരിച്ചു. പിന്നെ ബന്ധമില്ലാതെയായി. അപ്പോഴും എന്റെ മനസില്‍ കുട്ടിക്കാവും മക്കളും എന്റേതെന്ന മട്ടില്‍ കാത്തുനിന്നിരുന്നു.
വിരസമായ മണലാരണ്യത്തില്‍ നിന്നും നാട്ടിലേക്കുള്ള വഴി തുറന്നുകിട്ടിയപ്പോള്‍ ഒറ്റത്തടിയും കുട്ടിക്കാവും മക്കളും നിറഞ്ഞുനില്‍ക്കുന്ന മനസുമായി ഞാന്‍ നാട്ടിലേക്ക് തിരിച്ചു. തീര്‍ത്തും ബന്ധങ്ങളില്ലാത്ത നാലുവര്‍ഷം കൂടി കടന്നുപോയി. അവള്‍ പറയുമായിരുന്നത് ഞാനോര്‍ക്കുന്നു: ഭഭഇത്താക്ക് നല്‍കിയ സ്‌നേഹത്തിന്റെ പകുതിയെങ്കിലും അയാള്‍ എനിക്ക് നല്‍കിയിരുന്നുവെങ്കില്‍, ഞാന്‍ ഇത്താക്കിനെ മറന്നേനെ.''
അതുകേള്‍ക്കുമ്പോള്‍ വേദനയല്ല എനിക്കു തോന്നുമായിരുന്നത്. കുട്ടിക്കാവിനോടു പോലും പങ്കിടാത്ത ഒരു വിജയോന്മാദമായിരുന്നു. എന്റെയുള്ളിലെ രഹസ്യമായിരുന്നു അത്. എന്റെ കുട്ടിക്കാവിന് ഞാന്‍ കൊടുക്കുന്നിടത്തോളം സ്‌നേഹം. അതീഭൂമിയില്‍ വേറാര്‍ക്കും കൊടുക്കാന്‍ കഴിയില്ല എന്ന വിശ്വാസത്തിന്റെ വിജയമായിരുന്നു അത്. മറക്കാന്‍ കഴിയുന്നില്ലല്ലൊ എന്ന നൊമ്പരത്തില്‍ പിടയുന്ന അവളോട് എനിക്കു വേണമെങ്കില്‍ പറഞ്ഞുകൊടുക്കാമാനിയുരുന്നു.
''അയാള്‍ നിന്നെ സ്‌നേഹിക്കാഞ്ഞിട്ടായിരിക്കില്ല കുട്ടിക്കാവേ. അതു തിരിച്ചറിയാന്‍ നിനക്കു കഴിയാത്തതാണ്. എന്താണെന്നല്ലേ, നിന്റെ സ്‌നേഹമാകെ, നിന്റെ മനസാകെ, പണ്ടേ ഞാന്‍ എന്റെ ഉള്ളിലേക്ക് അടര്‍ത്തിയെടുത്തില്ലേ. കുട്ടിക്കാവിന് ഈ ജന്മം ഇത്താക്കിനെയല്ലേ പ്രണയിക്കാന്‍ കഴിയൂ. ആ പ്രണയമല്ലേ തിരിച്ചറിയാന്‍ കഴിയൂ.''
ഒരിക്കലും ഞാനതു പറഞ്ഞുകൊടുത്തില്ല. അത് എന്റെ രഹസ്യം. കല്യാണപന്തലുയര്‍ന്ന വീട്ടില്‍ നിന്നു തിരിച്ചുനടക്കുമ്പോള്‍ ജീവിതത്തില്‍ പൂര്‍ണമായി തോറ്റുകൊടുക്കുകയാണെന്നറിഞ്ഞിട്ടും എന്നെ ജീവിപ്പിച്ചു നിര്‍ത്തിയ ലഹരി നിറഞ്ഞ രഹസ്യം. ഇപ്പോഴും ഏകാന്തമായ ജീവിതത്തിനിടയില്‍ ആ ലഹരിയല്ലേ എന്നെ ജീവിപ്പിക്കുന്നത്, നീ എന്റേതു മാത്രമായിരുന്നു എന്ന ലഹരി.


എന്ന് സ്വന്തം ഇത്താക്ക്
ലിയാക്കത്ത് മുഹമ്മദ്(ഭായി)

