Friday, March 16, 2018

മഴയില്‍ ഒഴുകിയൊലിക്കാത്ത ഓര്‍മ്മകള്‍

മഴ പെയ്തുതുടങ്ങിയതേയുള്ളു. ഞങ്ങള്‍ കാത്തിരിക്കുകയാണ്, ഈ മഴയെപ്പോലെ, ഇടയ്ക്ക് ഇടിവെട്ടിപ്പെയ്യുന്ന നനുത്ത വാക്കുകളെ... തിരുവനന്തപുരം നഗരത്തിലെ ഒരിടവഴിയാണത്. ചുറ്റും വീടുകളും കെട്ടിടങ്ങളും തിങ്ങിനിറഞ്ഞ് ഞെരുക്കിയെടുത്ത ഒരിടവഴി. ആ വഴിയുടെ അവസാനം ഒരു ഗെയിറ്റ്. ഗെയിറ്റ് അടച്ചിട്ടിരിക്കുന്നു. ഗെയിറ്റനപ്പുറത്താണ് ഞങ്ങള്‍ കാത്തിരിക്കുന്നയാളുടെ ഇടം. ഇടവഴിയില്‍ ചാലുകള്‍ തീര്‍ത്ത് മഴ പെയ്തിറങ്ങുമ്പോള്‍ മനസിലേക്ക് ആ വരികള്‍ ഒഴുകിയെത്തുകയായിരുന്നു,
'ഈ പുതുമഴ നനയാന്‍
നീ കൂടിയുണ്ടായിരുന്നെങ്കില്‍
ഓരോ തുള്ളിയേയും
ഞാന്‍ നിന്റെ പേരിട്ടുവിളിക്കുന്നു
ഓരോ തുള്ളിയായി
ഞാന്‍ നിന്നില്‍ പെയ്തുകൊണ്ടിരിക്കുന്നു
ഒടുവില്‍ നാം ഒരു മഴയാകുംവരെ.''
മനസില്‍ നിറയുന്ന പ്രണയിനിയുടെ മുഖം മഴയില്‍ കുളിച്ചുനില്‍ക്കുന്നത് സ്വപ്നം കാണുകയായിരുന്നു ഞാന്‍. അപ്പോഴേക്കും ഇടവഴിയുടെ തുടക്കത്തില്‍ കാറില്‍ നിന്നും കവി ഡി. വിനയചന്ദ്രന്‍ ഇറങ്ങി. അദ്ദേഹം മഴയിലേക്കിറങ്ങി നടക്കുമ്പോള്‍ ഞാന്‍ വെറുതെ ആലോചിച്ചു, ദേഹത്തേക്ക് ഇറ്റിവീഴുന്ന ഈ മഴത്തുള്ളികളെ അദ്ദേഹം എന്ത് പേരാകും ഇപ്പോള്‍ വിളിക്കുന്നുണ്ടാവുക?
വഴിയരികില്‍ നിന്നും ഞങ്ങളും കൂടെക്കൂടി. ഗെയിറ്റ് കടന്ന് വീടിന്റെ ഉമ്മറത്തെത്തി. വാതില്‍പ്പടിയില്‍ തലേന്നു കത്തിച്ചുവെച്ച് കെടുത്തിയ മെഴുകുതിരി ഇന്നത്തെ ഇരുട്ടിനെ കാത്തിരിക്കുന്നുണ്ട്. വാതില്‍ തുറന്നയുടനെ കവി പറഞ്ഞു, 'അകത്തേക്ക് കയറരുത്. പുറത്തിരുന്നാല്‍ മതി.'' വാതില്‍ തുറന്നപ്പോഴാണ് കാര്യം മനസിലായത്, ഒരു മെഴുകുതിരി കത്തിച്ചുവയ്ക്കാന്‍ പോലും സ്ഥലമില്ല. നിറയെ പുസ്തകങ്ങളും വാരികകളും  മാസികകളും പത്രങ്ങളും. അതിനിടയില്‍ എവിടെനിന്നോ രണ്ടു സ്‌റൂളെടുത്ത് പുറത്തുവെച്ചുതന്നു. പുസ്തകക്കെട്ടുകള്‍ക്കിടയില്‍ കവി ഡി. വിനയചന്ദ്രനുമിരുന്നു. ഓര്‍മ്മപ്പെടുത്തലുകളുണ്ടാക്കുന്ന പുസ്തകങ്ങളുടെയും മാസികകളുടെയും പത്രങ്ങളുടെയും ഇടയിലിരുന്ന്, പുറത്തെ മഴയെ നോക്കി അദ്ദേഹം പറഞ്ഞുതുടങ്ങി,
'അന്നത്തെ മഴ ഇതിനേക്കാളും ശക്തിയായിരുന്നു.''