Friday, March 16, 2018

മഴയില്‍ ഒഴുകിയൊലിക്കാത്ത ഓര്‍മ്മകള്‍

മഴ പെയ്തുതുടങ്ങിയതേയുള്ളു. ഞങ്ങള്‍ കാത്തിരിക്കുകയാണ്, ഈ മഴയെപ്പോലെ, ഇടയ്ക്ക് ഇടിവെട്ടിപ്പെയ്യുന്ന നനുത്ത വാക്കുകളെ... തിരുവനന്തപുരം നഗരത്തിലെ ഒരിടവഴിയാണത്. ചുറ്റും വീടുകളും കെട്ടിടങ്ങളും തിങ്ങിനിറഞ്ഞ് ഞെരുക്കിയെടുത്ത ഒരിടവഴി. ആ വഴിയുടെ അവസാനം ഒരു ഗെയിറ്റ്. ഗെയിറ്റ് അടച്ചിട്ടിരിക്കുന്നു. ഗെയിറ്റനപ്പുറത്താണ് ഞങ്ങള്‍ കാത്തിരിക്കുന്നയാളുടെ ഇടം. ഇടവഴിയില്‍ ചാലുകള്‍ തീര്‍ത്ത് മഴ പെയ്തിറങ്ങുമ്പോള്‍ മനസിലേക്ക് ആ വരികള്‍ ഒഴുകിയെത്തുകയായിരുന്നു,
'ഈ പുതുമഴ നനയാന്‍
നീ കൂടിയുണ്ടായിരുന്നെങ്കില്‍
ഓരോ തുള്ളിയേയും
ഞാന്‍ നിന്റെ പേരിട്ടുവിളിക്കുന്നു
ഓരോ തുള്ളിയായി
ഞാന്‍ നിന്നില്‍ പെയ്തുകൊണ്ടിരിക്കുന്നു
ഒടുവില്‍ നാം ഒരു മഴയാകുംവരെ.''
മനസില്‍ നിറയുന്ന പ്രണയിനിയുടെ മുഖം മഴയില്‍ കുളിച്ചുനില്‍ക്കുന്നത് സ്വപ്നം കാണുകയായിരുന്നു ഞാന്‍. അപ്പോഴേക്കും ഇടവഴിയുടെ തുടക്കത്തില്‍ കാറില്‍ നിന്നും കവി ഡി. വിനയചന്ദ്രന്‍ ഇറങ്ങി. അദ്ദേഹം മഴയിലേക്കിറങ്ങി നടക്കുമ്പോള്‍ ഞാന്‍ വെറുതെ ആലോചിച്ചു, ദേഹത്തേക്ക് ഇറ്റിവീഴുന്ന ഈ മഴത്തുള്ളികളെ അദ്ദേഹം എന്ത് പേരാകും ഇപ്പോള്‍ വിളിക്കുന്നുണ്ടാവുക?
വഴിയരികില്‍ നിന്നും ഞങ്ങളും കൂടെക്കൂടി. ഗെയിറ്റ് കടന്ന് വീടിന്റെ ഉമ്മറത്തെത്തി. വാതില്‍പ്പടിയില്‍ തലേന്നു കത്തിച്ചുവെച്ച് കെടുത്തിയ മെഴുകുതിരി ഇന്നത്തെ ഇരുട്ടിനെ കാത്തിരിക്കുന്നുണ്ട്. വാതില്‍ തുറന്നയുടനെ കവി പറഞ്ഞു, 'അകത്തേക്ക് കയറരുത്. പുറത്തിരുന്നാല്‍ മതി.'' വാതില്‍ തുറന്നപ്പോഴാണ് കാര്യം മനസിലായത്, ഒരു മെഴുകുതിരി കത്തിച്ചുവയ്ക്കാന്‍ പോലും സ്ഥലമില്ല. നിറയെ പുസ്തകങ്ങളും വാരികകളും  മാസികകളും പത്രങ്ങളും. അതിനിടയില്‍ എവിടെനിന്നോ രണ്ടു സ്‌റൂളെടുത്ത് പുറത്തുവെച്ചുതന്നു. പുസ്തകക്കെട്ടുകള്‍ക്കിടയില്‍ കവി ഡി. വിനയചന്ദ്രനുമിരുന്നു. ഓര്‍മ്മപ്പെടുത്തലുകളുണ്ടാക്കുന്ന പുസ്തകങ്ങളുടെയും മാസികകളുടെയും പത്രങ്ങളുടെയും ഇടയിലിരുന്ന്, പുറത്തെ മഴയെ നോക്കി അദ്ദേഹം പറഞ്ഞുതുടങ്ങി,
'അന്നത്തെ മഴ ഇതിനേക്കാളും ശക്തിയായിരുന്നു.''
ചരലുപോലെ ദേഹത്തുതറയ്ക്കുന്ന മഴയെ ആ മുഖത്തു കാണാമായിരുന്നു.
'അന്ന് ഓലക്കുടയായിരുന്നു. ശീലക്കുടയൊന്നും കണ്ടിട്ടുപോലുമില്ല. രാവിലെ സ്‌കൂളിലോട്ട് വേഗത്തില്‍ പോകും. തിരിച്ചുവരുമ്പോള്‍ പതുക്കെയേ നടക്കൂ. ചെളി നിറഞ്ഞ വഴികളായിരുന്നു. ചെളിയിലിറങ്ങി മുട്ടോളം ചെളിയുമായി കയറി ഞങ്ങള്‍ പറയും, 'എന്റെ ഷൂസാ വലുത്.'' അന്നൊന്നും ആരും ചെരിപ്പിടാറേയില്ല. ഞങ്ങളുടെകൂടെ സ്‌കൂളിലേക്ക് വരുന്ന ഡ്രില്‍മാഷ് കോശിസാറു പോലും ചെരിപ്പിടാറില്ല. രാമകൃഷ്ണനും ശശിധരനുമായിരുന്നു എന്റെ കൂട്ട്. ഞങ്ങള്‍ വഴിയില്‍ കിളിത്തട്ട് കളിച്ചും ആറ്റിലും കായലിലും കുളിച്ചും ഒക്കെയാണ് വീട്ടിലെത്തുക. ശാസ്താംകോട്ട കായലില്‍ ഇറങ്ങി കുളിക്കുന്നതിനിടെ വെള്ളം കുടിക്കുകയും ചെയ്യും. ശാസ്താംകോട്ട കായലിലെ വെള്ളത്തിന് ഉപ്പുരസമില്ല. അന്ന് എന്തിനും ഏതിനും പച്ചവെള്ളം മാത്രമാണുണ്ടായിരുന്നത്.
ഇടവേളകള്‍ ഏറെയുണ്ടായിരുന്നു. കുട്ടിയും കോലും, അഞ്ചുകല്ലുംപാറ, പുന്നക്കയും പനങ്കയും സ്ഫടികങ്ങളും ഉപയോഗിച്ചുള്ള ഗോലികളി, അണ്ടികളി, ഇറ്റിയാനക്കളി, പഞ്ചീസ് കളി എന്നിവയായിരുന്നു ആണ്‍കുട്ടികളുടെ കളികള്‍. പെണ്‍കുട്ടികള്‍ ക്‌ളാസ്‌കളി കളിക്കും.
ഇടവേളകളില്‍ സ്‌കൂളിന് തൊട്ടടുത്തുള്ള മാടക്കടകളില്‍ പോയി പല്ലിമിട്ടായിയും നാരങ്ങാമിട്ടായിയും വാങ്ങും. പല്ലിമുട്ട പോലുള്ള പല്ലിമിട്ടായിക്കും നാരങ്ങാഇതളിന്റെ വലിപ്പമുള്ള നാരങ്ങാമിട്ടായിക്കും പ്‌ളാസ്‌റികിന്റെ കവറുണ്ടായിരുന്നില്ല. കവറുള്ള മിഠായി അന്ന് കണ്ടിട്ടേയില്ല. ആ കടകളില്‍ കല്ലുപെന്‍സിലും കടലാസുപെന്‍സിലും കിട്ടുമായിരുന്നു. എന്നാല്‍ ഏതാനും ചില കുട്ടികള്‍ തലയില്‍ റബറുള്ള കടലാസുപെന്‍സില്‍ കൊണ്ടുവരും. പുസ്തകത്തിന്റെ പുതുമണം പോലെ ഹരം പിടിപ്പിക്കുന്നതായിരുന്നു ആ റബറിന്റെ മണവും. അവരെഴുതുമ്പോള്‍ മണം വിടര്‍ത്തി നില്‍ക്കുന്ന റബറിന്റെ അനക്കങ്ങള്‍ നോക്കിനില്‍ക്കുമായിരുന്നു. അവരെ അസൂയയോടെ നോക്കും. 
അന്ന് ക്‌ളാസില്‍ കേട്ടെഴുത്തിടുമായിരുന്നു. എഴുതുന്നത് കാണിച്ചുകൊടുത്തില്ലെങ്കില്‍ പിന്നില്‍ നിന്ന് ഭവാനിയും ചെല്ലമ്മയും എന്നെ മാന്തുകയും നുള്ളുകയും ചെയ്യും. അതുപേടിച്ച് ഞാന്‍ കാണിച്ചുകൊടുത്തിട്ടുണ്ട്. കാണിച്ചുകൊടുത്താല്‍ അവര്‍ എനിക്കൊരു ചിരി സമ്മാനിക്കും, നിഷ്‌കളങ്കമായ ഒരു ചിരി.
അധ്യാപകരില്‍ ഡ്രില്‍ മാഷ് കോശി സാറിനെയായിരുന്നു ഞങ്ങള്‍ക്ക് ഏറ്റവും ഇഷ്ടം. ഫുട്‌ബോളും ബാഡ്മിന്റണും കളിപ്പിക്കുമായിരുന്നു കോശിസാര്‍. ആണായാലും പെണ്ണായാലും സാറെന്നാണ് ഞങ്ങള്‍ വിളിച്ചിരുന്നത്. ആണിന്റെ ശരീരപ്രകൃതിയുള്ള, കല്യാണം കഴിക്കാത്ത ഒരു പെണ്‍സാറുണ്ടായിരുന്നു ഞങ്ങളുടെ സ്‌കൂളില്‍. എന്തുകൊണ്ടെന്നറിയില്ല, ഹെഡ്മാഷിനെ യഹൂദന്‍ എന്ന ഇരട്ടപ്പേരിലാണ് സ്‌കൂളില്‍ അറിയപ്പെട്ടിരുന്നത്. ഹെഡ്മാഷിന്റെ മകന് പ്രത്യേകം പരിഗണനയുണ്ടായിരുന്നു സ്‌കൂളില്‍. ഞങ്ങളുടെ ക്രാഫ്റ്റ് സാര്‍ ഒരു കുഴിമടിയനായിരുന്നു. ചര്‍ക്കയും മറ്റും സ്‌കൂളിലുണ്ടെങ്കിലും കുട്ടികളെക്കൊണ്ട് എന്തെങ്കിലും ചെയ്യിക്കാന്‍തന്നെ മടിയായിരുന്നു. സ്‌കൂളില്‍ ഇന്‍സ്‌പെക്ഷന് വരുമ്പോള്‍ അടുത്ത പറമ്പിലെ കൃഷിയിടം കാണിച്ചുകൊടുക്കുമായിരുന്നു അദ്ദേഹം.
സ്‌കൂളിനോടു ചേര്‍ന്ന പറമ്പിലൂടെ ആനകള്‍ പോകുമായിരുന്നു. ക്‌ളാസില്ലാത്ത നേരത്താണെങ്കില്‍ ആനകള്‍ക്കൊപ്പം ആ വഴികളിലൊക്കെ നടക്കും. ക്‌ളാസിലുള്ളപ്പോഴാണ് ആനകള്‍ ആ വഴി വന്നതെങ്കില്‍ മറയുംവരെ ആനയെ ഞങ്ങള്‍ നോക്കി വഴിനടത്തിക്കുമായിരുന്നു. നാടോടി മജീഷ്യന്മാര്‍ വരാറുണ്ട്. നാണയത്തുട്ടുകള്‍ക്കു പാത്രം കുലുക്കി നടക്കുമ്പോള്‍ അവര്‍ കാണിക്കുന്ന അത്ഭുതങ്ങളുടെ പൊരുള്‍ ഇന്നും അറിയില്ല. ആകാശത്തുനിന്നും രക്തം പൊടിപ്പിക്കും, ശൂന്യതയില്‍ നിന്നും പ്രാവിനെ എടുക്കും, അങ്ങനെയങ്ങനെ... കെട്ടും ഭാണ്ഡവും മുറുക്കി അവര്‍ അടുത്ത കേന്ദ്രത്തിലേക്ക് തിരിക്കുമ്പോള്‍ അവരുടെ പിന്നാലെ കൂടും. മാന്ത്രികന്‍ ഞങ്ങളെ ഓടിക്കാന്‍ അപ്പോഴും എന്തെങ്കിലും മാജിക്ക് കാട്ടും.
ഞങ്ങളുടെ നാട്ടില്‍ സൈക്കിള്‍ സര്‍ക്കസുകാര്‍ വരുമായിരുന്നു. കടവുഴ വലിയ പള്ളിയിലെ ചാത്തത്തിനും തിരുവാറ്റ അമ്പലത്തിലെ ശിവരാത്രിക്കുമാണ് സൈക്കിള്‍ സര്‍ക്കസുകാര്‍ വരുന്നത്. ക്‌ളാസിലെ കൂട്ടുകാരുടെ നാട്ടിലെ ഉത്സവങ്ങള്‍ക്കും പോകുമായിരുന്നു. കുമരന്‍ചിറ അമ്പലത്തിലെ കുംഭഭരണി, മയ്യത്തുംകര പള്ളിയിലെ പെരുന്നാള്‍, ശാസ്താംകോട്ട അമ്പലത്തിലെ ഉത്സവം ഇതൊന്നും അന്ന് ഒഴിവാക്കിയിരുന്നില്ല. രാത്രി മുഴുവന്‍ ഉത്സവപ്പറമ്പില്‍ അലഞ്ഞുനടന്നതിന്റെ കഥ പിറ്റേദിവസം ക്‌ളാസിലെത്തി വിവരിക്കും. അതുകേള്‍ക്കാന്‍ കുട്ടികള്‍ കൂട്ടംകൂടുമായിരുന്നു. 
ഉച്ചയ്ക്കുള്ള നീണ്ട ഇടവേളയില്‍ തേങ്ങാച്ചമ്മന്തി മണക്കുന്ന പൊതിച്ചോറുമായി ഞങ്ങള്‍ സ്‌കൂളിന്റെ പരിസരത്തെ മരങ്ങള്‍ക്കിടയിലേക്ക് പോകും. വേരുകള്‍ പൊങ്ങിനില്‍ക്കുന്ന മരങ്ങളുടെ ചോട്ടില്‍ ഞങ്ങള്‍ ഇരുന്ന് പൊതിച്ചോറുണ്ണും. പെണ്‍കുട്ടികള്‍ ചോറ്റുപാത്രങ്ങളിലാണ് ഉച്ചയൂണ് കൊണ്ടിവന്നിരുന്നത്. അവര്‍ക്ക് പാത്രം കഴുകാന്‍ സ്‌കൂളിന്റെ മുറ്റത്ത് ഒരു വലിയ വട്ടക്കിണറുണ്ട്. ഞങ്ങള്‍ പോയിരുന്നത് തങ്ങള് മുസ്‌ള്യാരുടെ അണ്ടിയാപ്പീസിനും അപ്പുറത്തുകൂടിയൊഴുകുന്ന തോട്ടിലേക്കായിരുന്നു. തങ്ങള് മുസ്‌ള്യാരുടെ അണ്ടിയാപ്പീസിന്റെ മുന്നിലൂടെ പോകുമ്പോള്‍ കറുകറെ കറുത്ത കൈകളുമായി പെണ്ണുങ്ങള്‍ കശുവണ്ടി പൊളിക്കുന്നുണ്ടാവും. അവരുടെ വിയര്‍പ്പിന് ചില്യാനം രൂപായുടെ മൂല്യം മാത്രം കാണുമ്പോള്‍ ആണുങ്ങള്‍ സമരവുമായി അണ്ടിയാപ്പീസിനുമുന്നില്‍ കുത്തിയിരിക്കുന്നുണ്ടാവും. ആ സ്ത്രീകള്‍ക്കുവേണ്ടി സമരം ചെയ്യുന്നത് അവരുടെ ഭര്‍ത്താക്കന്മാരാണ്.
ഒരിക്കല്‍ അണ്ടിയാപ്പീസിനെതിരെ ഞങ്ങളുടെ ഹെഡ്മാഷ് പരാതി കൊടുത്തു. അണ്ടിയാപ്പീസിലെ പുകക്കുഴല്‍ താഴ്ന്നിട്ടായിരുന്നു. അതില്‍ നിന്നും ക്‌ളാസുകളിലേക്ക് പുക വന്നപ്പോള്‍ പരിസ്ഥിതിമലിനീകരണം എന്നുപറഞ്ഞായിരുന്നു പരാതി കൊടുത്തത്. പരിസ്ഥിതി എന്ന വാക്ക് കേട്ടത് അന്നായിരുന്നിരിക്കണം. പുകക്കുഴലിന്റെ നീളം കൂട്ടിയാണ് തങ്ങള് മുസ്‌ള്യാര് പ്രശ്‌നം പരിഹരിച്ചത്.
തങ്ങള് മുസ്‌ള്യാരുടെ വീട് മയ്യത്തുംകരയിലാണ്. മയ്യത്തുംകരയില്‍ ഒരുപാട് സാധുക്കളായ മുസ്‌ളീങ്ങള്‍ താമസിച്ചിരുന്നു. ചാള മീനിന് അന്ന് വിലയേയുണ്ടായിരുന്നില്ല. തെങ്ങിനും കവുങ്ങിനും വളമായി ഇട്ടിരുന്നത് കടലില്‍ നിന്നും കൈനിറയെ കിട്ടുന്ന ചാളകളായിരുന്നു. മയ്യത്തുംകരയിലെ പാവങ്ങള്‍ തിന്നാനൊന്നുമില്ലാതെ ഗതിമുട്ടുന്ന കാലത്ത് തെങ്ങിന്‍ ചോട്ടിലിടാന്‍ കൊണ്ടുപോകുന്ന ചാള വാങ്ങിവയ്ക്കും. മൂന്നുനേരവും ചാളമീന്‍ അവരുടെ വിശപ്പകറ്റും. മയ്യത്തുംകരയില്‍ നിന്ന് ഒരുപാട് കുട്ടികള്‍ ഞങ്ങളുടെ സ്‌കൂളില്‍ പഠിക്കുന്നുണ്ട്. രണ്ടാമത്തെ ഇടവേളയാകുമ്പോഴേക്കും സ്‌കൂളിലാകെ ഒരു മണം പരക്കും, ചാളയുടെ മണം. അപ്പോഴേക്കും ക്‌ളാസുകളിലേക്ക് ഹെഡ്മാഷിന്റെ നോട്ടീസ് വരും, 'ക്‌ളാസില്‍ ചാള കഴിച്ച് വരരുത്.'
നോട്ടീസ് വായിക്കുമ്പോള്‍ ചാള കഴിച്ചെത്തിയവന്റെ മുഖത്ത് കുറ്റബോധം നിറയും. വീട്ടിലെത്തി ചാള കഴിക്കരുതെന്ന നോട്ടീസിന്റെ കാര്യം പറഞ്ഞാലും പിറ്റേന്നും ചാളതന്നെയായിരിക്കും ഭക്ഷണം. വേറെന്ത് നല്‍കാന്‍. ചിലര്‍ ചാള കഴിച്ചതിന്റെ പേരില്‍ ക്‌ളാസില്‍ വരാതിരിക്കും. അവര്‍ കായലില്‍ പോയി ചൂണ്ടയിടുന്നുണ്ടാവും.
ഞാനും ക്‌ളാസ് കട്ട് ചെയ്തിട്ടുണ്ട്. രണ്ടണ കൊടുത്താല്‍ കിട്ടുന്ന അര സൈക്കിള്‍ ഓടിക്കാന്‍. അന്ന് എന്നോടൊപ്പം കൂട്ടുകാരും ക്‌ളാസ് കട്ട് ചെയ്തിരുന്നു. എല്ലാവരും കൂടിയാണ് എന്നെ സൈക്കിളോടിക്കാന്‍ പഠിപ്പിച്ചത്. ഹെര്‍ക്കുലീസ് സൈക്കിള്‍ ആരെങ്കിലും നാട്ടില്‍ വാങ്ങിയിട്ടുണ്ടെന്നു അറിഞ്ഞാല്‍, അതുകാണാന്‍ പോകും. ആ സൈക്കിളിലെ പൊടിയൊക്കെ തട്ടി, ഞങ്ങളെ കാണുമ്പോള്‍ അയാള്‍ ഓടിച്ചുനോക്കും. അപ്പോള്‍ സൈക്കിളിന്റെ പിന്നാലെ ഞങ്ങളും ഓടും. ഒന്നു തൊടാന്‍ വിട്ടാല്‍ത്തന്നെ ഭാഗ്യം.
സ്‌കൂളിലൊരു റേഡിയോ വാങ്ങിയതും ഒരു വലിയ സംഭവായിരുന്നു. ഹെഡ്മാഷ് റേഡിയോ ബാറ്ററിയൊക്കെയിട്ട് തുറന്നു. കരകരാശബ്ദം. കുറേനേരം എവിടെയൊക്കെയോ പിടിച്ച് തിരിച്ചു. ഞങ്ങള്‍ വെറും കാഴ്ചക്കാര്‍ മാത്രം. അത്ഭുതപ്പെട്ടിയില്‍ നിന്നും കരാകരാ ശബ്ദത്തിനൊപ്പം ആരുടെയോ വാക്കുകളും കേട്ടുതുടങ്ങി. ഫുട്‌ബോള്‍ കമന്ററിയായിരുന്നു അത്. ഇന്ത്യയും മറ്റേതോ രാജ്യവും തമ്മിലുള്ള മത്സരമാണ്. ഗോളി തങ്കയ്യയെക്കുറിച്ച് പറഞ്ഞതുമാത്രമാണ് മനസിലായതെങ്കിലും റേഡിയോയിലേക്കുതന്നെ ചെവി കൂര്‍പ്പിച്ചുനിന്നു.
അന്ന് ഞങ്ങളുടെ നാട്ടില്‍ ഒരാളുടെ വീട്ടില്‍ മാത്രമാണ് റേഡിയോയുണ്ടായിരുന്നത്. സിംഗപ്പൂരില്‍ പോയി സമ്പാദിച്ചുവന്ന, സിംഗപ്പൂരി എന്നു വിളിക്കുന്നയാളുടെ വീട്ടില്‍. അഅവിടേക്ക് റേഡിയോ കേള്‍ക്കാന്‍ പലരും പോകാറുണ്ടായിരുന്നു. ഞങ്ങളുടെ സ്‌കൂളില്‍ റേഡിയോ വാങ്ങിയതോടെ നാട്ടുകാരില്‍ ചിലരും വരുമായിരുന്നു, റേഡിയോ കേള്‍ക്കാന്‍.
ഒരു മഴക്കാലത്ത് കാറ്റില്‍ ഞങ്ങളുടെ സ്‌കൂളിലെ ഓലപ്പുര പറന്നുപോയിട്ടുണ്ട്. നല്ല മഴയും കാറ്റുമായിരുന്നു അന്ന്. ആ വഴികളിലൊക്കെ നിറയെ ചോലമരങ്ങളുണ്ടായിരുന്നു. വളരുമ്പോള്‍ പോടാകുന്ന പൈന്‍മരങ്ങളുടെ പോടിനുള്ളില്‍ ഞങ്ങള്‍ മഴ വരുമ്പോള്‍ കയറിനില്‍ക്കുമായിരുന്നു. മഴക്കാലം വന്നാല്‍ എനിക്ക് സ്‌കൂളില്‍ പോകാനൊക്കത്തില്ല. കാല്‍വിരലുകള്‍ക്കിടയില്‍ ചെളി പിടിച്ച് വളംകടിയായിട്ടുണ്ടാവും. വേപ്പെണ്ണകൊണ്ട് വിരലുകളില്‍ തേച്ചുപിടിപ്പിക്കും. ദിവസങ്ങളോളം ചെളിയിലിറങ്ങില്ല. പിന്നെ പൊങ്ങംപനി വന്നാലും സ്‌കൂളിലേക്ക് പോകാനൊക്കില്ല. കണ്ണുദീനമാണ് വന്നതെങ്കില്‍ രണ്ടുമാസമൊക്കെ അവധി തന്നെ. കോഴിപ്പടി മരുന്നു വാങ്ങിക്കഴിച്ചാലേ കണ്ണുദീനം മാറൂ.
കണ്ണുദീനം മാറി സ്‌കൂളിലെത്തുമ്പോഴേക്കും ഒന്നാമത്തെ ബെഞ്ചിന്റെ ഒന്നാമതുള്ള എന്റെ സ്ഥാനം മാറിയിട്ടുണ്ടാവും. സദാശിവനായിരിക്കും അവിടെയിരിക്കുന്നുണ്ടാവുക. ക്‌ളാസിലെ ഏറ്റവും മിടുക്കനെയും മിടുക്കിയെയുമാണ് ഒന്നാംനിരയിലിരുത്തുക. കാര്യം അങ്ങനെയൊക്കെയാണെങ്കിലും മാര്‍ക്കിന്റെ ശതമാനക്കണക്കുകളിലൊന്നും ആരും വ്യാകുലപ്പെട്ടിരുന്നില്ല. വീട്ടില്‍ പോയിരുന്ന് പഠിക്കാനൊന്നും നേരമുണ്ടായിരുന്നില്ല. ക്‌ളാസിലിരുന്ന് പഠിക്കുമ്പോള്‍ത്തന്നെ ഞാന്‍ പദ്യങ്ങളൊക്കെ മനപ്പാഠമാക്കി ചൊല്ലുമായിരുന്നു. അതുകൊണ്ടുതന്നെ ഞാന്‍ ഒന്നാം ബെഞ്ചിലെ ഒന്നാം സ്ഥാനത്തുതന്നെയിരുന്നു. പെണ്‍കുട്ടികളുടെ നിരയില്‍ രാധാമണിയായിരുന്നു ഒന്നാം സ്ഥാനത്തിരുന്നത്. ക്‌ളാസില്‍ ഏറ്റവും നന്നായി പഠിക്കുന്ന ആണിനെയും പെണ്ണിനെയും ചേര്‍ത്ത് കുട്ടികള്‍ അടക്കം പറയും, 'ഡേയ്, ലവനും ലവളും ഊം ഊം...'' നിഷ്‌കളങ്കമായ ബന്ധമാണുണ്ടാവുക.''
'അന്നത്തെ മഴത്തുള്ളികളെ ആ പേരായിരുന്നോ വിളിച്ചിരുന്നത്?'' എന്റെ സംശയം.
'നിങ്ങള്‍ വിചാരിക്കുംപോലൊരു ബന്ധമൊന്നുമല്ല അത്. കാണുമ്പോള്‍ സംസാരിക്കും, അത്രതന്നെ. പവിത്രമായ ഒരു സ്‌നേഹത്തിന്റെ ചരട് ഉണ്ടാകും. അത്രയേയുള്ളു. സ്‌കൂള്‍ വിട്ടുപോയശേഷം രാധാമണിയെ കണ്ടിരുന്നില്ല.''
കണ്ണുകളിടുക്കിപ്പിടിച്ച് ആ ഓര്‍മ്മകളിലേക്ക് കവി ഇരിക്കുമ്പോള്‍ പുറത്ത് മഴയ്ക്ക് ശക്തി കൂടി. ആ സ്‌കൂള്‍മുറ്റത്തും ഇപ്പോള്‍ മഴ പെയ്യുന്നുണ്ടായിരിക്കണം. വര്‍ഷങ്ങള്‍ക്കു മുമ്പ് പെയ്ത അതേ ആവേശത്തോടെ... അവിടെയും ഏതോ വിദ്യാര്‍ത്ഥി ആ മഴത്തുള്ളികളെ ഒരു പേരു ചൊല്ലി വിളിക്കുന്നുണ്ടാവും. അല്ലെങ്കില്‍ കൂട്ടാകാര്‍ പറയുന്നുണ്ടാവും, 'ഡേയ്, ലവനും ലവളും, ഊംഊം...'' അതുകേള്‍ക്കുമ്പോള്‍ അവന്‍ മിണ്ടാതെ കള്ളച്ചിരിയൊതുക്കി മഴയില്‍ നടന്നുപോകുന്നുണ്ടാവും.
പുറത്തെ മഴയിലേക്ക് ഞങ്ങളുമിറങ്ങി,
'ഈ പുതുമഴ നനയാന്‍
നീ കൂടിയുണ്ടായിരുന്നെങ്കില്‍
ഓരോ തുള്ളിയേയും
ഞാന്‍ നിന്റെ പേരിട്ടുവിളിക്കുന്നു
ഓരോ തുള്ളിയായി
ഞാന്‍ നിന്നില്‍ പെയ്തുകൊണ്ടിരിക്കുന്നു
ഒടുവില്‍ നാം ഒരു മഴയാകുംവരെ.''