ചരലുപോലെ ദേഹത്തുതറയ്ക്കുന്ന മഴയെ ആ മുഖത്തു കാണാമായിരുന്നു.
'അന്ന് ഓലക്കുടയായിരുന്നു. ശീലക്കുടയൊന്നും കണ്ടിട്ടുപോലുമില്ല. രാവിലെ സ്‌കൂളിലോട്ട് വേഗത്തില്‍ പോകും. തിരിച്ചുവരുമ്പോള്‍ പതുക്കെയേ നടക്കൂ. ചെളി നിറഞ്ഞ വഴികളായിരുന്നു. ചെളിയിലിറങ്ങി മുട്ടോളം ചെളിയുമായി കയറി ഞങ്ങള്‍ പറയും, 'എന്റെ ഷൂസാ വലുത്.'' അന്നൊന്നും ആരും ചെരിപ്പിടാറേയില്ല. ഞങ്ങളുടെകൂടെ സ്‌കൂളിലേക്ക് വരുന്ന ഡ്രില്‍മാഷ് കോശിസാറു പോലും ചെരിപ്പിടാറില്ല. രാമകൃഷ്ണനും ശശിധരനുമായിരുന്നു എന്റെ കൂട്ട്. ഞങ്ങള്‍ വഴിയില്‍ കിളിത്തട്ട് കളിച്ചും ആറ്റിലും കായലിലും കുളിച്ചും ഒക്കെയാണ് വീട്ടിലെത്തുക. ശാസ്താംകോട്ട കായലില്‍ ഇറങ്ങി കുളിക്കുന്നതിനിടെ വെള്ളം കുടിക്കുകയും ചെയ്യും. ശാസ്താംകോട്ട കായലിലെ വെള്ളത്തിന് ഉപ്പുരസമില്ല. അന്ന് എന്തിനും ഏതിനും പച്ചവെള്ളം മാത്രമാണുണ്ടായിരുന്നത്.
ഇടവേളകള്‍ ഏറെയുണ്ടായിരുന്നു. കുട്ടിയും കോലും, അഞ്ചുകല്ലുംപാറ, പുന്നക്കയും പനങ്കയും സ്ഫടികങ്ങളും ഉപയോഗിച്ചുള്ള ഗോലികളി, അണ്ടികളി, ഇറ്റിയാനക്കളി, പഞ്ചീസ് കളി എന്നിവയായിരുന്നു ആണ്‍കുട്ടികളുടെ കളികള്‍. പെണ്‍കുട്ടികള്‍ ക്‌ളാസ്‌കളി കളിക്കും.
ഇടവേളകളില്‍ സ്‌കൂളിന് തൊട്ടടുത്തുള്ള മാടക്കടകളില്‍ പോയി പല്ലിമിട്ടായിയും നാരങ്ങാമിട്ടായിയും വാങ്ങും. പല്ലിമുട്ട പോലുള്ള പല്ലിമിട്ടായിക്കും നാരങ്ങാഇതളിന്റെ വലിപ്പമുള്ള നാരങ്ങാമിട്ടായിക്കും പ്‌ളാസ്‌റികിന്റെ കവറുണ്ടായിരുന്നില്ല. കവറുള്ള മിഠായി അന്ന് കണ്ടിട്ടേയില്ല. ആ കടകളില്‍ കല്ലുപെന്‍സിലും കടലാസുപെന്‍സിലും കിട്ടുമായിരുന്നു. എന്നാല്‍ ഏതാനും ചില കുട്ടികള്‍ തലയില്‍ റബറുള്ള കടലാസുപെന്‍സില്‍ കൊണ്ടുവരും. പുസ്തകത്തിന്റെ പുതുമണം പോലെ ഹരം പിടിപ്പിക്കുന്നതായിരുന്നു ആ റബറിന്റെ മണവും. അവരെഴുതുമ്പോള്‍ മണം വിടര്‍ത്തി നില്‍ക്കുന്ന റബറിന്റെ അനക്കങ്ങള്‍ നോക്കിനില്‍ക്കുമായിരുന്നു. അവരെ അസൂയയോടെ നോക്കും. 
അന്ന് ക്‌ളാസില്‍ കേട്ടെഴുത്തിടുമായിരുന്നു. എഴുതുന്നത് കാണിച്ചുകൊടുത്തില്ലെങ്കില്‍ പിന്നില്‍ നിന്ന് ഭവാനിയും ചെല്ലമ്മയും എന്നെ മാന്തുകയും നുള്ളുകയും ചെയ്യും. അതുപേടിച്ച് ഞാന്‍ കാണിച്ചുകൊടുത്തിട്ടുണ്ട്. കാണിച്ചുകൊടുത്താല്‍ അവര്‍ എനിക്കൊരു ചിരി സമ്മാനിക്കും, നിഷ്‌കളങ്കമായ ഒരു ചിരി.
അധ്യാപകരില്‍ ഡ്രില്‍ മാഷ് കോശി സാറിനെയായിരുന്നു ഞങ്ങള്‍ക്ക് ഏറ്റവും ഇഷ്ടം. ഫുട്‌ബോളും ബാഡ്മിന്റണും കളിപ്പിക്കുമായിരുന്നു കോശിസാര്‍. ആണായാലും പെണ്ണായാലും സാറെന്നാണ് ഞങ്ങള്‍ വിളിച്ചിരുന്നത്. ആണിന്റെ ശരീരപ്രകൃതിയുള്ള, കല്യാണം കഴിക്കാത്ത ഒരു പെണ്‍സാറുണ്ടായിരുന്നു ഞങ്ങളുടെ സ്‌കൂളില്‍. എന്തുകൊണ്ടെന്നറിയില്ല, ഹെഡ്മാഷിനെ യഹൂദന്‍ എന്ന ഇരട്ടപ്പേരിലാണ് സ്‌കൂളില്‍ അറിയപ്പെട്ടിരുന്നത്. ഹെഡ്മാഷിന്റെ മകന് പ്രത്യേകം പരിഗണനയുണ്ടായിരുന്നു സ്‌കൂളില്‍. ഞങ്ങളുടെ ക്രാഫ്റ്റ് സാര്‍ ഒരു കുഴിമടിയനായിരുന്നു. ചര്‍ക്കയും മറ്റും സ്‌കൂളിലുണ്ടെങ്കിലും കുട്ടികളെക്കൊണ്ട് എന്തെങ്കിലും ചെയ്യിക്കാന്‍തന്നെ മടിയായിരുന്നു. സ്‌കൂളില്‍ ഇന്‍സ്‌പെക്ഷന് വരുമ്പോള്‍ അടുത്ത പറമ്പിലെ കൃഷിയിടം കാണിച്ചുകൊടുക്കുമായിരുന്നു അദ്ദേഹം.
സ്‌കൂളിനോടു ചേര്‍ന്ന പറമ്പിലൂടെ ആനകള്‍ പോകുമായിരുന്നു. ക്‌ളാസില്ലാത്ത നേരത്താണെങ്കില്‍ ആനകള്‍ക്കൊപ്പം ആ വഴികളിലൊക്കെ നടക്കും. ക്‌ളാസിലുള്ളപ്പോഴാണ് ആനകള്‍ ആ വഴി വന്നതെങ്കില്‍ മറയുംവരെ ആനയെ ഞങ്ങള്‍ നോക്കി വഴിനടത്തിക്കുമായിരുന്നു. നാടോടി മജീഷ്യന്മാര്‍ വരാറുണ്ട്. നാണയത്തുട്ടുകള്‍ക്കു പാത്രം കുലുക്കി നടക്കുമ്പോള്‍ അവര്‍ കാണിക്കുന്ന അത്ഭുതങ്ങളുടെ പൊരുള്‍ ഇന്നും അറിയില്ല. ആകാശത്തുനിന്നും രക്തം പൊടിപ്പിക്കും, ശൂന്യതയില്‍ നിന്നും പ്രാവിനെ എടുക്കും, അങ്ങനെയങ്ങനെ... കെട്ടും ഭാണ്ഡവും മുറുക്കി അവര്‍ അടുത്ത കേന്ദ്രത്തിലേക്ക് തിരിക്കുമ്പോള്‍ അവരുടെ പിന്നാലെ കൂടും. മാന്ത്രികന്‍ ഞങ്ങളെ ഓടിക്കാന്‍ അപ്പോഴും എന്തെങ്കിലും മാജിക്ക് കാട്ടും.