കെ. സജിമോന്‍

Thursday, March 15, 2018

പ്രണയഗാനങ്ങളുടെ ഉസ്താദ്


ഡിപ്പോയില് അരി വന്നിട്ടുണ്ടോന്ന് നോക്കാന്‍ ഉമ്മ നിര്‍ദ്ദേശിക്കുന്നത് കേള്‍ക്കാന്‍ ഇബ്രാഹിം കാത്തിരുന്നത്, നടത്തവഴിയിലെ ബാര്‍ബര്‍ഷോപ്പില്‍ ഹാര്‍മോണിയവുമായി അയ്മൂക്കയും തബലയുമായി ബാര്‍ബര്‍ പാപ്പച്ചനും ചേര്‍ന്ന് നടത്തുന്ന രാഗവിസ്താരങ്ങള്‍ കേട്ടുനില്‍ക്കാനായിരുന്നു. അവിടെ അവര്‍ പാടുന്നുണ്ടാവും
'ആസുബരി ഹേ യേ ജീവന്‍ കി രാഹേ
കോയി ഉന്‍സെ കെഹദേ ഹമേം ഭൂല്‍ ജായേ....
എന്താ വൈകിയതെന്ന ബാപ്പയുടെ ചോദ്യത്തിന് എന്ത് ഉത്തരം പറയുമെന്ന് ഉള്ളം ആകുലപ്പെടുന്നതിനും മുകളിലായിരുന്നു ആ ആസ്വാദനം. പിന്നീടൊരിക്കല്‍ ഡിപ്പോയില്‍ അരി വന്നുവോ എന്നൂനോക്കാന്‍ പോയപ്പോഴേക്കും അയ്മൂക്ക എന്ന തന്റെ പാട്ടുകാരന്‍ ചോരയില്‍ കുളിച്ചുനില്‍ക്കുന്നു. ആരോ കൊന്നതാ. പൊട്ടിയ ഹാര്‍മോണിയം കിടക്കുന്നതുംകണ്ട് വീട്ടിലേക്ക് നടക്കുമ്പോള്‍ തനിക്കുവേണ്ടി മാത്രമായി അയ്മൂക്ക പാടുന്നുണ്ടായിരുന്നു
'ആസൂബരി ഹേ യേ ജീവന്‍ കി രാഹേ...
ഓടിക്കിതച്ചെത്തി ആടിയാടി നില്‍ക്കുന്ന ഡസ്‌കിന്റെ തലപ്പത്ത് കൈവിരലുകളാല്‍ ആ പാട്ടിന് താളമിടുന്ന ഇബ്രാഹിം. ബാപ്പയുടെ തട്ടുകിട്ടുമ്പോള്‍ കൈവിരലുകള്‍ നെഞ്ചോടുചേര്‍ത്ത് നെഞ്ചില്‍ കൊട്ടിത്തുടങ്ങി. ചാക്കുകളാല്‍ മറച്ച കക്കൂസ്പുരയുടെ മറവില്‍ കാല്‍മുട്ടുകളില്‍ താളമിട്ട് ഉപ്പാനോടുള്ള സ്‌നേഹവൈരാഗ്യം തീര്‍ത്തു.
ബാപ്പായുടെ തല്ല് പിന്നെയും കൊണ്ടു. കലാകാരനായാല്‍ ജീവിക്കാന്‍ കഴിയില്ലെന്ന ബാപ്പാന്റെ തത്വശാസ്ത്രത്തെ എതിര്‍ക്കാന്‍ പറ്റില്ല. ഒരു സാധാരണക്കാരന്റെ മക്കളെക്കുറിച്ചുള്ള ആതി.
'എല്ലാം ശരിയാകുമെന്നു പറഞ്ഞ് ആശ്വസിപ്പിക്കാറുള്ള എന്റെ ദൈവം, എന്റെ ഉമ്മ വിട്ടുപിരിഞ്ഞപ്പോള്‍, ഒരു കെട്ടഴിഞ്ഞപോലെയായി കുടുംബം. ആചാര്യന്മാരില്ലാത്ത എന്റെ തബലയുമായി ഞാന്‍ മട്ടാഞ്ചേരിയില്‍ അലഞ്ഞു. ബോംബെ എന്നൊരു സ്ഥലമുണ്ട്, അവിടെ ചെന്നാകണം തബല പഠിക്കേണ്ടതെന്ന് മെഹ്ബുബ് ഭായി പറഞ്ഞു. തബലയുമായി പോകുന്നുവെന്ന് പറയുമ്പോള്‍ ബാപ്പാന്റെ മനസില്‍ കൊട്ടുന്ന ദ്രുതതാളത്തിന്റെ വേഗത അറിയുന്നതുകൊണ്ട്, എളാപ്പാനെപ്പോലെ കപ്പലോട്ടക്കാരനാകാന്‍ പഠിക്കണമെന്ന് ബാപ്പാന്റെ മുന്നില്‍ കള്ളം പറഞ്ഞു.''
രാത്രിമുല്ലകള്‍ പോലെ മണം വിതറിനില്‍ക്കുന്ന അത്തറും പളപളാ തിളങ്ങുന്ന കുപ്പായക്കരയും കെട്ടിത്തൂക്കി മകന്‍ വരുന്നത് സ്വപ്നം കണ്ടൊന്നുമായിരിക്കില്ല ബാപ്പ ഇബ്രാഹിമിന് അനുമതി നല്‍കി. നാട്ടിലെ പോളിറ്റ്ബ്യൂറോ എന്നറിയപ്പെടുന്ന മുഹമ്മദ്ക്കയുടെ ടൈലര്‍ഷാപ്പില്‍ നിന്നും തുന്നിവാങ്ങിയ കാല്‍സറായിയുമിട്ട് ബോംബെ എന്ന അതിശയനഗരിയിലേക്ക് ഇബ്രാഹിം പുറപ്പെട്ടു. പാമ്പും പട്ടിയും മാത്രമുള്ള ഹോസ്‌റലില്‍ അവര്‍ക്കൊപ്പം രാപ്പാര്‍ക്കുമ്പോഴും മറ്റെല്ലാവരെയും പോലെ കപ്പലോടിച്ച് അത്തറുമായി നാട്ടിലേക്ക് തിരിക്കണമെന്നായിരുന്നില്ല, ഈ തബല പഠിപ്പിക്കണ ചെങ്ങായീനെ കാണണംന്നായിരുന്നു മോഹം.
കപ്പലില്‍ പരിശീലനത്തിനിടെ വെള്ളത്തില്‍ തള്ളിയിട്ട് നീന്താന്‍ പറഞ്ഞപ്പോള്‍, വെള്ളത്തിന്റെ മുകളില്‍ തബല കൊട്ടിക്കളിച്ചു. ഇവന് മരണത്തിലും തബല കൊട്ടലോ എന്നു ചോദിച്ച് കപ്പലിലേക്ക് വലിച്ചുകയറ്റിയിട്ടു. കപ്പലിലെ ഇലക്ട്രീഷ്യനാകാനായിരുന്നു പഠിപ്പ്. പക്ഷെ, അതായിരുന്നില്ല പഠനം. കുറേ നിരാശാകാമുകന്മാരും ബുദ്ധിജീവികളും കഞ്ചാവില്‍ ലഹരിപൂണ്ടു നില്‍ക്കുന്ന ഇരുണ്ടു മുറികളിലും ഹോളിയുടെയും ബക്രീദിന്റെയും വിശാലമായ വേദികളിലും മലബാറി എന്നു വിളിക്കുന്ന ഇബ്രാഹിം പാട്ടുകള്‍ കൊണ്ട് ലഹരി നല്‍കി.
'കോയി ജബ് തുംഹാ ഹൃദയ് തോഡുദേ...
.... തബ് തും മേരേ പാസ് ആനാ പ്രിയേ
മേരാ ഘര്‍ കുലാഹേ കുലാദീ രഹേ...''
എന്നു പാടുമ്പോള്‍ സിഗരറ്റിന്റെ പാക്കറ്റും മറ്റൊരു കൈയില്‍ മദ്യവും പകര്‍ന്നുതരാന്‍ നിരാശാകാമുകന്മാര്‍ തിക്കു കാട്ടി. 'ഞാന്‍ പാടുന്നു, മദ്യം കിട്ടുന്നു. പാടാനുള്ള ലഹരി ഓരോ തുള്ളിയായി അവര്‍ ഒഴിച്ചുതന്നു.''
'മലബാറി ബഹുത് അച്ചാ ഗാതാ ഹെ''
മാസത്തിലൊരിക്കല്‍ എലിഫന്റാ ദ്വീപില്‍ നിന്ന് കരയിലേക്ക് ഒരു യാത്ര. സാധനങ്ങള്‍ വാങ്ങിക്കൂട്ടാനുള്ള യാത്രയ്ക്കിടെ ബോംബെ തെരുവുകളില്‍ അലഞ്ഞു. കണ്ടെത്താനായില്ല, എന്റെ ഗുരുവിനെ.
കപ്പലില്‍ മുങ്ങുമ്പോള്‍ പോലും തബല കൊട്ടിക്കളിക്കുന്ന ഇബ്രാഹിം പരീക്ഷയില്‍ തോറ്റു. പാടുന്ന മലബാറിക്കു മുന്നില്‍ തോല്‍വിയില്ല, 'അവനെ ജയിപ്പിച്ചേക്ക്'' എന്നു പറഞ്ഞ് സര്‍ട്ടിഫിക്കറ്റ് നല്‍കി. ട്രെയിനിംഗ് കഴിഞ്ഞു.
ഗുരുവിനെ കണ്ടെത്താന്‍ കഴിയാതെ വീണ്ടും നാളുകള്‍. അലച്ചിലായിരുന്നു, അപ്പോഴും ജീവന്‍ എന്നത് പ്രശ്‌നം തന്നെയാണ്. 'കൂട്ടുകാരന്‍ ഗോഡ്‌റേജില്‍ 360 രൂപ മാസശമ്പളത്തിന് ജോലി ശരിയാക്കിത്തന്നു. താമസം ഭദ്രാവതി ലോഡ്ജിന്റെ കുടുസുമുറിയില്‍. പാട്ടും ഞാനും ഗുളികയുടെ ലഹരിയില്‍ ഒതുങ്ങിനിന്നു. രാവിലെ പകുതി, വൈകീട്ട് പകുതി 50 പൈസയുടെ ലഹരി പാതിപ്പാതി കഴിച്ച് ഗുരുവിനെ തേടിയിറങ്ങി. കണ്ടെത്താന്‍ പറ്റാതാവുമ്പോള്‍ ഭദ്രാവതിയുടെ മടിയില്‍ ദിവസങ്ങളോളം ബീഡിയുടെയും കട്ടന്‍ചായയുടെയും ബലത്തില്‍ കഴിഞ്ഞുകൂടി. തൊട്ടടുത്ത് മലബാര്‍ ഹില്ലില്‍ ഒരിക്കല്‍ ഒരു പാട്ടുകേട്ടു. ആരോ പഠിപ്പിക്കുന്നു. കൂട്ടത്തില്‍ മനസില്‍ തബല കൊട്ടി സദസിലെരാളായി ഞാനും. ഏഴാംപക്കം വേദിയില്‍ നിന്നൊരു വിളി,
'ഇദര്‍ ആവോ മലബാറി''
ഞാന്‍ ചെന്നു.
'ഭക്ഷണം കഴിച്ചോ?''
ഒന്നും മിണ്ടിയില്ല. കൈയില്‍ പണമില്ലാത്ത ഞാന്‍ അളന്നാണ് ചായ കുടിച്ചിരുന്നത്. പകുതിയാക്കി അടച്ചുവെച്ച് വിശക്കുമ്പോള്‍ പാതി.
'നിസ്‌കരിച്ചോ?''
'ഇല്ല'' , പക്ക കമ്യൂണിസ്‌റായ ബാപ്പ ഇതൊന്നും ശീലമാക്കിയിരുന്നില്ല.
'പോയി നിസ്‌കരിക്ക്''
നിസ്‌കരിച്ച് വന്നപ്പോള്‍ ഹോട്ടലില്‍ നിന്ന് നല്ല ബിരിയാണി വാങ്ങിത്തന്നു.
ഉസ്താദ് മുജാഫിര്‍ അലിഖാന്‍ സാഹിബ്, എന്റെ ഗുരുനാഥന്‍. അക്ഷരങ്ങള്‍ ചെവിയില്‍ നൃത്തം ചവിട്ടുന്ന തബല വാദനമാണ് എന്റെ ഉസ്താദിന്റേത്. അത് പഠിച്ചെടുക്കാനായി ഞാന്‍ കൂടെക്കൂടി. ഒന്നരവര്‍ഷം പിന്നിട്ടു.
ഭദ്രാവതിയുടെ കയര്‍ക്കട്ടിലില്‍ മലര്‍ന്നുകിടന്ന് ഞാന്‍ പാടുകയായിരുന്നു,
ആസുബരിഹേ....
താഴെ ടിന്‍മേക്കര്‍ സുലൈമാനിക്കയുടെ മുറിയുടെ അടുത്തെത്തി ഉസ്താദ് ചോദിച്ചു,
'ആരാ പാടുന്നത്?''
'നിങ്ങളുടെ ശിഷ്യന്‍തന്നെ.
ഉസ്താദ് കയര്‍കട്ടിലിനോടു ചേര്‍ന്നുനിന്നതറിയാതെ ഞാന്‍ പാടിക്കൊണ്ടിരുന്നു. പാട്ടുതീര്‍ന്നപ്പോള്‍ പിടിച്ചെഴുന്നേല്‍പ്പിച്ച് ഒന്നുകൂടി പാടാന്‍ പറഞ്ഞു. വീണ്ടും പാടി.
'ഇന്നു തൊട്ട് തബല ബന്ദ്, ഇനി ഹാര്‍മോണിയം.'' ഉസ്താദിന്റെ കീഴില്‍ ഞാന്‍ പാട്ടുപഠിച്ചു. തെറ്റുമ്പോള്‍, ഉറക്കെ കേള്‍ക്കാം,
'മന്ത്ര മേം സുനോ.''
ഏഴുവര്‍ഷം ഗുരുവിന്റെ കൂടെക്കൂടി. ഒരിക്കല്‍ ഞാന്‍ ജോലി ചെയ്തു വരാന്‍ കാത്തിരിക്കുകയായിരുന്നു.
'ബോംബെ സെന്‍ട്രലില്‍ നിന്ന് രണ്ട് ടിക്കറ്റെടുക്കണം.''
ഞാന്‍ ടിക്കറ്റെടുത്ത് കൊണ്ടുവന്നു.
'ആസുബരി ഹേ.. പാടണം.''
ഞാന്‍ കരഞ്ഞുപാടി.
'ഇന്‍സാ അല്ല പിന്നെ കാണാം. നിനക്കൊരു സമ്മാനം മുറിയില്‍ വച്ചിട്ടുണ്ട്.''
മുറിയിലേക്ക് ഓടിയെത്തി നോക്കി. 17 പുസ്തകങ്ങള്‍.
ബാപ്പയോടുള്ള ദേഷ്യത്തിന്റെ പേരില്‍ ആ പുസ്തകവും എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റും നാട്ടിലെത്തിച്ചപ്പോള്‍ കത്തിച്ചു. എങ്കിലും കത്താതെ ഇന്നെന്റെ മനോഷെല്‍ഫില്‍ പൊടി പോലുമില്ലാതെ കിടക്കുന്നു ആ പുസ്തകം. അന്ന് ഗുരു ഇറങ്ങിപ്പോയതാണ്. പിന്നെ കണ്ടില്ല. ഗുരുവിന്റെ അസാന്നിധ്യം എന്നിലെ പാട്ടുകാരനെ ജീവിക്കാന്‍ ഗതിയില്ലാത്തവനാക്കി. ഞാന്‍ അലഞ്ഞു.
കലാകാരനിലേക്ക് എത്താനുള്ള കടമ്പകളില്‍ ഇറ്റിവീണ വിയര്‍പ്പുതുള്ളികള്‍, ഐസ് പ്‌ളാന്റില്‍ ഐസ് അടിക്കുന്നവനായി, പിടയ്ക്കുന്ന മീനുകള്‍ തോളെല്ലില്‍ കയറ്റിയിറക്കുന്ന ലോഡിംഗുകാരനായി. ലോറിയില്‍ ക്‌ളീനറായി, ഡ്രൈവറായി, വളയം പിടിച്ച് മടുത്തപ്പോള്‍ ബ്രോക്കറായി. പിന്നീട്, ബോംബെയിലേക്ക് കൊച്ചിയില്‍ നിന്നും ഡോളര്‍ എത്തിച്ചുകൊടുക്കുന്ന മൂന്നാമനായി. ഡോളറിനൊപ്പം 'സുഹാനി രാത് ഘര്‍ ഛുഠേ... എന്നും കൂടി പാടിക്കൊടുക്കുമ്പോള്‍ ഒരു രൂപ കൂട്ടിത്തന്നു. തിരികെ നാട്ടിലേക്കുള്ള യാത്രയില്‍ അരയില്‍ വാച്ചുകള്‍ കെട്ടിയൊതുക്കി വന്ന് കള്ളക്കടത്തുകാരനായി. എന്നിട്ടും ഒന്നും സമ്പാദിച്ചില്ല. ഇതെന്റേതല്ല എന്ന തിരിച്ചറിവ് മാത്രമായിരുന്നു സമ്പാദ്യം.
ഓരോ ബോംബെ യാത്രയിലും ഗുരുവിനെ അന്വേഷിച്ചു. എങ്ങും കണ്ടില്ല. പലരോടും ചോദിച്ചു, മുജാഫിര്‍ അലിഖാന്‍ സാഹിബ് എന്നൊരാളെ കണ്ടോ? പാട്ടുകച്ചേരികളില്‍, പഴയ സൌഹൃദങ്ങളില്‍, ആരും കണ്ടില്ല.
മട്ടാഞ്ചേരിയില്‍ ഹാര്‍മോണിയവുമായി പലപ്പോഴും പ്രത്യക്ഷപ്പെട്ടു. ഒരിക്കല്‍ സംഗീതത്തിന്റെ ലഹരിയില്‍ ഇരിക്കുമ്പോള്‍ തൊട്ടടുത്ത് മദ്യത്തിന്റെ ലഹരിയില്‍ മറ്റൊരാള്‍, സംവിധായകന്‍ ജോണ്‍ എബ്രഹാം.
ഒരു പാട്ടു പാടണമെന്ന ചെറിയൊരു ആഗ്രവുമായി നില്‍ക്കുന്നു. പാടിക്കൊടുത്തു. പിന്നീട്, ജോണ്‍ പറഞ്ഞ സ്ഥലത്തും പാടി. പാട്ട് സ്വന്തം വഴിയാണെന്ന് അന്നും തിരിച്ചറിഞ്ഞിരുന്നില്ല. വെറുതെ പാടുന്നുവെന്നുമാത്രം. അമ്മ അറിയാന്‍ എന്ന സിനിമയുടെ റെക്കോഡിംഗ് വേളയില്‍ ജോണ്‍ എന്നെയും കൊണ്ടുപോയി. രാത്രി രണ്ടുമണി, ചാര്‍മിനാര്‍ സിഗരറ്റ് എന്റെ ചുറ്റും എരിയുമ്പോള്‍ ജോണ്‍ പറഞ്ഞു,
'ഇബ്രാഹിം പാടിയ പാട്ട് ഒന്ന് കേള്‍പ്പിച്ചു കൊടുക്ക്.''
എന്റെ കുറവെന്താണെന്ന് മനസിലാക്കിത്തന്നത് ജോണായിരുന്നു. എന്റെ മുന്നില്‍ ഒരു കണ്ണാടി വച്ചപോലെ. നിന്റെ ജീവിതം സംഗീതമാണെന്ന് മനസിലാക്കിത്തന്ന ജോണ്‍.
ടൈറ്റിലില്‍ ജോണ്‍ ചെറിയൊരു മാറ്റം വരുത്തി.
'ഇബ്രാഹിം, നിങ്ങളെ ഉമ്മ വിളിക്കുന്ന പേര് ഉമ്പായി എന്നാണ്. ഞാനും വിളിക്കുന്നു ഉമ്പായി എന്ന്.''
പിന്നീടും പലതവണ ജോണ്‍ വന്നു, കണ്ടു. ലഹരിയിലല്ലാതെ മാത്രമാണ് ജോണ്‍ പിന്നീട് എന്റെയടുത്തെത്തിയത്.
സംഗീതത്തോടൊപ്പം ഞാന്‍ വളര്‍ന്നു. ഡല്‍ഹിയില്‍ എം.പിമാരുടെ സദസില്‍ പാടുമ്പോള്‍ എം. എ. ബേബി, കെ.വി. തോമസ് എന്നിവരുമുണ്ടായിരുന്നു. എന്തുകൊണ്ട് മലയാളത്തിലേക്കില്ല എന്ന ചോദ്യത്തിന് കാച്ചിയത്, താമസമെന്തേ വരുവാന്‍ എന്ന ഗാനമായിരുന്നു. അറിയാവുന്ന ആ നാലുവരി എന്നെ മലയാളത്തിലേക്ക് എത്തിച്ചു. എറണാകുളം അബാദ് പ്‌ളാസയിലെ പാട്ടുകാരനായി മാറി. കാര്യമായ സമ്പാദ്യമില്ലാത്ത ഞാന്‍ വീടു പുലര്‍ത്താന്‍ ലോണിന് അപേക്ഷിച്ചു. പപ്പടത്തിന്റെ ബിസിനസ് ചെയ്യാനാണെന്നായിരുന്നു പറഞ്ഞത്. പക്ഷേ, ലോണ്‍ തന്നില്ല. പിന്നീട് എന്റെ പാട്ടുകേട്ട ബാങ്ക് മാനേജര്‍ പാട്ടു തീര്‍ന്നയുടന്‍ രായ്ക്കുരാമാനം എനിക്ക് ലോണ്‍ ശരിയാക്കിത്തന്നു. എന്റെ സംഗീതം എന്നെ വളര്‍ത്തുകയായിരുന്നു.
അബാദ് പ്‌ളാസയിലേക്കുള്ള വഴിമധ്യേയാണ് ജോണിന്റെ മരണവാര്‍ത്ത ഞാനറിയുന്നത്. എന്റെ ജോണിനു വേണ്ടി എനിക്ക് എന്തു ചെയ്യാന്‍ പറ്റുമെന്ന ആലോചനയായിരുന്നു അബാദിലേക്കുള്ള ഒന്നര കിലോമീറ്റര്‍ ദൂരം വരെയും. അബാദ് പ്‌ളാസയിലെത്തിയപ്പോള്‍ ആ ചോദ്യത്തിന് മറുപടിയായി, ജോണ്‍ നല്‍കിയ ആ പേരു മതി. ഇബ്രാഹിം അങ്ങനെ ഉമ്പായി ആയി.''