ഞങ്ങളുടെ നാട്ടില്‍ സൈക്കിള്‍ സര്‍ക്കസുകാര്‍ വരുമായിരുന്നു. കടവുഴ വലിയ പള്ളിയിലെ ചാത്തത്തിനും തിരുവാറ്റ അമ്പലത്തിലെ ശിവരാത്രിക്കുമാണ് സൈക്കിള്‍ സര്‍ക്കസുകാര്‍ വരുന്നത്. ക്‌ളാസിലെ കൂട്ടുകാരുടെ നാട്ടിലെ ഉത്സവങ്ങള്‍ക്കും പോകുമായിരുന്നു. കുമരന്‍ചിറ അമ്പലത്തിലെ കുംഭഭരണി, മയ്യത്തുംകര പള്ളിയിലെ പെരുന്നാള്‍, ശാസ്താംകോട്ട അമ്പലത്തിലെ ഉത്സവം ഇതൊന്നും അന്ന് ഒഴിവാക്കിയിരുന്നില്ല. രാത്രി മുഴുവന്‍ ഉത്സവപ്പറമ്പില്‍ അലഞ്ഞുനടന്നതിന്റെ കഥ പിറ്റേദിവസം ക്‌ളാസിലെത്തി വിവരിക്കും. അതുകേള്‍ക്കാന്‍ കുട്ടികള്‍ കൂട്ടംകൂടുമായിരുന്നു. 
ഉച്ചയ്ക്കുള്ള നീണ്ട ഇടവേളയില്‍ തേങ്ങാച്ചമ്മന്തി മണക്കുന്ന പൊതിച്ചോറുമായി ഞങ്ങള്‍ സ്‌കൂളിന്റെ പരിസരത്തെ മരങ്ങള്‍ക്കിടയിലേക്ക് പോകും. വേരുകള്‍ പൊങ്ങിനില്‍ക്കുന്ന മരങ്ങളുടെ ചോട്ടില്‍ ഞങ്ങള്‍ ഇരുന്ന് പൊതിച്ചോറുണ്ണും. പെണ്‍കുട്ടികള്‍ ചോറ്റുപാത്രങ്ങളിലാണ് ഉച്ചയൂണ് കൊണ്ടിവന്നിരുന്നത്. അവര്‍ക്ക് പാത്രം കഴുകാന്‍ സ്‌കൂളിന്റെ മുറ്റത്ത് ഒരു വലിയ വട്ടക്കിണറുണ്ട്. ഞങ്ങള്‍ പോയിരുന്നത് തങ്ങള് മുസ്‌ള്യാരുടെ അണ്ടിയാപ്പീസിനും അപ്പുറത്തുകൂടിയൊഴുകുന്ന തോട്ടിലേക്കായിരുന്നു. തങ്ങള് മുസ്‌ള്യാരുടെ അണ്ടിയാപ്പീസിന്റെ മുന്നിലൂടെ പോകുമ്പോള്‍ കറുകറെ കറുത്ത കൈകളുമായി പെണ്ണുങ്ങള്‍ കശുവണ്ടി പൊളിക്കുന്നുണ്ടാവും. അവരുടെ വിയര്‍പ്പിന് ചില്യാനം രൂപായുടെ മൂല്യം മാത്രം കാണുമ്പോള്‍ ആണുങ്ങള്‍ സമരവുമായി അണ്ടിയാപ്പീസിനുമുന്നില്‍ കുത്തിയിരിക്കുന്നുണ്ടാവും. ആ സ്ത്രീകള്‍ക്കുവേണ്ടി സമരം ചെയ്യുന്നത് അവരുടെ ഭര്‍ത്താക്കന്മാരാണ്.
ഒരിക്കല്‍ അണ്ടിയാപ്പീസിനെതിരെ ഞങ്ങളുടെ ഹെഡ്മാഷ് പരാതി കൊടുത്തു. അണ്ടിയാപ്പീസിലെ പുകക്കുഴല്‍ താഴ്ന്നിട്ടായിരുന്നു. അതില്‍ നിന്നും ക്‌ളാസുകളിലേക്ക് പുക വന്നപ്പോള്‍ പരിസ്ഥിതിമലിനീകരണം എന്നുപറഞ്ഞായിരുന്നു പരാതി കൊടുത്തത്. പരിസ്ഥിതി എന്ന വാക്ക് കേട്ടത് അന്നായിരുന്നിരിക്കണം. പുകക്കുഴലിന്റെ നീളം കൂട്ടിയാണ് തങ്ങള് മുസ്‌ള്യാര് പ്രശ്‌നം പരിഹരിച്ചത്.
തങ്ങള് മുസ്‌ള്യാരുടെ വീട് മയ്യത്തുംകരയിലാണ്. മയ്യത്തുംകരയില്‍ ഒരുപാട് സാധുക്കളായ മുസ്‌ളീങ്ങള്‍ താമസിച്ചിരുന്നു. ചാള മീനിന് അന്ന് വിലയേയുണ്ടായിരുന്നില്ല. തെങ്ങിനും കവുങ്ങിനും വളമായി ഇട്ടിരുന്നത് കടലില്‍ നിന്നും കൈനിറയെ കിട്ടുന്ന ചാളകളായിരുന്നു. മയ്യത്തുംകരയിലെ പാവങ്ങള്‍ തിന്നാനൊന്നുമില്ലാതെ ഗതിമുട്ടുന്ന കാലത്ത് തെങ്ങിന്‍ ചോട്ടിലിടാന്‍ കൊണ്ടുപോകുന്ന ചാള വാങ്ങിവയ്ക്കും. മൂന്നുനേരവും ചാളമീന്‍ അവരുടെ വിശപ്പകറ്റും. മയ്യത്തുംകരയില്‍ നിന്ന് ഒരുപാട് കുട്ടികള്‍ ഞങ്ങളുടെ സ്‌കൂളില്‍ പഠിക്കുന്നുണ്ട്. രണ്ടാമത്തെ ഇടവേളയാകുമ്പോഴേക്കും സ്‌കൂളിലാകെ ഒരു മണം പരക്കും, ചാളയുടെ മണം. അപ്പോഴേക്കും ക്‌ളാസുകളിലേക്ക് ഹെഡ്മാഷിന്റെ നോട്ടീസ് വരും, 'ക്‌ളാസില്‍ ചാള കഴിച്ച് വരരുത്.'
നോട്ടീസ് വായിക്കുമ്പോള്‍ ചാള കഴിച്ചെത്തിയവന്റെ മുഖത്ത് കുറ്റബോധം നിറയും. വീട്ടിലെത്തി ചാള കഴിക്കരുതെന്ന നോട്ടീസിന്റെ കാര്യം പറഞ്ഞാലും പിറ്റേന്നും ചാളതന്നെയായിരിക്കും ഭക്ഷണം. വേറെന്ത് നല്‍കാന്‍. ചിലര്‍ ചാള കഴിച്ചതിന്റെ പേരില്‍ ക്‌ളാസില്‍ വരാതിരിക്കും. അവര്‍ കായലില്‍ പോയി ചൂണ്ടയിടുന്നുണ്ടാവും.
ഞാനും ക്‌ളാസ് കട്ട് ചെയ്തിട്ടുണ്ട്. രണ്ടണ കൊടുത്താല്‍ കിട്ടുന്ന അര സൈക്കിള്‍ ഓടിക്കാന്‍. അന്ന് എന്നോടൊപ്പം കൂട്ടുകാരും ക്‌ളാസ് കട്ട് ചെയ്തിരുന്നു. എല്ലാവരും കൂടിയാണ് എന്നെ സൈക്കിളോടിക്കാന്‍ പഠിപ്പിച്ചത്. ഹെര്‍ക്കുലീസ് സൈക്കിള്‍ ആരെങ്കിലും നാട്ടില്‍ വാങ്ങിയിട്ടുണ്ടെന്നു അറിഞ്ഞാല്‍, അതുകാണാന്‍ പോകും. ആ സൈക്കിളിലെ പൊടിയൊക്കെ തട്ടി, ഞങ്ങളെ കാണുമ്പോള്‍ അയാള്‍ ഓടിച്ചുനോക്കും. അപ്പോള്‍ സൈക്കിളിന്റെ പിന്നാലെ ഞങ്ങളും ഓടും. ഒന്നു തൊടാന്‍ വിട്ടാല്‍ത്തന്നെ ഭാഗ്യം.