ഉമ്പായിയുടെ പ്രണയം
'എന്റെ ഏറ്റവും വലിയ പ്രണയിനി സംഗീതമാണെന്ന് ഞാന്‍ വളരെ വൈകിയാണ് അറിഞ്ഞത്. അവളെന്നെ സ്‌നേഹിക്കുംപോലെ, ഞാന്‍ സ്‌നേഹിക്കുന്നില്ല.
ഞാന്‍ കാണാന്‍ കൊതിച്ചുനടന്ന ഒരു പെണ്ണുണ്ടായിരുന്നു. ഭദ്രാവതി ലോഡ്ജിലെ കയര്‍ കട്ടിലില്‍ കിടന്ന്,
'ദൂര് രഹേ കല്‍ കരീ ബാജാ..''(നീ അടുത്തുവന്ന് സംസാരിച്ചാല്‍ ഈ രാവ് ഞാന്‍ ഒരിക്കലും മറക്കില്ല.) എന്നു പാടുകയായിരുന്നു. കയര്‍ കട്ടിലില്‍ കിടന്നാല്‍ കാണാം, തൊട്ടപ്പുറത്തെ ബില്‍ഡിംഗിന്റെ മുകളില്‍ ഒരു പെണ്ണ് മുഖം മാത്രം കാണിച്ച പര്‍ദയിട്ട് നില്‍ക്കുന്നത്. എന്റെ പാട്ട് ഉച്ചത്തിലായി. ജനലഴികളിലൂടെ അവളുടെ പുഞ്ചിരി എന്നെ മുത്തമിട്ടു. ഒരുനോക്കേ കണ്ടുള്ളൂ. പിന്നീട് പലതവണ ഞാനാ പാട്ടുപാടി കാത്തുനിന്നു. അവള്‍ വന്നില്ല. അവളെ കാണണമെന്നു വീണ്ടും വീണ്ടും തോന്നി. എന്റെ ലോഡ്ജിന്റെ താഴത്തെ കടയിലെ പറ്റു നിര്‍ത്തി ആ ബില്‍ഡിംഗിന്റെ താഴത്തെ കടയിലേക്ക് മാറി. കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ കടക്കാരനുമായി അടുപ്പം വന്നു. അപ്പോള്‍ ഞാന്‍ ആ പെണ്ണിനെക്കുറിച്ച് ചോദിച്ചു. അയാള്‍ പറഞ്ഞു.
'ഖാജാവിമാരാണ് അവര്‍. ഒറിജിനല്‍ മറാത്തികള്‍. അവരുടെ മുഖം ഒരിക്കല്‍ കണ്ടതുതന്നെ നിന്റെ ഭാഗ്യം. വല്ലപ്പോഴും പുറത്തിറങ്ങിയാല്‍ത്തന്നെ മുഖംമൂടിയിട്ടുണ്ടാകും. ഇന്നുവരെ ഞാന്‍ പോലും കണ്ടിട്ടില്ല. അവളുടെ ഓര്‍മ്മയ്ക്കായി ഞാന്‍ പാടിയിട്ടുണ്ട്,
'നിന്‍ മന്ദഹാസം കണ്ട നാള്‍ മുതല്‍,
നിന്നെ ഓര്‍പ്പൂ ഞാന്‍
അനുരാഗഭാവഗാനം പാടി കാത്തിരുന്നൂ ഞാന്‍..''
വേണു. വി. ദേശത്തിനോട് കഥാസന്ദര്‍ഭം പറഞ്ഞപ്പോള്‍ അദ്ദേഹമെഴുതിയ വരികള്‍.'''ഇതെന്റെ ഭാര്യ അഫ്‌സ. എന്റെ ജീവന്റെ പാതി. സംഗീതത്തിന്റെ ലഹരി മൂത്ത് അലഞ്ഞുനടന്ന നാളുകളില്‍ അവള്‍ ടൈലറിംഗ് മെഷീന്റെ കാലിലിട്ടടിച്ചായിരുന്നു ഈ കുടുംബം പോറ്റിയത്. തല്ലും കുത്തുമൊന്നുമില്ല, പക്ഷേ, പാട്ടിന് ഞാന്‍ താളം പിടിക്കുന്നത് പാത്രങ്ങളൊക്കെയെടുത്തായിരിക്കും. അതു പൊട്ടുമ്പോള്‍ അഫ്‌സയുടെ ചങ്ക് പൊട്ടുന്നുണ്ടാവും. അഫ്‌സ അധ്വാനിച്ചുണ്ടാക്കിയ കഞ്ഞി ഞാനും ഏറെനാള്‍ കുടിച്ചിട്ടുണ്ട്. അപ്പോഴും അഫ്‌സ പരാതി പറഞ്ഞിട്ടില്ല. രാവും പകലുമില്ലാതെ തയ്ക്കുമ്പോള്‍ മെഷീന്റെ ശബ്ദം കേട്ട് അയല്‍പക്കക്കാര്‍ക്കു പോലും ഉറങ്ങാന്‍ പറ്റില്ല. കുറേനാളുകള്‍ക്കുശേഷം എന്റെ കൈയില്‍ വന്ന കുറച്ചു പണമെടുത്ത് ഞാന്‍ ഒരു തയ്യല്‍ മെഷീന്‍ വാങ്ങി കൈയില്‍ വച്ചുകൊടുത്തപ്പോള്‍ കരഞ്ഞുപോയി എന്റെ അഫ്‌സ.''


'സംഗീതം ജീവിതവുമായി ബന്ധപ്പെട്ടതാണ്. അതുകൊണ്ടാണ് കവി അക്തര്‍ മഫീസ് പറയുന്നത്,
'രൂഹ് വഹ് വസ്ത് മേം ആയേതോ
ജീവന്‍ അതിന്റെ ഉന്മാദാവസ്ഥയിലെത്തുമ്പോള്‍ ഗസല്‍ സൃഷ്ടിക്കപ്പെടുന്നു.
യാ കോയി ദില്‍കോ ദുഖായേതോ
വേദനിക്കുമ്പോള്‍ അതുണ്ടാകുന്നു.
ജീവനുണ്ടാകുന്ന കാലത്തേ ഈ വികാരമുണ്ട്. പ്രണയം. 1700 വര്‍ഷങ്ങള്‍ക്കു മുമ്പ് അതിന് ഗസല്‍ എന്നു പേരു വരുന്നു. ഗസല്‍ സമ്മിശ്രവികാരമാണ്. ഉറുദു ഭാഷയാണ് ഗസലിന്റെ അടിസ്ഥാനം. പാര്‍സി, അറബി, സംസ്‌കൃതം, ഹീബ്രു എന്നീ ഭാഷകളുടെ സമ്മിശ്രമാണ് ഉറുദു. മനുഷ്യരുടെ അന്വേഷണത്വരയില്‍ അവര്‍ കൂട്ടിമുട്ടിയപ്പോള്‍ സമാഗമിച്ചതാണ് ഉറുദു ഭാഷ. അതുകൊണ്ട് ഉറുദു ഭാഷ മതേതരമാണ്.''


'എന്നില്‍ നിയുക്തമായ കലയോട് ആത്മാര്‍ത്ഥമായി ഞാന്‍ പ്രണയിക്കുന്നു. ആ പ്രണയമാണ് എന്നെ നയിക്കുന്നത്. വളരെ ചെറുപ്പത്തില്‍ത്തന്നെ എന്റെയുള്ളില്‍ കലയുണ്ടായിരുന്നു, പക്ഷെ, എനിക്കത് തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല എന്നുമാത്രം. എന്നിലെ കല എന്റേതല്ല, സമൂഹത്തിന്റേതാണ്. ഈ ആശയം എന്നിലെത്തിയത് ഇ.എം.എസില്‍ നിന്നാണ്. ഇ.എം.എസിനെ ജീവനായി കാണുന്ന ബാപ്പയിലൂടെ മകനിലേക്ക് പകര്‍ന്നു കിട്ടിയതാകാമിത്. കലാകാരന്‍ സമൂഹത്തോട് അവന്റെ കര്‍തവ്യം ചെയ്താല്‍, അവനു വേണ്ടി സമൂഹം ചെയ്‌തോളും. എന്റെ ബാപ്പ എനിക്കായി ഒന്നും സമ്പാദിച്ചിട്ടില്ല. എന്നിട്ടും ഞാനിങ്ങനെയൊക്കെയായത് ഈ സമൂഹം തന്നതാണ്.''

Monday, October 6, 2014

THE REAL POLICE STORY


ഓരോ നഗരവും ഒന്നോ അതില്‍ക്കൂടുതലോ ക്വട്ടേഷന്‍സംഘങ്ങളെ വളര്‍ത്തുന്നുണ്ടാവും. മറ്റെല്ലാ മേഖലയിലുമുള്ളതിനേക്കാള്‍ കൂടുതല്‍ കുടിപ്പകകള്‍ ക്വട്ടേഷന്‍ ടീമുകള്‍ തമ്മിലുണ്ടാവും. അങ്ങനെയൊരു കുടിപ്പകയും കൊലപാതകങ്ങളും നിറഞ്ഞ ഒരു കഥ. തിരുവനന്തപുരം നഗരത്തെ ഞെട്ടിച്ച കൊലപാതകം, അതുപോലെ അമ്പരപ്പിച്ച അന്വേഷണമികവും അതാണ് ഈ കഥയിലെ നായകന്മാര്‍. തിരുവനന്തപുരം തമ്പാനൂര്‍ സി.ഐ. ഷീന്‍ തറയിലും സംഘവും ഒരു കൊലപാതക കേസിന്റെ അന്വേഷണത്തിന്റെ ചുരുളുകളഴിക്കുന്നു.

ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍തന്നെ! ടിപ്പര്‍ ലോറി ഡ്രൈവര്‍ സജിയെ കരമന നെടുങ്കാട് സ്‌കൂളിനു സമീപത്തുവച്ചാണ് വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്. ചത്തത് സജിയാണെങ്കില്‍ കൊന്നത് അവന്‍തന്നെ, അമ്മയ്‌ക്കൊരുമകന്‍ സോജു.
യഥാര്‍ത്ഥ പേര് ചിറപ്പാലം ആറ്റുവരമ്പ് വീട്ടില്‍ അജിത്കുമാറെന്നാണെങ്കിലും വിളിപ്പേരുപോലെത്തന്നെ അമ്മയ്‌ക്കൊരുമകനായതിനാലാണ് അമ്മയ്‌ക്കൊരു മകന്‍ സോജു എന്നായത്. സജിയുടെ കൊലയ്ക്കുപിന്നില്‍ സോജുവാണെന്ന് എല്ലാവര്‍ക്കും അറിയാവുന്ന സത്യം. അതിനു പിന്നില്‍ ഒരു കാരണമുണ്ട്. സോജുവിന്റെ സഹോദരി ഭര്‍ത്താവ് മൊട്ടമൂട് ഷാജിയുടെ കൊലപാതകത്തിനു പിന്നില്‍ ചൂഴാറ്റുകോട്ട അമ്പിളിയുടെ നേതൃത്വത്തിലുള്ള ഗുണ്ടാപ്പടയാണെന്നത് നാട്ടില്‍പ്പാട്ടായിരുന്നു. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയുടെ കൊലപാതക പരമ്പരകളില്‍ കൈവിട്ടുകളിച്ചുതുടങ്ങിയത് അങ്ങനെയായിരുന്നു. ചൂഴാറ്റുകോട്ട അമ്പിളിയുടെ സംഘത്തിലെ പ്രധാനിയാണ് ടിപ്പര്‍ ലോറി ഡ്രൈവര്‍ സജി. പകരത്തിനു പകരം, സജിയുടെ കൊലപാതകം. കുടിപ്പക, നീണ്ടുപോകാവുന്ന കൊലപാതക പരമ്പരകള്‍ക്ക് തിരുവനന്തപുരം പട്ടണം സാക്ഷ്യം വഹിച്ചേക്കുമെന്ന് പോലീസ് ഉറപ്പാക്കിയ നാളുകള്‍.
പോലീസിനേക്കാളും ചാരപ്രവര്‍ത്തനവും സഹായവുമുണ്ട് ഓരോ സംഘത്തിനും ഓരോ നഗരത്തിലും. ഓരോ ഊടുവഴികളും ഗുണ്ടാസംഘങ്ങള്‍ക്ക് മന:പാഠമാണ്. പോലീസിന്റെ കണ്ണുവെട്ടിച്ച് എവിടെനിന്നും രക്ഷപ്പെടാനുള്ള തന്ത്രങ്ങളും കൈവശമുള്ളവര്‍. ഫോര്‍ട്ട് എ.സി. കെ.എസ്. സുരേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണസംഘം നഗരത്തിലാകെ വലവിരിച്ചു. തമ്പാനൂര്‍ സി.ഐ. ഷീന്‍ തറയിലിനായിരുന്നു അന്വേഷണച്ചുമതല.
ആധുനിക സാങ്കേതികവിദ്യകളെല്ലാം വിനിയോഗിച്ചാലും കണ്ടുപിടിക്കാനാകാത്ത നെറ്റ്‌വര്‍ക്കുള്ള ഗുണ്ടാസംഘത്തെ കുടുക്കാന്‍ തന്നെയാണ് പോലീസിന്റെ വല വീശല്‍. കഴിഞ്ഞ ഒക്‌ടോബര്‍ നാലിന് കൊലപാതകം നടന്ന് നാലാംപക്കം കൊലപാതകസംഘത്തിലെ ചെണ്ടമനു എന്നു വിളിക്കുന്ന മനു രക്ഷപ്പെടാന്‍ ശ്രമിക്കുന്നുണ്ടെന്ന് അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞു.
തിരുവനന്തപുരം എയര്‍പോര്‍ട്ട്. ഷീന്‍ തറയിലും സംഘവും മഫ്തിയില്‍ എയര്‍പോര്‍ട്ടിലെത്തി. ആര്‍ക്കും സംശയം തോന്നാതിരിക്കാന്‍ വിമാനയാത്രയ്‌ക്കെന്ന മട്ടിലായിരുന്നു വരവ്. ചെണ്ടമനു സ്ഥലംവിടാന്‍ ഉദ്ദേശിക്കുന്ന വിമാനം പറന്നുയരാന്‍ മണിക്കൂറുകള്‍മാത്രമേ ബാക്കിയുള്ളു. എയര്‍പോര്‍ട്ടില്‍ ഒരു കാര്‍ എത്തി. ചെണ്ടമനു പുറത്തേക്കിറങ്ങി. അപ്പോഴേക്കും പോലീസ് സംഘം കാറിനെ വളഞ്ഞിരുന്നു. ആളെ തിരിച്ചറിയാനുള്ള നിമിഷങ്ങള്‍ മാത്രം. ചെണ്ടമനുവുമായി സി.ഐയും സംഘവും സ്റ്റേഷനിലേക്ക്.
ചെണ്ടമനു, സോജുവിന്റെ സംഘത്തിലെ ഒരാള്‍മാത്രം. ഇനിയുമുണ്ട് പ്രതികള്‍, മുഖ്യപ്രതി സോജുവടക്കം എല്ലാവരും പുറത്താണ്. ചെണ്ടമനു അറസ്റ്റിലായെന്ന് അറിഞ്ഞാല്‍ അവരെല്ലാം കൂടുതല്‍ ജാഗ്രതയിലാകും. ചെണ്ടമനുവിന്റെ അറസ്റ്റ് പുറത്തുവിട്ടില്ല. അതുകൊണ്ടുതന്നെ ദിവസങ്ങള്‍ക്കുള്ളില്‍ പുഞ്ചിരി വിനോദ് എന്നു വിളിക്കുന്ന വിനോദ്, ഹരികുമാര്‍ എന്ന രഞ്ജിത്ത്, സാബു എന്നിവരെക്കൂടി അറസ്റ്റുചെയ്യാന്‍ സാധിച്ചു. പക്ഷേ, സോജു, അമ്മയ്‌ക്കൊരുമകന്‍ സോജു... എവിടെ?
ആരെയും വശത്താക്കാന്‍ കഴിവുള്ള വാക്‌സാമര്‍ത്ഥ്യം, നിഷ്‌കളങ്കനെന്ന് തോന്നിപ്പിക്കുന്ന യുവത്വം, മിക്കവാറും ഭാഷകളുമറിയാം, എല്ലാത്തിനും ഉപരി സഹായിക്കാന്‍ ഒരുപാട് ആളുകളും. മൊബൈല്‍ഫോണുകള്‍ ഉപയോഗിക്കാറില്ല. മൊബൈല്‍ ടവറുകള്‍ നോക്കി പിന്തുടരുക എന്ന പുതിയ സാങ്കേതികവിദ്യാപരമായ അന്വേഷണവും നടക്കില്ല.
രാമേശ്വരത്ത് സോജുവുണ്ടെന്ന് വിവരം കിട്ടി. ഉടനെതന്നെ സി.ഐ. ഷീന്‍ തറയിലും സംഘവും രാമേശ്വരത്തേക്ക് തിരിച്ചു. പിന്നെ മധുര, ചെന്നൈ, കോടമ്പാക്കം, മൂകാംബിക... സോജുവിനു പിന്നാലെ പോലീസ്. ഓരോ സ്ഥലത്തെത്തുമ്പോഴും അടുത്ത സ്ഥലത്തേക്ക് സോജു കടന്നിരിക്കും.
സോജു ഫോണ്‍ ഉപയോഗിക്കാത്തതിനാല്‍ ആ വഴിക്കുള്ള തിരച്ചില്‍ സാധ്യമല്ല. അതുകൊണ്ടാണ് ഈ സ്ഥലങ്ങളില്‍ നിന്നൊന്നും പിടികൂടാന്‍ പറ്റാതായത്. മറ്റൊരു വഴിയില്‍ പോലീസ് അന്വേഷണത്തെ തിരിച്ചുവിട്ടു. സോജുവിനെ സഹായിക്കാന്‍ സാധ്യതയുള്ളവരുടെ ഒരു ലിസ്റ്റ് തയ്യാറാക്കി. അവരുടെ ഫോണ്‍കോളുകള്‍ പരിശോധിച്ചു. അതില്‍നിന്നൊന്നും സൂചനകള്‍ കിട്ടിയില്ല.
ദിവസങ്ങള്‍ പിന്നെയും കടന്നുപോയി. സോജുവിന് ഈ യാത്രയ്ക്കാവശ്യമായ പണം അതെവിടെനിന്ന് കിട്ടുന്നു എന്ന ചിന്ത അതൊരു നിര്‍ണ്ണായകമായ ചിന്തയായിരുന്നു. സഹായിക്കാന്‍ സാധ്യതയുള്ളവരുടെ ബാങ്ക് അക്കൗണ്ട് ലിസ്റ്റ് എടുക്കാന്‍ അങ്ങനെയാണ് തീരുമാനിച്ചത്. രഹസ്യമായിത്തന്നെ അന്വേഷണം നടന്നു. സോജുവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പണം പോകുന്നില്ല. പക്ഷെ, വടക്കേഇന്ത്യയിലെ മറ്റു പലരുടെയും അക്കൗണ്ടിലേക്ക് പണം പോകുന്നുണ്ട്. അജ്മീറിലുള്ള പലരുടെ അക്കൗണ്ടിലേക്കാണ് ആ പണം പോയിരിക്കുന്നത്. ആ പണം പോകുന്നത് സോജുവിനു വേണ്ടിത്തന്നെ! സി.ഐ. ഷീന്‍ തറയിലും സംഘവും അജ്മീറിലേക്ക് പുറപ്പെട്ടു.
അജ്മീര്‍, അഭയാര്‍ത്ഥികളായി എത്തുന്ന ഒട്ടോറെപ്പേര്‍ ആശ്രയമായി കഴിയുന്ന അജ്മീര്‍. അന്നം തേടിയും പുണ്യം തേടിയും ദര്‍ഗകളിലെത്തുന്ന പതിനായിരക്കണക്കിന് ആളുകളുള്ള അജ്മീര്‍. കേരളത്തില്‍നിന്ന് പണം അയക്കുമ്പോള്‍ പണം പിന്‍വലിച്ചിരുന്ന എ.ടി.എമ്മുകള്‍ കണ്ടെത്തി. അതിനടുത്തുതന്നെ മുറിയെടുത്ത് പോലീസ് സംഘം തങ്ങി. ആദ്യദിവസം എല്ലാ സ്ഥലങ്ങളിലും കറങ്ങിയെങ്കിലും സോജുവിനെ കണ്ടെത്താനായില്ല.
അന്നൊരു വെള്ളിയാഴ്ചയായിരുന്നു. ദര്‍ഗകളില്‍ തിരക്കോടുതിരക്ക്. എല്ലാ മുഖങ്ങളിലും ഒരേ ഭാവം, പുണ്യം തേടിയെത്തുന്നവരുടെ പ്രാര്‍ത്ഥനാനിര്‍ഭരമായ അന്തരീക്ഷം. ആള്‍ക്കൂട്ടത്തിനിടയില്‍ പോലീസ് സംഘം മഫ്ടിയില്‍ അലഞ്ഞു. ഈ തിരക്കിനിടയില്‍ എങ്ങനെ കണ്ടുപിടിക്കാന്‍? പോലീസ് സംഘത്തെ ആദ്യം സോജുവാണ് കാണുന്നതെങ്കില്‍ എന്ത് മഫ്ടിയിലാണെന്നു പറഞ്ഞാലും തിരിച്ചറിയുകയും മുങ്ങുകയും ചെയ്യുമെന്നുറപ്പ്. അങ്ങനെ ഒരിക്കലും സംഭവിക്കാതിരിക്കാനുള്ള മുന്നൊരുക്കങ്ങളെല്ലാം പോലീസ് നടത്തിയിരുന്നു. ആള്‍ക്കൂട്ടത്തിനിടയില്‍ പോലീസ് കണ്ണുകള്‍ സോജുവിനെ തിരയുന്നതിനിടയില്‍ സിവില്‍ പോലീസ് ഓഫീസര്‍ ശ്രീകുമാറാണ് അത് ആദ്യം കണ്ടത്.
ഒരു ജാക്കറ്റിട്ട്, താടി വളര്‍ത്തി, ദര്‍ഗയിലേക്ക് നടക്കുന്നത്....?
ഒന്നുകൂടി ഉറപ്പുവരുത്തി. അതേ, സോജുതന്നെ. ശ്രീകുമാര്‍ ധൃതിയില്‍ അടുത്തേക്ക് ചെന്ന് സോജുവിന്റെ തോളില്‍ കൈയ്യിട്ട് പിടിമുറുക്കി. തരിച്ചുപോയ സോജു കുതറിമാറാന്‍ ശ്രമിച്ചെങ്കിലും സി.ഐയും മറ്റു പോലീസുകാരും ചുറ്റും വളഞ്ഞിരുന്നു. ആള്‍ക്കൂട്ടം ഞെട്ടിത്തരിച്ചുനിന്നു. പെട്ടെന്ന് സോജു അലറി വിളിക്കാന്‍ തുടങ്ങി. പോലീസ് സംഘം മോഷ്ടാക്കളാണെന്ന് ആള്‍ക്കൂട്ടത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ഒരു ശ്രമം. ആള്‍ക്കൂട്ടം പോലീസിനു നേരെ തിരിയുമെന്നായി. അപ്പോഴേക്കും സോജുവിനെ തൂക്കിയെടുത്ത് പോലീസ് പിന്നോട്ട് നടന്നുതുടങ്ങിയിരുന്നു. കള്ളന്മാരാണ്, രക്ഷിക്കൂ എന്ന് ഹിന്ദിയില്‍ വിളിച്ചുപറയുന്ന സോജുവിനെ രക്ഷിക്കാന്‍ ജനക്കൂട്ടം ഇളകിയെത്തി. അപ്പോഴേക്കും രാജസ്ഥാന്‍ പോലീസും സ്ഥലത്തെത്തി. അതോടെ ജനക്കൂട്ടം പിരിഞ്ഞുപോയി.
സോജുവിനെയുംകൊണ്ട് സി.ഐയും സംഘവും കേരളത്തിലേക്ക് തിരിച്ചു. അജ്മീറിലെ പലരോടും പേഴ്‌സ് മോഷണം പോയെന്നും, അല്‍പ്പം തുക നാട്ടില്‍നിന്നും അയക്കുന്നതിനായി എക്കൗണ്ട് നമ്പര്‍ തരണമെന്നും അതിലേക്ക് പണമയച്ചയുടന്‍ അവരെക്കൊണ്ടുതന്നെ പണം എ.ടി.എം. വഴി എടുപ്പിക്കുകയുമാണ് സോജു ചെയ്തിരുന്നത്. അതുകണ്ടുപിടിച്ച് പിന്തുടര്‍ന്നെത്തുമെന്ന് സോജു ഒരിക്കലും കരുതിയില്ല. രണ്ടു കൊലപാതക കേസുകളിലെയും പിടിച്ചുപറി, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങി 21 കേസുകളിലെയും മുഖ്യപ്രതിയാണ് സോജു. ഈ കേസുകള്‍ക്കെല്ലാം തുമ്പുണ്ടായി എന്നതിനുപുറമെ, നഗരത്തിലെ ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയ്ക്കും വിളയാട്ടത്തിനും അറുതിവരുത്തുകയും ചെയ്തത് ഈ അറസ്റ്റോടെയാണ്.


ബ്രൂട്ടഡ് മര്‍ഡര്‍

കുഞ്ഞുലക്ഷ്മി എന്ന വൃദ്ധയുടെ കൊലപാതകം. ആറുദിവസത്തിനുള്ളില്‍ വളാഞ്ചേരി സി.ഐ. എ.എം. സിദ്ദീഖ് പ്രതിയെ പിടികൂടിയ കഥ.

കുഞ്ഞുലക്ഷ്മി, വയസ് 88. സ്‌കൂള്‍ ടീച്ചറായ മകള്‍ സതിടീച്ചര്‍ സ്‌കൂളിലേക്ക് പോയാല്‍ പകല്‍സമയങ്ങളില്‍ ആ വീട്ടില്‍ തനിച്ചാണ്. തൊട്ടടുത്തുതന്നെ മറ്റൊരു വീടുണ്ട്.
മാര്‍ച്ച് 4, ഉച്ചനേരം, കുഞ്ഞുലക്ഷ്മി പുറത്തുനില്‍ക്കുന്നതുകണ്ടപ്പോള്‍ അയല്‍വീട്ടിലെ പൂജാരി പൂജ കഴിഞ്ഞുവന്ന് ചോദിച്ചു, ''ചോറുണ്ട്വോ കുഞ്ഞുലക്ഷ്മിയമ്മേ?''
''ഇല്ല്യാ, ദേ കഴിക്കാന്‍ പോണൂ...'' കുഞ്ഞുലക്ഷ്മിയുടെ മറുപടി.
രണ്ടുപേരും സംസാരിച്ച് രണ്ടു വീടിന്റെയും അകത്തേക്ക് കയറിപ്പോയി.
മാര്‍ച്ച് 4, വൈകുന്നേരം. സ്‌കൂള്‍ വിട്ട് സതിടീച്ചര്‍ വീട്ടിലേക്ക് കയറി. പതിവുപോലെ വീടിന്റെ മുന്‍വാതില്‍ തുറന്നു. അകത്തേക്ക് കയറി. ആകെ നിശബ്ദത. അമ്മേ എന്നു വിളിച്ചുകൊണ്ട് കുഞ്ഞുലക്ഷ്മിയെ അന്വേഷിച്ചു. സെന്‍ട്രന്‍ ഹാളിലേക്ക്, സെന്‍ട്രല്‍ ഹാളില്‍നിന്നും തുറന്നിട്ട മുറിയിലേക്ക്. രക്തത്തില്‍ കുളിച്ച് കുഞ്ഞുലക്ഷ്മി നിലത്ത്. സതിടീച്ചറുടെ കരച്ചില്‍ കേട്ട് നാട്ടുകാര്‍ ഓടിക്കൂടി. പോലീസില്‍ വിവരമറിയിച്ചു.
വെണ്ടല്ലൂരില്‍ പട്ടാപ്പകല്‍ വൃദ്ധ കൊല്ലപ്പെട്ടനിലയില്‍!
വളാഞ്ചേരി സി.ഐ. എ.എം. സിദ്ധീഖിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവസ്ഥലത്തെത്തി. കവിളിലും മുഖത്തും ചെവിയിലും ചെവിയ്ക്ക് പുറകിലും വെട്ടേറ്റ പാടുകള്‍, ആകെ 27 മുറിവുകള്‍. കഴുത്തില്‍ തുണിയെടുത്ത് ചുറ്റിയിരിക്കുന്നു. ബെഡില്‍ മുളകുപൊടി വിതറിയിരിക്കുന്നു. ഒരു കമ്മല്‍ ഒഴികെ എല്ലാ ആഭരണങ്ങളും നഷ്ടപ്പെട്ടിരിക്കുന്നു. 88 വയസുള്ള ഈ വൃദ്ധയെ ആര്‍ക്കാണ് ഇത്രയും മൃഗീയമായി കൊലപ്പെടുത്താന്‍ പറ്റുക? എന്തിനായിരുന്നു ഇത്രയും പൈശാചികമായ കൊല?
കുഞ്ഞുലക്ഷ്മി, വീടിന്റെ മുന്നില്‍ ഭിക്ഷ യാചിക്കാനോ മറ്റോ ആരെങ്കിലും വന്നാല്‍ എന്തെങ്കിലും കൊടുക്കും. അത് ആരാണെന്നൊന്നുമില്ല. ഇത് അപകടത്തിലേക്കാണെന്ന് മനസിലാക്കിയ മകള്‍ സതിടീച്ചര്‍ കുറേ ഉപദേശിച്ചെങ്കിലും കുഞ്ഞുലക്ഷ്മിയുടെ സ്വഭാവത്തില്‍ മാറ്റമൊന്നുമില്ല. തുടര്‍ന്ന് സ്‌കൂളില്‍ പോകാന്‍ നേരം മുന്‍വാതിലും ഗെയിറ്റും പൂട്ടും. അടുക്കള വഴി, അയല്‍പക്കത്തെ വീടിന്റെ മുന്നിലൂടെയാണ് ടീച്ചര്‍ പിന്നീട് സ്‌കൂളിലേക്ക് പോയിരുന്നത്. അടുക്കള വാതില്‍ അടയ്ക്കാറില്ല. മുന്‍വാതിലും ഗെയിറ്റും അടഞ്ഞുകിടക്കുന്നതുകണ്ടാല്‍ത്തന്നെ ആരും വരില്ലല്ലോ എന്ന് വിചാരിച്ചാണ് അങ്ങനെ ചെയ്തത്.
ആരു വന്നാലും കയ്യോടെ മടക്കി അയക്കാത്ത ഈ അമ്മയോട് എന്തിനിത് ചെയ്തു? ശത്രു എന്ന് പറയാന്‍പോലും ആരുമില്ല. കഴുത്തിലുണ്ടായിരുന്ന രണ്ടു സ്വര്‍ണ്ണമാലയും രണ്ടു കൈകളിലുമായുണ്ടായിരുന്ന ഓരോ വളകളും ഒരു കമ്മലും നഷ്ടപ്പെട്ടിരുന്നു
സി.ഐ. സിദ്ദീഖിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മൃതദേഹവും സമീപസ്ഥലങ്ങളും പരിശോധിച്ചു. പ്രാഥമികമായി യാതൊരു തെളിവുകളും ലഭിച്ചില്ല. സിവില്‍ പോലീസ് ഓഫീസര്‍മാരായ ഇക്ബാല്‍, സുബ്രഹ്മണ്യന്‍, എ.എസ്.ഐ. അനില്‍, മുരളീധരന്‍, അപ്പുണ്ണി പോലീസ് സംഘം സി.ഐ. സിദ്ദീഖിന്റെ നേതൃത്വത്തില്‍ കൊലപാതകം വിലയിരുത്തി. അന്നു വൈകിട്ടോടെത്തന്നെ വ്യാപാരി വ്യവസായി സംഘടനകള്‍ വഴി എല്ലാ സ്വര്‍ണ്ണക്കടകളിലേക്കും വിവരങ്ങള്‍ നല്‍കി. താര, ദളപതി മോഡലുകളിലുള്ള മാലകള്‍, രണ്ട് പ്‌ളെയിന്‍ വളകള്‍ എന്നിവ ആരെങ്കിലും വില്‍ക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കില്‍ ഉടന്‍ പോലീസിനെ വിവരമറിയിക്കുക.
പിറ്റേദിവസംതന്നെ പോലീസ് സംഘം ഇന്‍ക്വസ്റ്റ് നടത്തി. പോലീസ് നായ വന്നു. മണം പിടിച്ച് നൂറു മീറ്റര്‍ ഓടി. ഒരു തുമ്പുപോലും കിട്ടിയില്ലെങ്കിലും രണ്ട് കാര്യങ്ങള്‍ വ്യക്തമായിരുന്നു. ഒന്ന്, ഒന്നുകില്‍ ഒരു സ്ത്രീ, അല്ലെങ്കില്‍ ഒരു വികലാംഗന്‍ ആണ് ഈ കൊലയ്ക്ക് പിന്നില്‍. രണ്ട്, മരണം ഉറപ്പുവരുത്തേണ്ടത് പ്രതിയുടെ ആവശ്യമായിരുന്നു. അതുകൊണ്ടാണ് ആദ്യം വെട്ടിയിട്ടും മരണം ഉറപ്പുവരുത്താനായി കഴുത്തില്‍ ഷാളിട്ട് കുരുക്കിയത്. അല്ലെങ്കില്‍ ആദ്യം ഷാളിട്ട് കുരുക്കി, എന്നിട്ട് വെട്ടി. മരണം സംഭവിച്ചില്ലെങ്കില്‍ തിരിച്ചറിയപ്പെടാന്‍ സാധ്യതയുണ്ടെന്ന് പ്രതി ഭയന്നിരുന്നു. പരിചയമുള്ള ആരോ ചെയ്തതാകാം ഈ കൊലപാതകം എന്നും മനസിലായി.
ബന്ധുക്കളെയും അയല്‍പക്കക്കാരെയും ചോദ്യം ചെയ്തു. അങ്ങനെ ആരും ആ വീട്ടിലേക്ക് കയറുന്നതായി ആര്‍ക്കും സംശയമില്ല. വെട്ടിയ ആയുധങ്ങളും കണ്ടെത്താനായില്ല. തുമ്പുകളൊന്നുംതന്നെ അവശേഷിച്ചിട്ടില്ല.
പെട്ടെന്നായിരുന്നു വളാഞ്ചേരിയിലെ ഒരു ജ്വല്ലറിയില്‍ നിന്നും ഒരു ഫോണ്‍കോള്‍ വന്നത്. ജ്വല്ലറി ഉടമ വിനോദിന്റേതായിരുന്നു കോള്‍. ''സാര്‍, ഇന്നലെ(അതായത് സംഭവദിവസം) വൈകിട്ടോടെ ഒരു സ്ത്രീ സ്വര്‍ണ്ണം വില്‍ക്കാന്‍ വന്നിരുന്നു. സരോജിനി എന്നാണ് പേര് പറഞ്ഞത്. മഞ്ഞസാരിയാണ് ഉടുത്തിരുന്നത്.''
''എന്നിട്ട്? നിങ്ങള്‍ ആ സ്വര്‍ണ്ണം വാങ്ങിയോ?'' പോലീസിന്റെ ആകാംക്ഷ വര്‍ദ്ധിച്ചു.
''ഈ വിവരം ഇന്നാണ് അറിഞ്ഞത്. മകന് ഗള്‍ഫില്‍ പോകാന്‍ പണം തികഞ്ഞില്ല, അമ്മയുടെ മാലയും വളയുമാണെന്നാണ് അവര്‍ പറഞ്ഞത്. അവരെ കണ്ടിട്ട് പറഞ്ഞത് ശരിയാണെന്നു തോന്നിയില്ല. ഭര്‍ത്താവിനെയും കൂട്ടി വരൂ, എന്നിട്ട് എടുക്കാം എന്നു പറഞ്ഞ് ഒഴിവാക്കുകയാണ് ചെയ്തത്.''
പോലീസ് സംഘം ജ്വല്ലറിയിലേക്ക് പോയി. സിസിടിവിയില്‍ ദൃശ്യങ്ങളുണ്ടാവുമല്ലോ, അത് പരിശോധിക്കാമെന്നു കരുതിയപ്പോഴാണ് അറിയുന്നത്. അത് ഒരു മാസമായിട്ട് തകരാറായി കിടക്കുകയാണ്. എങ്കിലും ഭാഗ്യവശാല്‍ ഏതെങ്കിലും വിധത്തില്‍ പതിഞ്ഞിട്ടുണ്ടെങ്കിലോ! സിസിടിവി പരിശോധിച്ചു. പക്ഷെ നിരാശയായിരുന്നു ഫലം.
''എന്നിട്ട് അവരെങ്ങോട്ടാണ് പോയത്?'' വിനോദിനോടായിരുന്നു ചോദ്യം. ''പുറത്തേക്കിറങ്ങിയപ്പോള്‍ റോഡിനപ്പുറത്തുനില്‍ക്കുന്ന ഒരാളോട് അവര്‍ കൈവീശി. പിന്നെ റോഡ് മുറിച്ചുകടന്ന് അയാളുടെ അടുത്തേക്ക് പോയി.''
ആരാണ് അയാള്‍.
കുഞ്ഞിപ്പ, തൊട്ടടുത്ത തുണിക്കടയില്‍ ജോലി ചെയ്യുന്നയാള്‍.
കുഞ്ഞിപ്പയെ അന്വേഷിച്ചു, കണ്ടെത്തി. പോലീസിനെ കണ്ടപ്പോഴേ കുഞ്ഞിപ്പയുടെ നല്ല ജീവന്‍ പോയി.
ശരിയാണ് കുഞ്ഞിപ്പ തന്നെയാണ് ആ സ്ത്രീയെ കൈകാണിച്ചത്. കുഞ്ഞിപ്പയുടെ അടുത്തേക്ക് അവര്‍ വരികയും ചെയ്തു. കുഞ്ഞിപ്പയോടും അവര്‍ പറഞ്ഞു, ''മോന് നാളെയാണ് ഗള്‍ഫിലേക്ക് പോകേണ്ടത്. പക്ഷെ, ഫ്‌ളൈറ്റ് ടിക്കറ്റിനുള്ള പൈസ ശരിയായില്ല. അമ്മയുടെ മാലയും വളയും വില്‍ക്കണം. അവിടെ പോയപ്പോ ആണുങ്ങളാരെങ്കിലും വന്നാലേ പൈസ തരൂന്നാ പറഞ്ഞത്. നീയൊന്ന് എന്റെകൂടെ വരണം. എവിടെയെങ്കിലും വിറ്റ് പൈസ വാങ്ങിത്തരണം.''
കുഞ്ഞിപ്പ അവരെയും കൂട്ടി ദിലീപ് സേട്ടുവിന്റെ അടുത്തെത്തി. സംഗതിയെല്ലാം ആ സ്ത്രീ പറഞ്ഞതുപോലെ പറയുകയും ചെയ്തു. കുഞ്ഞിപ്പയെ സേട്ടുവിന് അറിയാം. കുഞ്ഞിപ്പയ്ക്ക് അറിയുന്നയാളല്ലേ, വേറെ പേടിക്കാനൊന്നുമില്ലല്ലോ. സ്വര്‍ണ്ണവും വിറ്റ് ആ സ്ത്രീ പണവുമായി പോവുകയും ചെയ്തു.
''ആരാ ആ സ്ത്രീ? അവരുടെ പേരെന്താ? എവിടെയാ വീട്?''
''ഇനിക്കതറിയില്ലെന്റെ സാറേ...''
''പിന്നെങ്ങനെയാ നിനക്ക് അവരെ അറിയുന്നത്?''
''മുമ്പ് ഞാന്‍ നിന്ന കടയില് സാധനങ്ങള് വാങ്ങാന്‍ വന്നിരുന്നു. അതല്ലാതെ പേരോ നാടോ ഒന്നും അറിയില്ല.'' കുഞ്ഞിപ്പ കൈമലര്‍ത്തി.
സേട്ടു ചോദിച്ചപ്പോള്‍ ആ സ്ത്രീ പേരു പറഞ്ഞിരുന്നു, സ്ഥലവും. സരോജിനി, പൈങ്കണ്ണൂര്‍. അത് കുഞ്ഞിപ്പയും കേട്ടിരുന്നുവെന്ന് പറഞ്ഞു. ആദ്യം കയറിയ ജ്വല്ലറിയിലെ വിനോദിനോടും ഈ പേരുതന്നെയാണ് അവര്‍ പറഞ്ഞത്.
പൈങ്കണ്ണൂരിലേക്ക് പോലീസ് പല സംഘങ്ങളായി അന്വേഷണം തുടങ്ങി. പോലീസ് വേഷത്തിലായിരുന്നില്ല അന്വേഷണം. പല വേഷത്തില്‍, പല രൂപത്തില്‍ പോലീസ് സംഘം പൈങ്കണ്ണൂരിലെ സരോജിനിമാരെക്കുറിച്ച് അന്വേഷിച്ചിറങ്ങി. സംശയം തോന്നിയാല്‍ ഉടനെ കുഞ്ഞിപ്പയെയും വിനോദിനെയും കൊണ്ടുവന്ന് ഒന്നുകൂടി തിരിച്ചറിയല്‍ നടത്തും. ഒരു വീട്ടില്‍ ചെന്നപ്പോള്‍ സരോജിനി അകത്തുനില്‍ക്കുകയാണ്. പുറത്ത് വീട്ടിലെ മറ്റുള്ളവരുമായി സംസാരിച്ചിരിക്കുന്നതിനിടെ സരോജിനി പുറത്തേക്ക് വന്നു. പെട്ടെന്നായിരുന്നു കറന്റ് പോയത്. കുഞ്ഞിപ്പ പറഞ്ഞു, ''ഇതാണോന്നൊരു സംശയം.''