സ്‌കൂളിലൊരു റേഡിയോ വാങ്ങിയതും ഒരു വലിയ സംഭവായിരുന്നു. ഹെഡ്മാഷ് റേഡിയോ ബാറ്ററിയൊക്കെയിട്ട് തുറന്നു. കരകരാശബ്ദം. കുറേനേരം എവിടെയൊക്കെയോ പിടിച്ച് തിരിച്ചു. ഞങ്ങള്‍ വെറും കാഴ്ചക്കാര്‍ മാത്രം. അത്ഭുതപ്പെട്ടിയില്‍ നിന്നും കരാകരാ ശബ്ദത്തിനൊപ്പം ആരുടെയോ വാക്കുകളും കേട്ടുതുടങ്ങി. ഫുട്‌ബോള്‍ കമന്ററിയായിരുന്നു അത്. ഇന്ത്യയും മറ്റേതോ രാജ്യവും തമ്മിലുള്ള മത്സരമാണ്. ഗോളി തങ്കയ്യയെക്കുറിച്ച് പറഞ്ഞതുമാത്രമാണ് മനസിലായതെങ്കിലും റേഡിയോയിലേക്കുതന്നെ ചെവി കൂര്‍പ്പിച്ചുനിന്നു.
അന്ന് ഞങ്ങളുടെ നാട്ടില്‍ ഒരാളുടെ വീട്ടില്‍ മാത്രമാണ് റേഡിയോയുണ്ടായിരുന്നത്. സിംഗപ്പൂരില്‍ പോയി സമ്പാദിച്ചുവന്ന, സിംഗപ്പൂരി എന്നു വിളിക്കുന്നയാളുടെ വീട്ടില്‍. അഅവിടേക്ക് റേഡിയോ കേള്‍ക്കാന്‍ പലരും പോകാറുണ്ടായിരുന്നു. ഞങ്ങളുടെ സ്‌കൂളില്‍ റേഡിയോ വാങ്ങിയതോടെ നാട്ടുകാരില്‍ ചിലരും വരുമായിരുന്നു, റേഡിയോ കേള്‍ക്കാന്‍.
ഒരു മഴക്കാലത്ത് കാറ്റില്‍ ഞങ്ങളുടെ സ്‌കൂളിലെ ഓലപ്പുര പറന്നുപോയിട്ടുണ്ട്. നല്ല മഴയും കാറ്റുമായിരുന്നു അന്ന്. ആ വഴികളിലൊക്കെ നിറയെ ചോലമരങ്ങളുണ്ടായിരുന്നു. വളരുമ്പോള്‍ പോടാകുന്ന പൈന്‍മരങ്ങളുടെ പോടിനുള്ളില്‍ ഞങ്ങള്‍ മഴ വരുമ്പോള്‍ കയറിനില്‍ക്കുമായിരുന്നു. മഴക്കാലം വന്നാല്‍ എനിക്ക് സ്‌കൂളില്‍ പോകാനൊക്കത്തില്ല. കാല്‍വിരലുകള്‍ക്കിടയില്‍ ചെളി പിടിച്ച് വളംകടിയായിട്ടുണ്ടാവും. വേപ്പെണ്ണകൊണ്ട് വിരലുകളില്‍ തേച്ചുപിടിപ്പിക്കും. ദിവസങ്ങളോളം ചെളിയിലിറങ്ങില്ല. പിന്നെ പൊങ്ങംപനി വന്നാലും സ്‌കൂളിലേക്ക് പോകാനൊക്കില്ല. കണ്ണുദീനമാണ് വന്നതെങ്കില്‍ രണ്ടുമാസമൊക്കെ അവധി തന്നെ. കോഴിപ്പടി മരുന്നു വാങ്ങിക്കഴിച്ചാലേ കണ്ണുദീനം മാറൂ.