റിയല്‍ എസ്റ്റേറ്റുകാരായാണ് അവിടെ പോലീസ് സംഘം എത്തിയത്. കൂടുതല്‍നേരം നില്‍ക്കാനും വയ്യ, നിന്നില്ലെങ്കില്‍ സരോജിനിയെ തിരിച്ചറിയപ്പെടാതെ പോവുകയും ചെയ്തു. ഒരുപാടുനേരം ആ വീട്ടില്‍ നിന്നും ഇറങ്ങാതെ പലതും പറഞ്ഞ് പോലീസ് സംഘം നിന്നു. ഒടുക്കം കറന്റ് വന്നു. മുന്നില്‍ സരോജിനി.
''അയ്യോ സാറേ ഇതല്ല'', കുഞ്ഞിപ്പ തിരുത്തി. അങ്ങനെ സരോജിനിമാരെ അന്വേഷിച്ച് രണ്ടുദിവസം.
മകന്‍ സുരേഷിന് ഗള്‍ഫില്‍ പോകാന്‍ എന്നൊരു വാക്കുകൂടി അവര്‍ പറഞ്ഞതായി കുഞ്ഞിപ്പ ഓര്‍ത്തു. സരോജിനി എന്ന പേരിലുള്ളയാളെ കിട്ടാതായപ്പോള്‍ സുരേഷിനെ അന്വേഷിച്ചു. ഒരു സുരേഷുണ്ട്, കേസുകളൊക്കെയുള്ള ഒരു സുരേഷ്. അങ്ങനെ സുരേഷിന്റെ വീട്ടിലെത്തി.
''സുരേഷില്ലേ?''
''ഇല്ല സാറേ...'' സുരേഷിന്റെ ഭാര്യയാണ് മറുപടി പറഞ്ഞത്.
പോലീസിന് ഒരു സംശയം. അകത്തേക്ക് കയറി പരിശോധിക്കാന്‍തന്നെയായിരുന്നു തീരുമാനം. അകത്തുകയറി പരിശോധിച്ചപ്പോള്‍ ഒളിച്ചിരിക്കുന്നു സുരേഷ്. കൈയ്യോടെ പിടികൂടി ചോദ്യം ചെയ്തു. സുരേഷ് സത്യം പറഞ്ഞു: ''ചാവക്കാടാണ് സാറേ എന്റെ വീട്. എന്റെ പേരില്‍ കുറച്ച് കേസുകളുണ്ടായിരുന്നു. ഞാന്‍ അതെല്ലാം മതിയാക്കിയാണ് ഇങ്ങോട്ട് മാറിയത്. മൂനനുവര്‍ഷമായി എന്റെ പേരില്‍ ഒരു കേസുപോലുമില്ല. കള്ളക്കേസില്‍ കുടുക്കാനാണോ എന്ന് പേടിച്ചാണ് സാറേ ഞാന്‍ ഒളിച്ചത്.''
സുരേഷിന്റെ വാക്കുകള്‍ വിശ്വസിക്കാമെന്ന് പിന്നീടുള്ള അന്വേഷണത്തില്‍ വ്യക്തമായി.
ഇതിനിടയില്‍ സതിടീച്ചര്‍ സ്വന്തം നാടായ പഴനെല്ലിപ്പുറത്തേക്ക് മാറിയിരുന്നു. അവിടെയുമെത്തി ബന്ധുക്കളില്‍ ആരെങ്കിലും സരോജിനിമാരുണ്ടോയെന്ന്. അങ്ങനെയൊരാളേയില്ലെന്ന് ടീച്ചര്‍ തറപ്പിച്ചു പറഞ്ഞു.
പിറ്റേദിവസം രേഖാചിത്രം വരയ്ക്കാനുള്ള ഒരു ശ്രമം നടത്തിയെങ്കിലും അതും ശരിയായില്ല. വീണ്ടും ടീച്ചറുടെ തറവാട്ടുവീട്ടിലേക്ക് പോയി. ടീച്ചറുടെ ആങ്ങളമാരുടെ വീട് അതിനടുത്തുതന്നെയായിരുന്നു. ശത്രുക്കള്‍, മൊബൈല്‍, ലാന്റ് ഫോണ്‍കോളുകള്‍, അങ്ങനെ എല്ലാ വിധത്തിലുമുള്ള അന്വേഷണങ്ങള്‍ക്കും ചോദ്യം ചെയ്യലിനുമായി.
ആകെ അവിടെ പുറമെ നിന്നും വരുന്നത് ഒരു വേലക്കാരി മാത്രമാണ്. അവരാണെങ്കില്‍ ടീച്ചര്‍ പഠിപ്പിക്കുന്ന സ്‌കൂളിലെ ഹെല്‍പ്പറാണ്. അവര്‍ ഞായറാഴ്ചമാത്രം ടീച്ചറുള്ളപ്പോള്‍ വന്ന് അകവും പുറവുമൊക്കെ വൃത്തിയാക്കും. അന്നത്തെ ദിവസം അവര്‍ സ്‌കൂളിലാണുതാനും.
എല്ലാവരില്‍നിന്നും വിശദമായി ചോദിച്ചറിയാന്‍തന്നെ പോലീസ് തീരുമാനിച്ചു. ആങ്ങളമാര്‍, അവരുടെ ഭാര്യമാര്‍, മക്കള്‍, ബന്ധുക്കള്‍, അങ്ങനെ എല്ലാവരുമായും സംസാരിക്കുക. ആങ്ങളയുടെ വീട്ടില്‍ ജോലിക്കു നില്‍ക്കുന്ന സ്ത്രീയോടുവരെ ചോദിച്ചറിയുക. എല്ലാവരോടും സംസാരിക്കുമ്പോള്‍ എന്തെങ്കിലും ഒരു സൂചന കിട്ടാതിരിക്കില്ല എന്ന വിശ്വാസമായിരുന്നു പോലീസിന്. എല്ലാവരും സംസാരിച്ചു. ഇനി ബാക്കിയുള്ളത് ആങ്ങളയുടെ വീട്ടിലെ വേലക്കാരി മാത്രം. അവരോട് അധികമൊന്നും സംസാരിക്കരുത് എന്ന് ടീച്ചര്‍ പ്രത്യേകം പറഞ്ഞിരുന്നു. കാരണം അവര്‍ക്ക് കാര്യമായൊന്നും അറിയില്ല. വലിയ വിദ്യാഭ്യാസമൊന്നുമില്ലാത്ത അവര്‍ക്ക് പോലീസിനെ കാണുന്നതുതന്നെ പേടിയായിരിക്കും.
എങ്കിലും സംസാരിച്ചു. എല്ലാവരോടുമുള്ള പോലീസിന്റെ സംസാരം വീഡിയോ റെക്കോഡ് ചെയ്തിരുന്നു. അന്നു വൈകിട്ട് സ്റ്റേഷനിലെത്തി വീഡിയോകള്‍ പരിശോധിക്കുക, ഇവര്‍ പറയുന്നതില്‍ എന്തെങ്കിലും സൂചന കിട്ടുമോ എന്ന് പരിശോധിക്കുക അതായിരുന്നു ലക്ഷ്യം. കുഞ്ഞിപ്പയെയും വിനോദിനെയും ഈ വീഡിയോകള്‍ കാണിച്ചുകൊടുത്തിരുന്നു. വേലക്കാരിയെ കാണിച്ചതും രണ്ടുപേരും തറപ്പിച്ചുപറഞ്ഞു, ''സാറേ, ഇതാണ് സരോജിനി.''
ഇവര്‍ക്ക് തെറ്റിയതാവണം. പലപ്പോഴും ഇതുപോലെ 90 ശതമാനം ഇതുപോലെയാണ് എന്നൊക്കെ പറഞ്ഞിട്ടുള്ളതാണ്. അതുപോലൊരു തോന്നല്‍മാത്രമായിരിക്കും ഇതും, പോലീസിന്റെ നിഗമനം.
എങ്കിലും പിറ്റേദിവസവും പോയി അവരോട് സംസാരിച്ചു. സ്വാഭാവികമായ ചോദ്യചെയ്യലെന്നേ വീട്ടുകാരോട് പറഞ്ഞുള്ളു. അവരുടെ പേര് ശാന്തകുമാരി. പോലീസിന്റെ സംശയം ശാന്തകുമാരിയോടുതന്നെ ചോദിച്ചു, ''കുഞ്ഞുലക്ഷ്മിയെ കൊന്നതെന്തിനായിരുന്നു?''
''എന്താ സാറേ പറയുന്നത്? ഞാനോ? അമ്മയെ കൊല്ലാനോ?'' ശാന്തകുമാരി കരയുമെന്നായി. കുറച്ചുനേരംകൂടി സംസാരിച്ചശേഷം കുഞ്ഞിപ്പയെയും വിനോദിനെയും കൊണ്ടുവന്ന് ഒന്നുകൂടി തിരിച്ചറിയല്‍ നടത്തി. സരോജിനി ഇതുതന്നെയെന്ന് ഇരുവരും തറപ്പിച്ചുപറഞ്ഞു. പിടി ഉറപ്പായെന്നായപ്പോള്‍ ശാന്തകുമാരി പറഞ്ഞു: ''സ്വര്‍ണ്ണം വിറ്റു എന്നത് ശരിതന്നെ. അത് ഞാന്‍തന്നെയാണ്. പക്ഷെ, കൊന്നത് ഞാനല്ല.''
''പിന്നെയാര്? ആരാണ് ആ സ്വര്‍ണം ഏല്‍പ്പിച്ചത്?''
പിന്നീട് പറഞ്ഞതെല്ലാം കള്ളമായിരുന്നു എന്നു മനസിലാക്കാന്‍ ഏറെ പാടുപെടേണ്ടിവന്നില്ല. ചോദ്യം ചെയ്യല്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. ചോദ്യങ്ങള്‍ക്കുമുന്നില്‍ പതറിപ്പോയ ശാന്തകുമാരി സത്യം തുറന്നുപറഞ്ഞു: ''ഞാന്‍ തന്നെയാണ് അത് ചെയ്തത്.''
മാര്‍ച്ച് നാല്, ഉച്ചനേരം. വെണ്ടല്ലൂരിന് ഒരു സ്റ്റോപ്പ് ഇപ്പുറത്ത് ബസിറങ്ങി ശാന്തകുമാരി ഒരു ഓട്ടോറിക്ഷ പിടിച്ചു. കുഞ്ഞുലക്ഷ്മിയുടെ വീട് കഴിഞ്ഞ് 150 മീറ്റര്‍ അപ്പുറത്തുള്ള കുളത്തിന്റെയരികില്‍ ഓട്ടോയില്‍ നിന്നിറങ്ങി. ഓട്ടോ തിരിച്ചുപോയി. ആ ഭാഗത്തൊന്നും ആരുമില്ലെന്ന് ഉറപ്പുവരുത്തി. പിന്നോട്ട് നടന്നു. കുഞ്ഞുലക്ഷ്മിയുടെ വീടിന്റെ ഗെയിറ്റിനടുത്തെത്തി. അപ്പോഴേക്കും ഒരു സ്ത്രീ കുളത്തില്‍നിന്നും കുളിച്ച് നടന്നുപോകുന്നുണ്ടായിരുന്നു. അത് കണ്ട് അവര്‍ കേള്‍ക്കേ ശാന്തകുമാരിയുടെ ഡയലോഗ്, ''ആരാ ഇപ്പോ ഇവിടെ വന്നത്?''
ആ സ്ത്രീ സംശയമൊന്നും തോന്നാത്തമട്ടില്‍ നടന്നുപോവുകയും ചെയ്തു.
ഇതിനുമുമ്പ് രണ്ടുതവണ ശാന്തകുമാരി അടുത്തിടെ അവിടെ വന്നിരുന്നു. ആദ്യം വന്നപ്പോള്‍ കുഞ്ഞുലക്ഷ്മി 500 രൂപ നല്‍കിയിരുന്നു. അന്നാണ് കുഞ്ഞുലക്ഷ്മിയുടെ സ്വര്‍ണ്ണാഭരണങ്ങളില്‍ ശാന്തകുമാരി കണ്ണുവെച്ചത്. രണ്ടാമത് മാര്‍ച്ച് ഒന്നിന് എല്ലാം പ്‌ളാന്‍ ചെയ്തുതന്നെയായിരുന്നു വന്നത്. പക്ഷെ, തൊട്ടുമുന്നിലെ വീട്ടില്‍ എന്തോ ചടങ്ങ് നടക്കുന്നതിനാല്‍ അവിടംവരെ വന്ന് തിരിച്ചുപോവുകയായിരുന്നു. മൂന്നാം തവണയാണ് മാര്‍ച്ച് നാലിന് എത്തിയത്.
അടുക്കള വഴി അകത്തേക്കു കയറി അവിടെനിന്നുതന്നെ കിട്ടിയ വെട്ടുകത്തിയെടുത്ത് വെട്ടിക്കൊല്ലുകയായിരുന്നു. ചോരയില്‍ കുളിച്ചുനില്‍ക്കുന്ന കത്തി കഴുകി ഒളിപ്പിച്ചുവയ്ക്കുന്നതിനിടെ ഒരു തലചുറ്റല്‍. ഉയന്‍ കഞ്ഞിവെള്ളമെടുത്ത് ഉപ്പിട്ട് മുളകുപൊടിയിടാന്‍ നോക്കുന്നതിനിടെ പുറത്തുനിന്നും എന്തോ ശബ്ദം കേട്ടതുപോലെ, ഉടനെ ആ മുറിയിലേക്കെത്തി കട്ടിലില്‍ കിടന്ന് ജനാലയിലൂടെ പുറത്തേക്കുനോക്കി. ആ സമയത്താണ് മുളകുപൊടി അവിടെ വീണത്. തുടര്‍ന്ന് മരണം ഉറപ്പുവരുത്താനായി കഴുത്തില്‍ സാരി മുറുക്കി.
പോകുന്ന വഴിക്കുതന്നെ സ്വര്‍ണ്ണം വിറ്റ് കുറച്ചുകടങ്ങളൊക്കെ വീട്ടി. വീട്ടില്‍ ഭര്‍ത്താവിനും മക്കള്‍ക്കും തുണിത്തരങ്ങളും പലചരക്കുസാധനങ്ങളും വാങ്ങി. ബാക്കി വരുന്ന തുക തലയിണയില്‍ തിരുകിവെച്ചു. ശാന്തകുമാരിയുടെ ഭര്‍ത്താവ് ഒരിക്കലും സംശയിച്ചിരുന്നില്ല. പോലീസെത്തിയപ്പോള്‍ പോലീസ് വെറുതെ കുടുക്കാന്‍ ശ്രമിക്കുകയാണെന്നു പറഞ്ഞ് പോലീസിനെ തടഞ്ഞു. തലയിണയില്‍ 24,500 രൂപ വച്ചിട്ടുണ്ട്. അത് പരിശോധിക്കാനാണെന്നു പറഞ്ഞപ്പോള്‍. അതില്ലെന്ന് തെളിയിക്കാനായി അദ്ദേഹംതന്നെയാണ് തലയിണ അഴിച്ചിട്ടത്. അതില്‍നിന്നും 24,500 രൂപ താഴെ വീണതോടെ ഭര്‍ത്താവും വിശ്വസിച്ചു.
അരുംകൊല നടന്ന് ആറുദിവസം പിന്നിട്ടപ്പോഴേക്കും പ്രതിയെ പോലീസ് കണ്ടെത്തിക്കഴിഞ്ഞിരുന്നു.