കണ്ണുദീനം മാറി സ്‌കൂളിലെത്തുമ്പോഴേക്കും ഒന്നാമത്തെ ബെഞ്ചിന്റെ ഒന്നാമതുള്ള എന്റെ സ്ഥാനം മാറിയിട്ടുണ്ടാവും. സദാശിവനായിരിക്കും അവിടെയിരിക്കുന്നുണ്ടാവുക. ക്‌ളാസിലെ ഏറ്റവും മിടുക്കനെയും മിടുക്കിയെയുമാണ് ഒന്നാംനിരയിലിരുത്തുക. കാര്യം അങ്ങനെയൊക്കെയാണെങ്കിലും മാര്‍ക്കിന്റെ ശതമാനക്കണക്കുകളിലൊന്നും ആരും വ്യാകുലപ്പെട്ടിരുന്നില്ല. വീട്ടില്‍ പോയിരുന്ന് പഠിക്കാനൊന്നും നേരമുണ്ടായിരുന്നില്ല. ക്‌ളാസിലിരുന്ന് പഠിക്കുമ്പോള്‍ത്തന്നെ ഞാന്‍ പദ്യങ്ങളൊക്കെ മനപ്പാഠമാക്കി ചൊല്ലുമായിരുന്നു. അതുകൊണ്ടുതന്നെ ഞാന്‍ ഒന്നാം ബെഞ്ചിലെ ഒന്നാം സ്ഥാനത്തുതന്നെയിരുന്നു. പെണ്‍കുട്ടികളുടെ നിരയില്‍ രാധാമണിയായിരുന്നു ഒന്നാം സ്ഥാനത്തിരുന്നത്. ക്‌ളാസില്‍ ഏറ്റവും നന്നായി പഠിക്കുന്ന ആണിനെയും പെണ്ണിനെയും ചേര്‍ത്ത് കുട്ടികള്‍ അടക്കം പറയും, 'ഡേയ്, ലവനും ലവളും ഊം ഊം...'' നിഷ്‌കളങ്കമായ ബന്ധമാണുണ്ടാവുക.''
'അന്നത്തെ മഴത്തുള്ളികളെ ആ പേരായിരുന്നോ വിളിച്ചിരുന്നത്?'' എന്റെ സംശയം.
'നിങ്ങള്‍ വിചാരിക്കുംപോലൊരു ബന്ധമൊന്നുമല്ല അത്. കാണുമ്പോള്‍ സംസാരിക്കും, അത്രതന്നെ. പവിത്രമായ ഒരു സ്‌നേഹത്തിന്റെ ചരട് ഉണ്ടാകും. അത്രയേയുള്ളു. സ്‌കൂള്‍ വിട്ടുപോയശേഷം രാധാമണിയെ കണ്ടിരുന്നില്ല.''
കണ്ണുകളിടുക്കിപ്പിടിച്ച് ആ ഓര്‍മ്മകളിലേക്ക് കവി ഇരിക്കുമ്പോള്‍ പുറത്ത് മഴയ്ക്ക് ശക്തി കൂടി. ആ സ്‌കൂള്‍മുറ്റത്തും ഇപ്പോള്‍ മഴ പെയ്യുന്നുണ്ടായിരിക്കണം. വര്‍ഷങ്ങള്‍ക്കു മുമ്പ് പെയ്ത അതേ ആവേശത്തോടെ... അവിടെയും ഏതോ വിദ്യാര്‍ത്ഥി ആ മഴത്തുള്ളികളെ ഒരു പേരു ചൊല്ലി വിളിക്കുന്നുണ്ടാവും. അല്ലെങ്കില്‍ കൂട്ടാകാര്‍ പറയുന്നുണ്ടാവും, 'ഡേയ്, ലവനും ലവളും, ഊംഊം...'' അതുകേള്‍ക്കുമ്പോള്‍ അവന്‍ മിണ്ടാതെ കള്ളച്ചിരിയൊതുക്കി മഴയില്‍ നടന്നുപോകുന്നുണ്ടാവും.
പുറത്തെ മഴയിലേക്ക് ഞങ്ങളുമിറങ്ങി,
'ഈ പുതുമഴ നനയാന്‍
നീ കൂടിയുണ്ടായിരുന്നെങ്കില്‍
ഓരോ തുള്ളിയേയും
ഞാന്‍ നിന്റെ പേരിട്ടുവിളിക്കുന്നു
ഓരോ തുള്ളിയായി
ഞാന്‍ നിന്നില്‍ പെയ്തുകൊണ്ടിരിക്കുന്നു
ഒടുവില്‍ നാം ഒരു മഴയാകുംവരെ.''

കെ. സജിമോന്‍

No comments:

Post a Comment